rajasooyam

Tuesday, December 25, 2012



 റിസ്ക്

എന്‍ബി പരമേശ്വരന്‍ തിരുമേനീടെ അപാരമായ മറവിശക്തിയെപ്പറ്റി ബിആര്‍ അനവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 'എന്‍ബ്യേട്ടന്‍', 'ഹന്ത മറവിതന്‍ ആള്‍ രൂപമേ',
'നല്ല ഇംപ്രൂവെമെന്റുണ്ട്', ' ഒരു നമ്പൂരിശ്ശങ്ക', 'രണ്ട് മണ്ടന്മാരും ഒരു ബൈക്കും'
എന്നിവ അവയില്‍ ചിലതുമാത്രം.

ഇതൊക്കെ വായിച്ചിട്ടാണെന്നു തോന്നുന്നു, ഒരു മുതുവറേശ്വരസുപ്രഭാതത്തില്‍
അകത്തുള്ളാള്‍ സാവി എന്‍ബിത്തിരുമേനിയോട് പറഞ്ഞു:
-ഇനി ബിആര്‍ നിങ്ങളെപ്പറ്റി എഴുതിയാല്‍ കൊല്ലും ഞാന്‍
-ഞാനും കൂടാം. ഞാനും കുറേനാളായി അത് വിചാരിക്കുന്നു.
-ഏത്?
-ബിആറിനെ കൊല്ലണ കാര്യം
-അയ്യട! നിങ്ങളെ കൊല്ലുംന്നാണ് ഞാന്‍ പറഞ്ഞത്.
-അതെന്തിന്?
-മനുഷ്യരെ ഇങ്ങനെ നാണം കെടുത്തണേന്
-അതിന് ഞാന്‍ എന്ത് ചെയ്യാനാണ്
-ഏതെങ്കിലും ഒരു നല്ല ഡോക്ടറെ പോയി കാണ് മനുഷ്യാ
-എന്തിന്?
-മറവിക്ക് മരുന്ന് വല്ലതുമുണ്ടോന്നറിയാന്‍

അങ്ങനെ സാവീടെ കൊലവെറി പേടിച്ചിട്ടാണ് മനസ്സില്ലാമനസ്സോടെ എന്‍ബി
ഡോക്ടറെ കാണാന്‍ പോയത്.
വിശദമായ വണ്‍ ടു വണ്‍ ചര്‍ച്ചക്കൊടുവില്‍ എന്‍ബി പറഞ്ഞു:
-അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഈയിടെയായി മറവി അല്പം
കൂടണ്‌ണ്ടോന്നും സംശയണ്ട്...ഏതെങ്കിലും സാധനം എവിടെയെങ്കിലും കൊണ്ടുവെച്ചാല്‍പിന്നെ അത് അവിടെന്ന് എടുക്കാന്‍ മറന്നുപോവുന്നു. എന്തിനുപറയണ്, ഇന്നാളൊരുദിവസം വിഷ്ണൂനേം കൂട്ടി സൂപ്പര്‍മാര്‍ക്കറ്റീപ്പോയിട്ട് അവനെ വച്ചേടത്ത്ന്ന് എടുക്കാന്‍ മറന്നു...ബൈക്ക് എവിടെയാണ് പാര്‍ക്ക് ചെയ്തതെന്ന് ഓര്‍മ്മ കിട്ടാതെ തൃശ്ശൂര്‍ റൗണ്ട് ഞാന്‍ പലതവണ ചുറ്റിയിട്ടുണ്ട്...അതുപോലെ നിനക്ക് എനിക്ക് എന്ന് എല്ലാവരും ചോദിച്ചുവാങ്ങണ നിജാം പാക്കും നിശ്ചയതാമ്പൂലവും ചുണ്ണാമ്പും കൂടി വായില്‍
കിടന്ന് കൊളകൊളാന്നായാലും പലപ്പോഴും തുപ്പാന്‍ മറന്നുപോവുന്നു.... തുപ്പേട്ടന്‍
പറഞ്ഞില്ലെങ്കില്‍ തുപ്പില്ലെന്ന സ്ഥിതിയാണ്...ഇനീണ്ട്‌ലൊ, ചെലപ്പൊ എവിടെക്കാ ഞാന്‍ പോണേന്നൊരു നിശ്ശണ്ടാവ് ല്ല്യ. ഇനീപ്പൊ എവിടേക്കാ പോണേന്ന് നിശ്ശണ്ടായാലോ,
എന്തിനാ പോണേന്ന് നിശ്ശണ്ടാവ് ല്ല്യ...ഇതിന് ചികിത്സയില്ലേ ഡോക്ടര്‍?
    കുറച്ചുനേരം തലപുകഞ്ഞാലോചിച്ചശേഷം ഡോക്ടര്‍ പറഞ്ഞു:
-തിരുമേനി ആ കട്ടിലില്‍ കേറി ഒന്നു കെടക്ക് . ഒന്നു പരിശോധിച്ചുനോക്കാം.
-എന്താണ് ഡോക്ടര്‍?
-തിരുമേനീടെ തല!
    തിരുമേനി കട്ടിലില്‍ കേറി കിടന്നു, തല കീഴ്ക്കണാംപാടായി.
പരിശോധനക്കായി സീറ്റില്‍നിന്നെണീറ്റ് കട്ടിലിനരികിലേക്ക് ചെന്ന ഡോക്ടര്‍ ഒരു നിമിഷം ഒന്നു ശങ്കിച്ചുനിന്നു. പിന്നെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: അല്ലെങ്കില്‍ വേണ്ട. റിസ്‌ക് എടുക്കണ്ട.
    ഇതുകേട്ട തിരുമേനി ഒരു ഞെട്ടലോടെ ചോദിച്ചു:
-ങ്‌ഹേ! അത്രയ്ക്ക് റിസ്‌ക്കുള്ള പരിശോധനയാണോ ഡോക്ടര്‍?
-അതല്ല, തിരുമേനീ. തിരുമേനീടെ അസുഖത്തിന്റെ സിംടംസ് ഓര്‍ത്തപ്പൊ ഞാന്‍
 എന്നോടുതന്നെ പറഞ്ഞതാണ്, റിസ്‌ക് എടുക്കണ്ടാന്ന്...
-മനസ്സിലായില്ല്യ
-ഒന്നൂല്ല്യാ തിരുമേനീ. പരിശോധിക്കണേനുമുമ്പ് എന്റെ ഫീസ് ഇങ്ങുതന്നോളൂ...!!!

Saturday, December 15, 2012

സദ്യാസംബന്ധം

അനന്തരം ഗുരു ശിഷ്യന്മാരോട് പറഞ്ഞു:
-ഇനി ഞാന്‍ ഒരു ചെറിയ സംഭവം പറയാം. ശ്രദ്ധിച്ചുകേട്ടിട്ട് എന്റെ ചോദ്യത്തിന്
 ഉത്തരം പറയണം.
-ശെരി ഗുരവേ നമ
-ഏതാണ്ട് മൂന്നു പതിറ്റാണ്ട് മുമ്പാണ്. ബാലപ്പണിക്കര്‍ അക്കൗണ്ടാപ്പീസില്‍
 സര്‍വീസിലുള്ള കാലം.  മകന്‍ വേണുപ്പണിക്കരും സര്‍വീസിലുണ്ട്. ഇന്നത്തെയത്ര
 ചെറുപ്പമല്ലെന്നുമാത്രം. അച്ഛനും മകനും തമ്മില്‍ സര്‍വീസില്‍ ഒരു ആറ് വര്‍ഷത്തെ
 വ്യത്യാസമുണ്ടായിരുന്നു.
-ഗുരവേ, ആരാണ് സര്‍വീസില്‍ ആദ്യം കേറിയത്?
-സ്വാഭാവികമായും അച്ഛന്‍ പണിക്കര്‍ തന്നെ. അങ്ങനെയിരിക്കെ ആപ്പിസിലെ ഒരു
 സ്റ്റാഫിന്റെ മകളുടെ കല്യാണം ഇവിടെ വൈകുണ്ഠം  കല്യാണമണ്ഡപത്തില്‍ വെച്ച്
 നടക്കുകയാണ്. പതിവുപോലെ അക്കൗണ്ടാപ്പീസിലെ ആബാലവൃദ്ധം ജനങ്ങളും
 ആപ്പീസില്‍ ഹാജര്‍ വെച്ചശേഷം കല്യാണത്തിന് ഹാജരായിട്ടുണ്ട്. ബൈ ദ ബൈ
 അക്കൗണ്ടാപ്പീസുകാര്‍ക്ക് ഒരു സ്വഭാവവിശേഷമുണ്ട്. അതായത് എവിടെ കല്യാണത്തിനു ചെന്നാലും ഫസ്റ്റ് റൗണ്ട് സദ്യ അവര്‍ക്കുള്ളതാണ്. അത് ആരും ആദരപൂര്‍വ്വം
 ക്ഷണിച്ചുകൊണ്ടുപോയി ഇരുത്തി കൊടുക്കുന്നതൊന്നുമല്ല. കയ്യൂക്കുകൊണ്ട് പിടിച്ചു
 പറ്റുന്നതാണ്. ച്ചാല്‍ ഊണുഹാളിന്റെ വാതില്‍ തുറക്കുന്നതും അക്കൗണ്ടാപ്പീസുകാര്‍ 
 അടുത്തുനില്‍ക്കുന്നവരെയെല്ലാം ഇടിച്ചോ തൊഴിച്ചോ കാലില്‍ ചവിട്ടിയോ
 പക്കിനുകുത്തിയോ അകറ്റിനിര്‍ത്തി അകത്തുകയറി സകലസീറ്റും കൈയടക്കും.
 അവിടെ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല. തികച്ചും സ്തിതിസമത്വ
 സിദ്ധാന്തമാണ് !  പക്ഷേ ആ പര്‍ട്ടിക്കുലര്‍ ഡേയിലെ ഫസ്റ്റ് ട്രിപ്പില്‍ ബാലപ്പണിക്കര്‍
 ഇന്‍-ന്നും വേണുപ്പണിക്കര്‍ ഔട്ടുമായി! ഇനി പറയൂ, എന്തുകൊണ്ടാണ് അങ്ങനെ
 സംഭവിച്ചത്?
   
ഉത്തരം പറയാന്‍ ശിഷ്യര്‍ക്ക് ഒരു നിമിഷം പോലും വേണ്ടിവന്നില്ല. കിറുകൃത്യമായ ആ ഉത്തരം കേട്ട് ആനന്ദാതിരേകത്താല്‍ ഗുരുവര്യന്റെ കണ്ണു നിറഞ്ഞുപോയി.

ഉത്തരം ഇതായിരുന്നു: '' അതുപിന്നെ ഗുരു പറഞ്ഞല്ലൊ, അച്ഛന്‍ പണിക്കര്‍ മകന്‍
പണിക്കരേക്കാള്‍ ആറുവര്‍ഷം സീനിയറാണെന്ന്. അപ്പോള്‍ പിന്നെ സംശയല്ല്യ,
എക്‌സ്പീരിയന്‍സിന്റെ കുറവുതന്നെയാണ് മകന്‍ പണിക്കര്‍ ആദ്യത്തെ പന്തിയില്‍
ഔട്ടാവാന്‍ കാരണം'' !!!

Saturday, December 8, 2012

ഇന്റര്‍നാഷണല്‍ ക്രൈം

-ബിആര്‍ അറിഞ്ഞായിരുന്നോ?
-എന്താണ് കണ്ണാ?
-നമ്മടെ എന്‍ബീടെ കാര്യം കട്ടപ്പൊഹയാവുംന്നാ തോന്നണേ
-എന്തു പറ്റി?
-പുള്ളിക്കാരനെതിരെ പോലീസ് കേസെടുത്തിരിക്ക്യാണ് !
-ഉവ്വ്വോ? വെറുതേ കേസെടുത്ത്വോ?
-വെറുതെയല്ല. അവര്‍ക്ക് കിട്ടിയ ഒരു പരാതീടെ അടിസ്ഥാനത്തിലാണ്
-ആരാ പരാതി കൊടുത്തത് ?
-പയ്യന്‍
-ഏത് പയ്യന്‍?
-എന്‍ബീടെ പയ്യന്‍ തന്നെ !
-എന്താ ഈ പറയണേ ? മൂന്നാം ക്ലാസ്സില് പഠിക്കണ ആ ചിടുങ്ങോ ?
-അതേന്നേയ്
-എനിയ്ക്കത് വിശ്വസിക്കാന്‍ പറ്റണ് ല്ല്യ. ആട്ടെ, എന്താണ് ചാര്‍ജ് ?
-എന്‍ബി പീഡിപ്പിച്ചൂന്നാ പറയണേ
-എങ്ങനെയാണത്രേ?
-അതുപിന്നെ വീടാകെ മുറുക്കിത്തുപ്പി വൃത്തികേടാക്കണത് എന്‍ബീടെ ഒരു
 ഹോബിയാണല്ലോ. ഒരു ദിവസം പയ്യന്‍ അതിനെതിരെ എന്തോ പറഞ്ഞു - അച്ഛന്‍
 എന്തൂട്ടാ ഈ കാട്ടണേന്നോ മറ്റോ. ഓര്‍ക്കാപ്പുറത്ത് അത് കേട്ടതും എന്‍ബീടെ
 കണ്‍ട്രോള് വിട്ടു. അന്യോന്യത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പുള്ളിക്കാരന്‍ നന്നായി
 പ്രതികരിച്ചു...
-അത്രയേ ഉണ്ടായുള്ളൂ? അതിനാണോ പയ്യന്‍ പോലീസില്‍ പരാതി കൊടുത്തത്?
-എന്റെ ബിആറേ നമ്മള്‍ വിചാരിക്കുന്നതുപോലൊന്നുമല്ല കാര്യങ്ങള്‍. ലോകമാകെ
 മാറിപ്പോയി. ഇന്റര്‍നാഷണല്‍ പീനല്‍ കോഡ് പ്രകാരം മിനിമം 18 മാസമെങ്കിലും
 തടവു ശിക്ഷ കിട്ടാവുന്ന   ഒഫെന്‍സാണ് എന്‍ബി ചെയ്തത്!
-ഈ....ശ്വരാ! ഐപിസി ഇന്‍വോക്ക് ചെയ്യാന്‍ മാത്രം എന്തക്രമമാണ് എന്‍ബി
 കാണിച്ചത്?
-'അച്ഛനോട് എതിര് പറയാറായോടാ' എന്നും ചോദിച്ച് ഒരു പുളിവാര്‍ള്
 വെട്ടിക്കൊണ്ടുവന്ന്  ചെക്കന്റെ ചന്തിക്കിട്ട് രണ്ടാ പൊട്ടിച്ചു !!!

Sunday, November 18, 2012

ത്രെഡ്ഡുകള്‍

-ബിആര്‍ ഇന്നലെ ശിവദാസന്‍ സാറിന്റെ വീട്ടില്‍ പോയിരുന്നൂന്ന് കേട്ടല്ലൊ.
-ഉവ്വ
-സാറെന്തു പറയുന്നു?
-സുഖമായിരിക്കുന്നു.
-റിട്ടയര്‍ ചെയ്‌തേപ്പിന്നെ പുള്ളിക്കാരന്‍ ഇങ്ങോട്ടൊന്നു തിരിഞ്ഞുനോക്കുന്നേയില്ല.
-അതെങ്ങനെ. പണ്ടത്തെ ആപ്പീസല്ലല്ലൊ ഇത്.
-എങ്ങനെയായിരുന്നു സ്വീകരണം?
-പൂര്‍ണ്ണകുംഭത്തോടെ. ഹല്ല പിന്നെ!
-അതല്ല. കുടിക്കാനെന്തെങ്കിലും കിട്ടിയോ?
-അതൊരു മുന വെച്ച ചോദ്യമാണല്ലോ. നാരങ്ങാവെള്ളം തന്നോന്നല്ലേ അറിയേണ്ടത്?
 അതൊക്കെ വേണൂന്. എനിക്ക് നല്ല ഒന്നാം തരം  ചായയും വടപടഹാദികളുമാണ് തന്നത്.
-അതു പോട്ടെ. സാറ് എന്നെ അന്വേഷിച്ചോ?
-കൊള്ളാം. ഇതെന്തു ചോദ്യമാ വേണൂ. തനിക്ക് പിറക്കാതെപോയ മോനാണ് വേണു എന്നല്ലേ
 സാറ് എപ്പോഴും പറയാറുള്ളത്. പിന്നെ എങ്ങനെ അന്വേഷിക്കാതിരിക്കും?
-ബിആര്‍ എന്തു പറഞ്ഞു?
-പറഞ്ഞത് മുഴുവന്‍ പറയണോ?
-അല്ല. അങ്ങനെയല്ല...
-ഷഷ്ഠിപൂര്‍ത്തിയടുത്തിട്ടും വേണു ഇപ്പോഴും അപ്പീസിലെ ഗ്ലാമര്‍ബോയ് ആയി ചെത്തിനടക്കുകയാണെന്നു പറഞ്ഞു; അനിയനെ പെണ്ണുകാണിക്കാന്‍ കൊണ്ടുപോയപ്പൊ പെണ്‍കുട്ടി വേണൂനെ ചൂണ്ടിക്കാട്ടി 'എനിക്ക് ആ ചേട്ടനെ മതി' എന്നു പറഞ്ഞ കാര്യം പറഞ്ഞു; റിട്ടയര്‍ ചെയ്തുപോയ വാസ്വണ്ണന്‍ സ്റ്റോറിലിരിക്കുന്ന വേണൂനെ കണ്ടിട്ട്   'വേണൂന്റെ മോന് ഇവിടെ ജോലി കിട്ടിയ കാര്യം ഞാന്‍ അറിഞ്ഞ്  ല്ല്യാട്ടോ' എന്നു പറഞ്ഞ കാര്യം പറഞ്ഞു;  ആന്റണ്‍ വില്‍ഫ്രഡിന്റെ ചതിക്കുഴിയില്‍ വീണ് യുവത്വം  തെളിയിക്കാന്‍ വേണ്ടി ലിഫ്റ്റുപയോഗിക്കാതെ   ആപ്പീസിലെ  501 പടവുകള്‍ നടന്നുകേറി ശ്വാസം കിട്ടാതെ വിഷമിച്ച കാര്യം  പറഞ്ഞു; അസൂയ മൂത്ത ചില  ആനന്ദന്മാര്‍ 'പാവങ്ങളുടെ മമ്മൂട്ടി'യെന്നും 'സൗന്ദര്യം ശാപമായിത്തീര്‍ന്ന ഒരാള്‍' എന്നും മറ്റും  വേണൂനെപ്പറ്റി പറഞ്ഞുനടക്കുന്ന കാര്യം പറഞ്ഞു...പോരേ ?
-മതി മതി. ധാരാളം മതി. അതൊക്കെ പോട്ടെ, ബിആറിന്  ത്രെഡ്  വല്ലതും കിട്ടിയോ?
-നന്നേ ചെറുതൊരെണ്ണം
-എന്താണാവോ?
-ഞാന്‍ കേറിച്ചെല്ലുമ്പോള്‍ അവിടെ സാറും ടീച്ചറും തമ്മില്‍ ഒരു പിടിവലി നടക്കുകയായിരുന്നു.
-ഓ. അതത്ര വലിയ കാര്യമൊന്നുമല്ല. അത് അവിടത്തെ ഒരു സ്ഥിരം കലാപരിപാടിയാണ്. ദിപ്പൊ അടി വീഴുമെന്നും    അടുത്ത നിമിഷം ഡൈവോഴ്‌സാവുമെന്നൊക്കെ തോന്നിപ്പിക്കും. പക്ഷേ എല്ലാം വെറുതെയാണ്.
-ഉവ്വോ?
-അതിലേക്ക് നമുക്ക് പിന്നീട് മടങ്ങിവരാം. ബിആര്‍ കഥ തുടരൂ. എന്തിനായിരുന്നു പിടിവലി?
-സാറ് ഇട്ടിരുന്ന കുപ്പായം ഊരിയെടുക്കാനുള്ള തത്രപ്പാടിലായിരുന്നു രണ്ടുപേരും.
-ഒരു ഷര്‍ട്ട് ഊരിയെടുക്കാന്‍ രണ്ടുപേരോ?
-അതേന്നേയ്. അക്ഷരാര്‍ത്ഥത്തില്‍ ഒരു കുട്ടിക്കുപ്പായമായിരുന്നു അത് ! ശരീരത്തോട് അത്രമാത്രം
 ഇറുകിപ്പിടിച്ചുകിടക്കുകയായിരുന്ന അതിനെയൊന്ന് ഊരിയെടുക്കാന്‍ സാറ് എത്ര ശ്രമിച്ചിട്ടും പറ്റണ് ല്ല്യ! ഒടുവില്‍  ടീച്ചറെ  സഹായത്തിന്  വിളിക്കയായിരുന്നു.
-അതെങ്ങനെയാണ് സാറ് അത്ര ചെറിയ ഷര്‍ട്ട് ഇടാനിടയായത്?
-ഇളയ മകന്‍ അനൂപ് എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്തെ ഒരു യൂണിഫോംഷര്‍ട്ട് സാറിന്റെ അലമാരിയില്‍
 കിടപ്പുണ്ടായിരുന്നു. ആരുടേതാണെന്നൊന്നും നോക്കാതെ പുള്ളിക്കാരന്‍ അതെടുത്തങ്ങ് ചാര്‍ത്തിയെന്നാണ് ടീച്ചര്‍  പറഞ്ഞത്!
-എന്നിട്ട് അവസാനം എങ്ങനെ ഊരിയെടുത്തു?
-ഇല്ല. ഞാന്‍ പോരുന്നതുവരെ അത് ഊരാന്‍ പറ്റിയിട്ടില്ല.
-അപ്പൊ ഞാന്‍ മുമ്പ്  സൂചിപ്പിച്ച സംഗതിയിലേക്ക്  മടങ്ങാമെന്നു തോന്നുന്നു.
-അതെന്താ സമ്പവം?
-കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പാണ്. ഒരു ദിവസം ഞാന്‍ സാറിന്റെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ ഇതുപോലെ തന്നെ സാറും ടീച്ചറും  വഴക്കിട്ടോണ്ടിരിക്കയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ കുറച്ചുനേരം ശങ്കിച്ചുനിന്നു. ഒടുവില്‍  മനസ്സില്ലാമനസ്സോടെ  ടീച്ചറോട് ചോദിച്ചു: എന്താ ടീച്ചറേ പ്രശ്‌നം?
 ടീച്ചര്‍ പറഞ്ഞു: എന്റെ വേണൂ, ഇതിയാന്‍ ഈ ലുങ്കിയെടുത്തുടുത്തിട്ട് ഇന്നേക്ക് 8 ദിവസായി! കഴുകിയിടാന്‍ വേണ്ടി ഇതൊന്ന്  ഊരിത്തരാന്‍ എത്ര പറഞ്ഞാലും കേള്‍ക്കത്തില്ല!
 ഇതു കേട്ടതും ശിവദാസന്‍ സാറ്  ദേഷ്യത്തോടെ പറയുകയാണ്: എന്റെ വേണൂ, ഇവള്‍ക്ക് കണക്ക് കൂട്ടാന്‍
 അറിയാന്‍ മേലാത്തേന്  ഞാന്‍ എന്ത് ചെയ്യാനാ? ഞാന്‍ ഇത് ഉടുത്തിട്ട്  വെറും 7 ദിവസേ ആയിട്ടുള്ളൂ !!!

Sunday, November 11, 2012

പാതിരാപ്രഭാഷണം

തന്നെ കൊന്നാലും ശെരി, കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തില്ലെന്നാണ് ആന്റണ്‍ വില്‍ഫ്രഡ് പറയുന്നത്.
പാത്രം അക്കൗണ്ടാപ്പീസുകാരനാണെന്ന ഒരൊറ്റ ക്ലൂ മാത്രമേ പുള്ളിക്കാരന്‍ തരുന്നുള്ളൂ.
അപ്പൊപ്പിന്നെ സ്വന്തം മനോധര്‍മ്മമനുസരിച്ച് കഥാപാത്രത്തിന്റെ രേഖാചിത്രം സ്വയം
വരയ്ക്കുക എന്ന കൃത്യമേ വായനക്കാര്‍ക്ക് കരണീയമായിട്ടുള്ളു.
ഏതായാലും കഥയിങ്ങനെ:

ഒരു ദിവസം പാതിരാത്രി പന്ത്രണ്ടുമണിസമയത്ത് ടൗണിലെ ട്വിങ്ക്ള്‍സ്റ്റാര്‍ ബാറില്‍നിന്ന്
നൂറ്റമ്പതുരൂപയ്ക്ക് പെട്രോളുമടിച്ച് മൂളിപ്പാട്ടും പാടി റോഡിലൂടെ ഒറ്റയ്ക്ക് വേച്ചുവേച്ച്
നടന്നുപോവുകയായിരുന്ന  കഥാപാത്രത്തെ പട്രോള്‍ ഡൂട്ടിയിലായിരുന്ന
പോലീസ് സംഘം പിടികൂടി.
ഭേദ്യം ചെയ്യുന്നതിനുമുമ്പ് ഒന്നു ചോദ്യം ചെയ്തുകളയാം എന്നു കരുതി അവര്‍
പാത്രത്തോട് ചോദിച്ചു:
-എവിടെപ്പോവ്വാടോ ഈ അസമയത്ത് ?
തെല്ലൊന്നമ്പരന്നുപോയ പാത്രം തൊഴുകൈയോടെ പറഞ്ഞു:
-ഞാന്‍...ഞാന്‍.. ഒരു പ്രഭാഷണം കേള്‍ക്കാന്‍ പോവ്വാണ് സര്‍.
-ഈ നട്ടപ്പാതിരയ്ക്കാണോടാ പ്രഭാഷണം?
-അതെ സര്‍. അത് എന്നുമുള്ളതാണ്. പാതിരായ്ക്ക് തുടങ്ങി
 വെളുപ്പിന് അവസാനിക്കും.
-ഭ! കള്ളം പറയുന്നോടാ ? ഞങ്ങള്‍ക്ക് അതിനെപ്പറ്റി ഒരിന്‍ഫര്‍മേഷനുമില്ലല്ലൊ.
-സത്യമാണ് സര്‍. ഞാന്‍ വേണമെങ്കില്‍ സാറിന്റെ തലയില്‍ തൊട്ട് സത്യം ചെയ്യാം.
-അതൊന്നും വേണ്ട. എന്തിനെപ്പറ്റിയാണ് പ്രഭാഷണം ?
-മദ്യപാനം, രാത്രിസഞ്ചാരം മുതലായവയുടെ ദൂഷ്യഫലങ്ങളെപ്പറ്റി !
-ഓഹൊഹൊ ! ആരാണത്രേ പ്രഭാഷണം നടത്തുന്നത്?
-ന്റെ ഭാര്യന്നെ !!!


