rajasooyam

Thursday, May 7, 2020


വിധിവിഹിതം!

-എം ജി ആർ സാറേ, ഒരു സിമ്പ് ൾ റിക്വെസ്റ്റുണ്ടായിരുന്നു
-എന്താണ്?
-ച്ചാൽ അടുത്തൂൺ പറ്റി വീട്ടിൽ ലോക് ഡൌൺ ആവുന്നേനുമുമ്പ് സാറ് ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടല്ലൊ. ആ യാത്രകൾക്കിടയ്ക്ക് മറക്കാൻ പറ്റാത്ത എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
-പ്ലെന്റി
-പെട്ടെന്ന് ഓർമ്മയിലെത്തുന്ന ഒരു എപ്പിഡോസ് പറയാമോ?
-കമലിന്റെ പെരുമഴക്കാലം ഇറങ്ങിയ കാലമാണ്. വടക്കാഞ്ചേരി താലൂക്കാപ്പീസിലായിരുന്നു അന്ന് ഓഡിറ്റ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോരാൻ ബസ്സുകാത്ത് നിൽക്കുകയാണ് ഞാൻ. തുള്ളിക്കൊരുകൊടം പേമാരി എന്ന പാട്ടും പാടിയാണ് മഴ പെയ്യുന്നത്, മദ്ദളം കൊട്ടുന്നത്.
ഒരു മണിക്കൂറായിട്ടും ബസ്സൊന്നും കാണുന്നില്ല. പ്രൈവറ്റ് ബസ്സുകാർ ഇടിമിന്നൽ പണിമുടക്കിലാണെന്ന് അടുത്തുള്ള ചായപ്പീടികയിലിരുന്ന് ആരോ പറയുന്ന കേട്ടു. ബെസ്റ്റ്!
തുലാദൌ രാവേറിടും എന്ന തത്വപ്രകാരം നേരവും ഇരുട്ടിത്തുടങ്ങി. ഈശ്വരാ ഇന്നെങ്ങനെ വീടെത്തിപ്പറ്റും എന്നാകുലപ്പെട്ടങ്ങനെ നിൽക്കേ ‘സ്ക്രീം’ എന്ന ശബ്ദത്തോടെ ഒരു ടാക്സി കാർ എന്റെ നേരെ മുന്നിൽ സഡൺ ബ്രേയ്ക്കിട്ടു നിർത്തി. ‘സാറെങ്ങോട്ടാ?’ ഡ്രൈവർ ചോദിച്ചു. ‘തിരൂർക്ക്’, ഞാൻ പറഞ്ഞു. ‘എന്നാ കേറിക്കോ’ എന്നും പറഞ്ഞ് അയാൾ ഫ്രണ്ട് ഡോർ തുറന്നുതന്നു. അതിൽ വേറെ ആരും ഉണ്ടായിരുന്നില്ല. അയാൾ വണ്ടി വിട്ടു.
ഇരുട്ടിന് കനം വെച്ചു തുടങ്ങി. മഴ തൊഴിച്ചുപെയ്യുക തന്നെയാണ്. ഏതാണ്ട് നൂറ് കിലോമീറ്റർ സ്പീഡിലാണ് ഡ്രൈവർ വണ്ടിയോടിക്കുന്നത്. ഇടയ്ക്കിടെ അയാൾ സ്ക്രീം എന്ന് സഡൺ ബ്രേയ്ക്ക് ചവിട്ടുന്നുണ്ട്. എനിക്ക് ആകപ്പാടെ ഭയമായി. ഈ പോക്കുപോയാൽ തിരൂർ വരെ എത്തുമോ എന്ന ചിന്തയായി. എതിരേ വണ്ടികൾ വരുന്നതു കാണുമ്പോൾ ഞാൻ കണ്ണടച്ചിരുന്ന് ഈശ്വരനെ വിളിക്കും. അതിനിടെ രണ്ടുമൂന്നുവട്ടം അയാൾ ഇടത്തോട്ട് തല വെട്ടിച്ച് സംശയരൂപേണ എന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നെ സംശയം തീർക്കാൻ വേണ്ടി ചോദിച്ചു :‘ എന്തുട്ടാ സാറെ ചെവിയിൽ അടച്ചുവെച്ചേക്കണത്? ’. ഞാൻ പറഞ്ഞു; ‘ഹിയറിങ് എയ്ഡാണ്’. ‘അപ്പോൾ സാറിന് ശരിക്ക് ചെവി കേൾക്കാൻ പറ്റില്ലേ’ന്ന് അയാൾ. ‘ഇല്ല’ എന്ന് ഞാൻ.
ആ വേളയിൽ ആ സന്ദർഭത്തിൽ അയാളിൽനിന്ന് ഒരാത്മഗതം പുറത്തുവന്നു.
അതു കേട്ടതും എന്റെ സപ്തനാഡികളും തളർന്നുപോയി!
-എന്തായിരുന്നു സാർ ആ ആത്മഗതം?
“ എന്താ പറയ് Ͻ..ഒരോരുത്തർക്കും ഓരോ വിധി! സാറിന് ശെരിക്ക് ചെവി കേട്ടൂട. എനിക്കാണെങ്കിൽ മര്യാദയ്ക്ക് കണ്ണും കാണ് ല്ല്യ” !!!














No comments:

Post a Comment