rajasooyam

Tuesday, September 15, 2015

തിരുമേനിയോടാ കളി !

കുരുഡോയിലിന്റെ ഉല്പാദനം കുറയുന്നതും തദ്വാരാ അന്താരാഷ്ട്ര വിപണിയില്‍
പെട്രോളിനു വിലവര്‍ദ്ധിക്കുന്നതും തനിക്കൊരു പ്രശ്നമല്ലെന്നും അത് തന്നെ യാതൊരു വിധത്തിലും ബാധിക്കാറില്ലെന്നും എന്‍ബി.
കാരണം ചോദിച്ചപ്പോള്‍ തിരുമേനി പറയുവാ:
ഞാന്‍ അന്നും ഇന്നും എന്നും നൂറുരൂപക്കുതന്നെയാണ്
പെട്രോളടിക്കണത് !!!

Saturday, September 12, 2015

വര്‍ക്കീസ് വര്‍ഷിപ്പ് !

സമയം രാവിലെ 10.15
-ഹലോ, പി എഫ് സെക് ഷനല്ലേ
-അതേ
-എന്‍ ആര്‍ എ ചെയ്യണ കണ്ണന്‍ സാറുണ്ടോ
-ആള്‍ എത്തിയിട്ടില്ലല്ലൊ. ആരാ വിളിക്കുന്നേ?
-ഞാന്‍ വടക്കാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലര്‍ക്കാണ്. ഒരു എന്‍ ആര്‍ ഏയ്ക്ക്
 അപ്പ്‌ളൈ ചെയ്തിരുന്നു. അതിന്റെ പൊസിഷനൊന്നറിയാന്‍ വിളിച്ചതാണ്.
-എന്നാ അയച്ചത്?
-ഏതാണ്ട് ഒരു മാസമായിട്ടുണ്ട്
-കണ്ണനോട് നേരിട്ടുതന്നെ ചോദിക്കയാവും നല്ലത്. കുറച്ചുകഴിഞ്ഞിട്ട് വിളിക്കൂ

10.35
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-ഇല്ല
-ആളിന്ന് വന്നിട്ടില്ലേ
-ഉവ്വ്. ചായ കുടിക്കാന്‍ പോയിരിക്ക്യാണ്. ആരാ വിളിക്കുന്നേ?
-ഞാന്‍ കുറച്ചുമുമ്പ് വിളിച്ചിരുന്നു, എന്റെ എന്‍ ആര്‍ ഏ അപ്പ്‌ളിക്കേഷന്റെ കാര്യം അറിയാന്‍ വേണ്ടി
-കുറച്ചുകൂടി കഴിഞ്ഞ് വിളിക്കൂട്ടോ

11.30
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-ങ, നേരത്തെ വിളിച്ചയാളാണല്ലേ. സോറീട്ടോ. കണ്ണന്‍ ഇപ്പൊ ഇവിടുണ്ടായിരുന്നു. ഇപ്പൊ ഇവിടില്ല
-അപ്പറഞ്ഞത് മനസ്സിലായില്ല
-പുള്ളിക്കാരന്‍ ശൗചാലയത്തില്‍ പോയതാണെന്നു തോന്നുന്നു.
-അപ്പറഞ്ഞതും മനസ്സിലായില്ല.
-മലയാളത്തില്‍ ടോയ്‌ലെറ്റ് എന്നു പറയും
-ഓ! അതാണല്ലേ. അപ്പൊ ഞാന്‍ പിന്നെ വിളിക്കാം

12.30
-ഹലോ കണ്ണന്‍ സാറുണ്ടോ?
-ഇല്ലല്ലൊ. ഊണുകഴിക്കാന്‍ പോയീന്നു തോന്നണ്
-എത്ര സമയമാണ് നിങ്ങടെ ലഞ്ച് ബ്രെയ്ക്ക്?
-ഒന്നു മുതല്‍ ഒന്നര വരേയും പിന്നെ ഒന്നര മുതല്‍ രണ്ട് വരേയും
-അപ്പൊ ഇനി രണ്ടുമണി കഴിഞ്ഞ് വിളിച്ചാമതി അല്ലേ
-അതാവും നല്ലത്

