rajasooyam

Tuesday, May 19, 2020


സ്നേഹവും കരുതലും

എം ജി ആർ സാർ തിമിരത്തിന്റെ ഓപ്രേഷം കഴിഞ്ഞ് ബെഡ് റെസ്റ്റെടുത്തിരിക്കുന്ന കാലഘട്ടം.
രാപകലെന്യേ വിശ്രമിച്ചുകിടക്കുന്ന രവിസാറിനെ കാണാൻ ചെന്ന സഹൃദയനായ ഒരുസുഹൃത്ത് അദ്ദേഹത്തിന് ഒരു ഉപഹാരം കൊടുത്തു; വർണ്ണമനോഹരമായ ഒരു രവിവർമ്മച്ചിത്രം-
കാലിന്റെ ഉപ്പുറ്റിയിൽ ഗർഭമുനകൊണ്ടിട്ടെന്ന വ്യാജേന പുറകേ വരുന്ന ദുഷ്യന്തൻ മാഷിനെ പിൻ തിരിഞ്ഞുനോക്കുന്ന ശകുന്തളയുടെ ചിത്രം.
തിമിരത്തിന്റെ ഓപ്രേഷം കഴിഞ്ഞുകിടക്കുന്നയാൾക്ക് കണ്ണിമയ്ക്കാതെ കണ്ടിരിക്കാൻ ഇതിനേക്കാൾ പറ്റിയ ചിത്രമില്ല.
ചിത്രപടം കട്ടിലിനെതിർവശത്തെ ചുമരിൽ ഞാത്തിയിട്ടാൽ എന്നും കണികണ്ടുണരാം; രവിസാർ അപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടു.

സുഹൃത്ത് പോയിക്കഴിഞ്ഞപ്പോൾ സാറ് അകത്തേക്ക് നീട്ടിവിളിച്ചൂ.
-ഭാരത്യേയ്
-എന്തോ
-ഒരാണിയും ആ ചുറ്റികയും ഇങ്ങെടുത്താട്ടെ
-എന്തിനാണാവോ
-ചുമരിലൊരു ചിത്രം തൂക്കാനാണ്
-ഓ. അതിനാണോ. എമർജൻസിയൊന്നുമല്ലല്ലൊ. ഞാൻ അല്പം തിരക്കിലാണ്
-എവിടെയാണ് ഇരിക്കണേന്നു പറഞ്ഞാ മതി. ഞാനെടുത്തോളാം.
-ഇത് വല്ലാത്ത പുകില് തന്നെ...ആണീടെ ചെപ്പ് അപ്രത്തെ മുറീലെ ചൊമരലമാരീല്ണ്ട്. ചുറ്റിക അവടത്തെ മേശവലിപ്പില്ണ്ടാവും.
-ഓക്കെ. തേങ്സ്
-പിന്ന്യേയ്...
-ങാ. പറയൂ
-മറ്റേ സാധനം ആ മരുന്നിന്റെ ചെപ്പില്ണ്ടാവുംട്ടാ. അതിനിനി വേറെ വിളിച്ചുകൂവണ്ട.
-എന്ത് സാധനം?
-ബാൻഡ് എയ്ഡ് !!!







Thursday, May 7, 2020


വിധിവിഹിതം!

