rajasooyam

Sunday, December 31, 2023

 

SPOT LIGHT

 

-പണ്ട് ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബ്ബ് അവതരിപ്പിച്ചിരുന്ന നാടകങ്ങളിലെ സ്ഥിരം നായകനായിരുന്നു ഗുരുജിയെന്ന് കേട്ടിട്ടുണ്ട്.  പിന്നെ ഇടക്കാലത്തുവെച്ച് എന്തേ അഭിനയം നിര്‍ത്താന്‍?

-(ഏറെനേരം അനന്തതയിലേക്ക് കണ്ണും നട്ടിരുന്ന്) അതൊരു കാലം.....കൂടെ നടന്നവര്‍  കാല്‌വാരിയപ്പോള്‍ എല്ലാം ഉപേക്ഷിക്കുകയായിരുന്നു....

-ആരാണ് അങ്ങയുടെ കാല് വാരിയത്?

-ഉറ്റ സുഹൃത്തുക്കള്‍ തന്നെ.

-പേര് വെളിപ്പെടുത്തിക്കൂടെ?

-വിവാദമാവ്വ്വോ?

-അക്കാര്യം ഞാനേറ്റു.

-എങ്കില്‍ പറയാം. സഹരാജന്‍ നായര്‍. വേണുപ്പണിക്കര്‍. സോമന്‍,  ജോസ് മാത്യു. ജോസഫ് സാബു. അങ്ങനെ പലരുമുണ്ട്.

-'നാടകീയമായ' ആ സംഭവവികാസങ്ങളെപ്പറ്റി ഒന്ന് ചുരുക്കിപ്പറയാമോ?

-'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യായിരുന്നു അക്കൊല്ലത്തെ നാടകം. അതില്‍ പരമുപിള്ളയുടെ  റോളായിരുന്നു എനിക്ക്.

-അതൊരു വയസ്സന്‍ കഥാപാത്രമല്ലേ.

-അതെ.

-ഗുരുജിക്ക് അക്കാലത്ത് മുപ്പത് മുപ്പത്തൊന്ന് ഏറിയാല്‍ മുപ്പത്തിരണ്ട് വയസ്സല്ലേ കാണൂ?

-അതെ. മുപ്പതുകാരനായ ഞാന്‍ അറുപത്തഞ്ചുകാരന്റെ വേഷം തെരഞ്ഞെടുത്തു. അതാണ് കലാകാരന്റെ കഴിവ്. വൈഭവം. എബിലിറ്റി. ഡെഡിക്കേഷന്‍. പ്രതിബദ്ധത.

-ഒവ്വ. എന്നിട്ട്?

-സഹരാജന്‍ നായരായിരുന്നു സംവിധായകന്‍. റിഹേഴ്‌സലൊക്കെ പൊടിപൊടിച്ചു. പക്ഷേ  സ്‌റ്റേജില്‍ കേറാന്‍ നേരത്താണ് പെട്ടെന്ന് ഒരുകാര്യം ഓര്‍മ്മവന്നത്.

-ഏത് കാര്യം?

-പുഴുങ്ങിയലക്കിയ ജഗന്നാഥന്‍ മുണ്ടും കൗപീനവുമായിരുന്നു പരമുപിള്ളയുടെ വേഷം. ഇതില്‍  രണ്ടാമത് പറഞ്ഞ സാധനം സംഘടിപ്പിച്ചിരുന്നില്ല! അതാണെങ്കില്‍ ആ കഥാപാത്രത്തിന്  അവശ്യം ആവശ്യമാണുതാനും. ക്യാമ്പില്‍ ആകപ്പാടെ അങ്കലാപ്പായി. ആ ലെവന്‍ത്തവറില്‍ അത്  തേടി എവിടെപ്പോകാനാണ്? വായ്പ വാങ്ങാന്‍ കിട്ടുന്നതുമല്ലല്ലൊ അത്. ഒടുവില്‍ ആരോ  എവിടെനിന്നോ രണ്ടുമുഴം നീളവും നാലിഞ്ചു വീതിയുമുള്ള ഒരു ശീലക്കഷ്ണം  സംഘടിപ്പിച്ചുകൊണ്ടുവന്നുതന്നു. ഒട്ടുമില്ലാത്തതില്‍ ഭേദം ഇട്ടൂപ്പ് എന്ന തത്വപ്രകാരം അത്  ഉടുത്തേക്കാമെന്നുവെച്ചപ്പോള്‍ പിന്നേയും പ്രശ്‌നം. എവിടെക്കൊണ്ടാണ് അത് ഫിറ്റ് ചെയ്യുക.  എനിക്കാണെങ്കില്‍ അരഞ്ഞാണച്ചരടുമില്ല!

-അതെന്തേ അരഞ്ഞാണമില്ലാതെ പോയത്? വല്ലവരും പൊട്ടിച്ചോണ്ട് പോയതാണോ?

-അല്ല. സ്വയം പൊട്ടിച്ചെറിഞ്ഞതാണ്.

-പൊട്ടിച്ചെറിയുകയോ?

-അതെ. ആയിടക്കാണ് ഞാന്‍ ഇ.എം.എസ്സിന്റേയും വി.ടി.ഭട്ടതിരിപ്പാടിന്റേയും മറ്റും  ആത്മകഥകള്‍ വായിക്കുന്നത്. അതില്‍ അവര്‍ സ്വന്തം പൂണൂല്‍ പൊട്ടിച്ചെറിയുന്ന കാര്യം  പറയുന്നുണ്ടല്ലൊ. എനി്ക്ക് പൊട്ടിക്കാന്‍ പൂണൂലില്ലായിരുന്നു......

-അതു കൊള്ളാം. ആ അന്തരാളഘട്ടം പിന്നെ എങ്ങനെയാണ് തരണം ചെയ്തത്?

-സഹരാജന്‍ നായര്‍ ആ ശീലയുടെ സൈഡ് പിടിച്ച് നീളത്തിലൊന്ന് കീറി. പിന്നെ അത്  പിരിച്ച് ഒരു ചരടാക്കി എന്റെ അരയില്‍ കെട്ടി കൗപീനം അതേല്‍ ഫിറ്റാക്കി.

-സംഗതി ഒ.കെ?

-ഒ.കെ. പക്ഷെ അതുകൊണ്ടൊരു ദോഷം പറ്റി. ബാക്കിയുള്ള ശീലയുടെ വീതി കാലിഞ്ചുകണ്ട്  കുറഞ്ഞു!

-അതെങ്ങനാ? പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായാ പൂര്‍ണ്ണമേവാവശിഷ്യതേ എന്നല്ലേ 'ഋഷിപ്രോക്തം? ച്ചാല്‍  പൂര്‍ണ്ണത്തില്‍നിന്ന് പൂര്‍ണ്ണം പോയാല്‍പോലും പൂര്‍ണ്ണം അവശേഷിക്കും. പിന്നെങ്ങനെയാണ്  ശീലയുടെ വീതി കുറയുന്നത്?

-അതെന്തുകുന്തമായാലും ശീലയുടെ വീതി മൂന്നേമുക്കാലിഞ്ചായി ചുരുങ്ങി!

-അപ്പോള്‍ അത് വയലാര്‍ക്കവിതയിലെ ഒരു ബിംബം പോലായിട്ടുണ്ടാവുമല്ലൊ.

-ഏത് ബിമ്മം?

-എത്താത്തോര്‍ത്ത്!

-എഗ്‌സാഗ്റ്റ്‌ലി. എഗ്‌സാഗ്റ്റ്‌ലി. എന്തിന്‌ പറയുന്നു, മറ്റുമാര്‍ഗ്ഗമൊന്നുമില്ലാതിരുന്നതുകൊണ്ട് ആ  വേഷവും കെട്ടി ഞാന്‍ സ്‌റ്റേജില്‍ കേറി.

