rajasooyam

Tuesday, October 22, 2013

ബെസ്റ്റ് റിങ് ടോണ്‍ !
എന്തെങ്കിലും ദുരുദ്ദേശത്തോടെയാണോണെന്നറിയില്ല, ഒരു ദിവസം ബിആറിന്റെ
(ഫോണിന്റെ) സ്‌ക്രൂ ഇളകിക്കിടന്നിരുന്നത് ശെരിയാക്കുന്നതിനിടയില്‍ ടെലിഫോണ്‍
ഓപ്പറേറ്റര്‍ രാജരാജചന്ദ്രന്‍ ചോദിച്ചു:
-സാറിന് ജെനറല്‍ സെക് ഷനിലെ എന്‍പി രെവിയെ അറിയാമോ?
-നൂറുവട്ടം. എന്തേ ചോദിക്കാന്‍?
-അല്ലാ, ഒന്നൂല്ല്യാ. പുള്ളിക്കാരന്‍ ഫുള്‍ ടൈം തണ്ണിയാണേയ്
-ഉവ്വ്വോ ! അതെനിക്കറിയില്ലായിരുന്നു.
-സാറ് ഒന്നുപദേശിച്ചാല്‍ കൊള്ളാം. ഞാന്‍ പറഞ്ഞൂന്നൊന്നും പറഞ്ഞേക്കല്ലേ
-ഇല്ലില്ല.
-എങ്കില്‍ ഒരു കാര്യം കൂടി ചോദിക്കട്ടെ
-തെല്ലും ശങ്കിക്കണ്ട
-എന്താണ് അയാളെ എല്ലാവരും എന്‍പി രെവി എന്‍പി രെവീന്ന്
 വിളിക്കണതെന്നറിയ്യ്യോ?
-ഇതു നല്ല ചോദ്യം. എന്‍ പീന്ന് പറയണത് അയാള്‍ടെ ഇനീഷ്യലല്ലേ
-അപ്പൊ ഞാന്‍ ചോദിക്കട്ടെ. എന്റെ പേര് കെ.കെ.രാജചന്ദ്രന്‍. എന്നെ ആരെങ്കിലും
 കെ കെ രാജചന്ദ്രാ കെ കെ രാജചന്ദ്രാന്ന് വിളിക്കണ്‌ണ്ടോ? അതുപോലെ
 സിപി കേശവനെ ആരെങ്കിലും സീപി കേശവാ സീപി കേശവാന്ന് വിളിക്കണ്‌ണ്ടോ?
-അതില്ല
-അപ്പൊപ്പിന്നെ രെവീനെ മാത്രം എല്ലാവരും എന്‍പി രെവീന്ന്
 വിളിക്കണതെന്താണെന്നാണ് എന്റെ ചോദ്യം.
-ഹാവൂ! ഒരു ക്ലൂ തരാമോ?
-മെഹബൂബ്
-ഒവ്വ ! ഒരെണ്ണം കൂടി തരൂ
-കെ. രാഘവന്‍
-തൊപ്പി! ഒരെണ്ണം കൂടി,
-പി. ഭാസ്‌കരന്‍
-വണ്‍ മോര്‍ പ്ലീസ്
-9447832330
-അതൊരു മൊബൈല്‍ നമ്പറല്ലേ?
-അതെയതെ
-ആര്‌ടെയാണ്?
-എന്‍പി രെവീടെ!
-എന്നിട്ടും ഉത്തരമൊന്നും കിട്ടുന്നില്ലല്ലോ രാജരാജാ. ഒരു ലാസ്റ്റ് ക്ലൂ കൂടി ആയിക്കൂടേ?
    ഇനി ഒരു കുളുവുമില്ല, സ്‌ക്രൂ ഇളകുമ്പോള്‍ സാറ്  വിളിക്കാന്‍ മറക്കണ്ട എന്നും മറ്റും പറഞ്ഞ് രാജചന്ദ്രന്‍ പോയി.
ബിആറിന് ഇരിക്കപ്പൊറുതിയില്ലാതെയായി. എങ്ങനെയെങ്കിലും ഉത്തരം
കണ്ടെത്തിയേ പറ്റൂ.
ആലോചിച്ചാലോചിച്ച് ഒടുവില്‍ ഫോണെടുത്ത് രാജരാജന്‍ പറഞ്ഞ നമ്പര്‍
വെറുതെയൊന്നു കറക്കിനോക്കി.
രെവീടെ ഫോണിന്റെ റിങ് ടോണ്‍ കേട്ടതും രാജചന്ദ്രന്റെ ചോദ്യത്തിന്റെ ഉത്തരം പൊട്ടന്‍ ബിആറിന് പെട്ടെന്നു പിടികിട്ടി.
റിങ് ടോണ്‍ ഇതായിരുന്നു:
'' നയാപൈസയില്ലാ.... കൈയില്‍ നയാപൈസയില്ലാ...''   