-എം ജി ആർ സാറേ, ഒരു സിമ്പ് ൾ റിക്വെസ്റ്റുണ്ടായിരുന്നു
-എന്താണ്?
-ച്ചാൽ അടുത്തൂൺ പറ്റി വീട്ടിൽ ലോക് ഡൌൺ ആവുന്നേനുമുമ്പ് സാറ് ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടല്ലൊ. ആ യാത്രകൾക്കിടയ്ക്ക് മറക്കാൻ പറ്റാത്ത എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
-പ്ലെന്റി
-പെട്ടെന്ന് ഓർമ്മയിലെത്തുന്ന ഒരു എപ്പിഡോസ് പറയാമോ?
-കമലിന്റെ പെരുമഴക്കാലം ഇറങ്ങിയ കാലമാണ്. വടക്കാഞ്ചേരി താലൂക്കാപ്പീസിലായിരുന്നു അന്ന് ഓഡിറ്റ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോരാൻ ബസ്സുകാത്ത് നിൽക്കുകയാണ് ഞാൻ. തുള്ളിക്കൊരുകൊടം പേമാരി എന്ന പാട്ടും പാടിയാണ് മഴ പെയ്യുന്നത്, മദ്ദളം കൊട്ടുന്നത്.
ഒരു മണിക്കൂറായിട്ടും ബസ്സൊന്നും കാണുന്നില്ല. പ്രൈവറ്റ് ബസ്സുകാർ ഇടിമിന്നൽ പണിമുടക്കിലാണെന്ന് അടുത്തുള്ള ചായപ്പീടികയിലിരുന്ന് ആരോ പറയുന്ന കേട്ടു. ബെസ്റ്റ്!
തുലാദൌ രാവേറിടും എന്ന തത്വപ്രകാരം നേരവും ഇരുട്ടിത്തുടങ്ങി. ഈശ്വരാ ഇന്നെങ്ങനെ വീടെത്തിപ്പറ്റും എന്നാകുലപ്പെട്ടങ്ങനെ നിൽക്കേ ‘സ്ക്രീം’ എന്ന ശബ്ദത്തോടെ ഒരു ടാക്സി കാർ എന്റെ നേരെ മുന്നിൽ സഡൺ ബ്രേയ്ക്കിട്ടു നിർത്തി. ‘സാറെങ്ങോട്ടാ?’ ഡ്രൈവർ ചോദിച്ചു. ‘തിരൂർക്ക്’, ഞാൻ പറഞ്ഞു. ‘എന്നാ കേറിക്കോ’ എന്നും പറഞ്ഞ് അയാൾ ഫ്രണ്ട് ഡോർ തുറന്നുതന്നു. അതിൽ വേറെ ആരും ഉണ്ടായിരുന്നില്ല. അയാൾ വണ്ടി വിട്ടു.
ഇരുട്ടിന് കനം വെച്ചു തുടങ്ങി. മഴ തൊഴിച്ചുപെയ്യുക തന്നെയാണ്. ഏതാണ്ട് നൂറ് കിലോമീറ്റർ സ്പീഡിലാണ് ഡ്രൈവർ വണ്ടിയോടിക്കുന്നത്. ഇടയ്ക്കിടെ അയാൾ സ്ക്രീം എന്ന് സഡൺ ബ്രേയ്ക്ക് ചവിട്ടുന്നുണ്ട്. എനിക്ക് ആകപ്പാടെ ഭയമായി. ഈ പോക്കുപോയാൽ തിരൂർ വരെ എത്തുമോ എന്ന ചിന്തയായി. എതിരേ വണ്ടികൾ വരുന്നതു കാണുമ്പോൾ ഞാൻ കണ്ണടച്ചിരുന്ന് ഈശ്വരനെ വിളിക്കും. അതിനിടെ രണ്ടുമൂന്നുവട്ടം അയാൾ ഇടത്തോട്ട് തല വെട്ടിച്ച് സംശയരൂപേണ എന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നെ സംശയം തീർക്കാൻ വേണ്ടി ചോദിച്ചു :‘ എന്തുട്ടാ സാറെ ചെവിയിൽ അടച്ചുവെച്ചേക്കണത്? ’. ഞാൻ പറഞ്ഞു; ‘ഹിയറിങ് എയ്ഡാണ്’. ‘അപ്പോൾ സാറിന് ശരിക്ക് ചെവി കേൾക്കാൻ പറ്റില്ലേ’ന്ന് അയാൾ. ‘ഇല്ല’ എന്ന് ഞാൻ.
ആ വേളയിൽ ആ സന്ദർഭത്തിൽ അയാളിൽനിന്ന് ഒരാത്മഗതം പുറത്തുവന്നു.
അതു കേട്ടതും എന്റെ സപ്തനാഡികളും തളർന്നുപോയി!
-എന്തായിരുന്നു സാർ ആ ആത്മഗതം?
“ എന്താ പറയ് Ͻ..ഒരോരുത്തർക്കും ഓരോ വിധി! സാറിന് ശെരിക്ക് ചെവി കേട്ടൂട. എനിക്കാണെങ്കിൽ മര്യാദയ്ക്ക് കണ്ണും കാണ് ല്ല്യ” !!!














