rajasooyam

Saturday, October 5, 2013

മറക്കില്ല നാം
( ശ്രീ കെ.ബി.വേണുഗോപാലന്റെ യാത്രയയപ്പിനോടനുബന്ധിച്ച് സമര്‍പ്പിച്ച മംഗളപത്രം)

വര്‍ഷങ്ങള്‍ക്കുശേഷം ആപ്പീസില്‍ വന്ന വാസ്വണ്ണന്‍ സ്റ്റോറില്‍ കാശുവാങ്ങാനിരിക്കുന്ന
വേണൂനെക്കണ്ട് തെറ്റിദ്ധരിച്ച് '' അ;അ;ആ.... നമ്മടെ വേണൂന്റെ മോന് ഇവിടെ
ജോലികിട്ടിയല്ലേ, ഞാന്‍ അറിഞ്ഞില്ല്യാട്ടോ, വേണൂന്റെ  ട്രൂ കോപ്പി  തന്ന്യാട്ടോ മോനും. അതേ രൂപം. അതേ ഭാവാഭിനയം. അതേ  ഡയലോഗടി. അതേ കറുകറുപ്പന്‍  മുടി,
അതേ ചിരി, അതേ  സൗന്ദര്യപൂരം, എന്നൊക്കെപ്പറഞ്ഞ് സന്തോഷിച്ചതും

വേണുവിന്റെ മകളെ പെണ്ണുകാണാന്‍ വന്ന സംഘത്തിലെ ഒരു കാരണവര്‍ ചെറുക്കന്റെ അമ്മയുടെ അമ്മാവനാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് വേണുവിന്റെ കൈ
പിടിച്ച് പുറത്തേക്ക് കൊണ്ടുപോയതും പിന്നെ വേണുവിന്റെ തോളില്‍ വാത്സല്യപൂര്‍വം തട്ടിക്കൊണ്ട്
'' അപ്പൊ കുട്ട്യേ, പെങ്ങളെ ഞങ്ങള്‍ക്കിഷ്ടായി, ഇനി ഞങ്ങള് കാര്‍ന്നോമ്മാര് തമ്മില് സൊകാര്യായിട്ട് ചെല കാര്യങ്ങള് സംസാരിക്കാന്ണ്ട്, മോന്‍ അകത്തുചെന്ന്
അച്ഛനോട് ഒന്നിങ്ങോട്ട് വരാന്‍പറ'' എന്നു പറഞ്ഞതും
   

ഒരു ശനിയാഴ്ച ഉച്ചക്ക് ഊണുകഴിഞ്ഞ് ഒന്നു മയങ്ങാന്‍ കിടന്ന വേണുവിന് അന്ന് കുക്കിങ്ങ് ഗ്യാസ് കൊണ്ടുവരുമെന്ന കാര്യം ഓര്‍മ്മ വന്നതും അന്നേരം
കിടന്നേടത്തുകിടന്നുകൊണ്ടുതന്നെ ഭാര്യയോട് ''വനജേ, ആ ഗ്യാസ്‌കുറ്റിയെടുത്ത് ഒന്നു പൊറത്തുവച്ചേക്കണം'' എന്നു പറഞ്ഞതും ഉറക്കത്തിനിടയില്‍ പുള്ളിക്കാരന്‍ ഒന്നു
കമിഴ്ന്നുപോയതും അന്നേരം വനജാക്ഷിയമ്മ സകല കളരിപരമ്പര ദൈവങ്ങളെയും
മനസ്സില്‍ ധ്യാനിച്ച്  ഉപ്പുഞ്ചാക്ക് പോലത്തെ ഗ്യാസുങ്കുറ്റിയെടുത്ത് വേണുവിന്റെ
പുറത്തുവെച്ചതും
അങ്ങനെ വേണുവിന് 2 ദിവസത്തോളം മേലനക്കാന്‍ മേലാതായതും

ഒരിക്കല്‍ വേണു ലിഫ്റ്റ് കാത്തുനില്‍ക്കുമ്പോള്‍ ചുറ്റുമുണ്ടായിരുന്ന ലേഡീസ് കേള്‍ക്കെ ആന്റണ്‍ വില്‍ഫ്രഡ് ''വേണൂനെപ്പോലെയുള്ള കൊച്ചുപയ്യന്മാര്‍ ഇങ്ങനെ ലിഫ്റ്റും
കാത്ത് നില്‍ക്കുന്നത് മോശമാണ് ''എന്നു തോട്ടിയിട്ടതും അതു  കേട്ട വേണു നാലാം
നിലവരെയുള്ള സ്റ്റെപ്പുകളത്രയും ചാടിക്കേറിയതും പിന്നെ ശ്വാസം കിട്ടാതെ സീറ്റില്‍
ചെന്ന് കുഴഞ്ഞുവീണതും