Friday, November 2, 2012

NON-STOP EXPRESS


-എന്താ ചന്ദ്രന്‍ മാഷേ, കമ്പ്യൂട്ടറില്‍ നോക്കി ഇങ്ങനെ ചിരിച്ചോണ്ടിരിക്കുന്നത്?
 വല്ല കോമഡി ബിറ്റും പ്ലേ ചെയ്യണ്‌ണ്ടോ?
-അതല്ല സര്‍. ഷഷീടെ നോണ്‍സ്റ്റോപ്പ് പ്രിന്റിങ്ങിനെപ്പറ്റി വായിച്ചപ്പൊ ഒരു നിമിഷം
 ഞാന്‍ എന്റെ ബാല്യകാലത്തേക്ക് ഒന്നു മടങ്ങിപ്പോയതാണ്.
-അത് ശെരി. മുറ്റത്തെ ശര്‍ക്കരമാവിന്റെ ചോട്ടിലേക്ക്, അല്ലേ?
 ആട്ടെ, ഷഷീടെ കഥ  എങ്ങനെയാണ് അതിനൊരു നിമിത്തമായത്?
-എന്റെ കുട്ടിക്കാലത്ത് ഞങ്ങള്‍ടെ നാട്ടില്‍ ഒരു മക്കാര്‍ സായ് വുണ്ടായിരുന്നു.
 ഗള്‍ഫിലാണ് ജോലി. ഒരു തവണ ലീവിനു വന്നപ്പൊ മൂപ്പര്‍ക്കൊരു മോഹം:
 ഒരു ലൂണ വാങ്ങണം.
 അന്ന് ഇന്നത്തെപ്പോലെ ബൈക്കും കാറും ഹെലികോപ്ടറുമൊന്നുമില്ല.
 ലൂണയാണ് താരം.
 മക്കാര്‍ സായ് വ്  ലൂണ വാങ്ങാന്‍ തൃശ്ശൂര്‍ക്ക് പോയ വിവരം കാട്ടൂരായ കാട്ടൂരൊക്കെ  കാട്ടുതീ പോലെ പടര്‍ന്നു. നാട്ടുകാരായ നാട്ടുകാരൊക്കെ സായ് വിന്റെ വീട്ടുപടിക്കല്‍  ഒത്തുകൂടി. ലൂണയേറി വരുന്ന സായ് വിനെ വരവേല്‍ക്കാന്‍ അത്തറും ചന്ദനമാലയും  ചന്ദനക്കുടവുമൊക്കെയായി അവര്‍ കാത്തുനിന്നു.
 അങ്ങകലെ ഒരു പൊട്ടുപോലെ ലൂണയുടെ തല കണ്ടപ്പോഴേ ജനം ഇളകിമറിയാന്‍
 തുടങ്ങി. വാഹനം അടുത്തെത്തിയപ്പോഴേക്കും ആവേശം അണപൊട്ടി. പണ്ട് ലങ്കാദഹനം നടക്കുമ്പോള്‍ പാവകജ്വാലകള്‍ അംബരത്തോളമുയര്‍ന്നില്ലേ, ഏതാണ്ടതുപോലെ
 അഹമഹമികയാ ജനം മാലച്ചാര്‍ത്തിനായി മുന്നോട്ടാഞ്ഞു. പക്ഷേ അടുത്ത നിമിഷം 
 ആവേശം അമ്പരപ്പിനു വഴിമാറിപ്പോയെന്നു പറഞ്ഞാല്‍ മതിയല്ലൊ!
 ച്ചാല്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് മക്കാര്‍ സായ് വ് വണ്ടിയുമായി ഒരു
 പാച്ചിലാണ്!
 കുറച്ചുപേര്‍ മാലയുമായി പിന്നാലെ ഓടിയെങ്കിലും ലൂണക്കൊപ്പം എത്താന്‍ കഴിയാതെ വന്നപ്പൊ പിന്‍വാങ്ങി.
 എങ്കിലും നിരാശരാവാന്‍ അവര്‍ തയ്യാറായിരുന്നില്ല.
-കാരണം?
-മക്കാര്‍ സായ് വ് തങ്ങളെ പറ്റിക്കാന്‍ വേണ്ടി നിര്‍ത്താതെ പോയതാണെന്നും അല്പം
 കഴിയുമ്പോള്‍ സായ് വ് അതേ വഴി അതേ ഡയരക് ഷനില്‍ തന്നെ വരുമെന്നും അവര്‍
 ക്കറിയാമായിരുന്നു.
-ങ്‌ഹേ! അതെങ്ങനെ?
-ഏതാണ്ട് തൃശ്ശൂരെ സ്വരാജ് റൗണ്ട് പോലെയാണ് കാട്ടൂരങ്ങാടി. ഏതിലേ പോയാലും
 പൊറപ്പെട്ടേടത്ത് തന്നെ തിരിച്ചെത്തും.
-ഓഹൊ. എന്നിട്ട്?
-കൊറച്ചു കഴിഞ്ഞപ്പൊ അവര് വിചാരിച്ചപോലെ  മുന്‍പു വന്ന അതേ
 ഡയരക് ഷനില്‍ തന്നെ സായ് വ് വന്നു. പക്ഷേ അപ്പോഴും മൂപ്പര് വണ്ടി നിര്‍ത്തിയില്ല.. പിന്നെ  രണ്ട് വട്ടം കൂടി ഇതിങ്ങനെ ആവര്‍ത്തിച്ചപ്പോള്‍ മക്കാര്‍ സായ് വ് തങ്ങളെ
 മക്കാറാക്കുകയാണോന്ന് ചിലര്‍ക്ക് സംശയം തോന്നിത്തുടങ്ങി. അതുകൊണ്ട്
 അടുത്തതവണ  വണ്ടി നിര്‍ത്താതെ പോയപ്പൊ അവരില്‍ ചിലര്‍ സൈക്കിളെടുത്ത്
 പിന്നാലെ മിന്നിച്ചു...
 ഏതാണ്ട് ഒരു കിലോമീറ്റര്‍ ചെന്നപ്പൊ അതാ മക്കാര്‍ സായ് വ്
 ലൂണയുമായി വഴിയരികില്‍ നില്‍ക്കുന്നു!
ചോദിച്ചുപിടിച്ചുവന്നപ്പൊ മക്കാര്‍ സായ് വ് പറയ്യാണേയ്: എന്റെ പൊന്നു ചങ്ങാതിമാരേ,എനിക്ക് ഈ കുന്ത്രാണ്ടം നിര്‍ത്താനറിയില്ല. ഒടുവില് പെട്രോള് തീര്‍ന്നപ്പളാ ഒന്ന് നിന്നുകിട്ടീത്!

-കൊള്ളാം, ചന്ദ്രന്‍ മാഷേ. നുണയാണെങ്കിലും കേള്‍ക്കാന്‍ രസണ്ട്‌ട്ടോ.
-നുണയോ? ഞാന്‍ വേണമെങ്കില്‍ സാറിന്റെ തലയില്‍ തൊട്ട് സത്യം ചെയ്യാം.
-ആ എക്‌സ്റ്റെന്റ് വരെ പോണ്ട.
-ശെരിക്കും ഉണ്ടായതാണ് സര്‍. പക്ഷേ എനിക്ക് ഏറ്റവും കോമഡിയായി തോന്നിയത്
 അതുമായി ബന്ധപ്പെട്ട മറ്റൊന്നാണ് കേട്ടോ.
-അതെന്താണ്?
-വീടിനുമുന്നില്‍ കാത്തുനിന്നിരുന്ന മക്കാര്‍ സായ് വിന്റെ കുട്ടികളുടെ
 പ്രതികരണമോര്‍ത്തിട്ടാണ് ഇപ്പൊ എന്റെ മനസ്സില്‍ ലഡു പൊട്ടിക്കൊണ്ടിരിക്കുന്നത്..
-എന്തായിരുന്നു അവരുടെ പ്രതികരണം?
-ഓരോ തവണയും സായ് വ് ലൂണയോടിച്ച് കടന്നുപോകുന്നതു കാണുമ്പോള്‍
 അവര്‍ കാര്യമേതുമറിയാതെ  കൈയടിച്ച് വിളിച്ചുപറഞ്ഞോണ്ടിരുന്നു:
 ദേ പോണു ഉപ്പ !!!

Friday, October 26, 2012

വിശ്വവിഖ്യാതമായ ഇന്‍സ്‌പെക് ഷന്‍ റിപ്പോര്‍ട്ട്

-എന്താ സുധീറേ, ഒരു കള്ളച്ചിരി?
-നമ്മടെ ഷഷിയണ്ണന്റെ കാര്യമോര്‍ത്ത് ചിരിച്ചുപോയതാണ്
-പുള്ളിക്കാരന്‍ 'കാടമുട്ട ഇവിടെ കിട്ടും' എന്ന ബോര്‍ഡ്  'നാളെ കട മുടക്കം' എന്നു
 വായിച്ചതോര്‍ത്തിട്ട്, അല്ലേ?
-അതല്ല
-എങ്കില്‍ പിന്നെ കമ്പ്യൂട്ടര്‍ ടേബ്‌ളില്‍ മൗസിനുപകരം അറിയാതെ പേപ്പര്‍ വെയ് റ്റ്
 നിരക്കിക്കൊണ്ടിരുന്ന കാര്യമോര്‍ത്തിട്ടാവും.
-ഏയ്, അതുമല്ല
-പിന്നെ എന്താണ്?
-ബിആറിനോട് പറയരുതെന്ന് ഷഷിയണ്ണന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇത് കഥയാക്കരുത്.
-ഇല്ലില്ല. ആ പ്രശ്‌നമേ ഉദിക്കുന്നില്ല.
-എങ്കില്‍ പറയാം. ഷഷിയണ്ണന്‍ കാരണം എറണാകുളം റോഡ്‌സ് ഡിവിഷന്റെ
 ഇന്‍സ്‌പെക് ഷന്‍ റിപ്പോര്‍ട്ട് വിശ്വപ്രസിദ്ധമായിത്തീര്‍ന്ന കഥയാണത്.
-എന്താ അത്രയ്ക്ക് കിടിലന്‍ പാരകളാണോ അതിലുള്ളത്?
-അതുകൊണ്ടല്ല
-പിന്നെ?
-സമയമില്ലാത്തതുകൊണ്ട് ചുരുക്കിപ്പറയാം. ഇന്‍സ്‌പെക് ഷന്‍ റിപ്പോര്‍ട്ടിന്റെ ഡ്രാഫ്റ്റ് 
 അപ്രൂവ് ചെയ്തുവന്നപ്പൊ ഫെയര്‍ കോപ്പിയെടുക്കാന്‍ വേണ്ടി ഷഷിയണ്ണന്‍
 കമ്പ്യൂട്ടറില്‍ പ്രിന്റിന് കമാന്റ് കൊടുത്തു. പ്രിന്ററിന് പക്ഷേ ഒരനക്കവുമില്ല!
 പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും പ്രിന്റെടുക്കാന്‍ പറ്റാതായപ്പൊ ഷഷിയണ്ണന്‍
 എസ്സോയെ അഭയം പ്രാപിച്ചു.
-ആരാ എസ്സൊ?
-ചുരിദാറിട്ട രാജേന്ദ്രന്‍
-എന്നിട്ട് രാജേന്ദ്രന്‍ സഹായിച്ചോ?
-ഉവ്വ്. ആദ്യം പ്രിന്ററിന്റെ പേര് സെലക്റ്റ് ചെയ്തിട്ട് കമാന്റ് കൊടുക്കാന്‍ രാജേന്ദ്രന്‍
 പറഞ്ഞുകൊടുത്തു.
-അപ്പൊ ശെരിയായി, അല്ലേ?
-ഉവ്വ. ഒരു വട്ടമല്ല 8 വട്ടം ശെരിയായി!
-മനസ്സിലായില്ല
-എന്റെ ബീയാറേ, ഷഷിയണ്ണന്‍ പ്രിന്റ് ഓപ്ഷന്‍ കൊടുത്തപ്പൊ ആപ്പീസിലെ
 നെറ്റ് വര്‍ക്കിലുള്ള എല്ലാ പ്രിന്ററുകളുടേയും പേരുകള്‍ തെളിഞ്ഞുവന്നു. ഷഷിയണ്ണന്‍ വളരെ പ്രയാസപ്പെട്ട് കട്ടിക്കണ്ണടയിലൂടെ സൂക്ഷിച്ചുനോക്കി എല്ലാ പ്രിന്ററുകളും
 കൃത്യമായി ടിക് ചെയ്തു! 8 കോപ്പിക്കുള്ള കമാന്റും കൊടുത്തു! പിന്നെ കൊറേ
 നേരത്തേക്ക് ആപ്പീസില്‍ ആകെ ജഗപൊഗയായിരുന്നൂന്ന് പറഞ്ഞാ മതീല്ലൊ.
-ച്ചാല്‍?
-പോസ്റ്റിങ്ങ് ഓഡറായാലും  ടൂര്‍ പ്രോഗ്രാമായാലും  ഡിസിആര്‍ജീടെ
 കാല്‍ക്കുലേഷനായാലും  എസ് എ എസ് പരീക്ഷാര്‍ത്ഥികളുടെ ലിസ്റ്റായാലും
 ബന്ധപ്പെട്ട സെക് ഷനിലെ കമ്പ്യൂട്ടറില്‍ പ്രിന്റ് കൊടുത്താല്‍ പുട്ടുകുറ്റിയില്‍നിന്ന്
 പുട്ടെന്നപോലെ പുറത്തുവരുന്നത് ഷഷിയണ്ണന്റെ ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടായിരുന്നു.
ഒന്നും രണ്ടുമല്ല, 8 കോപ്പി വീതം !!!

Saturday, October 13, 2012

കീഴ് ക്കണാംപാട്  നമ്പൂതിരിപ്പാട്

എന്‍ബീടെ എല്ലാ കാര്യങ്ങളും ഇങ്ങനെയാണ്.
ച്ചാല്‍ തല  കീഴ് ക്കണാംപാടാണ്.
ഇക്കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
കഴിഞ്ഞയാഴ്ച ഒരു ദിവസം ഉച്ചക്ക് എന്‍ബി ആപ്പീസറുടെ റൂമിലേക്ക്
കടന്നുചെല്ലുകയാണ്.
എല്ലാവരും ചെയ്യാറുള്ളതുപോലെ നേരേചൊവ്വേയല്ല, ഹാഫ് ഡോറിന്റെ അടിയിലൂടെ
ഞൂണ്ടുകടന്നാണ് ചെന്നത്.
അതുകണ്ടപ്പോള്‍ ആപ്പീസര്‍ ചോദിച്ചു;
-എന്താ എന്‍ബീ ഇങ്ങനെ പ്രവേശിക്കുന്നത്?
-ഒന്നൂല്ല്യാ. അതാ എളുപ്പംന്ന് തോന്നി.
-കൊള്ളാമല്ലൊ. എന്താണാവോ ഈ വരവിന്റെ ഉദ്ദേശ്യം?
-എനിക്ക് നാളെ ഒരു ലീവ് വേണം.
-അയ്യോ. നാളെയോ? നാളെ അക്കൗണ്ട്‌സ് പോകേണ്ട ദിവസല്ലേ?
-അതൊക്കെ ശെര്യന്നെ. പക്ഷേ നാളെ ലീവ് വേണം.
-അത് നടക്കില്ല. നടക്കത്തില്ല. നടക്കുകേല.
-ഒറപ്പാണോ?
-ഒറപ്പ്
-കുറുപ്പിന്റെ ഒറപ്പാണോ?
-അല്ലല്ല
-ഇനി മാറ്റി പറയോ?
-ഇല്ലില്ല
-ദെന്‍ താങ്ക്യൂ സര്‍. താങ്ക്‌സ് ഏ ലോട്ട്
-ങ്‌ഹേ...!!!
                                                 ******

കാന്റീനിലേക്കുള്ള യാത്രാമദ്ധ്യേ ബിആറിനെ കണ്ടപ്പോള്‍ ആപ്പീസര്‍ ചോദിച്ചു:
-ആ എന്‍ബിക്ക് എന്തെങ്കിലും കൊഴപ്പണ്ടോ?
-ഞാന്‍ ഈ നാട്ടുകാരനല്ല സാര്‍. എന്നാലും എന്തേ അങ്ങനെ ചോദിക്കാന്‍?
-അല്ലാ, പുള്ളി എന്റടുത്ത് വന്നിട്ട് നാളെ ലീവ് വേണംന്ന് പറഞ്ഞു. ഞാന്‍ പറ്റില്ലെന്നു 
 പറഞ്ഞു. അപ്പൊ അത് ഒറപ്പാണോന്ന് ചോദിച്ചു. ഒറപ്പാണെന്ന് ഞാന്‍ പറഞ്ഞു.
 പിന്നെ അത് മാറ്റിപ്പറയോന്നായി. ഇല്ലെന്നു ഞാന്‍ പറഞ്ഞു. അന്നേരം താങ്ക്‌സ്
 പറഞ്ഞ് ഒറ്റ പോക്കാണ് പുള്ളിക്കാരന്‍ !
-ങ്‌ഹേ...!!! ലീവ് തരില്ലെന്നു പറഞ്ഞപ്പൊ താങ്ക്‌സ് പറഞ്ഞെന്നോ!
   
                 ബിആറിനും കഥ മനസ്സിലായില്ല. ഏതായാലും അത് തിരുമുഖത്തുനിന്നുതന്നെ
കേള്‍ക്കാമെന്നു കരുതി തിരുമേനിയെ വിളിച്ചുവരുത്തി ചോദിച്ചു:
-എന്താ തിരുമേനീ, ഞാന്‍ കേട്ടത് ശെരിയാണോ?
-ആദ്യം എന്താണ് കേട്ടതെന്നു പറ.
-ലീവ് സാങ്ഷന്‍ ചെയ്യില്ലെന്നു പറഞ്ഞപ്പൊ ആപ്പീസറോട് താങ്ക്‌സ് പറഞ്ഞെന്ന്.
-അത് ശെരിയാണ്
-എന്താ കാര്യം?
-അതേയ് നാളെ ഞാന്‍ ലീവെടുക്കണംന്ന് സാവിക്ക് ഒരേ നിര്‍ബ്ബന്ധം.
-എന്താ വിശേഷം? വിവാഹവാര്‍ഷികമോ മറ്റോ ആണോ?
-അല്ലേയ്
-പിന്നെ?
-നാളെ പറമ്പില് തേങ്ങയിടാന്‍ ആള് വരണ്‌ണ്ടേയ്. ഒരു പത്തഞ്ഞൂറ് തേങ്ങ കാണും. 
 അത് മുഴുവന്‍ പെറുക്കിക്കൂട്ടാന്‍ എന്നേക്കൊണ്ടാവ്‌ല്ല്യേയ്...!!!

Friday, October 5, 2012

കുശലം

-കോഴിക്കോട് ബ്രാഞ്ചിലെ പീതാംബരന്‍ സാറുമായി സാറ് വഴക്കിട്ടെന്നു കേട്ടത്
 ശെരിയാണോ എംജിആര്‍ സാറേ?
-മുഴുവന്‍ ശെരിയല്ല. ഞാന്‍ അങ്ങോട്ടല്ല, പുള്ളി ഇങ്ങോട്ടാണ് വഴക്കിട്ടത്
-അതിനുമാത്രം എന്താണുണ്ടായത്?
-അതിന്റെ ഉത്തരം പറയുന്നതിനുമുമ്പ് ഞാന്‍ ബിആറിനോട് ഒരു ചോദ്യം ചോദിക്കട്ടെ?
-ഇക്ഷണം
-നാം നമ്മുടെ ഒരു സുഹൃത്തിനെ വളരെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടുകയാണ്.
 സുഹൃത്തിന് ഒരു ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഒരു മകനും ഒരു മകളും.
 ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം കണ്ടുമുട്ടുമ്പോള്‍ നമ്മള്‍ ആ സുഹൃത്തിനോട് എന്തു കുശലപ്രശ്‌നമാണ് ചോദിക്കുക?
-അതിപ്പൊ എന്തു പറയാനിരിക്കുന്നു? എന്തൊക്കെയുണ്ട് സ്‌നേഹിതാ വിശേഷങ്ങള്‍
 എന്നു ചോദിക്കും.
-ഓക്കെ. പിന്നെ?
-ശ്രീമതിക്ക് സുഖം തന്നെയല്ലേ എന്നു ചോദിക്കും.
-അതും ഓക്കെ. പിന്നെ?
-പിന്നെ കുട്ടികളെപ്പറ്റി അന്വേഷിക്കും. മേനെന്തു പരുവായി? ജോലിയായോ?
 മോള്‍ക്കെന്തു പ്രായായി? കല്യാണമായോ? എന്നൊക്കെ ചോദിക്കും.
-മതി മതി.
-എന്തു മതിയെന്ന്?
-ഇതേതാ യുഗം?
-ഇത് നല്ല കൂത്ത്! ഈ യുഗം കലിയുഗം ഇവിടെയെല്ലാം പൊയ് മുഖം എന്നാണ് വയലാര്‍ പാടിക്കേട്ടിട്ടുള്ളത്.
-അവിടെയാണ് പീതാംബരന്‍ സാറിനെപ്പോലെ ബിആറിനും തെറ്റിപ്പോയത്.
-മനസ്സിലായില്ല
-എന്റെ ബിആറേ, കലിയുഗമൊക്കെ കഴിഞ്ഞു.
 ഇത് സൈബര്‍ യുഗമാണ് സൈബര്‍ യുഗം.
 ഒരാളോട് കുശലം ചോദിക്കുമ്പൊ യുഗത്തിനനുസരിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കണം.
 പീതാംബരന്‍ സാറിനോട് തികച്ചും യുഗാനുസാരിയായ ചോദ്യങ്ങളാണ് ഞാന്‍
 ചോദിച്ചത്. പക്ഷേ അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാനായില്ല. അതാണ് വിനയായത്.
-ഈശ്വരാ! എന്തായിരുന്നാവോ ആ മുന വെച്ച ചോദ്യങ്ങള്‍?
-മോന്‍ എന്ത് പരുവായി? തല്ലാറായോ?
 മോള്‍ എന്ത് പ്രായായി? ഓടിപ്പോവാറായോ?   !!!