-അതുകൊണ്ടെന്താ അഭിനയം പൊടിപാറിയില്ലേ.

-സംഗതിയൊക്കെ പാറി. പക്ഷേ വീട്ടില്‍ ചെന്നപ്പോഴാണ് പാളിയത്.

-അവിടെന്ത് പാളാന്‍?

-എന്ത് ചെയ്താ എന്നെ വീട്ടീക്കേറാന്‍ സമ്മതിക്കില്ല.

-അതാര്?

-സ്വന്തം ഭാര്യ

-കാരണം?

-എന്റെ അഭിനയം കാണാന്‍ അവര്‍ സ്‌റ്റേജിന്റെ മുമ്പില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു. പക്ഷേ  എന്‍റെ വേഷം കണ്ടപ്പോള്‍ അവരുടെ തൊലിയുരിഞ്ഞുപോയത്രേ

-അയ്യോ!. എന്നിട്ട് സംഗതി എങ്ങനെ ഒത്തുതീര്‍പ്പാക്കി?

-മേലില്‍ നാടകം കളിക്ക് പോവില്ലെന്ന് മുദ്രക്കടലാസ്സിലെഴുതി ഒപ്പിട്ടുകൊടുത്തു,  ഭാര്യയ്ക്ക്.

-ഒരു കലാകാരന്റെ ദാരുണമായ അന്ത്യം അല്ലേ?

-അതിദാരുണം എന്നു പറയണം.

-ആട്ടെ. അതിദാരുണമായ  ഈ കുറ്റകൃത്യത്തില്‍ ആരാണ്‌ പ്രതിയെന്നാണ്‌ ഗുരുജി കരുതുന്നത്?

-ഒന്നാം പ്രതി ജോസ് മാത്യു. രണ്ടാമത് സഹരാജന്‍.  

-പക്ഷേ നായര്‍ജിയായിരുന്നില്ലേ സംവിധായകന്‍? പിന്നെങ്ങനെ രണ്ടാമതാവും?

- 'എത്താത്തോര്‍ത്ത്' ഉടുപ്പിച്ചുതന്നത് സഹരാജനാണെങ്കിലും അത് നാട്ടുകാര്‍ക്ക് മുഴുവന്‍ കാണാന്‍  സൗകര്യമുണ്ടാക്കിക്കൊടുത്തത് ജോസാണ്‌.

-അതെങ്ങനെ?

-പുള്ളിക്കായിരുന്നു സ്പോട് ലൈറ്റിന്‍റെ ചാര്‍ജ്!!!

Saturday, December 30, 2023

 

പ്ലാച്ചിമടയിലെ സഹോദരന്മാര്‍

 

പ്ലാച്ചിമടയിലെ സഹോദരന്മാരെപ്പറ്റി പൊതുവേ ഒരു ധാരണയുണ്ടല്ലൊ. അത്യാവശ്യമെങ്കില്‍ ഒരാള്‍ മറ്റൊരാള്‍ക്കുവേണ്ടി സ്വന്തം ജീവന്‍ വരെ കൊടുക്കും എന്നതാണത്. ബിആറും അങ്ങനെയാണ് ധരിച്ചിരുന്നത്.  പക്ഷേ ആ ധാരണയെ കീഴ്‌മേല്‍ മറിച്ച ഒരു സംഭവമാണ് കഴിഞ്ഞ ദിവസമുണ്ടായത്.

കന്റീനിലിരുന്ന് ചയ കുടിക്കുകയായിരുന്നു ബിആര്‍. കുറച്ചുകഴിഞ്ഞപ്പോള്‍ ഓരോ ഗ്ലാസ്സ് ചായയുമായി രണ്ട് പ്ലാച്ചിമട സഹോദരന്മാര്‍ -എബിസിഡി മേനോനും രവിയും- ബിആറിന്റെ മുന്നിലുണ്ടായിരുന്ന ഒഴിഞ്ഞ കസേരകളില്‍ വന്നിരുന്നു. ആരിലും അസൂയ ജനിപ്പിക്കുന്ന കാഴ്ചയാണ് പിന്നെ കുറച്ചുനേരത്തേക്ക് ബിആര്‍ കണ്ടത്. മേനോന്‍ സാറ് തന്റെ കൈയിലുള്ള ചായ ചൂടാറ്റി രവിക്ക് കൊടുക്കുന്നു! അതുപോലെ രവി തന്റെ കൈയിലെ ചായ ചൂടാറ്റി മേനോന്‍ സാറിന് കൊടുക്കുന്നു! ആകപ്പാടെയുണ്ടായിരുന്ന ഒരു കടി രണ്ടായി പകുത്ത് മേനോന്‍സാറിന്റെ പകുതി രവിയും രവിയുടെ പകുതി മേനോന്‍സാറും കഴിക്കുന്നു!! പിന്നെ കുറേ നേരത്തേക്ക് സൗഹൃദസംഭാഷണമായിരുന്നു രണ്ടുപേരും തമ്മില്‍.

ചായ കുടിച്ചും കടി കടിച്ചും കഴിഞ്ഞപ്പോള്‍ മേനോന്‍സാറ് രവിയോട് ചോദിച്ചു: നേരെ മടയിലേക്കല്ലെ?

അപ്പോള്‍ രവി പറഞ്ഞൂ: അല്ല സര്‍. നമുക്ക് പുറത്തൊന്നു പോകണം.

-എന്തിനാണ്?

-എനിക്കൊരു എക്‌സ്-റേ എടുക്കണം

-എന്തിന്റെ?

-കിഡ്ണീടെ

-എന്താ പ്രശ്‌നം?

-പ്രശ്‌നമൊന്നുമില്ല.

-പിന്നെ?

-വെറുതെ. ഒരു സമാധാനത്തിന്

-അതു വേണോ?

-വേണം.

-ആട്ടെ. എന്ത് ചെലവുവരും?

-കൃത്യമായിട്ടറിയില്ല. ഏതാണ്ട് 650നും 700നും ഇടയ്ക്ക് വരും.

          ഇതുകേട്ടതും മേനോന്‍സാറ് സ്വന്തം പോക്കറ്റില്‍ തപ്പിനോക്കി.പിന്നെരവിയോട് പറഞ്ഞു: നമുക്ക് നാളെ പോകാം രവീ. ഇന്ന് എന്റെ കൈയില്‍ 500 രൂപയേയുള്ളു.

അപ്പോള്‍ രവി മേനോന്‍സാറിന്റെ ചെവിയില്‍ എന്തോ സ്വകാര്യം പറയുകയും രണ്ടുപേരും കൂടി അവിടെനിന്നും എഴുന്നേറ്റുപോവുകയും ചെയ്തു.

സത്യം പറഞ്ഞാല്‍ ബിആറിന്റെ കണ്ണുനിറഞ്ഞുപോയി. ഈശ്വരാ ഈ സ്‌നേഹവായ്പിനെ എന്തുപേരിട്ടാണ് വിളിക്കുക?

ഒന്നും വിളിച്ചില്ലെങ്കിലും മേനോന്‍സാറിനെ കണ്ട് രണ്ട് അഭിനന്ദനവാക്കുകളെകിലും പറയണം: ബിആര്‍ തീരുമാനിച്ചു.

അന്നു വൈകീട്ടുതന്നെ ബിആറിന് അതിനുള്ള അവസരം കിട്ടി.

അഭിനന്ദനങ്ങള്‍കൊണ്ട് പൊതിഞ്ഞപ്പോള്‍ മേനോന്‍സാറ് ചോദിച്ചു: എന്തിനാണ് സാര്‍ ഇതൊക്കെ?