ഏതോ അകന്ന ബന്ധു മരിച്ചതിനോടനുബന്ധിച്ച് എടുത്ത ലീവ് കഴിഞ്ഞ് പ്രദീപ്
തിരിച്ചെത്തിയപ്പോള്‍ അനുശോചനമറിയിക്കാനായി വേണു മെല്ലെ അടുത്തുചെന്നതും
ഒരുമിനിറ്റ് അതീവ ദു:ഖ ഭാവത്തോടെ പ്രദീപിന്റെ മുഖത്തേക്ക് നിര്‍ന്നിമേഷനായി
നോക്കിനിന്നതും തൊണ്ടയില്‍ ഗദ്ഗദം വരാനായി കാത്തുനിന്നതും വേണൂന്റെ ഈ
സ്റ്റാര്‍ട്ട് ക്യാമറ ആക് ഷന്‍  കണ്ടപ്പോള്‍ ദേഷ്യം വന്ന പ്രദീപ് എന്തെടാ എന്നും ചോദിച്ച്‌ ചെന്തമിഴിലുള്ള ഒരു പദം പ്രയോഗിച്ചതും അതുകേട്ട വേണു ചെവിയും
പൊത്തി ജീവനും കൊണ്ട് പാഞ്ഞതും......   
   
ഉത്തരേന്ത്യയില്‍നിന്നും ലീവിനുവന്ന അനിയന്റെ കൈയിലുണ്ടായിരുന്ന കൂളിങ് ഗ്ലാസും റാഡോ വാച്ചും പാര്‍ക്കര്‍ പെന്നും ഫോറിന്‍ ഷൂസും ഫോറിന്‍ ക്യാമറയും ഫോറിന്‍
പെര്‍ഫ്യൂമും ടീഷര്‍ട്ടും ജീന്‍സും ബനിയനും  ബെര്‍മൂഡകളുമെല്ലാം
രായ്ക്കുരാമാനം വേണു അടിച്ചുമാറ്റിയതും 
പിന്നെ അതെല്ലാമിട്ടോണ്ട് ആപ്പീസില്‍ ചെത്തിനടന്നതും
നമ്മള്‍ എങ്ങനെ മറക്കാനാണ്?


ഇല്ല, സ്തുത്യര്‍ഹ സേവനത്തിന്   കാഷവാര്‍ഡ് കിട്ടി എന്ന വാര്‍ത്ത കേട്ടപാടെ
ബോധംകെട്ട് വീണ ഈ തരളഹൃദയനെ,
സൗന്ദര്യം ഒരു ശാപമായിത്തീര്‍ന്ന ഈ പുരുഷനെ
പാവങ്ങളുടെ ഈ മമ്മൂട്ടിയെ
നമ്മുടെ ഈ ഇഷ്ടതോഴനെ
നമ്മള്‍ ഒരിക്കലും മറക്കില്ല.......

7 comments:

  1. മധുരമനോജ്ഞം ഈ വേണുഗോപാല പർവ്വം...!!! അഭിനന്ദനങ്ങൾ ബി.ആർ

    ReplyDelete
  2. ഒന്നും പരയാനില്ല....അത്രക്കു ഗംഭീരം
    അഭിനന്ദനങള്‍.................................

    ReplyDelete
  3. മറക്കാൻ സമ്മതിച്ചിട്ടുവേണ്ടേ? (എങ്ങിനെ നീ മറക്കും കിളിയേ.. എന്ന പാട്ടിന്റെ ട്യൂൺ back ground ൽ കേൾക്കുന്നു.. ).

    ReplyDelete
  4. ഇത്രയും കഥാകൾ കോർത്തിണക്കി അവതരിപ്പിച്ചതിൽ സർ എന്റെ വക ഒരു big salute. സംഗതി എന്റെ പപ്പും പൂടയും പറിച്ചിട്ടാണെങ്കിലും ഞാനും ശരിക്ക് ആസ്വദിച്ചു.

    ReplyDelete
  5. 'പപ്പും പൂടയും' 👌☺️👍

    ReplyDelete
  6. ഇതിലും വലിയ ഒരു അവാർഡ് കിട്ടാനില്ല. 😊(കമന്റിടുമ്പോൾ അനോണിമസ് ഗൊൺസാൽവ്സിന് പകരം google ac സെലക്റ്റ് ചെയ്യൂ വേണൂ. അപ്പോൾ പേര് എഴുതിവരും)

    ReplyDelete