Friday, August 31, 2012


Shashi & Jerry

സ്‌കൂട്ടറില്‍നിന്ന് മറിഞ്ഞുവീണ് വി ഷഷിധരന്റെ കൈക്ക് നേരിയ പരിക്ക് പറ്റിയ കാര്യം നടേ
പ്രസ്താവിച്ചിട്ടുണ്ടല്ലൊ.
ഷഷിയെ സംബന്ധിച്ചിടത്തോളം ആ ആക്‌സിഡന്റ് ഉര്‍വശീശാപം പോലെ ഉപകാരമായി എന്നേ
പറയേണ്ടൂ.
ഇപ്പോള്‍ എന്തിനും ഏതിനും ഷഷിക്ക് ഒരൊഴിവുകഴിവുണ്ട്.
ഓഡിറ്റ് നോട്ടില്‍ എമൗണ്ട് തെറ്റിച്ചെഴുതുന്നതും അറ്റന്‍ഡന്‍സ് റെജിസ്റ്ററില്‍ കോളം മാറി ഒപ്പിടുന്നതും മറ്റും ചൂണ്ടിക്കാണിച്ചാല്‍ ഷഷി പറയും: ''ആ ആക്‌സിഡന്‍ഡ്  പറ്റ്യേപ്പിന്നെ എന്താന്നറിയില്ല്യ....''
താഴെപ്പറയുന്ന കാര്യത്തിലും ഷഷിക്ക് അതുതന്നെയാണ് പറയാനുണ്ടായിരുന്നത്:
കഴിഞ്ഞയാഴ്ച ഒരു ദിവസം ഷഷി എത്ര ശ്രമിച്ചിട്ടും സെക് ഷനിലെ കമ്പ്യൂട്ടര്‍മൗസിന്റെ കഴ്‌സര്‍
കടുകിടനീങ്ങുന്നില്ല! ഇടത്തോട്ടുമില്ല, വലത്തോട്ടുമില്ല, മേലോട്ടുമില്ല, കീഴോട്ടുമില്ല! വടിപോലെ ഒരേ
നില്പ്പാണ്. മൗസ് നീക്കിനീക്കി ഷഷീടെ കൈക്കുഴ കഴച്ചു.
ഒടുവില്‍ മടിച്ചുമടിച്ച് ഷഷി പ്രശ്‌നം എസ്സൊ മുമ്പാകെ അവതരിപ്പിച്ചു: അതേയ് എസ്സൊ, ഇതിന്റെ
കഴ്‌സര്‍ വടിയായീന്നാ തോന്നണേ. അനങ്ങണ് ല്ല്യ
ചുരിദാറിട്ട രാജേന്ദ്രനാണ് എസ്സൊ.
പുള്ളിക്കാരന് പക്ഷേ ഷഷി പറഞ്ഞത് വിശ്വസിക്കാനായില്ല. കാരണം അല്പം മുമ്പ് താന്‍ അതില്‍
വര്‍ക്ക് ചെയ്തതാണ്. മാത്രമല്ല, സെക് ഷനിലെ മറ്റാരും അങ്ങനെയൊരു കംപ്ലെയ് ന്റ്    പറയുന്നത്
കേട്ടിട്ടുമില്ല.
ചുരിദാറിട്ട രാജേന്ദ്രന്‍ പറഞ്ഞു: ഏയ്, അങ്ങനെ വരാന്‍ വഴിയില്ല ഷഷിയണ്ണാ. ഞങ്ങളൊക്കെ വര്‍ക്ക് ചെയ്യുമ്പൊ കഴ്‌സര്‍ നീങ്ങണ് ണ്ടല്ലൊ.
അന്നേരം ഷഷി തുറുപ്പെടുത്തടിച്ചു: '' എന്താണെന്നറിയില്ല്യ, ആ ആക്‌സിഡന്‍ഡ്  പറ്റ്യേപ്പിന്നെ ....''
ഇതുകേട്ടപ്പോള്‍ സ്വതവേ ചൂടനായ രാജേന്ദ്രന് ഷഷിയോട് സഹതാപം തോന്നി.
രാജേന്ദ്രന്‍ സീറ്റില്‍നിന്നെഴുന്നേറ്റ് ഷഷിയുടെ അടുത്തുചെന്നു. പിന്നെ മൗസെടുത്ത് മെല്ലെ ഒന്ന് നീക്കി. കഴ്‌സര്‍ കൃത്യമായി നീങ്ങി!
അനന്തരം ഷഷിയോട് പറഞ്ഞു: മൗസിന് ഒരു കൊഴപ്പോല്ല്യ. ഷഷ്യണ്ണന്‍ അതൊന്ന് അമര്‍ത്തിപ്പിടിച്ച് മെല്ലെ  നീക്കിനോക്ക്.
രജേന്ദ്രന്‍ പറഞ്ഞതുപോലെതന്നെ ഷഷി മൗസ് അമര്‍ത്തിപ്പിടിച്ച് മെല്ലെ നീക്കി. പക്ഷേ കഴ്‌സറിന് ഒരനക്കവുമില്ല. ഒന്നല്ല, രണ്ടല്ല, മൂന്നുവട്ടം ശ്രമിച്ചിട്ടും കഴ്‌സര്‍ അനങ്ങിയില്ല.
അപ്പോഴാണ് അതുവരെ കഴ്‌സറില്‍തന്നെ നോക്കിക്കൊണ്ടിരുന്ന രാജേന്ദ്രന്‍ ഷഷിയുടെ കൈയിലേക്ക് ശ്രദ്ധിക്കുന്നത്.
രാജേന്ദ്രന്റെ മുഖത്ത് കോപം ഇരച്ചുകയറി...
എങ്ങനെ ഇരച്ചുകയറാതിരിക്കും?
മൗസിനു പകരം ഷഷി അതുവരെ മേശപ്പുറത്തിട്ട് നിരക്കിക്കൊണ്ടിരുന്നത് ചില്ലുകൊണ്ടുള്ള ഉരുണ്ട പേപ്പര്‍വെയ്റ്റായിരുന്നു!!!

Wednesday, August 22, 2012


ഷഷിധരതന്ത്രം

-ഷഷീ, ഞാനൊരു കാര്യം ചോദിച്ചോട്ടെ?
-ചുമ്മാ ചോദിക്കണം ബിആര്‍
-അന്നത്തെ ആക്‌സിഡന്റില്‍ ഷഷീടെ കൈക്ക് ഒരു ഹെയര്‍ലൈന്‍ ഫ്രാക്ചറേ ഉണ്ടായുള്ളൂ
 എന്നാണ് ഞാന്‍ കേട്ടത്.
-കേട്ടത് ശെരിയാണ്
-സംഭവം നടന്നിട്ട് ഇപ്പൊ ഏതാണ്ട് ഒന്നര മാസമായല്ലൊ
-അതും ശെരിയാണ്
-പക്‌ഷേ ഇപ്പോഴും ഷഷി ആ കൈ സഞ്ചിയിലിട്ടോണ്ടാണ് നടക്കണത്
-അപ്പറഞ്ഞതും ശെരി തന്നെ
-അപ്പൊ ഇത്രനാളായിട്ടും ഹെയര്‍ലൈന്‍ ശെരിയായില്ലെന്നാണോ? അതുകൊണ്ടാണോ സഞ്ചി
 അഴിക്കാത്തത്?
-അതുകൊണ്ടല്ല
-പിന്നെ?
-കൈയൊക്കെ പണ്ടേ ശെരിയായി. പ്ളാസ്റ്റര്‍ അഴിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതുമാണ്.
 പക്ഷേ ഞാന്‍ സമ്മതിച്ചില്ല
-അതുകൊള്ളാം അതെന്താ കാര്യം?
-കഥയാക്കില്ലെങ്കില്‍ കാര്യം പറയാം
-അങ്ങനെയൊരു പ്രശ്‌നമേ ഉത്ഭവിക്കുന്നില്ല.
-എങ്കില്‍ കേട്ടോളൂ. അതേയ്, ഇപ്പൊ എനിക്ക് പരമ സുഖാണ്.
-കൈ ഇങ്ങനെ സഞ്ചീലിട്ടോണ്ട് നടക്കണതോ?
-അതെയതെ
-എനിക്കൊന്നും മനസ്സിലാവണ്  ല്ല്യ
-പറഞ്ഞുതരാം. ദാ നോക്ക്. ഇപ്പൊ ഞാന്‍ ഇത് ഊരിയാല്‍ മൂന്ന് കാര്യങ്ങള്‍ സ്വിച്ചിട്ടതുപോലെ നിന്നു പോവും.
-ഏതൊക്കെ കാര്യങ്ങളാണാവോ
-ഇപ്പൊ ഓഫീസിലെ എന്റെ ജോലികളൊക്കെ അടുത്തിരിക്കുന്നവരാണ് ചെയ്തുതരുന്നത്. അത് നിന്നുപോവും.
-അത് പിന്നെ സ്വാഭാവികമാണല്ലൊ
-ഉച്ചയ്ക്ക് ഊണുകഴിക്കുമ്പോളാണെങ്കില്‍ പ്ലേറ്റ് കഴുകുന്നതും രസം മോര് മുതലായവ
 ഒഴിച്ചുതരുന്നതും കേശവസദാനന്ദാദികളാണ്. അതും നിന്നുപോവും.
-ഉവ്വ.
-പിന്നെ ഇപ്പൊ  രണ്ടുനേരോം ഭാര്യ കുളിപ്പിച്ചുതരണ്‌ണ്ടേയ്. അതും നിന്നുപോവും   !!!

Sunday, August 12, 2012

ഷഷിധര ഭണ്ഡാരനായകെ

വി ഷഷിധരനെ സംബന്ധിച്ചിടത്തോളം സ്വന്തം ഭാര്യയെപ്പറ്റി അത്യധികം അഭിമാനം
തോന്നിയ ഒരു നിമിഷമായിരുന്നു അത്.

പുള്ളിക്കാരന്‍ സ്റ്റോറില്‍നിന്ന് 10 കിലോ പച്ചരി വാങ്ങി വീട്ടില്‍ കൊണ്ടുവന്നു വെച്ചിട്ട്
ചുരുങ്ങിയത് 5 ആഴ്ചയെങ്കിലും ആയിക്കാണും.
പച്ചരി പച്ചയ്ക്ക് തിന്നാന്‍ പറ്റില്ലല്ലൊ.
അതൊന്ന് പൊടിപ്പിച്ചുകൊണ്ടുവരാന്‍ ഭാര്യ എന്നും പറയും. ഓരോ തവണ ഓരോ
കാരണം പറഞ്ഞ് ഷഷി അത് നീട്ടിനീട്ടി കൊണ്ടുപോവും.
ക്ഷമിച്ചുക്ഷമിച്ച് ക്ഷമയുടെ നെല്ലിക്കപ്പടി കണ്ടപ്പോള്‍ ഒരു ദിവസം ഭാര്യ ഒരു സ്‌പെഷല്‍വിജ്ഞാപനമിറക്കി:
ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ഈ കുടുമ്മത്ത് പുട്ടുണ്ടാക്കുന്നതല്ല!
പുട്ടിന്റെ കാര്യം കേട്ടതും ഷഷി ഒരു ഞെട്ടുഞെട്ടി.
പുട്ടില്ലാതെയുള്ള ജീവിതത്തെപ്പറ്റി ഷഷിധരന് ചിന്തിക്കാനേ വയ്യ.
ഒരുകുറ്റി പുട്ടും രണ്ട് മുട്ടയുമാണ് എന്നും കക്ഷിയുടെ പ്രാതല്‍.
(റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡ്മിര്‍ പുട്ടിനും അതുതന്നെയാണ് പ്രാതല്‍ എന്ന് ഷഷി
സ്വകാര്യമായി അഹങ്കരിക്കാറുണ്ട്. റഷ്യക്കാര്‍ക്ക് പുട്ടിനോട് നല്ല പ്രിയമാണെന്നും ഷഷി
പത്രത്തില്‍ വായിച്ചിട്ടുണ്ട്)

ഭാര്യയെ അനുനയിപ്പിക്കാനെന്നോണം ഷഷി പറഞ്ഞു:
''ശെരി. എന്നാപ്പിന്നെ ഞാന്‍ നാളെത്തന്നെ പോയി അരി പൊടിപ്പിച്ചോണ്ടുവരാം.''
താന്‍ ഇത് എത്ര കേട്ടിരിക്കുന്നു എന്ന ഭാവമായിരുന്നു അപ്പോള്‍ ഭാര്യക്ക്.
അതുകണ്ടപ്പോള്‍ ഷഷി തന്റെ കട്ടിക്കണ്ണടയൂരി കയ്യില്‍ പിടിച്ച് പ്രേംനസീറിനെപ്പോലെ സത്യം ചെയ്തു:
''എന്റെ കളരിപരമ്പരദൈവങ്ങളാണേ ഈ കട്ടിക്കണ്ണടയാണേ ഞാന്‍
നാളെ പോയി അരി പൊടിപ്പിച്ചോണ്ടുവരും. ഇത് സത്യം അ സത്യം അ സത്യം''
ഇതുകേട്ടപ്പോള്‍ ഭാര്യയുടെ അരിശം ഒന്നുകൂടികൂടിയെന്നു പറഞ്ഞാല്‍ മതിയല്ലൊ.
അവര്‍ പറഞ്ഞു:
''ഉവ്വ.  വല്ല ഹര്‍ത്താലും വന്ന് കട മുടക്കമായാല്‍ നാളേയും പോണ്ടല്ലൊ.''

''ഇനി രക്ഷയില്ല. ഇനിയും പിടിച്ചുനില്‍ക്കാന്‍ പറ്റ്ല്ല്യ''- ഷഷി മനസ്സില്‍ പറഞ്ഞു.
പിന്നെ സഞ്ചിയും തപ്പിയെടുത്ത് സ്‌കൂട്ടറില്‍ കേറി ഒരു പാച്ചിലായിരുന്നു.

ഒരു ചെറിയ പലചരക്കുകടയോടനുബന്ധിച്ചാണ് ഫ്‌ളവര്‍മില്ല്.
ഷഷിധരന്‍ കടയുടെ മുമ്പില്‍ വണ്ടി ചവിട്ടിനിര്‍ത്തി.
സഞ്ചിയുമെടുത്ത് ഫ്‌ളവര്‍മില്ലിലേക്ക് നീങ്ങുമ്പോള്‍ അതാ അവിടെ ഒരു ബോര്‍ഡ്
ഞാണ്ടുകിടക്കുന്നു.
കട്ടിക്കണ്ണടയൂരി പൊടിതുടച്ച് വീണ്ടും കണ്ണില്‍ വെച്ച് ഷഷിധരന്‍ ബോര്‍ഡ് വായിച്ചു:
''നാളെ കട മുടക്കം: 6 മുതല്‍ 8 വരെ''

ഭാര്യയെപ്പറ്റി ഷഷിധരന്‍ എങ്ങനെ അഭിമാനം കൊള്ളാതിരിക്കും?
കിറുകൃത്യമായിട്ടല്ലേ ശ്രീമതി പ്രവചനം നടത്തിയിരിക്കുന്നത്!

ഷഷിധരന്‍ ബോര്‍ഡിലേക്ക് വീണ്ടും സൂക്ഷിച്ചുനോക്കുന്നതുകണ്ടപ്പോള്‍ കടയിലെ പയ്യന്‍ചോദിച്ചു:
-എന്താ സാര്‍ സൂക്ഷിച്ചുനോക്കുന്നത്?
-അല്ലാ, നാളെ കട മുടക്കമാണെന്നു മനസ്സിലായി. പക്ഷേ സാധാരണ
 6 മുതല്‍ 6 വരെയല്ലേ  ഹര്‍ത്താല്? ഇതെന്താ 8 വരെ എന്നെഴുതിയിരിക്കണത്?

പയ്യന്‍ ഷഷിയെ കണ്ണുകൊണ്ട് രണ്ടുവട്ടം മേലോട്ടും കീഴോട്ടും ഉഴിഞ്ഞു.
പിന്നെ ശാന്തമായി ചോദിച്ചു:
-സാറിന്റെ വീടെവിട്യാ?
-പൂങ്കുന്നത്താണ്. എന്തേ ചോദിക്കാന്‍?
-അല്ലാ, സംസാരത്തിന് ഒരു സിംഹള ചൊവയുണ്ടേയ്.
-അതുപിന്നെ ഐ വാസ് ബോണ്‍ ആന്‍ഡ് ബ്രോട്ടപ്പ് അറ്റ് ബാട്ടിക്കലോവ ഇന്‍ ശ്രീലങ്ക.  അതുകൊണ്ടാവും.
-അത് ശെരി. 
-പിന്നെ ഞാന്‍ എന്നെപ്പറ്റി മുഖസ്തുതി പറയ്യ്യാണെന്നു വിചാരിക്കരുത്. ഞാനൊരു
 ബഹുഭാഷാപണ്ഡിതനുമാണ്.
-ഉവ്വോ. ഏതൊക്കെ ഭാഷകളറിയാം?
-സിംഹള ഒഫ്‌കോഴ്‌സ്. പിന്നെ ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി....
-മലയാളം നന്നായിട്ടറിയാം അല്ലേ?
-പിന്നില്ലേ. ഒരു പാരഗ്രാഫിന്റെ തൊടക്കത്തിലുള്ള ഒന്നോ രണ്ടോ വാക്ക് കണ്ടാല്‍ മതി, ആ പാരഗ്രാഫ് മുഴുവന്‍ ഞാന്‍ ഒറ്റയടിക്ക് വായിക്കും. ഫോര്‍ എക്‌സാമ്പ്ള്‍, ഇപ്പൊ
നമ്മള് ഒരു കടേടെ മുമ്പില് വളരെ നീളത്തിലുള്ള ഒരു ബോര്‍ഡ് കണ്ടൂന്ന് വെക്കുക.
അതിന്റെ തൊടക്കത്തില് തട്ടില്‍ എന്നൊരു വാക്കുണ്ടെന്നും വെക്കുക. എങ്കില്‍
ബാക്കിയുള്ള വാക്കുകള്‍ നോക്കാതെതന്നെ ആ ബോര്‍ഡ് കംപ്ലീറ്റ് വായിക്കാന്‍
എനിക്കാവും.
-അത് വല്ലാത്തൊരു കഴിവ് തന്നെ. എപ്രകാരമാവും സാറ് ആ ബോര്‍ഡ് വായിക്കുക
 എന്നറിയാന്‍ കൗതുകമുണ്ട്.
-തട്ടില്‍ ഉമ്പാവു ലോനപ്പന്‍ കൊച്ചുദേവസി ജവുളിക്കച്ചവടം പി ഒ റോഡ് തൃശ്ശിവപേരൂര്‍!
-അത് കലക്കി. സാറിനെ സമ്മതിക്കണം. ഇതെങ്ങനെ സാധിക്കുന്നു സാര്‍?
-ജന്മനാ കിട്ടുന്ന കഴിവാണത്. പക്ഷേ ചങ്കൂറ്റം കൊണ്ട് സാധിക്കുന്നതാണെന്നാണ് ഭാര്യ  പറയണത്.
-ആട്ടെ. സാറ് ഇവിടത്തെ ഈ ബോര്‍ഡ് എങ്ങനെയാണ് വായിച്ചത്?
-നാളെ കട മുടക്കം: 6 മുതല്‍ 8 വരെ
-എന്റെ പൊന്നു സാറെ, അത് അങ്ങനെയൊന്നുമല്ല.
-പിന്നെ എങ്ങനാ?
-കാട മുട്ട ഇവിടെ കിട്ടും: 6 എണ്ണം 8 രൂപ !!!



(ഏഴാമത്തെ വരിയിലെ ‘ഷഷി’യിൽ ക്ലിക്കുക)



Saturday, July 28, 2012

അനോമലി

റെജിസ്‌ട്രേഡ് തപാല്‍ ഉരുപ്പടിയായി വന്ന ആ കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു:

''എത്രയും പ്രിയപ്പെട്ട അക്കൗണ്ടാപ്പീസര്‍ മുമ്പാകെ
വെഞ്ഞാറമ്മൂട് എന്‍.എച്ച്.സബ് ഡിവിഷണിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍
ഗ്ലൂക്കോസ് മത്തായി എന്ന ഞാന്‍ ബോധിപ്പിക്കുന്ന സങ്കടഹരജി:

എന്തെന്നാല്‍ എന്റെ പേ വയനാട് മേജര്‍ ഇറിഗേഷന്‍ സബ് ഡിവിഷനിലെ
അസിസ്റ്റന്റ് എഞ്ചിനീയറായ ശ്രീമതി അന്നാമ്മ ചാണ്ടിയുടെ പേയേക്കാള്‍ തുലോം
കുറവാണ്. ച്ചാല്‍ ഞങ്ങളുടെ പേകള്‍ തമ്മില്‍ അജഗജാന്തരമുണ്ട്.''

(ഇവിടെ ബിആര്‍ ഒന്ന് ഇടയ്ക്ക് കേറിക്കോട്ടെ. അജഗജാന്തരവ്യത്യാസം എന്നല്ലേ
പറയേണ്ടിയിരുന്നത്. അതാണ് നാട്ടുനടപ്പ്. അതാണ് ശെരിയും.
വൈയാകരണന്മാര്‍ തല്ലാന്‍ വരണ്ട. എനിക്ക് വയ്യ.)

''ശ്രീമതി അന്നാമ്മ ചാണ്ടിയാണെങ്കില്‍ എന്നേക്കാള്‍ എത്രയോ ജൂനിയറാണെന്നോ?
ഞാന്‍ പ്രീയൂണിവേഴ്‌സിറ്റിക്ക് വായിക്കുമ്പോള്‍ അവള്‍ എട്ടാം ക്ലാസ്സിലേക്ക് കാലെടുത്ത് കുത്തിയിട്ടേയുള്ളൂ. ച്ചാല്‍ പാവാടപ്രായത്തിലെത്തിയിട്ടേയുള്ളൂന്നര്‍ത്ഥം.
പിന്നെ കാലം ചെന്നവാറെ അവള്‍ ദാവണിപ്രായം കടന്നതും
പൂഞ്ചേലപ്പരുവത്തിലെത്തിയതും മറ്റും നിര്‍ന്നിമേഷനായി ഞാന്‍ നോക്കിനിന്നിട്ടുണ്ട്.
അല്ലിയാമ്പല്‍ കടവില്‍ ഞങ്ങളൊരുമിച്ച് കൊതുമ്പുവള്ളം തുഴഞ്ഞതും
മരം കോച്ചുന്ന മഞ്ഞത്ത് ഒരു കുടക്കീഴില്‍ പള്ളിയില്‍ പോയതും
ഇടവപ്പാതിയില്‍ കുടയില്ലാതെ വന്നപ്പോള്‍ പ്രാസത്തിനുവേണ്ടി ഒരു
ഇലഞ്ഞിമരച്ചോട്ടില്‍ കേറിനിന്നതുമെല്ലാം മിനിഞ്ഞാന്ന് കഴിഞ്ഞതുപോലെ
ഞാന്‍ ഓര്‍ക്കുന്നുണ്ട് സാര്‍.
അതെ സാര്‍, അങ്ങനെ പറഞ്ഞുവരുമ്പോള്‍ ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായിട്ടുവരും.
മറ്റെന്തെല്ലാം അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും പ്രായത്തിലുള്ള ഈ വ്യത്യാസം
നിലനിര്‍ത്തിപ്പോരാന്‍ ഞങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട് സാര്‍.''

(ഒരാള്‍ ഒരു കാര്യം പറഞ്ഞോണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ഇടയ്ക്കുകയറി പറയുന്നത്
ശെരിയല്ലെന്നറിയാം. എങ്കിലും പറയാതെ വയ്യ. സൂപ്പറായിട്ടുണ്ട് ഈ വാചകം. പക്ഷേ അതിന്റെ ചമല്‍ക്കാരം പറഞ്ഞുതരാന്‍ ബിആറിനറിയില്ല. വല്ല നിരൂപകരേയും
വിളിക്കേണ്ടിവരും. സമയമില്ലാത്തതിനാല്‍ തല്‍ക്കാലം അതിനു മുതിരുന്നില്ല).

''പിന്നെ എന്തുകൊണ്ടാണു സാര്‍ എന്റെ പേയില്‍ കുറവുവരുന്നത്?
എത്ര ആലോചിച്ചിട്ടും എനിക്കത് മനസ്സിലാവുന്നില്ല.
ആയതിനാല്‍ സമക്ഷത്തിങ്കല്‍ നിന്ന് ദയവുണ്ടായി വേണ്ടതായ രേഖകള്‍ വരുത്തി
പരിശോധിച്ച് എത്രയും വേഗം സങ്കടനിവൃത്തി വരുത്തിത്തരുവാന്‍ തഴുതായ്മയായി
അപേക്ഷിച്ചുകൊള്ളുന്നു''

പൊട്ടക്കണ്ണന്‍ കണ്ണുമടച്ചെറിഞ്ഞത് യഥാര്‍ത്ഥത്തില്‍ വന്നുകൊണ്ടത് ബിആറിന്റെ
മണ്ടയ്ക്കാണെന്നു പറഞ്ഞാല്‍ മതിയല്ലൊ.
തന്റെ പേ അന്നാമ്മ ചാണ്ടിയുടെ പേയ്‌ക്കൊപ്പം സ്റ്റെപ്പപ്പ് ചെയ്യണമെന്നാണ്
മത്തായിച്ചന്റെ ഡിമാന്റ്.
പക്ഷേ ഈ കത്തും വെച്ച് ബിആര്‍ എന്തുചെയ്യാനാണ്?
പ്രായത്തിന്റെ കാര്യത്തില്‍ മത്തായിച്ചന്‍ അന്നാമ്മയേക്കാള്‍ സീനിയറാണെന്നേ
കത്തില്‍ നിന്ന് വ്യക്തമാകുന്നുള്ളൂ.
സര്‍വീസില്‍ സീനിയര്‍ അന്നാമ്മയായിക്കൂടെന്നില്ലല്ലൊ.
പ്രീയൂണിവേഴ്‌സിറ്റിക്ക് ശേഷം മത്തായിച്ചന്‍ മാവേലെറിയാന്‍ പോയപ്പോള്‍
ഒരുപക്ഷേ മിസിസ് ചാണ്ടി സെമസ്റ്ററ് പഠിക്കാന്‍ പോയിട്ടുണ്ടാവാം.
ആര്‍ക്കാ നിശ്ശം?
എന്തുചെയ്യണമെന്നാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല ബിആറിന്.
സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബിആര്‍ ടീവീലൊക്കെ കാണാറുള്ളപോലെ സ്റ്റോറില്‍
ചെന്ന് ഒരു കിറ്റ്കാറ്റ് വാങ്ങി രണ്ടായി പൊട്ടിച്ച് കഴിക്കാറാണ് പതിവ്.
പക്ഷേ ഇത്തവ്വണ അത് ചെയ്തില്ല.
പകരമായി ഗുരുവിനെ മനസ്സില്‍ ധ്യാനിച്ചു.
ശിവദാസന്‍ സാര്‍ പ്രത്യക്ഷപ്പെട്ട് ചോദിച്ചു:
''എന്താ പ്രശ്‌നം?''
''ഇന്നിന്നതൊക്കെയാണ്' സാര്‍'
''അത്രേയുള്ളോ?''
''ഞാന്‍ എന്തു ചെയ്യണം സാര്‍?''
''ആരാ സെക് ഷന്‍ ഹെഡ്?''
“കടമ്പഴിപ്പുറത്തുള്ള ഒരു നായരാണ് ”
“പേര് ?”
''നാരായണന്‍ കുട്ടി''
''ശെരി. പേപ്പറിന്റെ മാര്‍ജിനില്‍ ഞാന്‍ പറയുന്നതുപോലെ എഴുതൂ''
''പറയൂ സര്‍''
''നാരായണന്‍ കുട്ടി മെ പ്ലീസ് എക്‌സാമിന്‍ ആന്‍ഡ് പുട്ടപ്പ്'' ....! (ഹാവൂ !)