-അതുപിന്നെ പ്ലാച്ചിമടസഹോദരന്മാരെപ്പറ്റി ഞാന്‍ ധാരാളം കേട്ടിട്ടുണ്ടെങ്കിലും നിങ്ങള്‍ തമ്മിലുള്ള സൗഹൃദം ഇത്രക്ക് ഗാഢമാണെന്ന് ഇന്നാണെനിക്ക് മനസ്സിലായത്.

-സാറ് പറഞ്ഞുവരുന്നത്.....

-രാവിലെ രവി എന്തോ എക്‌സ്-റേ എടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ മേനോന്‍ സാറ് പോക്കറ്റ് തപ്പിനോക്കുന്നതു ഞാന്‍ കണ്ടു. വാസ്തവം പറഞ്ഞാല്‍ അതു കണ്ടപ്പോള്‍ എന്റെ കണ്ണുനിറഞ്ഞുപോയി കേട്ടോ.

-ഓ. അതാണോ കാര്യം?

-അതെ. സാറിനത് നിസ്സാരമായിരിക്കാം. പക്ഷേ ആസുരമായ ഈ കാലഘട്ടത്തില്‍ അന്യം നിന്നുപോയ ഒരു മൂല്യത്തിന്റെ പുനര്‍ജനിയാണ് ഞാനവിടെ കണ്ടത്.

-ക്ഷമിക്കണം. അത് അതായിരുന്നില്ല സര്‍.

-പിന്നെ?

-സാര്‍ കഥയാക്കില്ലെങ്കില്‍ ഞാന്‍ കാര്യം പറയാം.

-പറയൂ

-രവിയും ഞാനുമായിട്ടുള്ള സൗഹൃദം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. രവിക്ക് എന്ത് സാധനം വാങ്ങണമെങ്കിലും എന്നെയും കൊണ്ടേ പോകൂ. രവിക്ക് വേണ്ടി ടിവി,ഫ്രിഡ്ജ്, വാഷിങ്‌മെഷീന്‍, കമ്പ്യൂട്ടര്‍, മൈക്കല്‍ ഓവന്‍ ,ബജാജ് സ്‌കൂട്ടര്‍ മുതലായവയൊക്കെ വാങ്ങാന്‍ പോയത് ഞങ്ങള്‍ രണ്ടുപേരും കൂടിയാണ്. പക്ഷേ വാങ്ങിച്ചത് ഞാനാണെന്നുമാത്രം!

-മനസ്സിലായില്ല.

-പറയാം. ഏത് കടയില്‍ ചെന്നാലും രവിയങ്ങനെ പേശിപ്പേശി നില്‍ക്കും. താന്‍ മനസ്സില്‍ കണ്ടിട്ടുള്ള വിലയേക്കാള്‍ 50പൈസ കൂടുതലാണ് കടക്കാരന്‍ പറയുന്നതെങ്കില്‍ രവിയത് വാങ്ങില്ല. അവസാനം എന്റേയും അക്കൗണ്ടാപ്പീസിന്റേയും മാനം കാക്കാന്‍ എന്റെ കൈയില്‍നിന്ന് കാശുകൊടുത്ത് ഞാന്‍ തന്നെ അത് വാങ്ങിക്കും! അങ്ങനെ ഇപ്പോള്‍ എന്റെ വീട് ഗൃഹോപകരണങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കയാണ്. ഓരോന്നും രണ്ടും മൂന്നും വിതമുണ്ട്. ആ വകയില്‍ ഭാര്യയുടെ ചീത്ത നന്നായി കേള്‍ക്കുന്നുമുണ്ട്.

-പക്ഷേ അതും എക്‌സ്-റേയും തമ്മില്‍ എന്തു ബന്ധം?

-സാറ് ഇത്ര മണ്ടനാണെന്ന് ഞാന്‍ കരുതിയില്ല. രണ്ടും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടല്ലൊ. ഇപ്പോള്‍ ഞാനും രവിയും കൂടി രവിക്ക് എക്‌സ്-റേയെടുക്കാന്‍ വേണ്ടി ഒരു ലാബില്‍ ചെന്നൂന്ന് വിചാരിക്ക. രവി കിഡ്ണീടെ എക്‌സ്-റേയെടുക്കാനുള്ള ചാര്‍ജ് ചോദിക്കുന്നു.അവര് 675 രൂപ പറയുന്നു. ഉടനേ രവി പേശിത്തുടങ്ങും. ഏതോ നാട്ടുമ്പുറത്ത് 600 രൂപക്ക് ചെയ്തുകൊടുക്കുന്നത് രവി അന്വേഷിച്ചറിഞ്ഞിട്ടുണ്ട്! ഒരു രണ്ടുമണിക്കൂര്‍ പേശിപ്പേശി 625-ല്‍ എത്തിയെന്നു വിചാരിക്ക. വീണ്ടും പേശാന്‍ തുടങ്ങുമ്പോഴായിരിക്കും ഒരു പക്ഷേ എന്റെ ക്ഷമ കെടുന്നത്. അന്നേരം ഞാന്‍ സാധാരണ ചെയ്യാറുള്ളതുപോലെ ചെയ്തുപോകും സര്‍.....പക്ഷെ അതിന് ഇന്ന് എന്റെ കൈയില്‍ കുറച്ച് കാശ് കുറവുണ്ടായിരുന്നു.

-മനസ്സിലായില്ല. അത്തരമൊരു സന്ദര്‍ഭം വന്നാല്‍ സാറ്എന്തുചെയ്യുമെന്നാണ്?

-625 രൂപ കൊടുത്ത് ഞാന്‍ എന്റെ കിഡ്ണീടെ എക്‌സ്-റേ എടുപ്പിക്കും!!!

Sunday, December 24, 2023

 

A VIGILANT CUSTOMER

 

-വില്‍ഫ്രെഡ് സാറേ, ഒരു ടീവി വാങ്ങണമായിരുന്നു. സെലക്റ്റ് ചെയ്യാന്‍ ഒന്ന് കൂടെപ്പോരാമോ?

-നന്തിലത്തിലൊഴിച്ച് എവിടെ വേണേലും വരാം.

-അതെന്താ നന്തിലത്തിലേക്കില്ലാത്തത്?

-അതിന്റെ പിന്നിലൊരു കഥയുണ്ട്.

-എങ്കില്‍ പിന്നെ കഥ കേട്ടിട്ടാവാം ബാക്കി കാര്യം.

-ഒരിക്കല്‍ ആശാന് ഒരു ടീവി വാങ്ങാന്‍ വേണ്ടി ഞാനും പുള്ളിക്കാരനുംകൂടി നന്തിലത്തില്‍ പോയി.

-ഏതാശാന്‍? കുമാരനാശാനോ വെള്ളത്തിലാശാനോ?

-അല്ലാന്ന്. നമ്മുടെ സത്യവാഗീശ്വരനാശാന്‍.

-ശെരി. എന്നിട്ട്?