Saturday, October 19, 2013

അഭിജ്ഞാനപാരമേശ്വരം

ഉച്ചയൂണിനുശേഷം എന്തുചെയ്യണം എന്ന പുസ്തകം വായിച്ചോണ്ടിരിക്കയിരുന്നു
ആര്‍കണ്ണന്‍ അസോസിയേഷന്‍ ഹാളില്‍.
(തെറ്റിദ്ധരിക്കരുത്. ഉച്ചയൂണിന് ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് ഇതുവരെ കണ്ണന്അറിയത്തില്ലേ എന്നു ചോദിക്കരുത്. വ്യാകരണത്തില്‍ ബിആര്‍ ഒരു പിന്നാക്കസമുദായക്കാരനാണ്. എന്തു ചെയ്യണം എന്നത് ലെനിന്‍ എഴുതിയ പുസ്തകമത്രേ. അതു തീര്‍ത്തിട്ടുവേണമായിരുന്നു കണ്ണന് കിഴക്കിന്റെപുത്രിയും
പോരാട്ടത്തിന്റെ പെണ്‍വഴികളും വായിക്കാന്‍).

അന്നേരമാണ് സൂമാരന്‍ തിരുമേനി വന്ന് കണ്ണനോട് ഇങ്ങനെ ചോദിക്കുന്നത്:
ഇന്ന് എന്‍ബി വന്നിട്ടില്ലേ?

കണ്ണന്‍ പുസ്തകത്തില്‍നിന്ന് കണ്ണെടുത്ത് റൂമിലെ മേശപ്പുറം മുഴുവന്‍
അരിച്ചുപെറുക്കി പരിശോധിച്ചു.
പിന്നെ പറഞ്ഞു; ഇല്ല ഇന്ന് വന്നിട്ടുണ്ടാവില്ല.

രംഗം കണ്ടോണ്ടിരുന്ന ബിആറിന് ഒന്നും മനസ്സിലായില്ലെന്ന് പ്രത്യേകം പറയേണ്ടല്ലൊ.
ആലോചിച്ചിട്ട് ഒരു തുമ്പും വാലും കിട്ടാണ്ടായപ്പോള്‍ ബിആര്‍ കണ്ണനെത്തന്നെ
ശരണം പ്രാപിച്ചു:
-അതേയ്  ഇപ്പൊ സൂമാരന്‍ തിരുമേനി വന്ന് സഖാവിനോട് എന്‍ബി വന്നിട്ടുണ്ടോന്ന്
 ചോദിച്ചില്ലേ?
-ഉവ്വ
-അന്നേരം സഖാവ് മേശപ്പുറത്ത് പരതിനോക്കിയശേഷം എന്‍ബി വന്ന്ട്ട് ണ്ടാവ് ല്ല്യാന്ന്
 പറഞ്ഞില്ലേ?
-ഉവ്വ
-അതെന്താ എന്‍ബി മേശപ്പുറത്താണോ ഇരിക്കാറ്?
-ശ്ശെ. അതല്ല. മേശപ്പൊറത്ത് മൊബൈല്  വെച്ചിട്ടുണ്ടോന്ന്  നോക്കിയതാണ്.
-മനസ്സിലായില്ല
-ഈ ബിആറൊരു മണ്ടന്‍ തന്നെ. എന്‍ബി ഒരു ചെയിന്‍ മുറുക്കര്‍ ആണെന്ന കാര്യം   അറിയാമോ?
-അതറിയാം
-ഓരോ തവണ താമ്പൂലമിശ്രിതം തുപ്പിക്കളയാന്‍ ടോയ്‌ലെറ്റില്‍ പോകുമ്പോഴും
 പുള്ളിക്കാരന്റെ പോക്കറ്റീന്ന് മൊബൈല്‍ ഫോണ്‍ ഒന്നുകില്‍ വാഷ് ബേസിനില്‍
 അല്ലെങ്കില്‍ ക്ലോസെറ്റില്‍ വീഴും....
-അയ്യ്യേയ്
-അപ്പോഴെല്ലാം തിരുമേനി അതെടുത്ത് കഴുകി വൃത്തിയാക്കി പപ്പും തോലും പറിച്ച്
 സിം കാര്‍ഡും മെമ്മറി കാര്‍ഡും വീഡിയോ ക്ലിപ്‌സും മറ്റും വെവ്വേറെയാക്കി ഈ
 മേശപ്പൊറത്ത് നെരത്തി ഒണക്കാന്‍ വെക്കും.
-അതായത് സഖാവ് പറഞ്ഞുവരുന്നത്...
-അത് തന്നെ. അസോസിയേഷന്‍ റൂമിലെ മേശപ്പൊറത്ത് മൊബൈല് ഒണക്കാന്‍
 വെച്ചിട്ടുണ്ടോ, എന്‍ബി വന്നിട്ടുണ്ട്. അല്ലെങ്കിലില്ല !!!