Friday, June 29, 2012

 ഫൗണ്ടേഷന്‍ കോഴ്‌സ്

-കഴിഞ്ഞവര്‍ഷത്തെ ഏറ്റവും നല്ല ശ്രോതാവിനുള്ള ചക്ഷുശ്രവണപുരസ്‌കാരം നേടിയ എന്‍ബി പരമേശ്വരന് മുഖാമുഖം  പരിപാടിയിലേക്ക് സ്വാഗതം.
-നമസ്‌കാരം
-എന്നാപ്പിന്നെ ജോര്‍ജ്ബുഷിനെയിട്ട് തലങ്ങും വിലങ്ങും പൂശാതെ (വിത്തൗട്ട് ബീറ്റിങ് എബൗട്ട് ദ ബുഷ്) ഞാനെന്റെ  ദൗത്യത്തിലേക്ക് കടന്നോട്ടെ?
-വലതുകാല്‍ വെച്ച്, പതുക്കെ
-അതിനുമുമ്പ് ഒരപേക്ഷയുണ്ടായിരുന്നു.
-എന്താണ്?
-ആ മുറുക്കാനൊന്നു തുപ്പിക്കളഞ്ഞാല്‍ എന്റെ ഷര്‍ട്ട് വൃത്തികേടാവില്ലായിരുന്നു. മാത്രമല്ല, എന്‍ബിക്ക് മേപ്പട്ട് നോക്കാതെ     നേരെ നോക്കി സംസാരിക്കാനും കഴിയും
-ദാ തുപ്പി.
-എന്നാല്‍ ഇനി നേരം കളയണ്ട, അല്ലേ
-അതെ
-ഒരു ശ്രോതാവ് സ്വയം ഉണ്ടാവുന്നതോ അതോ ഉണ്ടാക്കപ്പെടുന്നതോ?
-സ്വയംഭൂവല്ല, ഉണ്ടാക്കപ്പെടുന്നതാണ്.
-അതൊന്ന് വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു.
-ച്ചാല്‍ ബെര്‍ത്തിനാലേ ആരും ശ്രോതാവാവണതല്ല. നിരന്തരമായ സാധനകൊണ്ട് സാധിക്കുന്നതായിട്ടുള്ള ഒരു സാധനമാണ്  ശ്രാവണബലഗോള. ദാ, നിങ്ങള്‍ ഇപ്പോള്‍ മുതല്‍ ഒരു പത്തുമണിക്കൂര്‍ ഇടതടവില്ലാതെ തുടര്‍ച്ചയായി സംസാരിച്ചോളൂ.  ഒരക്ഷരം പോലും ഉരിയാടാതെ ഞാന്‍ അതെല്ലാം മൂളിമൂളി കേട്ടോണ്ടിരിക്കാം. സാധനകൊണ്ട് സാധിക്കുന്നതാണത്.  നിത്യാഭ്യാസി ആനപ്പിണ്ടമെടുക്കും എന്നു കേട്ടിട്ടില്ലേ.
-എന്താണ് തിരുമേനീടെ സാധനയുടെ ഒരു രീതി?
-ഞാനിത് ഇന്നോ ഇന്നലെയോ തൊടങ്ങീതല്ല.
-മിനിഞ്ഞാന്ന്?
-അല്ലല്ല. തൊള്ളായിരത്തി എഴുപതുകളിലാണ് ഞാനിതിന്റെ തറക്കല്ലിട്ടത്.
-എന്നുവെച്ചാല്‍ കള്ളൂരിവാസലിലെ?
-അതെയതെ. ശ്രീകൃഷ്ണന്റെ കോളേജില്‍ ബി എസ് സി ക്ക് വായിക്കുന്ന കാലത്ത്.
-ഏതായിരുന്നു സബ്ജക്റ്റ്?
-മാത്‌സ്
-ബുദ്ധിമാന്മാരുടെ വിഷയം, അല്ലേ?
-എന്നങ്ങനെ തീര്‍ത്ത് പറയാമോ?
-എന്തുകൊണ്ട് പറ്റില്ല?
-ബി എസ് സി ക്ക് മാത്‌സെടുത്താല്‍ തോല്‍ക്കാനേ പറ്റില്ലെന്നു തെളിയിച്ച ഒരു വിദ്വാന്‍ എന്റെ ക്ലാസ്സിലുണ്ടായിരുന്നു.
-ആള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
-ഉവ്വുവ്വ്. ഒരു കെ.എം.സുകുമാരന്‍
-ഓനെ ഞാന്‍ സെപ്പറേറ്റായി ഇന്റര്‍വ്യൂ ചെയ്യണ്‍്ണ്ട്. ഇപ്പോള്‍ പറയൂ, നല്ലൊരു ശ്രോതാവാവാന്‍ വേണ്ട അടിസ്ഥാനപരമായ  ഗുണമെന്താണ്?
-ക്ഷമ തന്നെ. ധര, ധരിത്രി, എം.എസ്.ക്ഷോണി എന്നൊക്കെ പര്യായമായി പറയാം.
-ആരാണ് അല്ലെങ്കില്‍ എന്താണ് എന്‍ബിയിലെ ശ്രവണഗുണത്തിന് അടിത്തറയിട്ടത്?
-മാധവേട്ടനാണ് അതിന്റെ കാരണക്കാരന്‍.
-ആരാണീ മാധവേട്ടന്‍?
-പരിണാമഗുസ്തിക്കുവേണ്ടി ഈ ചോദ്യം നമുക്ക് ഒടുവിലേക്ക് മാറ്റിവെയ്ക്കാം.
-ഓക്കെ. ഓക്കെ. പ്ലീസ് കണ്ടിന്യൂ.
 -അക്കാലത്ത് മാധവേട്ടനും ശ്രീകൃഷ്ണാ കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു. കോളേജില്‍നിന്ന് രണ്ടുകിലോമീറ്റര്‍ ദൂരെയാണ്  മാധവേട്ടന്റെ വീട്. ഒന്നര കിലോമീറ്റര്‍ റോഡും അര കിലോമീറ്റര്‍ വയലും. ഇത്രയും കിലോമീറ്റര്‍ നടന്നാണ് മാധവേട്ടന്‍  കോളേജില്‍ വരുന്നതും പോവുന്നതും.
-എന്‍ബിയോ?
-എനിക്ക് കോളേജിന്റെ മുമ്പീന്ന് ബസ്സുകിട്ടും. പക്ഷേ മാധവേട്ടന്‍ സമ്മതിക്കില്ല. 'വാടോ, നമുക്കല്പം നടക്കാം, നടക്കുന്നത്  ആരോഗ്യത്തിന് നല്ലതാ' എന്നും മറ്റും പറഞ്ഞ് എന്നേയും കൂട്ടിയങ്ങ് നടക്കും.
-അന്നത്തെ ആ നടപ്പാണ് എന്‍ബീടെ ഇന്നത്തെ ആരോഗ്യത്തിന്റെ രഹസ്യം, അല്ലേ?
-ഏതാണ്ട്. അങ്ങനെ നടന്നുതൊടങ്ങുമ്പോ മാധവേട്ടന്‍ ഒരു കഥ പറയാന്‍ തൊടങ്ങും. ഞാന്‍ അത് മൂളിമൂളിക്കേള്‍ക്കും. ഒന്നര  കിലോമീറ്റര്‍ റോഡ് കഴിയുമ്പോഴേക്കും കഥയും കഴിയും. അപ്പോള്‍ 'എന്നാല്‍ ഇനി നാളെ' എന്നും പറഞ്ഞ് മാധവേട്ടന്‍  വയലിലേക്കിറങ്ങി ഒറ്റവരമ്പിലൂടെ ഒറ്റയ്ക്ക് നടന്നുപോവും.
-എന്‍ബി പിന്നെ അവിടെനിന്ന് ബസ്സില്‍ കയറി നേരെ വീട്ടിലേക്ക്, അല്ലേ?   
-അല്ലല്ല. എന്റേത് വേറെ റൂട്ടാണ്. ഞാന്‍ പിന്നെ കോളേജ് ബസ് സ്‌റ്റോപ് വരെ തിരിച്ചുനടക്കും. അടുത്ത ബസ്സില്‍ കേറി  ഇല്ലത്തേക്ക് പോവും. അക്കദമിക് ഇയറിലെ ആകെയുള്ള ഇരുന്നൂറ്റി ഇരുപത്തഞ്ചുദിവസവും ഇതുതന്നെയായിരുന്നു പരിപാടി.
-അപ്പോള്‍ മാധവേട്ടന്‍ പറഞ്ഞ കഥകള്‍ കേട്ടുകേട്ടാണ് എന്‍ബി നല്ലൊരു ശ്രോതാവായത്, അല്ലേ?
-ഏകവചനം മതി
-ച്ചാല്‍?
-കഥകള്‍ എന്നു വേണ്ട. കഥ എന്നു മതി.
-മനസ്സിലായില്ല
-വര്‍ഷര്‍ത്തുവില്‍ ഇരുന്നൂറ്റി ഇരുപത്തഞ്ച് ദിവസവും മാധവേട്ടന്‍ പറഞ്ഞത് ഒരേ കഥയായിരുന്നു!
-ഈശ്വരാ! വല്ലാത്ത ശിക്ഷ തന്നെ. ഇതിലും ഭേദം വധശിക്ഷയാണ്. ആട്ടെ, ഈ ത്യാഗം സഹിച്ചതിനുപിന്നില്‍ വേറെ വല്ല  കാരണവുമുണ്ടായിരുന്നോ?
-ഒരു കാരണമുണ്ടായിരുന്നൂന്ന് കൂട്ടിക്കോളൂ.
-അതെന്തായിരുന്നു?
-മാധവേട്ടന്റെ നേര്‍പെങ്ങളായ സാവിയെ അന്നേ എനിക്കൊരു നോട്ടമുണ്ടായിരുന്നു !!!
 


Saturday, May 26, 2012

 കാല്പനികോദ്യാനം
                                                        
കലശലായ കഴുത്തുവേദനമൂലം തല ഇടത്തോട്ടോ വലത്തോട്ടോ മുന്നോട്ടോ പിന്നോട്ടോ തിരിക്കാന്‍ പറ്റാത്ത ചില ദിവസങ്ങളുണ്ടാവാറുണ്ട് ബിആറിന്.
അത്തരം ദിവസങ്ങളില്‍ ഒന്നായിരുന്നു അത്.
ടീബ്രെയ്ക്കായപ്പോള്‍ കാന്റീനിലെ കൗണ്ടറില്‍ ചെന്ന് വളരെ കനം കുറഞ്ഞ ഒരു ലൈറ്റ് ചായയുമെടുത്ത് വടിപോലെ നടന്ന് ഈശാനകോണിലെ ഒരൊഴിഞ്ഞ കസേരയില്‍ ഇരിപ്പുറപ്പിച്ചു ബിആര്‍.
ചായ ഒരു സിപ്പെടുത്തതേയുള്ളു. അപ്പോഴാണ് തൊട്ടുപുറകിലായി ആംഗലത്തിലുള്ള ഒരടിപൊളി പ്രഭാഷണം  കേട്ടത്. നല്ല മണിമണിപോലത്തെ ഇംഗ്ലീഷ്. സാക്ഷാല്‍ ഷേക്‌സ്പിയറിനുപോലും അങ്ങനെ ഇംഗ്ലീഷ് പറയാന്‍ പറ്റില്ലെന്നുതോന്നി ബിആറിന്. ആരാണ് പ്രഭാഷിക്കുന്നതെന്നറിയാന്‍ ആകാംക്ഷയുണ്ടായിരുന്നെങ്കിലും കഴുത്ത് തിരിക്കാന്‍ വയ്യാത്തതിനാല്‍ ചായ കുടിച്ചുകഴിഞ്ഞിട്ട് എണീറ്റുപോകുമ്പോള്‍ നോക്കാം എന്നു തീരുമാനിക്കുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളു.
പ്രഭാഷണം ഇങ്ങനെ കത്തിക്കയറുകയായിരുന്നു:

“Sir, I am Rundheer from Renjith Properties. We are going to launch a project called Udyaan at Kuzhikkattussery, 5 Kilometres from Trichur Town. Sir, as you know, it is away from the congestion and pollution of City and yet close to all its conveniences. Sir, it is spread over 5.6 Acres of verdant greenery. Sir, the project comprises of elegantly designed 150 luxury independent villas, Health Club, 24 Hour security, Children’s play area with play equipments, Well-lit landscaped garden with seating arrangements, Shuttle Court, Golf Cub, Day Care Centre, Swimming Pool and a Toddy Shop. Sir, each villa is positioned in a manner which guarantees privacy and free flow of fresh air. Sir, you just consult your loved ones and if you are interested in the project, please contact me in this Mobile Number. I will be always at your service. By the by, let me know your good name for the purpose of record in my diary.”
 
പിന്നെ കുറച്ചുനേരത്തേക്ക് പിന്‍ഡ്രോപ് സൈലന്‍സായിരുന്നു.
ശ്രോതാവ് പേരൊന്നും പറയുന്നില്ല!
ഇതെന്തു കഥ? പ്രോജക്റ്റില്‍ താല്പര്യമില്ലെങ്കിലും പേരുചോദിച്ചാല്‍ പറഞ്ഞുകൊടുക്കാതിരിക്കുന്നത് മര്യാദകേടല്ലെ. അക്കൗണ്ടാപ്പീസുകാര്‍ അത്രക്ക് ചീപ്പാവാന്‍ പാടില്ലല്ലൊ. ഏതായാലും ശ്രോതാവിനെ ഒന്നു കണ്ടിട്ടുതന്നെ ബാക്കി കാര്യം എന്നുതീരുമാനിച്ച് ബാക്കിവന്ന ചായ ഗ്ലാസ്സില്‍ ബാക്കിവെച്ച് ബിആര്‍ എഴുന്നേറ്റു. പിന്നെ സല്യൂട്ടടിക്കാതെ ഒരു എബൗട്ടേണടിച്ചു. അപ്പോഴാണ് ആ പിന്‍ഡ്രോപ് സൈലന്‍സിന്റെ കാരണം ബിആറിന് മനസ്സിലായത്. കൊള്ളാം, അയാളുടെ ചോദ്യത്തിന് എങ്ങനെ റെസ്‌പോണ്‍സുണ്ടാവാനാണ്?
സര്‍ സര്‍ എന്നു വിളിച്ച്  ഷട്ടില്‍ കോര്‍ട്ടിനെപ്പറ്റിയും ഗോള്‍ഫ് ക്ലബ്ബിനെപ്പറ്റിയും സ്വിമ്മിംഗ്  പൂളിനെപ്പറ്റിയും മറ്റും   അടിപൊളി ഇംഗ്ലീഷില്‍ അയാള്‍ പ്രഭാഷിച്ചുകൊണ്ടിരുന്നത് ആരോടായിരുന്നെന്നോ?
തമിഴ് മാത്രമറിയാവുന്ന പാവം മരുതപ്പനോട്!!!





Sunday, May 20, 2012

കിഴിക്കുന്ന ഏര്‍പ്പാട്

ഒരു സറണ്ടര്‍ ലീവ് സാലറി സ്‌ലിപ്പ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു സിംഗ് ള്‍ ഏഒ.
ലീവ് ഡെബിറ്റ് ചെയ്തിട്ടുണ്ടോന്നറിയാന്‍ ലീവ് അക്കൗണ്ട് മറിച്ചുനോക്കി.
ഡെബിറ്റ് ചെയ്തിട്ടുണ്ട്.
പിന്നെ ക്രെഡിറ്റ് വര്‍ക്കൗട്ട് ചെയ്തിട്ടുണ്ടോന്നുനോക്കി.
(ചെയ്തിട്ടുണ്ടോന്ന് നോക്കാനല്ലേ സിംഗ് ള്‍ ഏഒയ്ക്ക് പറ്റൂ. അല്ലാതെ ചെയ്തുനോക്കാന്‍പറ്റില്ലല്ലൊ.
ഒന്നാമത് ഹി ഈസ് നോട്ട് എക്‌സ്‌പെക്‌റ്റെഡ് റ്റു ഡൂ ഇറ്റ്.
രണ്ടാമത് അതിനുള്ള നേരവുമില്ല).
ഉവ്വ്. ക്രെഡിറ്റ് വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്.
പക്ഷേ അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയില്‍ പെട്ടത്.
അതായത് ഡ്യൂട്ടി പീരിയഡും നംബര്‍ ഓഫ് ഡെയ്‌സും ഫില്ലപ്പ് ചെയ്തിരിക്കുന്നത്
ഇപ്രകാരമാണ്:
'' ഫ്രം 1-4-2010 ടു 31-3-2012 : 731 കിഴിക്കണം 14 കിഴിക്കണം 25 കിഴിക്കണം 40
കിഴിക്കണം 180 സമം 472 ''
പകച്ചുപോയി സിംഗ് ള്‍ ഏഒ
എന്തിനാണാവോ ഇങ്ങനെ കിഴിച്ചുകുഴച്ചുവെച്ചിരിക്കുന്നത്?
വെറുതെയാവാന്‍ വഴിയില്ല.
നേരമില്ലെങ്കിലും ഒന്നു പരിശോധിച്ചുനോക്കാന്‍ തന്നെ തീരുമാനിച്ചു.
പരിശോധന ഒടുവില്‍ നിന്ന് തുടങ്ങാനും തീരുമാനിച്ചു.
ആദ്യം 180 എന്താണെന്നു കണ്ടുപിടിക്കാനുള്ള തത്രപ്പാടായി.
ലീവ് അക്കൗണ്ടിന്റെ ഒരു കോണിലായി ദാ ഒരു നോട്ടിങ് കിടക്കുന്നു:
അവെയില്‍ഡ് 180 ഡെയ്‌സ് മെറ്റേണിറ്റി ലീവ് ഫ്രം 2-8-2005 ടു15-2-2006.
അപ്പോള്‍ ആ നൂറ്റെമ്പതാവണം ഈ നൂറ്റെമ്പത്. അന്ന് അത് കിഴിക്കാന്‍
വിട്ടുപോയിക്കാണും.
40 എന്താണെന്ന് കണ്ടുപിടിക്കാനായി പിന്നത്തെ ശ്രമം.
സൂക്ഷ്മദര്‍ശിനി വെച്ചുനോക്കിയപ്പോള്‍ സംഗതി തെളിഞ്ഞുവന്നു.
അത് പണ്ട്, വളരെ പണ്ട് ശ്രീമതി ജോലിക്ക് ജോയിന്‍ ചെയ്തശേഷം ദുബായിലുള്ള
ഹസ്ബന്‍ഡുമായി ജോയിന്‍ ചെയ്യാന്‍ വേണ്ടി 40 ദിവസം ലീവ് വിത്തൗട്ട്
അലവന്‍സെടുത്ത് പോയതാണ്. അതും അക്കാലത്ത് കിഴിക്കാന്‍ വിട്ടുപോയിട്ടുണ്ടാവും.
ഇനി 25 ന്റെ കഥ. ഭാഗ്യവശാല്‍ അത് വേഗം കണ്ടുപിടിക്കാന്‍ പറ്റി.
2008ല്‍ 25 ദിവസത്തെ കമ്മ്യൂട്ടഡ് ലീവെടുത്തതാണ്. കിഴിക്കാന്‍ വിട്ടു.
ഇനി 14 എന്താണെന്ന് കണ്ടുപിടിക്കണം. അവിടെയാണ് സിംഗ് ള്‍ ഏഒ
കുഴഞ്ഞുപോയത്. ലീവ് അക്കൗണ്ടെന്നല്ല, എന്റൈറ്റില്‍മെന്റ് റെജിസ്റ്ററിന്റെ തുടക്കം
മുതല്‍ ഒടുക്കം വരെ അരിച്ചുപെറുക്കിയിട്ടും അതെന്താണെന്നു കണ്ടുപിടിക്കാനായില്ല.

ആ അരിച്ചുപെറുക്കലിനിടയ്ക്ക് സിംഗ് ള്‍ ഏഒ പലവട്ടം ഇന്നസെന്റിനെ ഓര്‍ത്തുപോയി.
(''തോന്നയ്ക്കല്‍ പഞ്ചായത്തിലെ എല്ലാ വീടുകളും അരിച്ചുപെറുക്കി.
ഇനി കൃഷ്ണങ്കുട്ടിച്ചേട്ടന്റെ വീട് മാത്രമേ അരിച്ചുപെറുക്കാനുള്ളൂ'' :
ഇന്നസെന്റ് ഇന്‍ അഴകിയ രാവണന്‍)


ഏതായാലും കൃഷ്ണങ്കുട്ടിച്ചേട്ടന്റെ വീട് അരിച്ചുപെറുക്കാനൊന്നും സിംഗ് ള്‍ ഏഒ
പോയില്ല.
പിന്നെ ഒറ്റ വഴിയേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ.
വേണുപ്പണിക്കരെ വിളിച്ച് പ്രശ്‌നം വെച്ചു നോക്കുക...
പക്ഷേ അതിനും നേരം വേണമല്ലൊ...

ഒടുവില്‍ ' ഏതായാലും ഒരു ഡബ് ള്‍ ഏഒയല്ലേ കിഴിച്ചുവെച്ചിരിക്കുന്നത്, അത്
തെറ്റാവാന്‍ വഴിയില്ല ' എന്ന് മനസ്സില്‍ പലവട്ടം തറപ്പിച്ചു പറഞ്ഞ് കുരിശുവരച്ച്
സിംഗ് ള്‍ ഏഒ സ്‌ലിപ്പൊപ്പിട്ടു!
പിന്നെ സ്‌ലിപ്പിന്റെ കൂടെ ഇങ്ങനെയൊരു സില്‍പ്പും വെച്ചു:
'' ഇനിയൊരുത്തരവുണ്ടാകുന്നതുവരെ ഏണ്‍ ഡ് ലീവ് അക്കൗണ്ടില്‍ ഡ്യൂട്ടി
പീരിയഡിന്റെ കോളത്തില്‍ ഡ്യൂട്ടി പീരിയഡ് മാത്രമേ കാണിക്കാന്‍ പാടുള്ളൂ.
ഡ്യൂട്ടി പീരിയഡില്‍ ഗ്യാപ്പ് വരുമ്പോള്‍ അത് ബ്രാക്കറ്റില്‍ എക്‌സ് പ്ലെ യിന്‍ ചെയ്യുക.
അല്ലാതെ ലീവ് പീരിയഡ് അടക്കമുള്ള പീരിയഡ് ഡ്യൂട്ടി പീരിയഡ് ആയി കാണിച്ച്
അതില്‍നിന്ന് ലീവ് പീരിയഡ് കിഴിക്കുന്ന ഏര്‍പ്പാട് വേണ്ട:
സസ്‌നേഹം സിംഗ് ള്‍ ഏഒ  ''

Friday, May 11, 2012

 അരിയും തിന്ന് പണിക്കരേയും കടിച്ച്.....

-എന്താ വേണൂ, അന്യഥാ ചന്ദ്രനെപ്പോലെ വിളങ്ങാറുള്ള ആ മുഖബിംബം ഇന്ന് കടന്നല് കുത്തിയപോലെ വീര്‍ത്തിരിക്കണത്?
-ഏയ്, ഒന്നൂല്ല്യ.
-അതല്ല, എന്തോ ഉണ്ട്.
-ആ കണ്ണനെക്കൊണ്ട് ഞാന്‍ തോറ്റു, ബിആര്‍.
-കണ്ണന്‍ എന്തു ചെയ്തു?
-ഇരുപത് മാസം മുമ്പ് എന്റെ കൈയീന്ന് ഇരുപതിനായിരം രൂപ കടം വാങ്ങിയതാ.
 ഇതുവരെ പത്തുപൈസ തിരിച്ചുതന്നിട്ടില്ല.
-വേണു ചോദിക്കാഞ്ഞിട്ടാവും.
-അതെ! ഇപ്പളും കൂടി ചോദിച്ചിട്ടാ വരണേ.
-അത് ശെരി. അപ്പൊ അതാണ് കാര്യം അല്ലേ. ആട്ടെ, എന്താ പുള്ളിക്കാരന്‍ പറയണത്?
-തരാനുള്ള കാശ് തരാത്തതെന്താണെന്ന് ചോദിച്ചപ്പൊ ചൂണ്ടുവിരല്‍ എന്റെ നേരെ
 ചൂണ്ടിക്കൊണ്ട്  പറയ്യ്യാണേയ് :- 'ദേ, എനിക്ക് മൈഗ്രേയ്‌ന്റെ
 അസുഖൊള്ളതാ. എപ്പഴാ ദേഷ്യം വര്വാന്ന് പറയാന്‍ പറ്റ് ല്ല്യാട്ടോ' !!!

