rajasooyam

Sunday, May 29, 2016

ലോകസമാധാനത്തിന് ഒരു മാര്‍ഗ്ഗരേഖ

രണ്ടുപേരും വെരി വെരി സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍മാരാണ്.
രണ്ടുപേരുടേയും സീറ്റുകള്‍ ഒരേ റൂമിനകത്തുമാണ്.
പറഞ്ഞിട്ടെന്തുകാര്യം. രണ്ടുപേരും പരസ്പരം കാണാറേയില്ല!

ഒരാള്‍ റൂമിന്റെ ഈശാനകോണില്‍ കിഴക്കോട്ടുതിരിഞ്ഞാണിരിപ്പ്.
മറ്റേയാള്‍ കന്നിമൂലയില്‍ പടിഞ്ഞാട്ടുതിരിഞ്ഞും.

ഒരാള്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചര വരെ പേ റിവിഷന്‍ നോക്കിക്കൊണ്ടിരിക്കും.
മറ്റേയാള്‍ ആ സമയത്ത് പി എഫ് ക്ലോഷര്‍, എന്‍ ആര്‍ എ, ഫ്രോഡ് ഷീറ്റ് മുതലായവ
നോക്കിക്കൊണ്ടിരിക്കും.

ഇതിനിടയില്‍ വല്ലപ്പോഴും കിഴക്കുനോക്കിയാപ്പീസര്‍ കിഴക്കോട്ടുതന്നെ തിരിഞ്ഞിരുന്നു
കൊണ്ട് പടിഞ്ഞാറുനോക്കിയാപ്പീസറോട് എന്തെങ്കിലുമൊന്നുരിയാടിയെന്നിരിക്കും.
പറഞ്ഞത് ഒരു വഹ കേട്ടിട്ടുണ്ടാവില്ലെങ്കിലും പടിഞ്ഞാറുനോക്കിയാപ്പീസര്‍ ഉവ്വ്വോ, അതുശെരി, നന്നായി എന്നൊക്കെയങ്ങ് തട്ടിവിടും. അതല്ലെങ്കില്‍ വെറുതെ മൂളിക്കൊടുക്കും!
തിരിച്ചും തഥൈവ.

കുറ്റമറ്റ ഈ ദിനചര്യ  കൃത്യമായി അഡ്ഹ്യര്‍ ചെയ്തതിനാലാവണം ബിആറും വിജയമ്മ സാറും തമ്മില്‍ നാളിതുവരെ യാതൊരുവിധ ശണ്ഠയുമുണ്ടായിട്ടില്ല !!!