Saturday, October 5, 2013

മറക്കില്ല നാം
( ശ്രീ കെ.ബി.വേണുഗോപാലന്റെ യാത്രയയപ്പിനോടനുബന്ധിച്ച് സമര്‍പ്പിച്ച മംഗളപത്രം)

വര്‍ഷങ്ങള്‍ക്കുശേഷം ആപ്പീസില്‍ വന്ന വാസ്വണ്ണന്‍ സ്റ്റോറില്‍ കാശുവാങ്ങാനിരിക്കുന്ന
വേണൂനെക്കണ്ട് തെറ്റിദ്ധരിച്ച് '' അ;അ;ആ.... നമ്മടെ വേണൂന്റെ മോന് ഇവിടെ
ജോലികിട്ടിയല്ലേ, ഞാന്‍ അറിഞ്ഞില്ല്യാട്ടോ, വേണൂന്റെ  ട്രൂ കോപ്പി  തന്ന്യാട്ടോ മോനും. അതേ രൂപം. അതേ ഭാവാഭിനയം. അതേ  ഡയലോഗടി. അതേ കറുകറുപ്പന്‍  മുടി,
അതേ ചിരി, അതേ  സൗന്ദര്യപൂരം, എന്നൊക്കെപ്പറഞ്ഞ് സന്തോഷിച്ചതും

വേണുവിന്റെ മകളെ പെണ്ണുകാണാന്‍ വന്ന സംഘത്തിലെ ഒരു കാരണവര്‍ ചെറുക്കന്റെ അമ്മയുടെ അമ്മാവനാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് വേണുവിന്റെ കൈ
പിടിച്ച് പുറത്തേക്ക് കൊണ്ടുപോയതും പിന്നെ വേണുവിന്റെ തോളില്‍ വാത്സല്യപൂര്‍വം തട്ടിക്കൊണ്ട്
'' അപ്പൊ കുട്ട്യേ, പെങ്ങളെ ഞങ്ങള്‍ക്കിഷ്ടായി, ഇനി ഞങ്ങള് കാര്‍ന്നോമ്മാര് തമ്മില് സൊകാര്യായിട്ട് ചെല കാര്യങ്ങള് സംസാരിക്കാന്ണ്ട്, മോന്‍ അകത്തുചെന്ന്
അച്ഛനോട് ഒന്നിങ്ങോട്ട് വരാന്‍പറ'' എന്നു പറഞ്ഞതും
   

ഒരു ശനിയാഴ്ച ഉച്ചക്ക് ഊണുകഴിഞ്ഞ് ഒന്നു മയങ്ങാന്‍ കിടന്ന വേണുവിന് അന്ന് കുക്കിങ്ങ് ഗ്യാസ് കൊണ്ടുവരുമെന്ന കാര്യം ഓര്‍മ്മ വന്നതും അന്നേരം
കിടന്നേടത്തുകിടന്നുകൊണ്ടുതന്നെ ഭാര്യയോട് ''വനജേ, ആ ഗ്യാസ്‌കുറ്റിയെടുത്ത് ഒന്നു പൊറത്തുവച്ചേക്കണം'' എന്നു പറഞ്ഞതും ഉറക്കത്തിനിടയില്‍ പുള്ളിക്കാരന്‍ ഒന്നു
കമിഴ്ന്നുപോയതും അന്നേരം വനജാക്ഷിയമ്മ സകല കളരിപരമ്പര ദൈവങ്ങളെയും
മനസ്സില്‍ ധ്യാനിച്ച്  ഉപ്പുഞ്ചാക്ക് പോലത്തെ ഗ്യാസുങ്കുറ്റിയെടുത്ത് വേണുവിന്റെ
പുറത്തുവെച്ചതും
അങ്ങനെ വേണുവിന് 2 ദിവസത്തോളം മേലനക്കാന്‍ മേലാതായതും