Wednesday, May 9, 2012

സമസ്യാപൂരണം

-ഹലോ, എസ്റ്റാബ്ലിഷ്‌മെന്റ് സെക് ഷനല്ലേ?
-അതേ.
-ഇത്  എന്‍ബി പരമേശ്വരനാണ്, കോ-ഓപ്പറേറ്റീവ് സൊസൈറ്റീന്ന്.
-ങ. എന്താ തിരുമേനീ, ഡിമാന്റ് സ്റ്റേറ്റ്‌മെന്റ് റെഡിയായിട്ട്ണ്ടാവ് ല്ല്യ  അല്ലേ?
 ഇന്ന്  5 മണിക്ക് മുമ്പ് കിട്ടണംട്ടോ.
-ശ്ശെ. ഇതതല്ലാന്ന്.
-പിന്നെ?
-ഞാനിവിടെ മോട്ടോര്‍ സൈക്ക്ള്‍ അഡ്വാന്‍സിന്റെ ഫോം ഫില്ലപ്പ്
 ചെയ്‌തോണ്ടിരിക്ക്യാണേയ്. അതിലെ ഒരു കോളം പൂരിപ്പിക്കാന്‍ പറ്റണ് ല്ല്യ.
 അതൊന്ന് പറഞ്ഞുതരണം, പ്ലീസ്.
-കൊള്ളാം. ഏതാ കോളം?
-നെയിം ഓഫ് ദ സെക് ഷന്‍ ഇന്‍ വിച്ച് ദ അപ്പ്‌ളിക്കന്റ് വര്‍ക്ക്‌സ് (?!!!)

Friday, May 4, 2012

“ മോളീപ്പോയില്ലേ? ”
             

ചുരിദാറിട്ട രജേന്ദ്രന്റെ ഹൗസ്‌വാമിങ് നടക്കുകയാണ്.
സോമേട്ടന്‍ അങ്ങോട്ടെത്താന്‍ ലേശം വൈകി. പുത്തന്‍ വീട്ടിലാണെങ്കില്‍ പൊരിഞ്ഞ തിരക്ക് .
സോമേട്ടന്‍ നോക്കുമ്പോള്‍ അക്കൗണ്ടാപ്പീസുകാരെ ആരേയും കാണുന്നില്ല.
വീടെങ്ങാന്‍ മാറിപ്പോയോ?
അങ്ങനെ ശങ്കിച്ചുനില്‍ക്കുമ്പോഴാണ് തിരക്കിനിടയില്‍നിന്ന് ചുരിദാറിട്ട രജേന്ദ്രന്‍ പ്രത്യക്ഷപ്പെട്ടത്.
'അല്ലാ, നമ്മടെ ആപ്പീസുകാരാരും എത്തിയില്ലേ?'' സോമേട്ടന്‍ ചോദിച്ചു.
'ഉവ്വല്ലൊ. എല്ലാവരും മോളില്‍ പോയിരിക്ക്യാണ്.'' ചുരിദാറിട്ട രാജേന്ദ്രന്‍ പറഞ്ഞു.
കുറച്ചുകഴിഞ്ഞപ്പോള്‍ അക്കൗണ്ടാപ്പീസുകാര്‍ ബാച്ച്ബാച്ചായി സ്‌റ്റെയര്‍കെയ്‌സിറങ്ങിവരുന്നത് സോമേട്ടന്‍ കണ്ടു.
ആദ്യം സഹരാജന്‍ നായര്‍, ശ്രീകുമാര്‍, ഹരി, മജീദ് തുടങ്ങിയവരുടെ ഒരു ബാച്ച്. അതുകഴിഞ്ഞ് ആന്റണ്‍ വില്‍ഫ്രഡ്, മനോജ്, സുധീര്‍ തുടങ്ങിയവരുടെ മറ്റൊരു ബാച്ച്. അതിനുപിന്നാലെ കെ.ബി.വേണുഗോപാല്‍ തുടങ്ങിയ ഒരുപറ്റം കുപിതരായ ചെറുപ്പക്കാരുടെ (ആങ്ക്രി യംഗ് മെന്‍) ഒരു പട.
അതിനും പുറകിലായി സി.ആര്‍.ബാബു, ആര്‍ക്കണ്ണന്‍ തുടങ്ങിയ തീവ്രവാദികളുടെ ഒരു ബാച്ച്.
കുറച്ചുകഴിഞ്ഞപ്പോള്‍ സഹരാജന്‍ നായര്‍ സോമേട്ടന്റെ അടുത്തുവന്ന് സ്വകാര്യം ചോദിക്കുന്നതുപോലെ ചോദിച്ചു:
' മോളീപ്പോയില്ലേ?''
'ഇല്ല.'' സോമേട്ടന്‍ പറഞ്ഞു.
പറഞ്ഞ് നാക്കെടുത്തില്ല. അപ്പോഴേക്കും ആന്റണ്‍ വില്‍ഫ്രഡ് വന്ന് അതേ ചോദ്യം സോമേട്ടന്റെ കാതില്‍ മന്ത്രിച്ചു:' സോമന്‍ മോളീപ്പോയില്ലേ?''
ആംഗ്യഭാഷയിലായിരുന്നു വേണുവിന്റെ ചോദ്യം:'സോമേട്ടന്‍ മോളീപ്പോയില്ലേ?''

പതിഞ്ഞ സ്വരത്തിലും ആംഗ്യഭാഷയിലും പലരുമിങ്ങനെ ആവര്‍ത്തിച്ചപ്പോള്‍ സോമേട്ടന് ഏതാണ്ടൊരൂട്ടൊക്കെ മനസ്സിലായി.....
'ഇല്ല, എന്തുതന്നെ വന്നാലും ഞാന്‍ പിടിച്ചുനില്‍ക്കും.'' സോമേട്ടന്‍ മനസ്സില്‍ പറഞ്ഞു.
അന്നേരമാണ് പാപ്പുള്ളി മോളില്‍ നിന്ന് ഇറങ്ങിവരുന്നത്.
'അല്ലാ, സോമേട്ടന്‍ മോളീപ്പോയില്ലേ'' എന്ന് പാപ്പുള്ളിയും കൂടി ചോദിച്ചതോടെ അതുവരെ പിടിച്ചുനിന്ന സോമേട്ടന്റെ കണ്‍ട്രോള് വിട്ടു.
ചുറ്റുപാടുമൊന്ന് നോക്കി തെല്ലൊരു പരുങ്ങലോടെ സോമേട്ടന്‍ മോളിലേക്ക് പോയി.
എന്തിനധികം പറയുന്നു. ഇതുപോലൊരു പറ്റ് ഇതുവരെ പറ്റിയിട്ടില്ല സോമേട്ടന്. ഇനിയൊട്ട് പറ്റുമെന്നും തോന്നുന്നില്ല.
കാര്യമെന്തെന്നല്ലേ.
മുകളിലത്തെ നിലയില്‍ സോമേട്ടന്‍ കണ്ടത്  വട്ടം കൂടിയിരുന്ന്  അത്തളപിത്തള കളിക്കുന്ന കുറച്ച് കുട്ടികളെ മാത്രമാണ്.
അല്ലാതെ ഒരു ഗ്ലാസ്സോ ഒരു സോഡാക്കുപ്പിയോ ഒരു പാക്കറ്റ്  മിക്‌സ്ചറോ അച്ചാറോ യാതൊന്നുമുണ്ടായിരുന്നില്ല അവിടെ.........



Friday, April 27, 2012

ചെറിയ കായത്തിരുമേനി
ചെറിയ കായത്തിരുമേനി എന്നതിനേക്കാള്‍ വിചിത്രന്‍ നമ്പൂതിരിപ്പാട് എന്ന ചെല്ലപ്പേരാവും എന്‍ബി പരമേശ്വരന് യോജിക്കുക എന്ന് ബിആറിന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം അത്രമാത്രം വിചിത്രങ്ങളാണ് തിരുമേനിയുടെ ഓരോ പ്രവൃത്തിയും.
എന്‍ബി ഉച്ചക്ക് ഊണിന് ക്യൂ നില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?
പന്ത്രണ്ടേമുക്കാലാവുമ്പോള്‍ എവിടെ നിന്നോ ഓടിവന്ന് ക്യൂവിന്റെ ഏറ്റവും പുറകില്‍ നില്‍ക്കുന്നയാളിന്റെ പുറത്ത് ഒരു വര വരക്കും. 'ബൂക്ഡ്' എന്ന് ആത്മഗതം പറയും. പിന്നെ ക്യൂവിന് പുറത്താണ് വിഹാരം. പക്ഷേ ഇടയ്ക്കിടെ വന്ന് താന്‍ വരച്ച വര അവിടെത്തന്നെയുണ്ടോന്ന് നോക്കും. ഇതിനിടക്ക് പോക്കറ്റില്‍നിന്ന് ഊണിന്റെ കൂപ്പണ്‍ തപ്പിയെടുക്കുന്നത് കാണാം. കാണേണ്ട കാഴ്ചയാണത്. മഹാഭാരതത്തിന്റെ കാര്യം പറഞ്ഞതുപോലെയാണ് എന്‍ബീടെ പോക്കറ്റ്. അതില്‍ ഇല്ലാത്തതായി ഒന്നുമില്ല!
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഐഡെന്റിറ്റി കാര്‍ഡ്,റിപ്പോര്‍ട് കാര്‍ഡ്, പാന്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണ്‍, വെറ്റില, പൊകയില, വാസനചുണ്ണാമ്പ്, കളിയടയ്ക്ക, പാക്ക് വെട്ടി, പച്ചക്കറി ലിസ്റ്റ്, പലചരക്ക് ലിസ്റ്റ്, കഷായത്തിന്റെ കുറിപ്പടി എന്നിങ്ങനെ ഒരു നൂറുകൂട്ടം സാധനങ്ങളുണ്ടാവും അതില്‍. വലതുകൈപ്പത്തി മൊത്തം പോക്കറ്റില്‍ കടത്തി മേപ്പടി സാധനസാമഗ്രികള്‍ അപ്പാടെ പുറത്തേക്ക് കോരിയെടുത്ത് ഇടതുകൈയിലേക്ക് കൈമാറി അതിനിടയില്‍നിന്ന് ഞൊടിയിടക്കുള്ളില്‍ ഊണിന്റെ കൂപ്പണ്‍ കൃത്യമായി ചികഞ്ഞെടുക്കും തിരുമേനി.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച കണ്ട ഒരു സംഗതി ഓര്‍മ്മ വരികയാണ്.
അന്ന് എത്ര ചികഞ്ഞിട്ടും തിരുമേനിക്ക് കൂപ്പണ്‍ കണ്ടുകിട്ടിയില്ല. പരിഭ്രമത്തിന്റെ ആള്‍ രൂപമായി മാറിയ തിരുമേനി ആ പരിസരം മുഴുവന്‍ അരിച്ചുപെറുക്കുവാന്‍ തുടങ്ങി. അപ്പോഴാണ് കൂപ്പണെന്നു തോന്നിക്കുന്ന ഒരു കടലാസ് തുണ്ട് താഴെ കിടക്കുന്നത് കണ്ടത്. ക്യൂ തെറ്റിച്ച് കൂട്ടം കൂടിനിന്ന് കുശലം പറയുന്ന ഒരു പറ്റം കശ്മലന്മാരുടെ കാല്പാദങ്ങള്‍ക്കിടക്കാണ് കടലാസ് കിടക്കുന്നത്. അവരെയൊക്കെ തള്ളിമാറ്റി അതെടുത്തുനോക്കുന്നത് ക്ഷിപ്രസാദ്ധ്യമായിരുന്നില്ല. ഒന്നുരണ്ട് തവണ അത് എത്തിപ്പിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ തിരുമേനി ആള്‍ക്കൂട്ടത്തിന്റെ സമീപത്തായി കുന്തുകാല്‍ വെച്ച് കുത്തിയിരുന്നു. പിന്നെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതിനിടയില്‍ കിട്ടിയ ഒരിടവേളയില്‍ കടലാസുകഷണത്തില്‍ പിടുത്തമിട്ടു. സന്തോഷപൂര്‍വം ചാടിയെഴുന്നേറ്റ് കടലാസ്സിലെ പൊടി തുടച്ചുനോക്കിയപ്പോഴാണ് തിരുമേനിക്ക് മനസ്സിലായത്- അതൊരു ബസ്   ടിക്കറ്റായിരുന്നു!
കഥ അവിടെ തീരുന്നില്ല. മറ്റാരായിരുന്നാലും ആ കടലാസ് ചുരുട്ടിക്കൂട്ടി ദൂരെക്കളഞ്ഞ് അവനവന്റെ പാട്ടിന് പോയേനെ. എന്നാല്‍ തിരുമേനി ചെയ്തതെന്താണെന്നോ. വീണ്ടും അവിടെ കുന്തിച്ചിരുന്നു. പിന്നെ ആള്‍ക്കൂട്ടത്തിന്റെ കാലുകള്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതിനിടയില്‍ കിട്ടിയ മറ്റൊരിടവേളയില്‍ ആ ബസ്  ടിക്കറ്റ് ആദ്യം കിടന്നിരുന്ന സ്ഥലത്തുതന്നെ വിരല്‍ കൊണ്ട് അമര്‍ത്തിവെച്ചു ! പറന്നുപോകാതിരിക്കാനായി പോക്കറ്റില്‍നിന്നും ഒരടയ്ക്കാക്കഷ്ണമെടുത്ത് അതിന്റെ മിതെ വെക്കുന്നതും കണ്ടു.
ച്ചാല്‍ എന്നിട്ടേ തിരുമേനി ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക്‌പോയുള്ളൂന്നര്‍ത്ഥം!!!
   


 

Saturday, April 21, 2012

ഒരു പ്രവചനം

ഏതാണ്ട് ഒരു ദശാബ്ദം മുമ്പാണ് ബിആര്‍ ആ പ്രവചനം നടത്തുന്നത്.
ജ്യോതിഷരത്‌നം ഊരകം വേണുഗോപാലപ്പണിക്കര്‍ രണ്ടാഴ്ചയോളം
അജ്ഞാതവാസത്തിലായിരുന്നു.
വാസം കഴിഞ്ഞ് തിരിച്ചെത്തിയ വേണുവിനോട് ബിആര്‍ കൗശലപൂര്‍വ്വം
കുശലമന്വേഷിച്ചു:
-വേണൂ, എവിടെയായിരുന്നു, എന്തായിരുന്നു?
-ഏയ്, ഒന്നൂല്ല്യ. ഒരു ചെറിയ ഡൊമെസ്റ്റിക് അഫെയര്‍.
-പറയാന്‍ പാടില്ലാത്തതാണോ?
-ഏയ്, അങ്ങന്യൊന്നൂല്ല്യ. ബിആറിനോടായതുകൊണ്ട് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും
 ഒരേ ഇഫെക്റ്റാണ്. അതുകൊണ്ട് പറയാം. ഞാന്‍ അനിയന് പെണ്ണന്വേഷിച്ച്
 നടക്ക്വായിരുന്നു. പതിനഞ്ച് ദിവസംകൊണ്ട് ഒരു മുപ്പത് സ്ഥലത്ത് പോയി.
 ദാ ഇനിയിപ്പൊ നാളേം ഒരു സ്ഥലത്ത് പോണം.എന്നാണാവോ ഇതൊന്ന്
 ശെരിയാവുക...
ബിആറിന് ആത്മാര്‍ത്ഥമായും വേണുവിനോട് സഹതാപം തോന്നി.
എങ്ങനെയെങ്കിലും വേണുവിനെ സഹായിക്കണമെന്നും തോന്നി. ബിആര്‍ മേലോട്ടും
കീഴോട്ടും ചിന്തിച്ചു. പിന്നെ ഇടത്തോട്ടും വലത്തോട്ടും ചിന്തിച്ചു. പിന്നെ വേണു കാണെ സംസ്‌കൃതത്തില്‍ ഒരു മന്ത്രം മൗനമായി ചൊല്ലി. പിന്നെ അര്‍ദ്ധനിമീലിതനേത്രനായി (ച്ചാല്‍ കണ്ണുപൊട്ടനെപ്പോലെ) വേണുവിനെ നോക്കി ഇങ്ങനെ പറഞ്ഞു:
''എല്ലാം ഞാന്‍ കണ്മുന്നില്‍ കാണുന്നു. എല്ലാം ശെരിയാവും വേണൂ. നാളെ പോകുന്ന  കാര്യം നടക്കും. പക്ഷേ വേണു പോകണ്ട. മറ്റുള്ളവര്‍ പോയിട്ടുവരട്ടെ''.
 പിറ്റേന്ന് വേണു ലീവെടുത്തില്ല. വിരുന്നിനു പോകുന്നവരെ വണ്ടി കേറ്റിവിട്ട്
 പുള്ളിക്കാരന്‍ ആപ്പീസില്‍ വന്നു.
 അതിന്റെ പിറ്റേന്ന് അത്യന്തം ആഹ്ലാദഭരിതനായിട്ടാണ് വേണു ബിആറിന്റെ
 അടുത്തുവന്നത്. കൈയില്‍ ഒരു നീളന്‍ പൊതിയുണ്ടായിരുന്നു. ബിആര്‍ ചോദിച്ചു;
-ഇതെന്താ വേണൂ?
-ഒരു കെട്ട് പൊകലയാണ്
-എന്തിനാണിത്?
-ബിആറിന്റെ കാല്‍ക്കല്‍ വെച്ച് തൊഴാന്‍.
-പൊകലയോ?
-വെറ്റിലയന്വേഷിച്ചിട്ട് കിട്ടീല്ല്യ
-എന്തുകാര്യത്തിനാണ് എന്നെ തൊഴുന്നത്?
-ഞാന്‍ ഇത്രയും കാലം ഈ കാക്കിസഞ്ചീം കവടീം ചോക്ക് കഷ്‌ണോം കൊണ്ടുനടന്നട്ട് സാധിക്കാത്ത കാര്യല്ലേ ബിആര്‍ ഒറ്റയടിക്ക് സാധിച്ചുതന്നത്. ദയവായി ഈ പൊകല വാങ്ങണം. എന്നിട്ട് ആ വിദ്യ എനിക്കൊന്നു പറഞ്ഞുതരണം.
ബിആര്‍ പൊകല വാങ്ങിയില്ല. വേണു എത്ര കെഞ്ചിച്ചോദിച്ചിട്ടും രഹസ്യം പറഞ്ഞുകൊടുത്തുമില്ല.
മൂലമന്ത്രം ആര്‍ക്കും പറഞ്ഞുകൊടുക്കാന്‍ പാടില്ലല്ലൊ!

(വേണു കൂടെ ചെന്നാല്‍ കാര്യം നടക്കില്ലെന്നൂഹിക്കാന്‍ ബിആറിന് അങ്ങ് പാഴൂര്‍പടി
വരെ പോകേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. വിരുന്നുകാര്‍ക്കിടയില്‍ വേണൂനെ
കണ്ടാല്‍, ആ ഗ്‌ളാമറ് കണ്ടാല്‍, ടിയാന്‍ ഷഷ്ടിപൂര്‍ത്തിയിലേക്ക് കാലും നീട്ടിയിരിക്കുന്ന
ആളാണെന്നൊന്നുമറിയാതെ ഏതൊരു പെണ്‍കുട്ടിയും പറഞ്ഞുപോവില്ലേ:
'' നിയ്ക്ക് ആ ചേട്ടനെ മതി'' !!!)




Sunday, April 15, 2012

പഞ്ചഗുസ്തി

( പോയദിനങ്ങളേ വന്നിട്ടുപോകുമോ?.....)

അക്കൗണ്ടാപ്പീസിന്റെ ചരിത്രത്തിലെ ഒരേടാണിത്.
വീഡൗട്ട് ചെയ്യാന്‍ കൊണ്ടുപോയ കടലാസുകളുടെ കൂനയില്‍നിന്നും ബിആര്‍ ഇത്
കണ്ടെടുക്കുകയായിരുന്നു.
ഹന്തഭാഗ്യം ജനാനാം എന്നല്ലാതെ എന്താണ് പറയേണ്ടത്.
അതല്ലെങ്കില്‍ ചരിത്രം പശുതിന്നുപോയേനെ!
(ഏട്ടിലെ പശു പുല്ല് തിന്നില്ല. പുള്ളിക്കാരിക്ക് കടലാസേ വേണ്ടൂ).
ചരിത്രം ചാണക്കുന്തിയായാലത്തെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ.

ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് നേരെ കാര്യത്തിലേക്ക് കടക്കുകയാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പാണ് സംഭവം നടക്കുന്നത്.
സാവിലിന്റെ വീടിന്റെ പാലുകാച്ചല്‍ നടക്കുന്ന ദിവസം.
സെക് ഷനിലെ അന്തേവാസികളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. കൂട്ടത്തില്‍ വെരി റെവറന്‍ഡ്‌ സീനിയര്‍ അക്കൗണ്ട്‌സ് ആപ്പീസര്‍ ശിവദാസന്‍ സാറിനേയും.
മറ്റഡോറിന്റെ ഒരു ടെമ്പ വിളിച്ചാണ് എല്ലവരും കൂടി സംഭവസ്ഥലത്തേക്ക് പോയത്.
നെയ്‌ച്ചോറും മട്ടണ്‍ ബിരിയാണിയുമായിരുന്നു അറ്റ്ട്രാക് ഷന്‍.
ആതിഥികളില്‍ ആരും ആരേക്കാളും മോശമായിരുന്നില്ല.
മുന്‍പിന്‍ നോക്കാതെ തട്ടാവുന്നിടത്തോളം തട്ടി. സസ്യബുക്കായതുകൊണ്ട് ഊരകം
വേണുഗോപാലപ്പണിക്കര്‍ മട്ടണ്‍ ബിരിയാണി മാത്രമേ കഴിച്ചുള്ളു.
ആട് ഒരു സസ്യബുക്കാണല്ലൊ!
എന്തിനധികം പറയുന്നു, അങ്ങോട്ടുപോകുമ്പോള്‍  വണ്ടിയില്‍ നാടന്‍ പന്തോ
തിരുവാതിരയോ ഏതാണിഷ്ടമെന്നുവെച്ചാല്‍ അത് കളിക്കാനുള്ള
സ്ഥലമുണ്ടായിരുന്നെങ്കില്‍ ഇങ്ങോട്ട് പോരുമ്പോള്‍ സ്ഥലബജറ്റ് കമ്മിയായി. ഇരിക്കാന്‍
പോലും നന്നേ ഞെരുക്കമായി. അതിന്റെ കൂടെ ഏമ്പക്കം കോട്ടുവാ മുതലായ
കലാപരിപാടികളും കൂടിയായപ്പോള്‍ എങ്ങനെയെങ്കിലും ആപ്പീസില്‍ എത്തിക്കിട്ടിയാല്‍മതിയെന്നായി വേണൂന്. അന്നേരമാണ് ആപ്പീസറുടെ വക ഒരു അപ്രതീക്ഷിത ക്ഷണം വരുന്നത്:
''വേണൂ, ഏതായാലും നമ്മള്‍ ഇവിടം വരെ വന്നതല്ലേ, നമുക്ക് എന്റെ വീട്ടിലും ഒന്ന്
കേറിയേച്ചും പോകാം.''
ഇത് കേട്ടതും എന്താണെന്നറിയില്ല, വേണു ഒരു ഞെട്ട് ഞെട്ടി!
ഞെട്ടലില്‍ നിന്ന് മുക്തി നേടിയ വേണുപറഞ്ഞു:
'' അത് വേണോ സാറേ, നേരം പോവില്ലേ?''
'' അതൊന്നും സാരമില്ലെന്നേയ്. അതൊക്കെ നോക്കാന്‍ ഞാനില്ലെ? പിന്നൊരു കാര്യാ,
നിങ്ങള്‍ക്ക് വേണ്ടത് ഞാന്‍ അവിടെ കരുതിവെച്ചിട്ടൊണ്ട്'...''
അപ്പറഞ്ഞതില്‍ നിന്ന് എന്തിന്റേയോ മണം പിടിച്ചെടുത്ത വേണു ഉത്തരക്ഷണത്തില്‍ ക്ഷണം സ്വീകരിച്ചു....
           പടിയും പടിപ്പുരയും കടന്നുചെന്ന് അതിഥികള്‍ വീടിന്റെ അകത്തളത്തില്‍ വട്ടമിട്ടിരുന്നു.
ആപ്പീസര്‍ അകത്തുചെന്ന് ഒരു ട്രേ നിറയെ കാലി ഗ്ലാസ്സുമായി തിരിച്ചുവന്നു.
പിന്നെ അകത്തേക്കുനോക്കി വിളിച്ചുപറഞ്ഞു:
'' അതേയ്, മറ്റേ സാധനം കൂടി ഇങ്ങെടുത്തോ. ഒരു ജഗ്ഗ് നിറച്ച് വെള്ളോം''...
സാറിന്റെ ഓര്‍ഡര്‍ കേട്ടപ്പോള്‍ പണിക്കരുടെ വായില്‍ വെള്ളമൂറി...
ഊറിയ വെള്ളം ഒരു തുള്ളി കളയാതെ ഇറക്കിക്കഴിഞ്ഞപ്പോഴേക്കും ആപ്പീസറുടെ ബീടര്‍ ഒരു കത്തിയും നീളത്തിലൊരു കടലാസ് പൊതിയും ടീപ്പോയില്‍ കൊണ്ടുവെച്ച്  മടങ്ങിപ്പോയി.
പണിക്കര്‍ മനസ്സില്‍ കവടി നിരത്തി: ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ സാധനമായിരിക്കും.
കോര്‍ക്ക് തുറക്കാനാവും കത്തി.
പക്ഷേ സാറ് പൊതി തുറന്നപ്പോള്‍ പണിക്കരുടെ മുഖത്ത് വെട്ടിയാല്‍ ചോരയില്ല!
കാരണം അതിനകത്ത്ന്ന് പുറത്തുവന്നത് നീളത്തിലൊരു കടലാസ് പാക്കറ്റായിരുന്നു.
പാക്കറ്റിനകത്ത് അഞ്ചാറ് ഒണക്കച്ചെറുനാരങ്ങയായിരുന്നു !