-ഞങ്ങള്‍ ചെല്ലുമ്പോള്‍ ഗോപു നന്തിലത്ത് അവിടെയുണ്ടായിരുന്നു. ആദ്യം ഞാന്‍ സ്വയം പരിചയപ്പെടുത്തി. പിന്നെ ഞാന്‍ തന്നെ ആശാനെ പരിചയപ്പെടുത്തി. അക്കൗണ്ടാപ്പിസിലെ ആഡിറ്റാപ്പീസറാണ്, പേരുകേട്ട പ്രകൃതിചികിത്സകനാണ്, കഥകളിയാശാനാണ്, ചുട്ടികുത്ത് വിദഗ്ധനാണ് എന്നൊക്കെയങ്ങ് വെച്ചുകാച്ചി. ഇതു കേട്ടപ്പോള്‍ ആശാനങ്ങ് പൊങ്ങിപ്പൊങ്ങിപ്പോയി. ഗോപു നന്തിലത്തിന്റെ കണ്ണുകളാകട്ടെ, അത്ഭുതം കൊണ്ട് വിടരുകയും ചെയ്തു. കസ്റ്റമര്‍ നിസ്സാരക്കാരനല്ലെന്നുതോന്നിയതുകൊണ്ടാവാം, ആശാനെ അറ്റന്‍ഡ് ചെയ്യാന്‍ വേണ്ടി ഗോപു നന്തിലത്ത് സ്‌പെഷ്യലായി ഒരു സെയില്‍സ് എക്‌സിക്യൂട്ടീവിനെ ഡെപ്യൂട്ട് ചെയ്തു. അയാള്‍ ആശാനെ ഷോറൂമിന്റെ ചുറ്റും കൊണ്ടുനടന്നു.

കാഴ്ചയ്ക്ക് ഭംഗിയുള്ള ഒരു ടീവിയുടെ മുന്നിലെത്തിയപ്പോള്‍ ആശാനൊന്ന് നിന്നു. ഉടന്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആ ടീവിയുടെ ഫീച്ചേഴ്‌സും സ്‌പെസിഫിക്കേഷന്‍സും എക്‌സ്‌പ്ലെയിന്‍ ചെയ്യാന്‍ തുടങ്ങി.    Channel coverage, Extension Terminals, Audio output, Picture tube, Power source, Power consumption, Dimensions, Earphone outlet, Sleep Timer, Recall Clock, Child lock, Swap, Search, മുതലായവയൊക്കെ അയാള്‍ വിശദമായി ആശാന് പറഞ്ഞുകൊടുത്തു. ഓരോ ഐറ്റവും എക്‌സ്‌പ്ലെയിന്‍ ചെയ്യുമ്പോള്‍ ആശാന്‍ തലകുലുക്കി ‘OK’ ‘Oh! I see’ ‘Are Vah!’ ‘That’s nice’  എന്നൊക്കെ പ്രതികരിക്കുന്നുമുണ്ടായിരുന്നു.

ഇതെല്ലാം കഴിഞ്ഞപ്പോഴാണ് വളരെ പതിഞ്ഞ സ്വരത്തില്‍ ആശാന്‍ അയാളോട് ആ യെമണ്ടന്‍ ചോദ്യം ചോദിച്ചത്.

അതോടെ അവര്‍ക്ക് നമ്മള്‍  അക്കൗണ്ടാപ്പീസുകാരെപ്പറ്റിയുണ്ടായിരുന്ന സകല ഇംപ്രെഷനും പോയി!

അതില്‍പിന്നെ ഞാന്‍ നന്തിലത്തിന്റെ അടുത്തുകൂടി പോയിട്ടില്ല!

-എന്താണ് ആശാന്‍ ചോദിച്ചത്?

-'അതേയ് ഇതിന്റെ ഓണെവട്യാ?!!''

Thursday, December 21, 2023

 

A SIL at No Cost!

-അല്ലാ, ഇതാരാണ്‌? ആന്‍റണ്‍ വില്‍ഫ്രഡോ? ഇതുവഴിയൊന്നും കാണാറേയില്ലല്ലൊ. അതെന്താ?

-പള്ളിപ്പെരുന്നാളുകളുടെ സീസണല്ലേ. തെരക്കോടു തെരക്കാ. അതൊക്കെ വീഴ്ച കൂടാതെ നടക്കണെങ്കില്‌ ഞാന്‍ കൂടെത്തന്നെ നില്‍ക്കണം.

-ഇന്നെന്താ ഇങ്ങോട്ടെറങ്ങാന്ന് വെച്ചത്? വിശേഷിച്ച് വല്ലതുമുണ്ടോ?

-സി ജി പി എ ഓഫീസുവരെ ഒന്നു പോണം. ലിങ്കിന്‍റെ എഡിറ്ററെ ഒരു കഥയേല്‍പ്പിക്കണം. അതിരിക്കട്ടെ. ആശാനെവിടെപ്പോകുന്നു?

-ഓ. ഇവിടെ അടുത്തൊരു സ്ഥലം വരെ.

-ടി വി വാങ്ങാനാണോ? എങ്കില്‍ ഞാന്‍ കൂടി വരാം.

-വേണ്ട (വന്നേടത്തോളം മതി). ഒന്നും വാങ്ങാനല്ല. ഒരാളെ കാണാനാണ്‌.

-ഇന്നയാളെന്നില്ലേ?

-ഡോക്ടര്‍ ജോര്‍ജ് വര്‍ഗീസ്.

-അദ്ദേഹം മെഡിക്കല്‍ കോളേജിലെ സ്ലീപ് സ്പെഷ്യലിസ്റ്റല്ലേ? സൊംനോളജിസ്റ്റ്.

-യാ.യാ.

-അതിന്‌ ആശാന്‌ ഒറക്കത്തിന്‍റെ പ്രശ്നം വല്ലതുമുണ്ടോ?

-കൊറച്ച് ദിവസായി ഒറക്കം ശരിയാവണില്ല വില്‍ഫീ.

-നാച്ചുറോപ്പതി വല്ലതും നോക്കിയാ പോരേ?

-നോക്കി. എയ്മാവണില്ല.

-എന്നു മുതലാണ്‌ ഇത് തൊടങ്ങീത്?

-എപ്പോള്‍ മുതല്‍ എന്നു ചോദിക്കൂ

-എങ്കില്‍ എപ്പോള്‍ മുതല്‍?

-ഡിസംബര്‍ 19 ചൊവ്വാഴ്ച രാവിലെ 7.20 മുതല്‍

-അതെങ്ങനെ അത്ര കൃത്യമായി പറയാന്‍ പറ്റുന്നു?

-അപ്പോഴാണ്‌ രവിച്ചേട്ടന്‍ വാട്ട്സാപ്പില്‍ ആ പോസ്റ്റിട്ടത്

- എന്തായിരുന്നു പോസ്റ്റ്?

- നെല്ലുവായ് ധന്വന്തരി പുരസ്കാരം ഡോക്ടര്‍ കെ.ജി.രവീന്ദ്രന്‌ എന്ന വാര്‍ത്തയുടെ ക്ലിപ്പിങ് പോസ്റ്റ് ചെയ്തുകൊണ്ട് അതിനുതാഴെ രവിച്ചേട്ടന്‍ ഇങ്ങനെ കമന്‍റിട്ടു; ഡോക്ടര്‍ കെ.ജി. രവീന്ദ്രന്‍ നമ്മുടെ എം.കെ. സത്യവാഗീശ്വരന്‍റെ സണ്‍ ഇന്‍ ലോ ആണ്‌’.

-ഓ മൈ ജീസസ്! വാസ്തവത്തില്‍ എന്താണ്‌ സംഭവിച്ചത്?

-ആ ന്യൂസില്‍ സണ്‍ ഇന്‍ ലോയുടെ പേരുണ്ടായിരുന്നു എന്നത് വാസ്തവമാണ്‌. പക്ഷേ അത് പുരസ്കാരനിര്‍ണയ കമ്മറ്റിയിലെ മെംബര്‍ എന്ന നിലയ്ക്കായിരുന്നു.

-അപ്പൊ പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് രവിച്ചേട്ടന്‍ ആശാനോട് ചോദിച്ചിരുന്നില്ലേ

-എന്തോ ചോദിച്ചിരുന്നു. ഞാന്‍ അതില്‍ പാതിയേ കേട്ടുള്ളൂ. ഞാന്‍ മറുപടി പറഞ്ഞു. അതില്‍ പാതിയേ രവിച്ചേട്ടനും കേട്ടുള്ളൂ.