ഒരിക്കല്‍ വേണു ലിഫ്റ്റ് കാത്തുനില്‍ക്കുമ്പോള്‍ ചുറ്റുമുണ്ടായിരുന്ന ലേഡീസ് കേള്‍ക്കെ ആന്റണ്‍ വില്‍ഫ്രഡ് ''വേണൂനെപ്പോലെയുള്ള കൊച്ചുപയ്യന്മാര്‍ ഇങ്ങനെ ലിഫ്റ്റും
കാത്ത് നില്‍ക്കുന്നത് മോശമാണ് ''എന്നു തോട്ടിയിട്ടതും അതു  കേട്ട വേണു നാലാം
നിലവരെയുള്ള സ്റ്റെപ്പുകളത്രയും ചാടിക്കേറിയതും പിന്നെ ശ്വാസം കിട്ടാതെ സീറ്റില്‍
ചെന്ന് കുഴഞ്ഞുവീണതും

ഏതോ അകന്ന ബന്ധു മരിച്ചതിനോടനുബന്ധിച്ച് എടുത്ത ലീവ് കഴിഞ്ഞ് പ്രദീപ്
തിരിച്ചെത്തിയപ്പോള്‍ അനുശോചനമറിയിക്കാനായി വേണു മെല്ലെ അടുത്തുചെന്നതും
ഒരുമിനിറ്റ് അതീവ ദു:ഖ ഭാവത്തോടെ പ്രദീപിന്റെ മുഖത്തേക്ക് നിര്‍ന്നിമേഷനായി
നോക്കിനിന്നതും തൊണ്ടയില്‍ ഗദ്ഗദം വരാനായി കാത്തുനിന്നതും വേണൂന്റെ ഈ
സ്റ്റാര്‍ട്ട് ക്യാമറ ആക് ഷന്‍  കണ്ടപ്പോള്‍ ദേഷ്യം വന്ന പ്രദീപ് എന്തെടാ എന്നും ചോദിച്ച്‌ ചെന്തമിഴിലുള്ള ഒരു പദം പ്രയോഗിച്ചതും അതുകേട്ട വേണു ചെവിയും
പൊത്തി ജീവനും കൊണ്ട് പാഞ്ഞതും......   
   
ഉത്തരേന്ത്യയില്‍നിന്നും ലീവിനുവന്ന അനിയന്റെ കൈയിലുണ്ടായിരുന്ന കൂളിങ് ഗ്ലാസും റാഡോ വാച്ചും പാര്‍ക്കര്‍ പെന്നും ഫോറിന്‍ ഷൂസും ഫോറിന്‍ ക്യാമറയും ഫോറിന്‍
പെര്‍ഫ്യൂമും ടീഷര്‍ട്ടും ജീന്‍സും ബനിയനും  ബെര്‍മൂഡകളുമെല്ലാം
രായ്ക്കുരാമാനം വേണു അടിച്ചുമാറ്റിയതും 
പിന്നെ അതെല്ലാമിട്ടോണ്ട് ആപ്പീസില്‍ ചെത്തിനടന്നതും
നമ്മള്‍ എങ്ങനെ മറക്കാനാണ്?


ഇല്ല, സ്തുത്യര്‍ഹ സേവനത്തിന്   കാഷവാര്‍ഡ് കിട്ടി എന്ന വാര്‍ത്ത കേട്ടപാടെ
ബോധംകെട്ട് വീണ ഈ തരളഹൃദയനെ,
സൗന്ദര്യം ഒരു ശാപമായിത്തീര്‍ന്ന ഈ പുരുഷനെ
പാവങ്ങളുടെ ഈ മമ്മൂട്ടിയെ
നമ്മുടെ ഈ ഇഷ്ടതോഴനെ
നമ്മള്‍ ഒരിക്കലും മറക്കില്ല.......