ആപ്പീസര്‍ ചെറുനാരങ്ങ കൈയിലെടുത്ത് അതിന്മേല്‍ കത്തി പ്രയോഗിക്കാന്‍ തുടങ്ങി.
ആദ്യത്തെ അറ്റെംപ്റ്റില്‍ കത്തി കൈയില്‍നിന്ന് തെന്നിപ്പോയി.
'' കത്തിക്ക് നല്ല മൂര്‍ച്ച പോര'' ആപ്പീസര്‍ ആത്മഗതം പറഞ്ഞു.
''അതല്ല സര്‍. ചെറുനാരങ്ങ ഒണങ്ങ്യാപ്പിന്നെ ഇങ്ങന്യാ. പിടിച്ചാകിട്ട് ല്ല്യ'' എന്നിങ്ങനെ
പറയാന്‍ തോന്നിയെങ്കിലും വേണു ആത്മസംയമനം പാലിച്ചു.
ഒരുകണക്കിന് ആ ചെറുനാരങ്ങകള്‍ മുഴുവന്‍ ആപ്പീസര്‍ മുറിച്ചെടുത്തു. പിന്നെ ഓരോപാതിക്കഷണവും കൈയിലെടുത്ത് ഗ്ലാസ്സിനുമുകളില്‍ പിടിച്ച് മര്‍ദ്ദം പ്രയോഗിക്കാന്‍
തുടങ്ങി. മര്‍ദ്ദമെന്നുപറഞ്ഞാല്‍ സാധാരണ മര്‍ദ്ദമൊന്നുമല്ല. സമ്മര്‍ദ്ദമെന്നുതന്നെ പറയണം.
തുല്യശക്തികളായ രണ്ടുപേര്‍ പഞ്ചഗുസ്തി പിടിക്കാനിരിക്കുമ്പോള്‍ ബലപ്രയോഗത്താല്‍ അവരുടെ കൈകള്‍ വിറകൊള്ളുന്നതു കണ്ടിട്ടില്ലേ. ഏതാണ്ട് അതുപോലെ വിറയ്ക്കുകയായിരുന്നു ആപ്പീസറുടെ കൈയും!....
കിം ഫലം? അല്ലികള്‍ ഉതിന്നു വീണതല്ലാതെ ഒരെണ്ണത്തില്‍നിന്നും ഒരിറ്റ് നീരു പോലും കിട്ടിയില്ല!
'' ശ്ശെടാ. അവന്‍ പറ്റിച്ചെന്നാ തോന്നുന്നെ'' ആപ്പീസര്‍ വീണ്ടും ആത്മഗതം പറഞ്ഞു.
''അയ്യൊ. ആരാ സാറെ?'' വേണു ആരാഞ്ഞു.
'' അവന്‍. ആ പെട്ടിക്കടക്കാരന്‍'' !......

അനന്തരം ആപ്പീസര്‍ ഓരോ ഗ്ലാസ്സിലും  ഈരണ്ട് സ്പൂണ്‍ പഞ്ചസാരയിട്ട് വെള്ളം
നിറച്ച് ഓരോരുത്തര്‍ക്കും കുടിക്കാന്‍ കൊടുത്തു.
ഇരുമ്പമ്പുളീടെ വെള്ളം കുടിക്കുന്ന മുഖഭാവത്തോടെയാണ് വേണു അത് കുടിച്ചത്...!

തിരിച്ച് വണ്ടിയില്‍ കേറുമ്പോള്‍ വേണു ആപ്പീസറോട് പറഞ്ഞു:
'' കേട്ടോ സാറേ, മുഖസ്തുതി പറയ്യ്യാണെന്നു വിചാരിക്കരുത്. ആ വെള്ളം
അകത്തുചെന്നപ്പ്‌ളാണ് ഒരാശ്വാസായത്''!

അടുത്ത രണ്ടുദിവസം വേണു ലീവായിരുന്നു.
കമ്മ്യൂട്ടഡ് ലീവ്, ഓണ്‍ മെഡിക്കല്‍ ഗ്രൗണ്ട് !!!

Friday, April 13, 2012

പരാവര്‍ത്തനം

(പോയ ദിനങ്ങളേ വന്നിട്ടുപോകുമോ ?......)


അന്ന് ഇന്നത്തെപ്പോലെ സാക്ഷരത നിലവിലുണ്ടായിരുന്നില്ല. പാലാ കുറവിലങ്ങാട്
കുറ്റാനം കുറിച്ചിത്താനം ഭരണങ്ങാനം പ്രദേശത്ത് ആകപ്പാടെ ഒരു ബിരുദധാരിയേ
ഉണ്ടായിരുന്നുള്ളൂ; സാക്ഷാല്‍ പീപ്പി ശിവദാസന്‍ സാര്‍, വീയേവീയെഢ്.
തന്റെ ചുറ്റുമുള്ള നിരക്ഷരകുക്ഷികളായ തൊഴിലാളി കര്‍ഷകാദി ബഹുജനാദികളെ
ഏതു വിധേനയും ഉദ്ധരിച്ചേ അടങ്ങൂ എന്ന വാശിപ്പുറത്താണ് സ്വന്തം വീടിന്റെ
പടിക്കല്‍ സാറ് ഇങ്ങനെയൊരു ബോര്‍ഡ് സ്ഥാപിച്ചത്: '' ഇവിടെ രാമായണം വായിച്ച് അര്‍ത്ഥം പറഞ്ഞുകൊടുക്കപ്പെടും''!
പറയാന്‍ പറ്റാത്തൊരു ജനമുന്നേറ്റമാണ് പിന്നീടവിടെ കണ്ടത്.
അതായത് അത്താഴപൂജ കഴിഞ്ഞാല്‍ ജനങ്ങളെല്ലാം ചൂട്ടും കത്തിച്ച് ഇറങ്ങുകയായി.
എല്ലാ ചൂട്ടുകളും ശിവദാസന്‍ സാറിന്റെ തറവാടായ 'ഗുരുകൃപ'യിലേക്കായിരുന്നു.
രാമായണത്തിന്റെ ബാലകാണ്ഡം മുതല്‍ വൃദ്ധകാണ്ഡം വരെ കമ്പോട്കമ്പ് വായിച്ച് സാറ്അര്‍ത്ഥം പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. ജനം അതെല്ലാം സശ്രദ്ധം വിഴുങ്ങുകയും
ചെയ്തിരുന്നു. പാരായണം അങ്ങനെ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് നിര്‍ണായകമായ ആ ദിനം സമാഗതമായത്. അതായത് സുപ്രസിദ്ധമായ രാമരാവണയുദ്ധം നടക്കുന്ന
സുദിനം. പതിവില്ലാത്തവിധം ഫോമിലായിരുന്നു അന്ന് ശിവദാസന്‍ സാറ്.
യുദ്ധം ഏതാണ്ട് നേരില്‍ കാണുന്ന പ്രതീതിയായിരുന്നു ശ്രോതാക്കള്‍ക്ക്.
ച്ചാല്‍ അത്രയ്ക്ക് തന്മയത്വമായിട്ടായിരുന്നു സാറിന്റെ വായനാന്നര്‍ത്ഥം.
വായിച്ച് വായിച്ച് ഒടുവില്‍ രാമബാണമേറ്റ് രാവണന്‍ തേരില്‍നിന്ന് വീഴുന്ന രംഗമായി.
സാറ് ശബ്ദം വാനോളമുയര്‍ത്തി ഗാംഭീര്യത്തോടെ ചൊല്ലി:
'' തേരില്‍നിന്നാശു മറിഞ്ഞുവീണീടിനാന്‍
പാരിതില്‍ പര്‍വ്വതം വീണപോലെ തദാ''
എന്നിട്ട് ഇങ്ങനെ അര്‍ത്ഥം പറഞ്ഞുകൊടുത്തു: ''ശ്രീരാമന്റെ അമ്പുകൊണ്ട രാവണന്‍
ഭൂമിയില്‍ പര്‍വ്വതം വീണതുപോലെ തേരില്‍നിന്ന് താഴെ വീണു''.
അന്നേരം വരെ ' വാഹ് വാഹ്' എന്നു വിളിച്ച് ശിവദാസന്‍ സാറിനെ പ്രോത്സാഹിപ്പിച്ചു
കൊണ്ടിരുന്ന ബഹുജനാദികള്‍ പെട്ടെന്നു നിശ്ശബ്ദരായി.
പിന്നെ കുറേ നേരത്തെ കുശുകുശുപ്പിനുശേഷം അവര്‍ കോറസ്സായി: '' കേട്ടോ മാഷേ,
പിന്നൊരു കാര്യാ. സാക്ഷരത പഠിച്ചിട്ടില്ലെന്നുവെച്ച് ഞങ്ങളെ അങ്ങനെ വെട്ടിക്കാമെന്ന്
വിചാരിക്കണ്ട. മാഷ് പറഞ്ഞതുപോലെ പര്‍വ്വതം അങ്ങനെ ഫൂമീലോട്ട് വീഴത്തൊന്നുമില്ല. കാര്യം, അത് ഓള്‍റെഡി വീണുതന്നെയാണ് കിടക്കുന്നത്. വീണ്ടും എവിടോട്ട് വീഴാനാ?''
''അപ്പൊ ആ വരികളുടെ അര്‍ത്ഥം?'' ശിവദാസന്‍ സാര്‍ അത്ഭുതത്തോടെ ചോദിച്ചു.
അന്നേരം കോറസ്സ് പറഞ്ഞു: '' ആ രണ്ടാമത്തെ വരി കവി ചുമ്മാ പ്രാസമൊപ്പിക്കാന്‍
വേണ്ടി എഴുതിയതാന്നേയ്. പിന്നെ ഏതായാലും അതില്‍ ഒരു പൊതുതത്വം കൂടി
ഇരിക്കട്ടേന്നുവെച്ചു. അത്രതന്നെ.''
''ഇത്രയും പറഞ്ഞ സ്ഥിതിക്ക് ചേട്ടമ്മാര് അത് ഒന്നൂടെ ക്ലിയറാക്കിത്തരാമോ?''
''തരാലോ. പാരിതില്‍ പര്‍വ്വതം വീണപോലെ തദാ. അതായത്...''
''അതായത്?''
'' ഫൂമീലൊള്ള പര്‍വ്വതങ്ങള്‍ക്ക് എപ്പോഴും വീണേടെ ആകൃതിയായിരിക്കും'' !!!

Friday, April 6, 2012

നാണിയമ്മേടെ വാണിങ്ങ്

ഒരു വ്യാഴവട്ടത്തിന്റെ അപ്പുറത്തായിട്ടാണ് സംഭവം.
നീണ്ടകഥകളുടെ സങ്കേതമുപയോഗിച്ചു പറഞ്ഞാല്‍
'അന്നൊരു വെള്ളിയാഴ്ചയായിരുന്നു'.
പാസഞ്ചര്‍ ട്രെയിന്‍ തൊണ്ണൂറ്റഞ്ചുമിനിറ്റ് ലേറ്റുമായിരുന്നു.
(അന്നും ട്രെയിനുകള്‍ ലേറ്റാവുന്നത് മിനിറ്റുകണക്കിനായിരുന്നു !)
ഓടിക്കിതച്ച് ഓഫീസിലെത്തുമ്പോള്‍ മണി പത്താവാന്‍ പത്ത്.
അറ്റന്‍ഡന്‍സ് മാര്‍ക്ക് ചെയ്യാന്‍ ഓഫീസറുടെ മുറിയിലേക്ക് പായുമ്പോള്‍
രാജഗോപാലന്റെ പിന്‍വിളി: ''കേട്ടില്ലേ, കേട്ടില്ലേ ''
രാവിലെ തന്നെ വധിക്കാനുള്ള പുറപ്പാടാണെന്നുകണ്ട് തിരിച്ചടിച്ചു: ''കേട്ടില്ല, കേട്ടില്ല''
''അതല്ലെന്നേയ്. സഹരാജന്‍ നായര്‍ ആശുപത്രിയില്‍!''
''ങ്‌ഹേ! എന്തുപറ്റി?''
''അപ്പെന്റിസൈറ്റിസ്. ഇന്നലെ അഡ്മിറ്റ് ചെയ്തു. ഇന്ന് ഓപ്പറേഷന്‍''

ഓഫീസിന്റെ മുക്കിലും മൂലയിലും അതുതന്നെയായിരുന്നു സംസാരം.
പിന്നെ കണ്ടത് ഒരു കൂട്ടയോട്ടമാണ്.
സ്ത്രീപുരുഷഭേദമെന്യേ ആപ്പീസിലെ ആബാലവൃദ്ധം ജനങ്ങളും മത്സരിച്ചാണോടിയത്.
(ആപ്പീസില്‍നിന്ന് ആസ്പത്രിയിലേക്ക് അഞ്ഞൂറുമീറ്റര്‍ ദൂരം വരും.
എന്നാല്‍ അഞ്ഞൂറുമീറ്റര്‍ ഓട്ടം നിലവിലില്ലാത്തതുകൊണ്ട് ആദ്യം നാനൂറ് മീറ്റര്‍
താണ്ടിയശേഷം പിന്നെ നൂറ് മീറ്റര്‍ ഓടുകയാണ് പലരും ചെയ്തത്).


ജനതതി ഇടിച്ചുകേറി ചെല്ലുമ്പോഴേക്കും നായര്‍ജീടെ ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു.
ബോധം വീണുതുടങ്ങിയിരുന്നു.
എന്നാല്‍ ഓരോരുത്തരുടേയും ഒരേതരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു
പറഞ്ഞ് നായര്‍സാബ് വീണ്ടും വേദനകൊണ്ട് പുളഞ്ഞുതുടങ്ങി.
വിഷണ്ണരായ ജനം എന്നാല്‍ ഇനി വേദന ശമിച്ചിട്ടാകാം ചോദ്യോത്തരപംക്തി എന്ന്
സ്വയം തീരുമാനിച്ച്  നിരാശരായി പുറത്തുകടന്നു.

അന്നേരമാണ് ആപ്പീസിലെ എല്ലാവരുടേയും അമ്മയായ സ്വീപ്പര്‍ നാണിയമ്മയുടെ വരവ്. വന്നയുടന്‍ അവര്‍ താന്‍ പുത്രനിര്‍വിശേഷം സ്‌നേഹിക്കുന്ന നേതാവിനെ നോക്കി കൈ കൂപ്പി  നിര്‍ന്നിമേഷയായി പ്രാര്‍ത്ഥനാനിര്‍ഭരയായി നിന്നു, ഒന്നും ഉരിയാടാതെ.
ഏതാണ്ട് അരമണിക്കൂറോളം അവരങ്ങനെ നിന്നിട്ടുണ്ടാവണം...

തിരിച്ചുപോകാന്‍ നേരം നാണിയമ്മ സഹരാജന്‍ നായരുടെ ശ്രീമതിയെ ദൂരേയ്ക്ക്
വിളിച്ച് ഇങ്ങനെ അടക്കം പറഞ്ഞത്രേ:
''ലെക്ഷ്മിക്കുട്ട്യേ, കൊഴപ്പൊന്നൂണ്ടാവ് ല്ല്യ . ന്നാലും ഒന്ന് സൂക്ഷിക്കണത് നല്ലതാട്ടോ.
 അപ്പണ്ടിക്‌സ് പകരും'' !!!

Tuesday, April 3, 2012

കെണിയില്‍ വീണ പണിക്കര്‍
       
ഡിസി 1 സെക് ഷനില്‍നിന്ന് ഒന്നുരണ്ട് റെജിസ്‌റ്റേഴ്‌സെടുക്കാന്‍ വേണ്ടിയാണ് ബിആര്‍ നാലാംനിലയിലേക്ക് പോയത്.
ഹാളിലേക്ക് കാലെടുത്തുകുത്തിയതും ഒരായിരം പ്രാവുകള്‍ ഒന്നിച്ചുകുറുകുന്ന ശബ്ദമാണ് ബിആറിനെ എതിരേറ്റത്!
ഞെട്ടിത്തിരിഞ്ഞ്‌നോക്കുമ്പോഴുണ്ട് ഡിസി 2ല്‍ ഒരാള്‍ക്കൂട്ടം.
പരിഭ്രമിച്ച് ഓടിച്ചെന്ന ബിആര്‍ കണ്ട കാഴ്ച അത്യന്തം ദയനീയമായിരുന്നു.
കേബി വേണുഗോപാല്‍ സ്വന്തം കസേരയിലിരുന്ന് ചക്രശ്വാസം വലിക്കുന്നു! ശ്വാസം കിട്ടാതെ പിടയുന്നു!! അതിന്റെ കുറുകലാണ് ബിആര്‍ നടേ കേട്ടത്.
ആകപ്പാടെ ഒരു ജഗപുഗയായിരുന്നു പിന്നീടവിടെ കണ്ടത്.
ചിലര്‍ ചൂടുവെള്ളമെടുക്കാനോടുന്നു. ചിലര്‍ കൂള്‍ഷോഡ വാങ്ങാനോടുന്നു. മറ്റുചിലര്‍ ഉപ്പിട്ട കഞ്ഞിവെള്ളം തിരക്കുന്നു. ചിലര്‍ ഇന്‍ഹെയ്‌ലര്‍ അന്വേഷിക്കുമ്പോള്‍ സൈക്കിള്‍പമ്പായാലും മതിയെന്നായി മറ്റുചിലര്‍. ചിലര്‍ കുറ്റിച്ചൂലിനായി പരക്കം പായുമ്പോള്‍ അതുപോരാ വാക്വംക്ലീനര്‍ തന്നെ വേണമെന്ന് വേറൊരു കൂട്ടര്‍.. ഒരാള്‍ 'മനുഷ്യാ നീ മണ്ണാകുന്നൂ, മണ്ണിലേക്ക് മടങ്ങും നൂനം' എന്ന പാട്ട് ഈണത്തില്‍ മൂളുന്നു. മറ്റേയാള്‍ ഒരു കമ്പൈലേഷന്‍ ഷീറ്റെടുത്ത് നാലായി മടക്കി വേണൂനെ വീശിക്കൊടുക്കുന്നു, ചിരിച്ചോണ്ട്.
വാഴവെട്ടുമ്പോള്‍ പുരകത്തിക്കാന്‍ താല്പര്യമുള്ള ചിലര്‍ ഇതിനിടയ്ക്ക് ആരുമറിയാതെ വേണുവിന്റെ മേശ തുറന്ന് ചിപ്‌സിന്റെ പാക്കറ്റെടുത്ത് കറുമുറാ കടിക്കുന്നു. ബാക്കിയുള്ളത് കവറിലിട്ട് സ്‌റ്റേപ്ലറടിച്ച് ഭദ്രമായി തിരിച്ചുവെയ്ക്കുന്നു.
ബിആറിനെ കണ്ടതും വേണുവിന്റെ കണ്ണുകള്‍ കാവേരിനദിയെന്നോണം കരകവിഞ്ഞൊഴുകി.
ബിആറിനോട് എന്തോ പറയണമെന്നുണ്ട് വേണുവിന്. പക്ഷേ വലിവുകാരണം പറ്റുന്നില്ല. ഒന്നുരണ്ടുതവണ വില്‍...വില്‍.. എന്നു പറഞ്ഞുനിര്‍ത്തി. ബിആറിന് ഒന്നും മനസ്സിലായില്ല. അടുത്തതവണ വില്‍..ഫ് എന്നുവരെ പറയാന്‍ പറ്റി. പിന്നൊരുതവണ ഒന്നാഞ്ഞുവലിച്ചപ്പോള്‍ വില്‍ഫി എന്നുപറഞ്ഞൊപ്പിച്ചു. എത്ര ശ്രമിച്ചിട്ടും അതിനപ്പുറത്തേക്ക് പോകാന്‍ പറ്റിയില്ല.
ഏതായാലും ഒരു ക്ലൂ കിട്ടിയല്ലൊ. ബിആര്‍ അതുമായി ആന്റണ്‍ വില്‍ഫ്രഡിന്റെ അടുത്തേയ്‌ക്കോടി.
തിടുക്കത്തില്‍ ഓടിവരുന്ന ബിആറിനെ കണ്ടപ്പോള്‍ ആന്റണ്‍ ചോദിച്ചു:
'എന്തുപറ്റി,ബിആര്‍?''
'പണിക്കരുടെ കാര്യം അറിഞ്ഞില്ലേ?''
'പണിക്കര്‍ക്കെന്തുപറ്റി?''
'ദാണ്ടെ മോളിലിരുന്ന് വലിക്കണ്''
'ഈശോ, പൊകവലി ശിക്ഷാര്‍ഹമല്ലേ?''
'ശ്ശെ. പൊകയല്ലാന്ന്''
'പിന്നെന്താ?''
'ശ്വാസം വലിക്കണ്''
'അതുപിന്നെ മനുഷ്യരായാല്‍ ശ്വാസം വലിക്കില്ലേ?''
'ഇതതല്ല മാഷേ''
'പിന്നെ?''
'സാസം മുട്ട്''
'ഓ മൈ ജീസസ്''
'അതുപോട്ടെ. വലിക്കുന്നതിനിടയില്‍ പണിക്കര്‍ നിങ്ങളുടെ പേരുച്ചരിക്കുന്നതു കേട്ടല്ലൊ. എന്താ കാര്യം?''
'ആ. എനിക്കറിഞ്ഞൂടാ''
'അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലൊ. നിങ്ങള്‍ തമ്മില്‍ ഇന്ന് എന്തെങ്കിലും പ്രശ്‌നമുണ്ടായോ?''
'ഇല്ല''
'നിങ്ങള്‍ തമ്മില്‍ ഇന്ന് കണ്ടിട്ടേയില്ല?''
'കണ്ടില്ലെന്നു പറഞ്ഞുടാ''
'എവിടെ വെച്ചാണ് കണ്ടത്?''
'ഞാനൊന്നു പുറത്തേക്കുപോകുന്ന വഴി താഴെ ഗ്രൗണ്ട്ഫ്‌ളോറില്‍ വെച്ചാണ് കണ്ടത്''
'അന്നേരം നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും ഡയലോഗുണ്ടായോ?''
'അങ്ങനെ പ്രത്യേകിച്ചൊന്നുമുണ്ടായില്ല''
'എന്നാലും?''
'നാലാം നിലയിലേയ്ക്കുപോകാന്‍ ലിഫ്റ്റും കാത്തുനില്‍ക്കുകയായിരുന്ന പണിക്കരോട് അവിടെയുണ്ടായിരുന്ന ലേഡീസ് കേള്‍ക്കെ ഞാന്‍ ഒരു കാര്യം പറഞ്ഞു''
'അതെ, അതാണ് എനിക്കറിയേണ്ടത്. എന്താണ് നിങ്ങള്‍ പറഞ്ഞത്?''
'വേണുവിനെപ്പോലെയുള്ള കൊച്ചുപയ്യന്മാര്‍ സ്‌റ്റെപ്പുകള്‍ ഓടിക്കേറാതെ വയസ്സന്മാരെപ്പോലെ ഇങ്ങനെ ലിഫ്റ്റും കാത്ത് നില്‍ക്കുന്നത് മോശമാണെന്ന്''!!!