2.15
-ഹലോ കണ്ണന്‍ സാറുണ്ടോ?
-നേരത്തെ വിളിച്ച ആളാണല്ലേ. കണ്ണന്‍ ഇപ്പൊത്തന്നെ ഇവിടുണ്ടായിരുന്നു.
 സ്റ്റോറീപ്പോയതാണെന്നാ തോന്നണേ
-ശെരി, ഞാന്‍ പിന്നെ വിളിക്കാം

3.00
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-ഇല്ല. വട കഴിക്കാന്‍ പോയി.
-എത്ര സമയമെടുക്കും?
-വട കഴിക്കാനോ?
-അല്ലല്ല. തിരിച്ചുവരാന്‍
-നിങ്ങളൊരു കാര്യം ചെയ്യ്. 4 മണിക്ക് വിളിക്ക്. ഞാന്‍ കണ്ണനോട് പറഞ്ഞുവെച്ചേക്കാം.
-താങ്ക് യൂ സര്‍

4.00
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-ഇല്ല. എസ്റ്റാബ്ലിഷ്‌മെന്റ് സെക് ഷനീപ്പോയിരിക്ക്യാണ്.
-ഉടനേ വരുമായിരിക്കും അല്ലേ?
-അങ്ങനെ ഒറപ്പ് പറയാന്‍ പറ്റ് ല്ല്യ. പുള്ളിക്കാരന് മെറിറ്റോറിയസ് സര്‍വീസിന് അവാര്‍ഡ് കിട്ടീട്ടുണ്ടേയ്.  അതിന്റെ ഫലകം വാങ്ങാന്‍ പോയതാണ്. എന്തായാലും കുറച്ച്  സമയമെടുക്കും.
-അങ്ങനെയെങ്കില്‍ ഞാന്‍ പിന്നെ വിളിക്കാം
-ഓ.കെ

4.50
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-കണ്ണനാണ് സംസാരിക്കുന്നത്.
-ഓ മൈ ഗോഡ്! സാറിനെയൊന്ന് കോണ്‍ടാക്റ്റ് ചെയ്യാന്‍ ഞാന്‍ രാവിലെ മുതല്‍ ട്രൈ
 ചെയ്‌തോണ്ടീരിക്ക്യായിരുന്നു.
-ങ! എന്നോട് കൃഷ്‌ണേട്ടന്‍ പറഞ്ഞായിരുന്നു. എന്‍ ആര്‍ ഏ-ടെ കാര്യം അറിയാനല്ലേ
-ഇതു വരെ വിളിച്ചോണ്ടിരുന്നത് അതിനായിരുന്നു. പക്ഷേ ഇപ്പൊ വിളിച്ചത് അതിനല്ല.
 മറ്റൊരു കാര്യം അറിയാനാണ്.
-വാട്ട് ഷാല്‍ ഐ ഡൂ ഫോര്‍ യൂ? ടെല്‍ മീ. എന്താണ് അറിയേണ്ടത്?
-നിങ്ങടെ ആപ്പീസിലൊരു ജോലി തരാക്കാന്‍ എന്താണൊരു വഴി? !!!