-ഭേഷ്! അതുപോട്ടെ. ഈ പോസ്റ്റും ആശാന്‍റെ ഉറക്കക്കുറവും തമ്മില്‍ എന്താണ്‌ ബന്ധം?

-ആ പോസ്റ്റ് വന്നതും എനിക്ക് അഭിനന്ദനങ്ങളുടെ പെരുമഴയായിരുന്നു. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും!

-അപ്പൊ ആശാന്‍ സത്യം വിളിച്ചുപറഞ്ഞ് അതിന്‌ തടയിട്ടില്ലേ?

-സത്യം പറഞ്ഞാ ആ നിമിഷം മുതല്‍ ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായിപ്പോയി. പലവിധത്തിലുള്ള  ആശങ്കകള്‍ കൊണ്ട് എന്‍റെ മസ്തിഷ്കം നിറഞ്ഞുകവിഞ്ഞു .  കടിഞ്ഞാണില്ലാത്ത ചിന്തകള്‍ മനസ്സില്‍ തലങ്ങും വിലങ്ങും പാഞ്ഞു. അതോടെ എന്‍റെ സമനില തെറ്റി. ഉറക്കവും നഷ്ടപ്പെട്ടു.

-ആശാന്‍റെ ചിന്താശതകത്തിലെ കുറച്ചുവരികളെങ്കിലും ഉദ്ധരിക്കാമോ, ഫോര്‍ ഇന്‍ഫര്‍മേഷന്‍ പര്‍പ്പസ്?

-സംഗതി നിഷേധിച്ചുകൊണ്ട് പത്രക്കുറിപ്പിറക്കണോ? അനവരതം കിട്ടിക്കൊണ്ടിരിക്കുന്ന  അഭിനന്ദനങ്ങള്‍ വെറുതെ വേണ്ടെന്നുവെയ്ക്കണോ? നിഷേധിക്കാതിരുന്നാല്‍ സത്യവാഗീശ്വരന്‍ എന്ന എന്‍റെ പേര്‌ മാറ്റേണ്ടിവരുമോ? യഥാര്‍ത്ഥ മരുമകന്‍ കുടുംബ കോടതിയില്‍  കേസിനു പോകുമോ? മകള്‍ ഈ അച്ഛനെ എനിക്ക് വേണ്ടെന്നു പറയുമോ?  ഡോക്ടര്‍ രവീന്ദ്രന്‍റെ വീട്ടില്‍ കുടുംബകലഹമുണ്ടാകുമോ? ഇങ്ങനെയൊക്കെയാണ്‌ എന്‍റെ ചിന്തകള്‍ പാഞ്ഞുകൊണ്ടിരിക്കുന്നത്...

-ശ്ശെ! ഇതൊരു ഓവര്‍ ദ കൗണ്ടര്‍ പില്ലുകൊണ്ട് തീരാവുന്ന പ്രശ്നമേയുള്ളൂ. എന്നാലും ആശാന്‍ പോയി ഡോക്ടറെ കണ്ടോളൂ, ഒരു സമാധാനത്തിന്‌. ഞാന്‍ കൂടി വരണോ?

-അയ്യോ വേണ്ട. ഒരുപകാരം മാത്രം ചെയ്താമതി.

-എന്താണ്‌

-ഞാന്‍ ഈ ഡോക്ടറെ കാണാന്‍ പോകുന്ന കാര്യം ആരോടും പറയരുത്

-അത് ഞാന്‍ ഏറ്റു !

Saturday, December 16, 2023

 

ഒരു നകാര കേസ്

-ഹലോ, ബീയാറല്ലേ?

-അതേലൊ

-സിപ്രനാണ്‌

-അത് മനസ്സിലായി

-ഞാനൊരു കാര്യം ചോദിക്കട്ടെ

-ഷൂട്ടിറ്റ്

-നമ്മളൊക്കെ സീനിയര്‍ സിറ്റിസണ്‍സല്ലേ

-വെരി റെവറന്‍ഡ് എന്നുകൂടി ചേര്‍ക്കണം

-അങ്ങനെയുള്ള നമ്മള്‍ കൊച്ചുപിള്ളേരെപ്പോലെ പെരുമാറുന്നത് ശരിയാണോ?

-നെവര്‍ എവര്‍

-എന്നാല്‍ ഒരാള്‍ എന്നോട് അങ്ങനെ പെരുമാറി

-ഏതൊരാള്‍?

-നമ്മടെ സുരേഷ് ബാബു

-അത് കള. സുരേഷ് അത്തരക്കാരനല്ല

-സത്യമാണ്‌ ഞാന്‍ പറയണത്

-അത് പരിശോധിച്ച ശേഷമേ പറയാന്‍ പറ്റൂ. ആദ്യം എന്താണുണ്ടായതെന്നു പറ

-ആ സഖാവിപ്പോള്‍ എന്നോട് മിണ്ടണില്ല!

-കാരണം വല്ലതുമുണ്ടായോ?

-അതല്ലേ പറഞ്ഞത്. തീരെ നിസ്സാരമായ ഒരു കാര്യത്തിനാണ്‌.

-നിര്‍ത്തിനിര്‍ത്തിപ്പറ. എന്നാലേ ഭാവം വരൂ

-വീട്ടില്‍ നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്യാന്‍ കിടക്കുമ്പോള്‍ ഞാന്‍ ആ സഖാവിനെ ഇല്ലാത്ത മീറ്റിങ്ങിന്‌ വിളിച്ചോണ്ടുപോയി എന്നാണ്‌ പരാതി!

-ഇല്ലാത്ത മീറ്റിങ്ങോ?

-അതെ. ഡിസംബര്‍ 17ന്‌ ദാദാഘോഷ് ഭവനില്‍ പെന്‍ഷന്‍ ദിനാചരണമുണ്ടല്ലൊ. അതിനുവേണ്ടി ഞാന്‍ സഖാവിനെ നിര്‍ബ്ബന്ധിച്ച് വിളിച്ചോണ്ടുപോയെന്നാണ്‌ കേസ്.

-അതെങ്ങനെ ഇല്ലാത്ത മീറ്റിങ്ങാവും?

-എനിക്കൊരു ചെറിയേ തെറ്റുപറ്റി. ഞാന്‍ സഖാവിനെ വിളിച്ചോണ്ടുപോയത് ഡിസംബര്‍ 15നാണ്‌!

-അത് ശെരി. അവിടെ ചെന്നപ്പോ ഈച്ചപൂച്ചയില്ലല്ലേ?

-അതെ. അത് അത്രവലിയ തെറ്റാണോ ബീയാര്‍? കേവലം രണ്ടുദിവസത്തെ വ്യത്യാസമല്ലേയുള്ളൂ? മാസങ്ങളോ വര്‍ഷങ്ങളോ യുഗങ്ങളോ ഒന്നുമില്ലല്ലൊ.

-അതില്ല. മണിക്കൂറിലേക്ക് കണ്‍വര്‍ട്ട് ചെയ്താല്‍ വെറും 48 മണിക്കൂറേ വരൂ.

-ഈ നിസ്സാരവ്യത്യാസത്തിന്‌ ആ സഖാവ് ഇങ്ങനെ പെരുമാറുന്നത് ശെരിയാണോ?

-ഒട്ടും ശരിയല്ല

-ഇതിന്‌ മിണ്ടാതിരിക്കായാണോ വേണ്ടത്?

-അല്ല (മറ്റു ചിലതാണ്‌...)