Sunday, May 3, 2020


എന്തരോ എന്തോ

ഉണക്കമീൻ വറുക്കുമ്പോൾ അതിൽ പച്ചമുളകാണോ വറ്റൽ മുളകാണോ ഇടേണ്ടത്?
ചെമ്മീൻ തോരൻ ഉണ്ടാക്കുമ്പോൾ ഉഴുന്നുപരിപ്പ് ചേർക്കണോ?
താറാവിറച്ചി കറിവെക്കുമ്പോൾ തക്കാളി അരിഞ്ഞിടണോ?
പന്നിയിറച്ചി പിരളൻ ഉണ്ടാക്കുമ്പോൾ മഞ്ഞൾപ്പൊടി വിതറണോ?
ഒരു കിലോ ബീഫ് ഫ്രൈ വെക്കാൻ എത്ര അല്ലി വെളുത്തുള്ളി ചേർക്കണം?
കോഴിയിറച്ചി ഉലർത്തുമ്പോൾ വിനാഗിരി ചേർക്കണോ?
മുട്രോസ്റ്റ് ഉണ്ടാക്കുമ്പോൾ മുട്ടയുടെ തോട് കളയണോ?
മട്ടൺ ബിരിയാണിയുണ്ടാക്കുമ്പോൾ പുതിനയില ഇടണോ?
ചിക്കൻ ബിരിയാണിയുണ്ടാക്കുമ്പോൾ തക്കാളി ചേർത്ത് വഴറ്റണോ?
ചെമ്മീൻ ബിരിയാണിയുണ്ടാക്കാൻ ചെമ്മീന്റെ തൊലി കളയണമെന്നുണ്ടോ?
ഇഞ്ചിപ്പോർക്കുണ്ടാക്കുമ്പോൾ ചില്ലി സോസ് ചേർക്കണോ?
മുട്ടനാടിന്റെ ഇറച്ചികൊണ്ട് മട്ടൺ കുറുമയുണ്ടാക്കാമോ?

          ഈ ചോദ്യങ്ങൾ ഓരോന്നിനും കൃത്യമായ ഉത്തരങ്ങൾ തരാൻ പറ്റുന്ന ഒരേ ഒരാളേയുള്ളൂ ബൂമി മലയാളത്തിൽ. അത് സാക്ഷാൽ കുറൂർ ഇല്ലത്തെ സൂമാരൻ തിരുമേനിയാണ് !
ഇവിടെ സ്വാഭാവികമായും ഒരു ചോദ്യമുയരാൻ സാദ്ധ്യതയുണ്ട്: സൂമാരൻ തിരുമേനി മാംസഭുക്കാണോ?

ഏതദ്വിഷയത്തിൽ ഇത്രമാത്രമേ പറക വയ് ക്കൂ.
ഒന്ന്: തിരുമേനി നോൺ വെജ് ഫുഡ് കഴിക്കുന്നത് നാളിതുവരെ ഒരാളും കണ്ടിട്ടില്ല- ഇല്ലത്തുള്ളോരടക്കം.
രണ്ട്: താൻ നോൺ വെജ് ഫുഡ് കഴിക്കില്ലെന്ന്  തിരുമേനി ഒരാളോടും പറഞ്ഞിട്ടുമില്ല.

എന്തരോ എന്തോ....