rajasooyam

Saturday, March 28, 2015

സ്ഥലപുരാണം

തൃശൂരില്‍ മണ്ണുത്തി കാര്‍ഷികസര്‍വകലാശാലക്കടുത്തായി വെള്ളരിക്കക്ക്
പേരുകേട്ട ഒരു സ്ഥലമുണ്ട്.
പല നിറത്തിലും രൂപത്തിലും ഭാവത്തിലുമുള്ള വെള്ളരിക്കകള്‍
എത്രവേണമെങ്കിലും അവിടെ കിട്ടും. വിഷുക്കാലമായാല്‍ പിന്നെ പറയുകയും
വേണ്ട; ചെമ്പഴുക്കാനിറമുള്ള കണിവെള്ളരിക്കക്കുവേണ്ടി ലോകത്തിന്റെ
നാനാഭാഗത്തുനിന്നും ജനത്തിന്റെ  ഒഴുക്കാണവിടേക്ക്.
അതുകൊണ്ടുതന്നെയാവണം ആ പ്രദേശമുള്‍ക്കൊള്ളുന്ന പഞ്ചായത്തിന്
വെള്ളരിക്കാത്തടം എന്ന പേരു വീണത്.

കഴിഞ്ഞ കുറച്ചുനാളുകളായി നാടെമ്പാടും സ്ഥലനാമങള്‍ പുതുക്കുന്ന ഒരു
പ്രവണത കണ്ടുവരുന്നുണ്ടല്ലൊ. മദ്രാസ് ചെന്നൈ ആയതും ബോംബെ മുംബൈ ആയതും
കല്‍ക്കത്ത കോല്‍ക്കൊത്തയായതും അങ്ങനെയാണല്ലൊ.
അതൊക്കെ കേട്ടപ്പോള്‍ വെള്ളരിക്കാത്തടത്തിലെ പഞ്ചായത്ത് സമിതിക്കും
ഒരു പൂതി; പഞ്ചായത്തിന്റെ പേരൊന്നു മാറ്റണം.
വെറുതേ പൂതിയുണ്ടായാല്‍ പോരല്ലോ. പറ്റിയ പേരു കിട്ടണ്ടേ.
പലരും പല പേരുകളും സജസ്റ്റ് ചെയ്‌തെങ്കിലും പഞ്ചായത്ത് സമിതിക്ക്
അതൊന്നും തന്നെ പിടിച്ചില്ല.
അങ്ങനെയിരിക്കെയാണ് നമ്മുടെ കാടമുട്ട ഫെയിം ഷഷിധരന്‍ എവിടെയോ
ഓഡിറ്റിനുപോകുന്ന വഴി ആ വഴി ബസ്സില്‍ യാത്ര ചെയ്യുന്നത്.
വഴി വേണ്ടത്ര പരിചയമില്ലാത്തതിനാല്‍ കണ്ണില്‍കാണുന്ന ബോര്‍ഡുകളെല്ലാം
അരിച്ചുപെറുക്കി വായിച്ചാണ് ഷഷിയുടെ യാത്ര.
വണ്ടി വെള്ളരിക്കാത്തടത്തെത്തിയപ്പോള്‍ ഒരു ബേക്കറിയുടെ ബോര്‍ഡില്‍
എഴുതിവെച്ചിരുന്ന സ്ഥലനാമം ഷഷി ഉറക്കെ വായിച്ചു.....
അതുകേട്ടതും തൊട്ടടുത്ത് മുതിര്‍ന്ന പൗരന്മാരുടെ സീറ്റിലിരുന്ന്
ഉറങ്ങുകയായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ഞെട്ടിയുണര്‍ന്ന് ചാടിയെണീറ്റ് രണ്ടുകൈകൊണ്ടും ഷഷിയുടെ കൈ പിടിച്ച് കുലുക്കിക്കൊണ്ട് പറയുകയാണ് : മതി... അതുതന്നെ മതി. താങ്ക് യൂ.താങ്ക് യൂ വെരി മച്ച്. ദയവായി ഇപ്പൊപ്പറഞ്ഞത്  ഒന്നുകൂടെ പറയൂ.

കാര്യമൊന്നും മനസ്സിലായില്ലെങ്കിലും വെണ്ടക്കാ അക്ഷരത്തില്‍ വെള്ളരിക്കാത്തടം എന്നെഴുതിയ ആ ബോര്‍ഡ് നോക്കി ഷഷി ഒന്നുകൂടി വായിച്ചു;
വെ ള്ള ക്കാ രി ത്തടം !!!