-അപ്പോള്‍ വിധിയെങ്ങനെ?

-കേസ് തള്ളുന്നു. ചെലവ് സഹിതം!

Tuesday, October 17, 2023

 

സാക്ഷ്യം

പ്രിയപ്പെട്ടവരേ,

എന്‍റെ പേര്‌ മജീദ് ചൂളക്കടവില്‍.

ഞാന്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്‌. എനിക്ക് ഒരു ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

ഒരു കേന്ദ്രഗവണ്മെന്‍റ് ആപ്പീസിലായിരുന്നു എനിക്ക് ജോലി. ഇപ്പോള്‍ റിട്ടയര്‍ ചെയ്തു. കേന്ദ്രഗവണ്മെന്‍റ് ജോലി എന്നൊക്കെ ഒരു പത്രാസിനങ്ങനെ പറയാമെന്നാല്ലാതെ അതില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് ഒരു കുടുംബം പുലര്‍ത്തുക  എന്നത് അത്ര എളുപ്പമായ സംഗതിയൊന്നുമല്ല. പത്രം, പാല്‍, പഴം, പഴമ്പൊരി, പച്ചക്കറി, പലചരക്ക്, പച്ചമീന്‍, കൊത്തുപൊറോട്ട, കുഴിമാന്തി, കുലുക്കിസര്‍ബ്ബത്ത് ഇങ്ങനെ എന്തെല്ലാം  ചെലവുകള്‍ . സൈക്കിളഡ്വാന്‍സ്, സ്കൂട്ടറഡ്വാന്‍സ്, കമ്പ്യൂട്ടറഡ്വാന്‍സ്, ഹൗസ്ബില്‍ഡിംഗഡ്വാന്‍സ് ഇങ്ങനെ എന്തെല്ലാം അടവുകള്‍. ഇതൊക്കെ തട്ടിക്കിഴിച്ചുവരുമ്പോള്‍ പിന്നെ ഒരിക്കലും രണ്ടറ്റോം കൂട്ടിമുട്ട്ല്ല്യ.

 

ഈ മധ്യധരണ്യാഴി എങ്ങനെ തരണം ചെയ്യുമെന്നാലോചിച്ച് അന്തം വിട്ട് ചിന്തിച്ച്കുന്തിച്ചിരിക്കുമ്പോള്‍ ഒരു ദിവസം എന്‍റെ അന്തരംഗം കൃത്യമായി വായിച്ചറിഞ്ഞിട്ടെന്നവണ്ണം  ഒരു സഹപ്രവര്‍ത്തകന്‍  അടുത്തുവന്ന് പറയുകയാണ്‌: ഞങ്ങടെ എടവകപ്പള്ളീല്‌ പള്ളിമേനോന്‍റെ പോസ്റ്റ് വേക്കന്‍റായിട്ടുണ്ട്. സായ് വൊരു കാര്യം ചെയ്യ്. ആ പോസ്റ്റിലേക്ക് ഒരപേക്ഷ കൊടുക്ക്. വിശുദ്ധ അന്തോണീസ് പുണ്യാളന്‍റെ അനുഗ്രഹമുണ്ടെങ്കില്‍ സായ് വിന്‌ അത് കിട്ടും. കിട്ടിയാല്‍ പിന്നെ സായ് വിന്‍റെ സാമ്പത്തികപരാധീനതകളൊക്കെ കരൂപ്പടന്ന കായല്‌ കടക്കും. നല്ലൊരു തുക അവര്‍ റെമ്യൂണറേഷനായി തരും, ചായയ്ക്കും പിന്നെ വടയോ സമൂസയോ ഏതാന്നുവെച്ചാല്‍ അതിനും പുറമെ. സംഗതി അനൗദ്യോഗികമായതുകൊണ്ട് ഒന്നും പേടിക്കാനുമില്ല. കോണ്‍ഡക്റ്റ് റൂള്‍സൊന്നും ഇന്‍വോക്ക് ചെയ്യില്ല. വര്‍ക്കൊക്കെ ഹോളിഡേയ്സിലും ഔട്ട് സൈഡ് ഓഫീസ് അവേഴ്സിലും ചെയ്താ മതി.

 

പ്രിയപ്പെട്ടവരേ,

ആ സഹപ്രവര്‍ത്തകന്‍റെ ഉപദേശം ഞാന്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. മേനോന്‍ പോസ്റ്റിന്‌ അപ്ലൈ ചെയ്തു. വിശുദ്ധ അന്തോണീസ് പുണ്യാളന്‍റെ കൃപകൊണ്ട് പിറ്റേന്നുതന്നെ എന്നെ അവിടെ അപ്പോയിന്‍റ് ചെയ്തുകൊണ്ടുള്ള ഉത്തരവുമിറങ്ങി!

 

പ്രിയപ്പെട്ടവരേ,

അന്നുമുതല്‍ എനിക്ക് വെച്ചടി കേറ്റമായിരുന്നു. പള്ളിമേനോനായി  ചാര്‍ജെടുക്കുമ്പോള്‍ ഞാന്‍ ഞങ്ങളുടെ അസോസിയേഷന്‍റെ ഒരു സാദാ മെമ്പറായിരുന്നു. അധികം താമസിക്കാതെ ഞാന്‍ ബ്രാഞ്ച് അസോസിയേഷന്‍റെ ഖജാന്‍ജിയായി. അടുത്ത സംസ്ഥാന സമ്മേളനത്തില്‍ സ്റ്റേറ്റ് ഖജാന്‍ജിയായി. അഖിലേന്ത്യാസമ്മേളനം കഴിഞ്ഞപ്പോള്‍ ഓള്‍ ഇന്ത്യാ അസോസിയേഷന്‍റെ ട്രഷററായി. പിന്നെ പെന്‍ഷന്‍ പറ്റിയപ്പോള്‍ ഓള്‍ ഇന്ത്യാ പെന്‍ഷനേഴ്സ് അസോസിയേഷന്‍റെ ഫൈനാന്‍സ് സെക്രട്ടറിയുമായി!

അടുത്ത ഫെബ്രുവരിയില്‍ ട്രേഡ് യൂണിയനുകളുടെ അഖിലലോക സമ്മേളനം നടക്കുന്നുന്നുണ്ട്. അതോടെ ഞാന്‍ മിക്കവാറും ഇന്‍റര്‍നാഷണല്‌ കടക്കും!

ഐ എം എഫ് ന്‌ ലോണ്‍ കൊടുക്കാവുന്നത്ര പണം ഞാന്‍ കൈകാര്യംചെയ്യും!

 

പ്രിയപ്പെട്ടവരേ,

എന്‍റെ ഈദൃശമായ ഉയര്‍ച്ചയ്ക്കെല്ലാം കാരണം ആന്‍റണ്‍ വില്‍ഫ്രഡ് എന്ന ആ സഹപ്രവര്‍ത്തകനും അദ്ദേഹത്തിന്‍റെ ഇടവകപ്പള്ളിയും ആ പള്ളിയിലെ വിശുദ്ധ അന്തോണീസ് പുണ്യാളനുമാണ്‌!

സാക്ഷ്യം ! സാക്ഷ്യം! സാക്ഷ്യം!

Friday, August 25, 2023

 

മങ്ക്യോഡിറ്റ്!