Wednesday, March 28, 2012

സ്റ്റോക്കെടുപ്പ്


ആപ്പീസിലെ കണ്‍സ്യൂമര്‍ സ്റ്റോറിലെ വാര്‍ഷികസ്റ്റോക്കെടുപ്പു കഴിഞ്ഞപ്പോള്‍ ആകപ്പാടെ ബാക്കിവന്നത് ഇത്രമാത്രം:

ആമ മാര്‍ക്ക് കൊതുകുതിരി   :  3 ഡസന്‍
മാന്‍ മാര്‍ക്ക് വിളക്കെണ്ണ       :  2 കുപ്പി
നമ്പൂതിരി മാര്‍ക്ക് പല്‍പ്പൊടി  : 12 കെയ്‌സ്

പല്‍പ്പൊടിയുടെ കാര്യാണ് കഷ്ടായിപ്പോയത്;
ഓപ്പണിങ് ബാലന്‍സും ക്ലോസിങ് ബാലന്‍സും ഒന്നുതന്നെ!

അതെങ്ങനാ? ആപ്പീസിലെ നമ്പൂതിരിമാരില്‍ ആരെങ്കിലും പല്ലുതേച്ചിട്ടുവേണ്ടേ?  !!!

Sunday, March 25, 2012

തസ്‌കരനല്ല ഞാന്‍...

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ബിആര്‍ ഓഫീസ് വിട്ടിറങ്ങുമ്പോള്‍ അസോസിയേഷന്‍
റൂമിനുമുമ്പില്‍ ഒരാള്‍ക്കൂട്ടം.
കാര്യമെന്തെന്നു തിരക്കിയവാറെ കണ്ണന്‍ പറഞ്ഞു: അസോസിയേഷന്‍ റൂമില്‍നിന്ന്
വല്ല്യേട്ടന്‍ ഹരിയേട്ടന്റെ ബാഗ് ആരോ അടിച്ചുമാറ്റിയിരിക്കുന്നു.
എന്തായിത് കഥ?
തീക്കട്ടയില്‍ ഉറുമ്പരിക്കയോ?
വെടിക്കെട്ടുകാരന്റെ വീട്ടിലെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കയോ?
ഇതിനൊന്നും കണ്ണന് മറുപടിയുണ്ടായില്ല.
അതുകൊണ്ട് ബിആര്‍ അടുത്ത ചോദ്യം ചോദിച്ചു:
-ആരെയെങ്കിലും സംശയണ്ടോ?
-ഇതുവരെ ഇല്ല
-എങ്കില്‍ ഉടന്‍ വേണുപ്പണിക്കരെ വിളിക്ക
-എന്തിന്?
-പ്രശ്‌നം വെച്ചുനോക്കാന്‍
-വേണ്ട. വെണ്വേട്ടനായിട്ട് ഇനി പ്രശ്‌നൊന്നുണ്ടാക്കണ്ട
    ഇതുകേട്ടതും അയ്യന്തോള്‍ രാശന്‍ ഹരിയോട് ചോദിച്ചു:
-ബാഗില്‍ എന്തൊക്കെ ഉണ്ടായിരുന്നു?
-നാളെ ശനിയാഴ്ചയല്ലെ. സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി കുറച്ച് സാധനങ്ങള്
 വാങ്ങിവെച്ചിരുന്നു.
-അതെന്താണെന്നാണ് ചോദിച്ചത്
-ബിആര്‍ കേള്‍ക്കണ്ട
-വേണ്ടാ
-ഡ്രെസ്സ് ചെയ്ത ചിക്കന്‍ ഒരു കിലോ. പിന്നെ അര കിലോ ചെമ്മീന്‍. ഒരു ഡസന്‍
 കോഴിമുട്ടയും.
-അത് ശെരി. എങ്കില്‍ പിന്നെ മണം പിടിച്ച് വന്നതും ബാഗെടുത്തോണ്ടുപോയതും
 മറ്റേയാള് തന്നെ. സംശയല്ല്യ.
-ആര്?
-എന്‍ബി !
    ഇതു കേട്ടപ്പോള്‍ കണ്ണനിലെ അയല്‍വാസിസ്‌നേഹം സടകുടഞ്ഞെണീറ്റു.
ശബ്ദമുയര്‍ത്തി കണ്ണന്‍ പറഞ്ഞു: പോളണ്ടിനെപ്പറ്റി...അല്ല, എന്‍ബിയെപ്പറ്റി ഒരക്ഷരം
മിണ്ടിപ്പോകരുത്.
ദേഷ്യംകൊണ്ടു ചുവന്ന കണ്ണന്റെ കണ്ണുകള്‍ കണ്ടപ്പോള്‍ പിന്നെ രാശന്‍
കമാന്നൊരക്ഷരം മിണ്ടിയില്ല.
അന്തരീക്ഷം അങ്ങനെ ചെന്താമരയായിക്കൊണ്ടിരുന്നപ്പോഴാണ് ഹരിയുടെ ഫോണിലേക്ക് ഒരു കോള്‍ വരുന്നത്.
ലൗഡ് സ്പീക്കറിലായിരുന്നതുകൊണ്ട് സംഭാഷണം എല്ലാവര്‍ക്കും കേള്‍ക്കാമായിരുന്നു.
-ഹലോ, ഹരിയല്ലേ
-അതെ
-ഞാന്‍ സുകുമാരനാണ്
-കുറൂര്‍ മനയ്ക്കലെ?
-അതന്നെ
-നെറ്റിയില്‍ പൂവുള്ള...?
-അതന്നെ
-എവിടന്നാ വിളി?
-വീട്ടീന്നാണ്
-എന്താ വിശേഷിച്ച്?
-അത് പിന്നെ എനിക്കൊരബദ്ധം പറ്റി
-കേട്ടാല്‍ തോന്നും തിരുമേനിക്ക് അതല്ലാതെ മറ്റെന്തൊക്കെയോ പറ്റാറുണ്ടെന്ന്
-ശ്ശെ. ഇതതല്ലാന്ന്
-പിന്നെ എന്താണ്?
-സാധാരണ ഞാന്‍ എന്റെ ബാഗ് അസോസിയേഷന്‍ റൂമിലാണല്ലൊ വെക്കാറ്.
കഷ്ടകാലത്തിന് ഇന്ന് അത് സെക് ഷനിലാണ് വെച്ചത്. വൈകീട്ട് പോന്നപ്പൊ എന്റെ
ബാഗാണെന്ന് തെറ്റിദ്ധരിച്ച് അസോസിയേഷന്‍ റൂമീന്ന് ഹരീടെ ബാഗുമെടുത്തോണ്ട്
പോന്നു ! ഇനീപ്പൊ എന്താ ചെയ്യാ? നാളെ കാണാം...

                                        ***

ബാഗിനകത്തെ സാധനങ്ങള്‍ തിരുമേനി എന്തു ചെയ്തിട്ടുണ്ടാവും?
പിറ്റേന്ന് തിരുമേനി ആപ്പീസില്‍ വന്നിട്ടുണ്ടാവുമോ?
അതില്‍ പിന്നെ എന്നും വൈകീട്ട് തിരുമേനി സൂപ്പര്‍ മാര്‍ക്കറ്റില്‍
ചുറ്റിക്കറങ്ങുന്നുണ്ടാവുമോ?
എല്ലാം വായനക്കാര്‍ക്ക് വിടുന്നു...

Friday, March 23, 2012

അടയാളവാക്യം
        
-ബിആര്‍, ഞാനൊരു കുസൃതിച്ചോദ്യം ചോദിക്കട്ടെ.
-ചോദിക്കുന്നത് ആന്റണ്‍ വില്‍ഫ്രഡായതുകൊണ്ട് ചോദ്യം എന്നു മതി. കുസൃതിക്ക്   കൈകാല്‍ വെച്ചതാണ് ആന്റണ്‍ വില്‍ഫ്രഡെന്നത് ആര്‍ക്കാണറിയാത്തത്? വ്യത്യസ്ഥനായൊരു  ആന്റണ്‍ വില്‍ഫ്രഡിനേ...സത്യത്തിലാരും തിരിച്ചറിഞ്ഞില്ലാ... എന്നാണല്ലൊ കഥപറയുമ്പോള്‍  എന്ന സിനിമയിലെ പാട്ടില്‍ പറയുന്നത്. ഏതായാലും ചോദ്യം ചോദിച്ചോളൂ.
-ചോദ്യം ഇതാണ്: സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍വീസില്‍ കേറുന്നവരെ പെട്ടെന്ന് എങ്ങനെ  തിരിച്ചറിയാം?
-സിമ്പ്ള്‍ മൈ ഡിയര്‍ ആന്റണ്‍. അവര്‍ നല്ല ഉയരമുള്ളവരായിരിക്കും.
-കൊള്ളാം. അങ്ങനെയെങ്കില്‍ ചുരിദാറിട്ട രജേന്ദ്രന്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍  വന്നതാവണ്ടേ?
-നല്ല സ്റ്റൗട്ട് ബോഡിയായിരിക്കും അവരുടേത്.
-അപ്പോള്‍ സഖാവ് ശ്രീകുമാര്‍ സ്‌പോര്‍ട്‌സ് ക്വാട്ടക്കാരനായിരിക്കും  അല്ലേ?
-അതല്ല. ഇരിപ്പിലും നടപ്പിലുമൊക്കെ നല്ല ചുറുചുറുക്കുള്ളവരായിരിക്കും അവര്‍.
-ച്ചാല്‍ ഇരിയ്ക്കുമ്പോള്‍ കാലുകള്‍ സദാ വിറപ്പിച്ചോണ്ടിരിക്കും, പിന്നെ ചാമയില്‍ എഴുത്താണി  പായുമ്പോലെ
  തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞാട്ടും തേരാപ്പാരാ  പാഞ്ഞോണ്ടിരിക്കും
  എന്നൊക്കെയാണെങ്കില്‍,  സംശയല്ല്യ, മ്മ്‌ടെ എന്‍ബി പരമേശ്വരന്‍ 
  തിരുമേനി വന്നത്  മേല്‍പറഞ്ഞ കോട്ട വഴി തന്നെ!
-ശ്ശെടാ. എന്തുപറഞ്ഞാലും സമ്മതിക്കില്ലെന്നുവെച്ചാല്‍ എന്തുചെയ്യും. എന്നാപ്പിന്നെ ആന്റണ്‍  തന്നെ അങ്ങട്
 പറ. സ്‌പോര്‍ട്‌സ് ക്വാട്ടക്കാരെ എങ്ങനെ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റും?
-സിമ്പ്ള്‍ മൈ ഡിയര്‍ ബിആര്‍. അവര്‌ടെ കാഷ്വല്‍ ലീവപ്ലിക്കേഷന്‍ നോക്ക്യാ മതി.
-കാഷ്വല്‍ ലീവപ്ലിക്കേഷനോ?
-അതെ. മിക്കതിന്റേയും തുടക്കം ഇങ്ങനെയായിരിക്കും.
-എങ്ങനെ?
_''You may be granted me a full casual leave as I was to attend a domestic affair 
    tomorrow…'' !!!

Friday, March 16, 2012

കേരളനടനം
-നമ്മടെ വേണ്വേട്ടന്റെ അഭിനയസിദ്ധിയെപ്പറ്റി ബിആര്‍ കേട്ടിട്ടുണ്ടോ?
-ധാരാളം കേട്ടിരിക്കണ്. പക്ഷേ ഇതുവരെ അത് കാണാന്‍ തരായിട്ട് ല്ല്യ
-ഏതായാലും ഈ അടുത്ത ദിവസം എനിക്ക് അത് കാണാനുള്ള യോഗണ്ടായി
-പക്ഷേ വേണു കളി നിര്‍ത്തീട്ട് കൊറേ കാലായില്ലേ
-അത് സ്‌റ്റേജിലെ കളി.. ഇതതല്ല ബിആര്‍
-ഇത് പിന്നെ ഏതാണ് കണ്ണാ?
-കുറച്ചുദിവസം മുമ്പ് പ്രദീപേട്ടന്റെ ഏതോ അകന്ന ബന്ധു മരിച്ചു. ലീവ് കഴിഞ്ഞ് പ്രദീപേട്ടന്‍ തിരിച്ചെത്തിയപ്പൊ അനുശോചനമറിയിക്കാനായി വേണ്വേട്ടന്‍ മെല്ലെ അടുത്തുചെന്നു. ഫസ്റ്റ് സ്‌റ്റെപ്പായി കീഴ്‌പോട്ടുനോക്കി 2 മിനിറ്റ് മൗനമാചരിച്ചു. പിന്നെ 1 മിനിറ്റ് അതീവദു:ഭാവത്തോടെ പ്രദീപേട്ടന്റെ മുഖത്തേക്ക് നിര്‍ന്നിമേഷനായി നോക്കിനിന്നു. പിന്നെ തൊണ്ടയില്‍ ഗദ്ഗദം വരാനായി കാത്തുനിന്നു......വേണ്വേട്ടന്റെ ഈ സ്റ്റാര്‍ട്ട് ക്യാമറ
ആക് ഷന്‍ കണ്ടപ്പോള്‍ പ്രദീപേട്ടന്‍ ഒരു ചോദ്യം ചോദിച്ചു. അത് കേട്ടതും പിന്നെ ഒരു നിമിഷം പോലും പിടിച്ചുനില്‍ക്കാന്‍ വേണ്വേട്ടനായില്ല. പുള്ളിക്കാരന്‍ ഉടനേ സ്ഥലം വിട്ടു!
-ഓഹോ! പണിക്കരെ അത്രമാത്രം പിടിച്ചുലച്ച ആ ചോദ്യം എന്തായിരുന്നു?
-''എന്തെടാ  .ڄ๘๖๒ช๘έ..? ''



Thursday, March 15, 2012

RETIREMENT SYNDROME

ആന്റണ്‍ വില്‍ഫ്രഡിന്റെ റിട്ടയര്‍മെന്റിന്റെ പിറ്റേന്ന് രാവിലെ ആപ്പീസിലത്തിയപ്പോള്‍ മിക്കവാറും എല്ലാവരും പരസ്പരം ചോദിച്ച ഒരു ചോദ്യം ഇതായിരുന്നു:
'ഇന്നലെ വില്‍ഫി വിളിച്ചിരുന്നോ?''
എല്ലാവരുടേയും ഉത്തരം ഒന്നുതന്നെയായിരുന്നു:
'ഉവ്വ്, വിളിച്ചിരുന്നു.''
'സഹരാജന്‍ നായര്‌ടെ ഫോണ്‍ നമ്പര്‍ ചോദിക്കാനല്ലേ വിളിച്ചത്?'' അടുത്ത കോമണ്‍ ചോദ്യം.
'അതെ''. കോമണ്‍ ഉത്തരം.
പിന്നെ ചര്‍ച്ചയായി. വില്‍ഫിയ്ക്ക് എന്താണ് പറ്റിയത്? സഹരാജന്റെ ഫോണ്‍ നമ്പര്‍ പുള്ളിക്ക് അറിയാവുന്നതല്ലേ. ഒരാള്‍ ഏത് പട്ടിക്കാട്ടേക്ക് താമസം മാറ്റിയാലും മൊബൈല്‍ നമ്പറും വീട്ടുപേരും ഇനീഷ്യത്സും ഭാര്യയും മറ്റും മാറുന്നില്ലല്ലൊ.
റിട്ടയറാവുമ്പോള്‍ ചിലര്‍ക്ക് ഒരു മാനസികാസ്വാസ്ഥ്യം ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. ഈശ്വരാ, ഇനി അതുവല്ലതുമാണോ വില്‍ഫിയ്ക്ക്? മെന്റല്‍ ഹോസ്പ്റ്റലില്‍ അഡ്മിറ്റാക്കേണ്ടി വരുമോ?...
ചിന്തകളങ്ങനെ ചിറകുവിരിച്ച് പറക്കാന്‍ തുടങ്ങുമ്പോഴേക്കും ഭാഗ്യവശാല്‍ നായര്‍ജി അതുവഴി വന്നു. നായര്‍സാബിനെ കണ്ടയുടന്‍ ജനം കോറസ്സായി ചോദിച്ചു:
'ഇന്നലെ വില്‍ഫി വിളിച്ചിരുന്നോ?''
'ഉവ്വ്. എന്തേ?''
'അല്ലാ, ഞങ്ങളെ എല്ലാവരെയും വിളിച്ച് സാറിന്റെ നമ്പര്‍ ചോദിച്ചിരുന്നേയ്.''
'ശ്ശെ, അങ്ങേര്‌ടെ കാര്യം പറഞ്ഞാ....പുള്ളി എന്റെ നമ്പറ് മൊബൈലില്‍ സേവ് ചെയ്തിട്ടില്ലാന്നേയ്. ഓരോ തവണയും നമ്പറ് കുത്തിക്കുത്തിയാണ് വിളിക്കണത്. ഓരോ തവണ കുത്തുമ്പോഴും ഏതെങ്കിലും ഒരു ഡിജിറ്റ് തെറ്റിക്കും. ഒടുവില്‍ ശെരിക്കുള്ള നമ്പര്‍ ഡയല്‍ ചെയ്തപ്പോഴേക്കും സമയം 1.20 AM !''
''അപ്പൊ ഞങ്ങള്‍ടെ ഊഹം ഏതാണ്ട് ശെരിയായി വരണ്‍് ണ്ട്. എങ്കിലും പുള്ളിക്കാരന്‍ പാതിരാത്രിവരെ സാറിന്റെ നമ്പറ് ട്രൈ ചെയ്ത്ല്  വെപ്രാളപ്പെട്ടത് എന്തിനായിരുന്നു? ''
''ഒരു പ്രത്യേക കാര്യം ചോദിക്കാനാണ് വിളിച്ചത്. ഹി വാസ് ഇന്‍ അട്ടര്‍ കണ്‍ഫ്യൂഷന്‍ ഓണ്‍ ദാറ്റ് കൗണ്ട്, ഐ ഷുഡ് സേ.''
''ദാറ്റ്‌സ് ക്വയ്റ്റ് നാച്ച്വറല്‍. ഞങ്ങളും അതുതന്നെയാണ് പറഞ്ഞോണ്ടിരുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ മനസ്സ് നിറയെ കണ്‍ഫ്യൂഷനായിരിക്കും. അതുപോട്ടെ, ഗൗരവമര്‍ഹിക്കുന്ന എന്തെങ്കിലും കാര്യമാണോ ചോദിച്ചത്?''
''ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ചോദ്യം അല്പം ഗൗരവമുള്ളതുതന്നെയായിരുന്നു. സൂക്ഷിച്ചുനോക്കിയാല്‍ അതില്‍ ഒരു ഫിലസോഫിക്കല്‍ ടച്ചും കാണാം. മനശാസ്ത്രജ്ഞനായ യുങ്ങിന്റെ വീക്ഷണകോണില്‍കൂടി നോക്കിയാല്‍....''
''വേണ്ട സര്‍. തല്ക്കാലം അതിലൂടെ നോക്കണ്ട. രണ്ടുദിവസം കഴിഞ്ഞാല്‍ തനിയെ മാറിക്കൊള്ളും. എന്നാലും എന്തായിരുന്നു ആ മുട്ടന്‍ ചോദ്യം എന്നറിഞ്ഞാല്‍ കൊള്ളാം.''
''ചോദ്യം ഇതായിരുന്നു: ഓഫീസിലെ സ്റ്റാഫിനായി പത്താം തിയതി വീട്ടില്‍ നടത്തുന്ന പാര്‍ട്ടിയുടെ മെനുവില്‍ ഏതാണ് ഉള്‍പ്പെടുത്തേണ്ടത്: താറാവോ, കോഴിയോ? '' !!!


 

Sunday, March 4, 2012

സംഗതി പോയേനെ...

-ബിആര്‍ ഈക്കേബീടെ പ്രസിദ്ധമായ ആ കഥ കേട്ടിട്ടുണ്ടോ?
-ഏത് കഥയാണ് കണ്ണാ?
-എന്‍ബിയും ബാലുവും ഈക്കേബിയും ഒരു കട്ടിലും കഥാപാത്രങ്ങളായി   വരുന്ന കഥ
-പഴയ പോലെ ഓര്‍മ്മശക്തിയില്ല കണ്ണാ.        കഥയുടെ ചുരുക്കം ഒന്നു   പറയാമോ?
-അക്കൗണ്ടാപ്പീസിലെ അന്തേവാസികള്‍ താമസിച്ചിരുന്ന ഓഡിറ്റ് ഹൗസിലാണ് സംഭവം
 നടക്കുന്നത്. രാവിലെ എഴുന്നേറ്റ് ഒന്നിനുപോയ എന്‍ബി രണ്ടും   കഴിഞ്ഞ്
 തിരിച്ചെത്തുമ്പോള്‍ ഈക്കേബിയും ബാലകനും  ഒരു കട്ടിലിന്റെ  രണ്ടറ്റത്തുപിടിച്ച് 
 കസര്‍ത്തുകാണിക്കുന്ന കാഴ്ചയാണ്   കണി കണ്ടത്.   കട്ടില്‍ രണ്ട്
 റൂമുകള്‍ക്കിടയിലുള്ള വാതിലില്‍ ജാം ആയിരിക്കയാണ്.  രണ്ടു പേരും തങ്ങള്‍  
 പിടിച്ചിരിക്കുന്ന  അറ്റം  പിടിച്ച്     പൊക്കാനും   താഴ്ത്താനും ചെരിക്കാനുമൊക്കെ  നോക്കുന്നുണ്ട്.     വിയര്‍ത്തുകുളിച്ചു  നില്ക്കുന്ന ഈക്കേബിയെ കണ്ടപ്പോള്‍
 പാവംതോന്നിയ എന്‍ബി പറഞ്ഞു: സാറ് മാറി നിന്നോളൂ. ഞാന്‍ ഇത് ദിപ്പൊ
 ശെരിയാക്കിത്തരാം.
 ഇത് കേള്‍ക്കാനിരിക്കയായിരുന്നു എന്ന മട്ടില്‍ ഈക്കേബി പെട്ടെന്ന് തടി 
 കിഴിച്ചിലാക്കി.       പക്ഷേ അപ്പോഴും മറ്റേയറ്റത്ത് ബാലകന്‍ കസര്‍ത്ത്  
 തുടരുകതന്നെയായിരുന്നു.    ബാലുവിന്റെ അര മണിക്കൂര്‍ നേരത്തെ    
 അദ്ധ്വാനംകൊണ്ട് കട്ടിലിനെ പുറത്തേക്ക് നീക്കാന്‍ കഴിഞ്ഞത് കേവലം  അര ഇഞ്ച്
 മാത്രമാണ് !
 എന്‍ബി മുണ്ടിന്റെ അറ്റം വളച്ചുകുത്തി പാളസ്സാറുടുത്തു. പിന്നെ ജീവന്‍ ടോണ്‍
 പരസ്യത്തിലെപ്പോലെ കൈകളിലെ മസിലുകള്‍ വീര്‍പ്പിച്ചുകാണിച്ചു. പിന്നെ കുനിഞ്ഞു  നിന്ന് 'ആനാമ്പേ എയ്‌ലസോം, ഒത്തുപിടിച്ചോ  ബാലുച്ചേട്ടോ' എന്ന പാട്ടും പാടി  
 കസര്‍ത്തുതുടങ്ങി. കട്ടിലിനോട്   കയര്‍ത്തു    തുടങ്ങി.  പക്ഷേ അരമണിക്കൂര്‍ പോലും പിടിച്ചുനില്ക്കാന്‍  പുള്ളിക്കാരന് കഴിഞ്ഞില്ല.   തോറ്റ് പിന്മാറുന്നേരം എന്‍ബി  ബാലകനോട് പറഞ്ഞ   വാചകമാണ് കഥയുടെ പഞ്ച്‌ലൈന്‍.
-എന്താണ് എന്‍ബി പറഞ്ഞത്?
-'' ഒര് രക്ഷേംല്ല്യാലോ ബാല്വോ. പഠിച്ചപണി പതിനെട്ടും നോക്കീട്ടും കട്‌ള് ഒരിഞ്ച് പോലും
  അകത്തേക്ക് കേറണ് ല്ല്യ   ''
-കൊള്ളാം. നല്ല ഒത്തുപിടുത്തം! ബൈദബൈ  കണ്ണന്‍ ഇപ്പോള്‍ ഈ കഥ   ഓര്‍ക്കാന്‍  എന്താണ് കാരണം?
-അത്രക്ക്‌വരില്ലെങ്കിലും അതിനു സമാനമായ ഒരു സംഭവം  ഈയിടെയുണ്ടായി.
-അതെന്തുവാ?
-എന്‍ബീടെ ഹൗസ് വാമിങ്ങിന്റെ തലേന്നാളാണ് സംഭവം. ഞാന്‍ അവിടെ
 ചെല്ലുമ്പോള്‍ എന്‍ബീം മാമന്റെ മോനും കൂടി ഒരു മേശ സ്റ്റെയര്‍കേയ്‌സ്   വഴി മോളിലേക്ക് കേറ്റ്വായിരുന്നു. നല്ല കനമുണ്ട് മേശയ്ക്ക്. മാമന്റെ മോന്‍   മോളിലും എന്‍ബി താഴെയുമായിട്ടാണ് സ്റ്റെപ്പ് കേറണത്.
 ച്ചാല്‍ മേശേടെ  ഭാരം മുഴുവന്‍ എന്‍ബിയില്‍ നിക്ഷിപ്തമാണെന്നര്‍ത്ഥം.എന്‍ബിക്ക് ഒരടി  മുന്നോട്ട്
 നീങ്ങാന്‍ പറ്റണ് ല്ല്യ. ഈ കാഴ്ച കണ്ടപ്പൊ ഞാന്‍ പറഞ്ഞു:
 'എന്‍ബീ, ആ ഡ്രോയറൊന്ന് ഊരിവെച്ചാല്‍ കുറച്ച് കനം കുറഞ്ഞുകിട്ടും'.
 പക്ഷേ എന്റെ നിദ്ദേശത്തെ പാടെ അവഗണിക്കയാണ് എന്‍ബി ചെയ്തത്.
 എന്നാപ്പിന്നെ നിങ്ങളായി നിങ്ങള്‍ടെ പാടായി എന്നും പറഞ്ഞ് ഞാന്‍ പുറത്തുകടന്നു. കുറച്ചുകഴിഞ്ഞപ്പൊ അകത്ത്ന്ന് ഇങ്ങനെയൊരു സംഭാഷണം കേട്ടു: ''അല്ലാ അപ്പ്വേട്ടാ, നമുക്ക് കണ്ണേട്ടന്‍ പറഞ്ഞപോലെ ഒന്ന് ചെയ്തു നോക്ക്യാലോ? ഇതിന്റെ ഡ്രോയറൊന്ന്  ഊരിവെച്ചു നോക്ക്യാലോ?'' '' അത് ശെരി. അപ്പൊ കണ്ണന്‍ പറഞ്ഞത് മേശടെ  ഡ്രോയറായിരുന്നോ?''