Friday, September 4, 2015

ലഘുതമ സാധാരണ ഗണിതം
   
-കേട്ടോ ബീആര്‍, പുറമേനിന്നു നോക്കുന്നവര്‍ക്ക് നമ്മുടെ കൃഷ്‌ണേട്ടന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും  വിചിത്രമായി തോന്നിയേക്കാം. പക്ഷേ യഥാര്‍ത്ഥത്തില്‍ അവയ്ക്കുപിന്നില്‍
വലിയ ലോജിക്കുണ്ടായിരിക്കും.
-കൃഷ്‌ണേട്ടന്‍ തേക്കേല്‍ കേറിയ കാര്യമാണോ കണ്ണന്‍ പറഞ്ഞോണ്ടുവരുന്നത്. അത് ലോകം മുഴുവന്‍  അറിഞ്ഞതാണ്. പുതിയതുവല്ലതുമുണ്ടെങ്കില്‍ പറയൂ
-കൃഷ്‌ണേട്ടന്‍ മന്ത്‌ലി അക്കൗണ്ട്‌സ് ചെക്ക് ചെയ്യുന്നത് ബിആര്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
-ഇല്ല
-എന്നാല്‍ ശ്രദ്ധിക്കണം
-അതെന്താ. എല്ലാവരും ചെയ്യുന്നതുപോലെ തന്നെയല്ലേ കൃഷ്‌ണേട്ടനും ചെയ്യണത്?
-അതൊക്കെ ശെരി തന്നെ. പക്ഷേ ചെക്കിങ്ങ് കഴിഞ്ഞാല്‍ കൃഷ്‌ണേട്ടന്റെ വക മറ്റൊരു ചെയ്ത്തുണ്ട്
-അതെന്തുവാ?
-ആറിഞ്ച് നീളമുള്ള വലിയ ടാഗുപയോഗിച്ചാണ് കൃഷ്‌ണേട്ടന്‍ മന്ത്‌ലി അക്കൗണ്ട്‌സ് തുന്നിക്കെട്ടുന്നത്.  ബണ്ടിലിന്റെ ലെഫ്റ്റ് ഹാന്‍ഡ് കോര്‍ണറില്‍ പോക്കര്‍കൊണ്ട് തുളയിടും. പിന്നെ അതിലൂടെ ടാഗ്  കടത്തി കടുംകെട്ടിടും. അതു കഴിയുമ്പോളാണ് കൃഷ്‌ണേട്ടന്റെ വിചിത്ര പ്രവൃത്തി.
-ച്ചാല്‍?
-കീശയില്‍നിന്നും മീശവെട്ടണ കത്രിക പുറത്തെടുത്ത് ടാഗിന്റെ രണ്ടറ്റത്തുമുള്ള
മെറ്റല്‍ സ്ട്രിപ്‌സ് കട്ട്  ചെയ്‌തെടുക്കും. എന്നിട്ട് അത് രണ്ടും ഒരു തകരച്ചെപ്പിലിട്ട് ഭദ്രമായി അടച്ചുവെക്കും!
-അതെന്തിനാ?
-ഞാനും ഈ ചോദ്യം കുറേ നാള്‍ മനസ്സിലിട്ടുരുട്ടിക്കൊണ്ടുനടന്നു. ഒടുവില്‍ വീര്‍പ്പുമുട്ടിയപ്പൊ
 കൃഷ്‌ണേട്ടനോടുതന്നെ ചോദിച്ചു. അപ്പൊ പുള്ളിക്കാരന്‍ പറയ്യ്യാണേയ്: ''അതേയ് കണ്ണാ, നമ്മള്‍ എന്തു ജോലി ചെയ്താലും അതിനൊരു കണക്കുവേണം''.
-അതിന് ജോലീടെ കണക്കും ടാഗിന്റെ സ്ട്രിപ്പും തമ്മില്‍ എന്താ ബന്ധം?
-ഇതേ ചോദ്യം തന്നെയാണ് ഞാനും ചോദിച്ചത്. അതിന് കൃഷ്‌ണേട്ടന്റെ മറുപടി ഇതായിരുന്നു:
 ''അതേയ് കണ്ണാ, റിട്ടയര്‍ ചെയ്യുന്ന ദിവസം ഈ തകരച്ചെപ്പുതുറന്ന് അതില്‍ എത്ര മെറ്റല്‍
 സ്ട്രിപ്പുണ്ടെന്ന് വെറുതേ എണ്ണിനോക്ക്യാ മതി. അതിനെ രണ്ടുകൊണ്ട് ഹരിച്ചാല്‍
 സര്‍വീസിലിരിക്കുമ്പൊ ഞാന്‍  എത്ര മന്ത്‌ലി അക്കൗണ്ട്‌സ് ചെക്ക്‌ചെയ്തിട്ടുണ്ട് എന്നതിന്റെ
 കൃത്യമായ കണക്ക് കിട്ടും'' !!!