സിപ്രന്‍റെ കല്യാണം കഴിഞ്ഞ് സീയാര്‍ ബാബൂന്‍റെ കാറില്‍ തിരിച്ചുപോരുമ്പോള്‍ അക്കൗണ്ടാപ്പീസിലെ സ്വാതന്ത്ര്യമില്ലായ്മയായിരുന്നു ചര്‍ച്ചാവിഷയം. എ ഐ ക്യാമറയും മൂവ്മെന്‍റ് റെജിസ്റ്ററും മറ്റും വെച്ചതോടെ ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയായെന്ന് രാജേന്ദ്രന്‍. വല്ലപ്പോഴും ശ്വാസം വിട്ടില്ലെങ്കില്‍ ചത്തുപോവുമെന്ന് ബീയാര്‍. എ ഐ യില്‍ പെട്ടാലോന്ന് പേടിച്ച് ആര്‍ കണ്ണന്‍ മൂത്രമൊഴിക്കാന്‍ പോലും പോകാറില്ലെന്ന് സീയാര്‍ബി. അന്നേരം ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് സഹരാജന്‍ നായര്‍ പറഞ്ഞു: എന്തുമാത്രം സ്വാതന്ത്ര്യമുണ്ടായിരുന്ന ആപ്പീസായിരുന്നു അത്. നീലാകാശത്തിലെ പറവകളെപ്പോലെ വിതയ്ക്കാതെ കൊയ്യാതെ കളപ്പുരയില്‍ കൂട്ടിവെക്കാതെ പാറിനടന്ന ഒരു കാലം! നിങ്ങക്കറിയ്വോ ആപ്പീസ് കെ എസ് എഫ് ഇ ബില്‍ഡിംഗില്‍ ആയിരുന്ന കാലത്ത് ഒരിക്കല്‍ നമ്മള്‍ അവിടെ കരിങ്കുരങ്ങ് രസായനമുണ്ടാക്കാനുള്ള ശ്രമം പോലും നടത്തിയിട്ടുണ്ട്!

-ഓ മൈ ഗോ! ആപ്പീസിലോ? (ഉദ്വേഗത്തോടെ ബീയാര്‍)

-യാ യാ. പുറകിലെ കോമ്പൗണ്ടില്‍

-ശ്രമം നടത്തി എന്നു പറയുമ്പൊ?

-മുഴുവനാക്കാന്‍ പറ്റീല്ല്യാന്നര്‍ത്ഥം. പക്ഷേ അതല്ലല്ലോ കാര്യം. അതുപോലും  ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. അതാണ്‌ അതിന്‍റെ ഇത്.

-സംഭവമാകുമ്പോള്‍ കഥ പോലെ അര്‍ദ്ധോക്തിയില്‍ നിര്‍ത്താന്‍ പറ്റില്ല. മുഴുവന്‍ പറയണം.

-എങ്കില്‍ പറയാം. ഒരു ദിവസം ജോസ് മാത്യു പുറത്ത് ചായകുടിക്കാന്‍ പോയി തിരിച്ചുവന്നപ്പൊ കൂടെ ലാടവൈദ്യനെപ്പോലെ തോന്നിക്കുന്ന ഒരു താടിക്കാരനുമുണ്ടായിരുന്നു. താടിക്കാരന്‍റെ കൈയില്‍ ഒരു ചരടുണ്ടായിരുന്നു. ചരടിന്‍റെ അറ്റത്ത് ഒരു കരിങ്കുരങ്ങും. ദെന്താ സംഭവമെന്നു ചോദിച്ചപ്പൊ ജോസ് മാത്യു പറഞ്ഞു:ഇയാള്‍ ഈ കരിങ്കുരങ്ങിനെ നമ്മുടെ മുമ്പിലിട്ട് കൊന്ന് രസായനമുണ്ടാക്കിത്തരും, ലൈവായിട്ട്. കുപ്പിയൊന്നിന്‌ 250 രൂപ കൊടുത്താ മതി’. അന്നത്തെ അങ്ങാടിനിലവാരം വെച്ചുനോക്കുമ്പൊ കരിങ്കുരങ്ങ് രസായനം കുപ്പിയൊന്നുക്ക് ആയിരം റുപ്യയെങ്കിലും വരും. ചായക്ലബ്ബിലെ ഓണറബ് ള്‍ മെംബര്‍മാരോടൊക്കെ ആലോചിച്ച് സമവായത്തിലെത്തിയശേഷം ജോസ് മാത്യു പ്രൊസീഡ് ബട്ടണ്‍ അമര്‍ത്തി. ലാടന്‍ കുരങ്ങുമായി നേരെ ബാക് ഗ്രൌണ്ടിലേക്ക് പോയി. മൂരണ്ടാറ് ഇഷ്ടികയെടുത്ത് അടുപ്പ് കൂട്ടി. ഭാണ്ഡമഴിച്ച് ഓട്ടുരുളിയെടുത്ത് പകുതിയോളം വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് അടിയില്‍ തീ കൂട്ടി. വെള്ളം തിളച്ചുതുടങ്ങിയപ്പോള്‍ മറ്റൊരു പൊതിയഴിച്ച് അതില്‍ നിന്ന് പത്തിരുപത് പച്ചമരുന്നുകളെടുത്ത് തുരുതുരാന്ന് വെള്ളത്തിലേക്കിട്ടു. മരുന്ന് കുറുകിവന്നപ്പോള്‍ സഞ്ചിയില്‍ നിന്ന് കത്തിയെടുത്ത് മൂര്‍ച്ചനോക്കി കുരങ്ങിനെ വിളിച്ചു: രാമ!

എല്ലാം ശുഭമായങ്ങനെ നീങ്ങുമ്പോള്‍ പൊടുന്നനെയാണത് സംഭവിച്ചത്. രണ്ടാം നിലയിലെ ഓഡിറ്റ് വിങ്ങില്‍ നിന്ന് പേര്‌ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലാത്ത നമ്മടെ ഒരോഡിറ്റര്‍  ചടപടാന്നിറങ്ങിവന്ന് ലാടന്‍റെ മുമ്പില്‍ അറ്റന്‍ഷനായി നിന്ന് ഇടിവെട്ടുമ്പോലെ ഒരു ചോദ്യമുതിര്‍ത്തു ലാടനോട്.

ചോദ്യം കേട്ടതും ലാടന്‍ അടുപ്പില്‍ വെളളമൊഴിച്ച് തീ കെടുത്തി. രാമനേയും വിളിച്ച് സ്ഥലം വിട്ടു!

-എന്തായിരുന്നു ആ ഇടിവെട്ട് ചോദ്യം?

-“ ഡോ, സത്യം പറ. ഇത് സാദാ കൊരങ്ങനെ കറുത്ത പെയ്ന്‍റടിച്ചതല്ലേ?”!!!

Saturday, July 29, 2023

 പരസ്യശാസന

 

-എവിടേയ്ക്കാ കണ്ണാ ഇത്ര ധൃതിയില്‍ ഓടുന്നത്?

-അത്യാവശ്യമായി തൃപ്രയാറ് വരെ ഒന്നു പോകണം

-ശ്രീകുമാറിന്റെ വീട്ടിലേയ്ക്കാണോ?

-വീട്ടിലേയ്ക്കല്ല. എങ്കിലും അതിന്റെ ചുറ്റുവട്ടത്തേയ്ക്കാണ്

-ഒന്ന് തെളിച്ച് പറഞ്ഞൂടേ?

-ആറരയ്ക്ക് തൃപ്രയാര്‍ സെന്ററില്‍ ഒരു പൊതുയോഗമുണ്ട്. അതൊന്ന് അറ്റന്‍ഡ്

 ചെയ്യണം

-ആരുടെ പൊതുയോഗമാണ്?

-സി പി എം ന്റെ

-കണ്ണന്‍ അത്തരക്കാരനാണോ?

-കുറേ നാളായി എന്റെ മനസ്സിലുള്ള ഒരു മോഹം അവിടെ പൂവണിയാന്‍ പോവ്വാണ്.