 കുറച്ചുകഴിഞ്ഞ് ഞാന്‍ അകത്തുകേറി നോക്കുമ്പൊ രണ്ട് നമ്പൂരാരും മേശയും  കോണിപ്പടീടെ   മദ്ധ്യഭാഗത്തെത്തീട്ട്ണ്ട്.
 ഇപ്പൊ സംഗതി പോവും എന്ന മട്ടിലാണ് എന്‍ബീടെ നില്‍പ്പ്!
 പറഞ്ഞപോലെ മേശേടെ കനമേറിയ ഡ്രോയറുകള്‍ ഊരിവെച്ചിരുന്നു.
 പക്ഷേ അത് മേശേടെ പുറത്തുതന്നെയായിരുന്നൂന്ന് മാത്രം !!!

Monday, February 27, 2012

അപഖ്യാതി

( എന്തെല്ലാം അപഖ്യാതികളാണ് ആര്‍ കണ്ണന്‍ എന്‍ബി പരമേശ്വരനെപ്പറ്റി
 പടച്ചുവിടുന്നത്. മറ്റുവല്ലവരുമായിരുന്നെങ്കില്‍ കണ്ണന്റെ പതിനാറടിയന്തിരം പണ്ടേ
 കഴിയുമായിരുന്നു. എന്‍ബി ആയതുകൊണ്ട് എല്ലാം ചിരിച്ചുതള്ളത്തേയുള്ളു.
 മുറുക്കിത്തുപ്പത്തേയുള്ളു. ഹിയര്‍ ഈസ് ദ ലേറ്റസ്റ്റ്)

കഴിഞ്ഞ ദിവസം അസോസിയേഷന്‍ ഹാളില്‍ വെച്ചുകണ്ടപ്പോള്‍ ആര്‍ കണ്ണന്‍
ബിആറിനോട് ചോദിക്കയാണ്:
-അതേയ്. വിഷ്ണുനമ്പൂതിരിയെപ്പറ്റി ബിആറിന് എന്താണഭിപ്രായം?
-കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെപ്പറ്റിയാണോ കണ്വന്‍ ചോദിക്കണത്?
-അല്ലാന്ന്. നമ്മടെ നാമംഗലം മനയ്ക്കലെ
-യു മീന്‍ എന്‍ബീപുത്രന്‍?
-അതന്നെ
-നല്ല കുട്ടി. ഒരാട്ടിന്‍കുട്ടിയെപ്പോലെ നിഷ്‌കളങ്കന്‍. മുയല്‍ക്കുഞ്ഞിനെപ്പോലെ സൗമ്യന്‍.  കണ്ണിന്റെ ഇമവെട്ടാതെ നോക്കിയിരിക്കാന്‍ തോന്നും.
-കക്ഷി പക്ഷേ കള്ളം പറയും !
-ശാന്തം പാപം. ദൈവദോഷം പറയാതെ കണ്ണാ. ബ്രാഹ്മണശാപമേറ്റാല്‍
 കുംഭീപാകനരകത്തിലേക്കാവും കണ്ണന്റെ യാത്ര.
-പക്ഷേ ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പറയണത്.
-എന്താണ് തെളിവ്?
-ഇന്നലെ വൈകീട്ട് ഒരു കാര്യം പറയാന്‍ വേണ്ടി ഞാന്‍ എന്‍ബിയെ ലാന്റ് ഫോണില്‍
 വിളിച്ചു. വിഷ്ണുവാണ് ഫോണെടുത്തത്.
-മനസ്സിലായി. മനസ്സിലായി. കണ്വന്‍ പറഞ്ഞുവരുന്നത് എനിക്ക് മനസ്സിലായി.
 എന്‍ബി അവിടെ ഉണ്ടായിരുന്നിട്ടും വിഷ്ണു 'അച്ഛനിവിടെ ഇല്ല്യാ'ന്ന് പറഞ്ഞൂന്നല്ലേ?
-അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അവന് സംശയത്തിന്റെ ആനുകൂല്യം
 കൊടുക്കുമായിരുന്നു. പക്ഷേ നട്ടാല്‍ കുരുക്കാത്ത കള്ളമാണ് അവന്‍ എന്നോട്
 പറഞ്ഞത് !
- എന്താണവന്‍ പറഞ്ഞത്?
- '' അച്ഛന്‍ കുളിക്ക്യാണ് '' !!!

Sunday, February 19, 2012

ഓര്‍ക്കാപ്പുറത്ത് ഒരു പാര

-എന്താ പണിക്കര്‍ സാറേ, പതിവില്ലാത്തവിധം മുഖത്തൊരു പ്രസാദം?
-അതുപിന്നെ സദാ എനിക്കിട്ട് പാര വെക്കുന്ന ഒരാളെ തിരിച്ചൊന്നു പാര വെക്കാന്‍
 പറ്റിയതിലുള്ള സന്തോഷാണെന്ന് കൂട്ടിക്കോളൂ.
-ആര്‍ക്കിട്ടാണ് വെച്ചത്?
-ആര്‍ കണ്ണന്.
-ഭേഷ്. കണ്ണന് കിട്ടിയതില്‍ ബിആറിനും അനല്പമായ സന്തോഷണ്ട്. ഇനി സംഗതി പറ.
-കഴിഞ്ഞ ഞായറാഴ്ച കോണ്‍ഫെഡറേഷന്റെ ജില്ലാസമ്മേളനായിരുന്നല്ലൊ. അതില്‍നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയതിന്റെ പേരില്‍ കണ്ണന്‍ കടുത്ത ശിക്ഷയ്ക്ക് വിധേയനാവാന്‍
 പോവ്വാണ്!.
-ഹെന്ത്? കണ്ണന്‍ സമ്മേളനത്തീന്ന് ഇറങ്ങിപ്പോയെന്നോ? എനിക്ക് അത് വിശ്വസിക്കാന്‍
 പറ്റണ് ല്ല്യല്ലൊ. എന്നിട്ട് എന്ത് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്?
-കണ്ണനെ ജെനറല്‍ബോഡി മുമ്പാകെ വിളിച്ചുവരുത്തി നല്ല പുളിച്ച ചീത്ത പറയാന്‍
 തീരുമാനിച്ചിരിക്ക്യാണ്.
-അതൊരു വിചിത്രമായ തീരുമാനമാണല്ലൊ? പരസ്യ ശാസനയാണോ പണിക്കര്‍
 ഉദ്ദേശിക്കുന്നത്?
-അ: ഭരണഘടനാപരമായി പറയാണെങ്കില്‍ അങ്ങനേം പറയാം.
-പക്ഷേ ഇപ്പോഴും സംഗതി വന്നില്ല കേട്ടോ.
-പറയാം. കൃത്യം പത്തുമണിക്കു തന്നെ സമ്മേളനം തൊടങ്ങി. ഞാന്‍ കണ്ണന്റെ
 അടുത്ത്ന്ന് അല്പം മാറിയാണിരുന്നത്. ഏതാണ്ട് പതിനൊന്നു മണിയായപ്പൊ ഞാന്‍  മെല്ലെ പോക്കറ്റീന്ന് മൊബൈലെടുത്ത് കണ്ണന് ഒരു മെസ്സേജാ വിട്ടു. അത് കിട്ടിയതും  രണ്ടാമതൊന്നാലോചിക്കാതെ  പുള്ളിക്കാരന്‍  എഴുന്നേറ്റ് ശരം വിട്ടപോലെ ഒരു  പോക്കാണ്- ശെരിക്കും വാക്കൗട്ട് നടത്തണ മട്ടില്‍. അതാകട്ടെ വേദിയില്‍ കഴുകന്‍  കണ്ണുകളുമായി  ഇരിക്കുന്ന ശ്രീകുമാറിന്റെ ദൃഷ്ടിയില്‍ പെടുകയും ചെയ്തു.
 ഇനി കൂടുതല്‍ വിസ്തരിക്കണോ?
-വേണ്ട. എന്ത് മെസേജായിരുന്നു പണിക്കര്‍ സാറ് വിട്ടത്?
-ഇത്തരം സമ്മേളനങ്ങളില്‍ നേതാക്കന്മാരുടെ പ്രസംഗങ്ങള്‍ കേട്ട് സദസ്സിലിരുന്ന്
 ഞെളിപിരികൊള്ളുന്ന കണ്ണനെ കാണുമ്പോള്‍ വേദിയില്‍നിന്ന്  ശ്രീകുമാര്‍ അയക്കുന്ന ഒരു  സ്ഥിരം മെസേജുണ്ട്. അതാണ് കണ്ണനെ പറ്റിക്കാന്‍ വേണ്ടി  ഞാന്‍ അയച്ചത്.
-അപ്പോ ആരാണ് അത് അയച്ചതെന്ന് കണ്ണന്‍ നോക്കിയില്ലേ?
-ഇല്ല്യ. നോക്കില്ലെന്ന് എനിക്കറിയാം. അതിന്റെ ആവശ്യല്ല്യല്ലൊ. സ്ഥിരം കിട്ടണ മെസേജല്ലേ.
-എന്താണാ മെസേജെന്ന് സാറ് ഇനിയും പറഞ്ഞില്ല.
-'' വേണമെങ്കില്‍ പോകാം'' !!!

Saturday, February 11, 2012


  Surprise Check


-This is highly disappointing. It’s only 4.30 and I find nobody around in the entire   hall   except    you.
-Sir…
-What’s your good name?
-Panic care, Sir.
-Panic care?
-Yes Sir. K.B.Venugopal Panic care.
-That’s a wonderful name, young man.
-But I’m not that much young, Sir.
-How old are you?
-52, Sir.
-Good Heavens! But you look only 25 !
-Thank you, Sir.
-By the by, let me see your Attendance Register.
-Here it is, Sir.
-Would you please fetch me registers of the other 2 sections too?
-Certainly, Sir.
-All are present according to the registers. Where’s Sarathkumar?
-Bath Room, Sir.
-Then where’s Vinayakumar?
-Bath Room, Sir.
-Where’s Padmakumar?
-He also Bath Room, Sir.
-Bhaskaran?
-Bath Room ,Sir.
-Kannan?
-Bath Room,Sir.
-Prabhakaran?
-Bath Room, Sir.
-Hari?
-Bath Room, Sir.

-(I don’t know what the hell is happening in this office… Everything appears    topsy-turvy…    People at 52 look 25… People take bath at office instead of   at home…and that   too   collectively!!!)
       

Saturday, February 4, 2012


ഗാര്‍ഗ്‌ള്

-എന്താ കണ്ണാ, എന്‍ബിയെ 2 ദിവസമായി കാണുന്നില്ലല്ലൊ
-അപ്പൊ ബിആര്‍ അറിഞ്ഞില്ലേ, തിരുമേനി തല താഴ്ത്താന്‍ പറ്റാതെ ഇരിപ്പാണ്.
-തിരുമേനിമാരാവുമ്പൊ അല്പസ്വല്പം മണ്ടത്തരങ്ങളൊക്കെ കാണിച്ചെന്നിരിക്കും. പക്ഷേ  അപ്പൊ    നാണക്കേടുകൊണ്ട് തല പൊക്കാതിരിക്കയാണ് ചെയ്യുക.    അല്ലാതെ കണ്ണന്‍  പറയുന്നതുപോലെ തല  താഴ്ത്താതിരിക്കയല്ല. കണ്ണന് മലയാളശൈലി വലിയ  പിടിയില്ലെന്നു തോന്നുന്നു.
-ഞാന്‍ പറഞ്ഞത് ശൈലിയും കൈലിയുമൊന്ന്വല്ല. നഗ്നമായ യാഥാര്‍ത്ഥ്യമാണ്.
-ച്ചാല്‍?
-തിരുമേനിക്ക് തല താഴ്ത്താന്‍ പറ്റണ് ല്ല്യ. അതന്നെ.
-ഒന്നു വ്യക്തമായി പറയൂ കണ്ണാ
-2 ദിവസം മുമ്പ് പുള്ളിക്കാരന് ഒരു തൊണ്ട വേദന വന്നു. ഡോക്ടറെ കണ്ടപ്പൊ
 ടോണ്‍സില്‍സിന്റെ പ്രശ്‌നാണെന്നു പറഞ്ഞു.   ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് ഗാര്‍ഗ്ള്‍   ചെയ്യാനും പറഞ്ഞു. അപ്പൊ തിരുമേനിക്കൊരു സംശയം, തെളച്ച വെള്ളം വേണോന്ന്!  അതു വേണ്ട, താങ്ങാവുന്നേടത്തോളം ചൂടുള്ള വെള്ളം കൊണ്ട് ചെയ്താമതീന്ന്   ഡോക്ടര്‍.
-ശെരി ശെരി. പക്ഷേ കണ്ണന്‍ ഇപ്പോഴും പോയിന്റിലേക്ക് വന്നില്ല.
-അങ്ങനെ വരാനൊന്നൂല്ല്യ. അന്നു വൈകീട്ട് അത്താഴത്തിനുശേഷം ഏതാണ്ട് ഒന്നര
 മണിക്കൂറോളം നേരം മേലോട്ടുനോക്കി ഒരേനില്പില്‍നിന്ന് ഗാര്‍ഗ്‌ളോട് ഗാര്‍ഗ്‌ളായിരുന്നു  തിരുമേനി ! എന്തിനു പറയണ്, ഗാര്‍ഗ്‌ള് കഴിഞ്ഞപ്പൊ കീഴ്‌പോട്ട് നോക്കാനേ  പറ്റാണ്ടായി. മേലോട്ടും നോക്കിക്കൊണ്ടുള്ള അതേ പൊസിഷനിലാണ് ഇപ്പോഴും!
-കണ്ണന്‍ എന്ത് മണ്ടത്തരമാണീ പറയണത്? ഒന്നര മണിക്കൂറോളം തല മേലോട്ടാക്കി
 പിടിച്ചൂന്നോ? ഇത്തിരി വെള്ളമെടുത്ത് ഗാര്‍ഗ്‌ള് ചെയ്യാന്‍ എന്തിനാ ഒന്നര മണിക്കൂറ്?
-ഇത്തിരി വെള്ളോ?
-പിന്നല്ലാതെ?
-28 ലിറ്റര്‍ വെള്ളമാണുപയോഗിച്ചത്.
-മൈ ഗോഡ്! 28 ലിറ്ററോ?
-അതെ. ശെരിക്കും പരീക്ഷിച്ചു നോക്കിയതിനു ശേഷമാണ് തിരുമേനി അതിന്
 ഇറങ്ങിത്തിരിച്ചത്.
-എന്തു പരീക്ഷിച്ചെന്നാണ്?
-എത്ര വെള്ളം താങ്ങാന്‍ പറ്റുംന്ന് !!!

Sunday, January 29, 2012

50 ഈസ് ദ ന്യൂ 17
(ശ്രീകുമാറിന്റെ മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യപ്പെട്ട ഒരു സംഭാഷണം
 ഇന്റെര്‍നെറ്റ് വഴി ചോര്‍ത്തിയത്)

-നമ്മടെ ആപ്പീസിലെ മിക്ക പെണ്ണുങ്ങള്‍ടേം വിചാരം അവരിപ്പോഴും മധുരപ്പതിനേഴിന്റെ
 മണിമുറ്റത്താണെന്നാണ്, അല്ലേ കുട്ടീ ?
-കുട്ടി പറയണത് ശെര്യാ. എനിക്കും തോന്നീട്ട്ണ്ട് അത്.
-എന്താണതിന്റെ കാരണമെന്ന് കുട്ടി ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
-ഇല്ല്യ. കുട്ടീടെ അഭിപ്രായത്തില്‍ എന്താവാം കാരണം?
-വര്‍ഷങ്ങളായി പുതിയ റിക്രൂട്ട്‌മെന്റൊന്നും നടക്കണ്  ല്ല്യാലൊ. അപ്പൊ  ആള്‍ക്കാര്‌ടെ
 ഉപബോധമനസ്സില് കെടക്കണത് അവര് പണ്ട് ആപ്പീസില് കേറിയ സമയത്തെ അതേ
 പ്രായാണ്. അതാണ് പ്രശ്‌നം.
-ഫ്രോയ്ഡ് അങ്ങനെ പറഞ്ഞ്ട്ട്‌ണ്ടോ?
-ഇല്ല്യ. യുങ്ങിന്റെ തിയറിയാണ്.... ഇനി  യഥാര്‍ത്ഥ പ്രായത്തെപ്പറ്റി നമുക്ക് ഒരു ബോധം
 വരണെങ്കില് നമ്മള്  പ്രൈവറ്റ് ബസ്സില് യാത്ര ചെയ്യണം.
-അതെന്തിനാ കുട്ടീ?
-പ്രൈവറ്റ് ബസ്സിലെ കണ്ടക്ടര്‍മാര് നമ്മളെ എന്താ വിളിക്കാന്നറിയോ കുട്ടിക്ക് ?
-പെങ്ങളേന്നാവും.
-ഉവ്വ !
-എന്നാപ്പിന്നെ ചേച്ചീന്നാവും.
-എന്റെ കുട്ടീ, പെങ്ങളും കിങ്ങളും ചേച്ചീം കീച്ചീം ഒന്ന്വല്ല.
-പിന്നെ എന്താ ?
-'' ഒന്നങ്ങട് കേറിനിക്ക്  ന്റെ അമ്മായ്യ്യേയ് ''   !!!

Tuesday, January 17, 2012

സഹൃദയന്മാര്‍

പാപ്പുള്ളിയെപ്പോലുള്ള അപൂര്‍വം ചിലരൊഴിച്ചാല്‍ ഷൊര്‍ണ്ണൂര്‍ക്കാര് പൊതുവേ
പൊട്ടന്മാരാണെന്നാണ് കുത്താമ്പുള്ളി കണ്ണന്‍ പറയുന്നത്.
അത് സബ്സ്റ്റാന്‍ഷ്യേറ്റ് ചെയ്യാന്‍ വേണ്ടി കണ്ണന്‍ പറഞ്ഞ ഒരു സംഭവം കേള്‍ക്കുക:
പാപ്പുള്ളീടെ നാട്ടിന്‍പുറത്ത് ഒരു റിക്രിയേഷന്‍ ക്ലബ്ബുണ്ട്. പാപ്പുള്ളി തന്നെയാണ്
അതിന്റെ ആജീവനാന്ത പ്രസിഡണ്ട് പദവി അലങ്കരിക്കുന്നത്.
അങ്ങനെയിരിക്കേ ഒരു ദിവസം പാപ്പുള്ളിക്ക് ഒരു വിളി തോന്നി:
പഞ്ചായത്തിലെ പാണ്ടിമേള വിദഗ്ദ്ധനായ കുട്ടന്‍ പിള്ളച്ചേട്ടനെ ഒന്നാദരിച്ചുകളയാം.
ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി വിളിച്ചു ചേര്‍ത്ത് പാപ്പുള്ളി വിഷയമവതരിപ്പിച്ചു.
ഷൊര്‍ണൂരിലെ പിണറായിയാണ് പാപ്പുള്ളി. അതുകൊണ്ടുതന്നെ ആര്‍ക്കും
എതിരഭിപ്രായമുണ്ടായില്ല.
അനുമോദനസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു.
കമ്മ്യൂണിറ്റി ഹാള് ബുക്ക് ചെയ്തു. ഒരു പൊന്നാടയും വാങ്ങിവെച്ചു.
ആരാണ് കുട്ടന്‍ പിള്ളച്ചേട്ടനെ പൊന്നാട അണിയിക്കുക? അതായിരുന്നു പിന്നത്തെ
മില്ല്യണ്‍ ഡോളര്‍ ചോദ്യം.
ആ കര്‍മ്മം ആജീവനാന്ത പ്രസിഡണ്ട് തന്നെ നിര്‍വ്വഹിച്ചാല്‍ മതിയെന്ന് ക്ലബ്ബ്
ഭരണസമിതി ഐകകണ്‌ഠ്യേന തീരുമാനിച്ചു.
പക്ഷേ അത് ശെരിയാവ്  ല്ല്യാന്ന്  പാപ്പുള്ളി അപ്പൊഴേ മനസ്സില്‍ കുറിച്ചിട്ടു.
പറ്റിയ ഒരാളെ കണ്ടുപിടിക്കണം. അത് സീക്രട്ടായി വെയ്ക്കണം. പൊന്നാട
അണിയിക്കുന്ന സമയത്ത് ജനം ഞെട്ടണം- ഇതായിരുന്നു പാപ്പുള്ളീടെ ഉള്ളിലിരിപ്പ്.
പാര്‍ട്ടിക്കാരുടെ സഹായത്താല്‍ പറ്റിയ ഒരാളെ പാപ്പുള്ളി കണ്ടുപിടിക്കുക തന്നെ
ചെയ്തു: സാക്ഷാല്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി!
പറഞ്ഞതുപോലെ നോട്ടീസില്‍ മട്ടന്നൂരിന്റെ പേരൊന്നും വെച്ചില്ല.
ജനത്തെ ഞെട്ടിക്കണമല്ലൊ....
ഒടുവില്‍ ആ സുദിനമെത്തി. സന്ദര്‍ഭവശാല്‍ അന്നുതന്നെയായിരുന്നു ആപ്പീസിലെ
ഗോവിന്ദന്‍ മാഷ്‌ടെ യാത്രയയപ്പും. നാട്ടില്‍ ഇന്ന മാതിരി ഒരു സമ്മേളനം നടക്കുന്നു
ണ്ടെന്നും അതിനാല്‍ തന്നെ ഗോവിന്ദന്‍ മാഷ് ടെ വീട്ടില്‍ പോകുന്നതില്‍നിന്നും
ഒഴിവാക്കണമെന്നും പാപ്പുള്ളി അഭ്യര്‍ത്ഥിച്ചുനോക്കി. പക്ഷേ ഹരിയേട്ടന്‍ സമ്മതിച്ചില്ല.
വല്ല്യേട്ടന്റെ സുഗ്രീവാജ്ഞ ധിക്കരിച്ചാലുള്ള ഭവിഷ്യത്ത് പാപ്പുള്ളിക്കറിയാം.
ധര്‍മ്മസങ്കടത്തിലായ പാപ്പുള്ളി ഒടുവില്‍ ക്ലബ്ബിന്റെ സെക്രട്ടറിയെ വിളിച്ച് ഇങ്ങനെ
പറഞ്ഞു: എനിക്ക് അത്യാവശ്യമായി ഒരു സ്ഥലത്ത് പോകാനുണ്ട്. പക്ഷേ അതുകൊണ്ട് കൊഴപ്പൊന്നൂല്ല്യ.  പരിപാടികള്‍ മുറപോലെ നടന്നോട്ടെ. പൊന്നാട അണിയിക്കാന്‍
സമയമാവുമ്പോഴേക്കും ഞാന്‍ അവിടെ എത്തിയിരിക്കും.
അതു പറഞ്ഞ് അരമണിക്കൂര്‍ ആയതേയുള്ളു. അതാ വരുന്നു സെക്രട്ടറിയുടെ ഫോണ്‍:
-ശ്രീയേട്ടേയ്, ഏട്ടന്‍ പറഞ്ഞിരുന്നല്ലോ, ബാഡ്ജ് ഇല്ലാത്തവരെ ഹാളിനകത്തേക്ക് കേറ്റി
വിടണ്ടാന്ന്.
-അത് വേണ്ട. ആകെ തെരക്കാവും.
-ബാഡ്ജില്ലാത്ത ഒരാള് ഇവടെ പടിക്കെ വന്ന് തെരക്ക് കൂട്ടണ് ണ്ട്. അയാളെ അകത്തേക്ക് കേറ്റി വിടണോ?
-ആരാണാവോ. ആള്‌ടെ പേര് വല്ലതും പറഞ്ഞോ?
-ഏതോ മട്ടന്നൂര് കിട്ടന്നൂര്‌ന്നൊക്കെ പറയണ്‌ണ്ടേയ് !!!