-മനസ്സിലായില്ല

-ബീആറിനറിയ്വോ, ഈ ശ്രീകുമാറ് എന്തുമാത്രം ദ്രോഹമാണ് എന്നോട് ചെയ്തിട്ടുള്ളതെന്ന്. പേടിച്ചിട്ട് ഞാന്‍ തിരിച്ചൊന്നും പറയാറില്ല. പക്ഷേ ഇപ്പൊ സൊന്തം പാര്‍ട്ടിക്കാര് തന്നെ ഓനെ മൈക്കിലൂടെ ചീത്ത പറയാന്‍ പോവ്വാത്രേ.      ദേശാഭിമാനിയില്‍ കണ്ടതാണ്

-കണ്ണന്‍ എന്താണീ പറയണത്? മൈക്കിലൂടെ ചീത്ത പറയ്യ്യേ ?

-അതെ ബിആര്‍. പോളിറ്റ്ബ്യൂറോയുടെ നിര്‍ദ്ദേശപ്രകാരം പുള്ളിക്കാരനെ

പരസ്യമായി ശാസിക്കാന്‍ ഏരിയാകമ്മറ്റി തീരുമാനിച്ചിരിയ്ക്കയാണ്.

-പരസ്യമായി ശാസിക്കാന്നു പറഞ്ഞാ പൊതുയോഗം കൂടി മൈക്കിലൂടെ 

ചീത്ത  പറയുക എന്നാണോ അര്‍ത്ഥം?

-എന്നാണ് വേണ്വേട്ടന്‍ പറഞ്ഞത്. വേണ്വേട്ടന്റെ ഒറപ്പിലാണ് ഞാന്‍ പോണത്

-ആട്ടെ. പോളിറ്റ് ബ്യൂറൊ ഇടപെടാന്‍ മാത്രം എന്താണ് സഖാവ് ചെയ്ത കുറ്റം?

-ഒരു കമ്യൂണിസ്റ്റുകാരന്‍ ഒരിയ്ക്കലും ചെയ്യാന്‍ പാടില്ലാത്ത അപരാധമല്ലേ      പുള്ളിക്കാരന്‍ ചെയ്തത്

-അതെന്താണെന്നാണ് എന്റെ ചോദ്യം

-ഡീലറുടടുത്ത് കടും ചുവപ്പുനിറത്തിലുള്ള നൂറുകണക്കിന് കാറുകള്‍  സ്റ്റോക്കുണ്ടായിരുന്നിട്ടും നീലക്കാറ് ബുക്ക് ചെയ്തു !!!

Thursday, July 20, 2023

 ലക്ഷ്മണന്‍റെ രണ്ടാമൂഴം

(പുന: സംപ്രേഷണം)

 

ഈക്കേബിയുടെ റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ടാണ് സംഭവം.
അന്നൊന്നും ഇന്നത്തെപ്പോലെയല്ല. സംഘടനാഭേദമില്ലാതെ, കേഡര്‍ വ്യത്യാസമില്ലാതെ സ്റ്റാഫിന്റെ റിട്ടയര്‍മെന്റ് ഒരു ഉത്സവം പോലെ ആഘോഷിച്ചിരുന്ന കാലമായിരുന്നു അത്.
(
ഉവ്വ്, അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്.)

ഈക്കേബിയുടെ റിട്ടയര്‍മെന്റ് ഫങ്ഷനിലേക്ക് ഡിഏജിയെ ക്ഷണിക്കാന്‍ ഏല്‍പ്പിച്ചിരുന്നത് സാക്ഷാല്‍ കെ.കെ.ലക്ഷ്മണനേയും വി. ഹരിയേയുമായിരുന്നു.
കത്തിവെപ്പിന്റെ കാര്യത്തില്‍ പി.പി.ശിവദാസന്‍ സാറിന്റെ ഏട്ടനായിരുന്നു അന്നത്തെ ഡിഏജി.
ഹരിലക്ഷ്മണന്മാര്‍ ക്ഷണിക്കാന്‍ ചെല്ലുമ്പോള്‍ ഏതോ ഫയല്‍ നോക്കിക്കൊണ്ടിരിക്കയായിരുന്നു അദ്ദേഹം.
കണ്ഠശുദ്ധി വരുത്തിയശേഷം നിരുദ്ധകണ്ഠരരായി ഹരി വിളിച്ചു:
-
സര്‍..
-
യേസ്
-
സാറ് സ്ഥലത്തില്ലാതിരുന്നതുകൊണ്ട് നേരത്തെ പറയാന്‍ കഴിഞ്ഞില്ല, ഇന്ന് ഈക്കേബീടെ സെന്‍ഡോഫാണ്. താഴെ എല്ലാം റെഡിയാണ്. ഞങ്ങള്‍ സാറിനെ വിളിക്കാന്‍ വന്നതാണ്.
   
ഇതു കേട്ടതും ഡിഏജി ഫയല്‍ മാറ്റിവെച്ച് സീറ്റില്‍നിന്നെഴുന്നേറ്റ് ലക്ഷ്മണന്റെ കൈക്ക് കേറി ഒരു പിടുത്തമാണ്! പിന്നെ പറഞ്ഞു: ''വിഷ് യൂ ഏ ഹാപ്പി റിട്ടയര്‍മെന്‍റ് ലൈഫ്'' !!!

അന്ന് ഹരിയില്‍നിന്ന് ഈ കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഒട്ടും വിശ്വാസം വരാതെ ബിആര്‍ ലക്ഷ്മണനോട് ചോദിച്ചു:
-
ഈക്കേബിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഡിഏജി കൈക്ക് കയറി പിടിച്ചതെന്ന് അന്നേരം ലക്ഷ്മണന് മനസ്സിലായില്ലേ?
-
ഉവ്വ്
-
എങ്കില്‍പിന്നെ 'ഞാനല്ല ഈക്കേബി' എന്ന് അപ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ല?
-
അതിന് ഒരക്ഷരം അങ്ങോട്ട് പറയാന്‍ അനുവദിച്ചിട്ടുവേണ്ടേ. ദൈവമേ, ഇതുപോലെ നോണ്‍സ്റ്റോപ്പായി സംസാരിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. നമ്മുടെ
 
ശിവദാസന്‍ സാറൊക്കെ അദ്ദേഹത്തിന്റെ മുമ്പില്‍ വെറും ശിശു!
-
അതു പോട്ടെ. ഡിഏജി കൈയില്‍ കേറി പിടിച്ചപ്പൊ പിടി വിടുവിക്കാന്‍ ലക്ഷ്മണന്‍ ശ്രമിച്ചില്ലേ?
-
എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ അദ്ദേഹം പിടി വിടണ്ടേ
-
കൈ വിടുവിക്കാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, ലക്ഷ്മണന്‍ തിരിച്ച് അദ്ദേഹത്തിന്റെ കൈ പിടിച്ച് കുലുക്കിയെന്നാണ് ഹരി പറഞ്ഞോണ്ട് നടക്കുന്നത്. അതില്‍ വല്ല വാസ്തവവുമുണ്ടോ?
ശ്ലഥകാകളി വൃത്തത്തിലുള്ള ഒരു ഈരടിയാണ് ലക്ഷ്മണന്‍ അതിനു മറുപടിയായി പറഞ്ഞത്:
''
നിനച്ചിരിക്കാതൊരാള്‍ കൈ പിടിച്ചാല്‍
കുലുക്കയല്ലാതെ നാം എന്തുചെയ്യും?'' !!!

(സംഭവം നടന്നിട്ട് ഇപ്പോള്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ടായി. ലക്ഷ്മണന്‍ ഇപ്പോഴും റിട്ടയര്‍ ചെയ്തിട്ടില്ല!)