rajasooyam

Sunday, December 4, 2016



THE TRUE PATRIOT

ഇന്നലെ ബിആറിന്  കാടമുട്ട ഫെയിം ഷഷീടെ വക ഒരു എസ്.എം.എസ് കിട്ടി.
മെസേജ് ഇതായിരുന്നു:
‘’Dear BR, Being a true patriot and in tune with Government Policy, I joined the cashless group with effect from yesterday”
എന്താണാവോ കവി ഉദ്ദേശിച്ചത് എന്നറിയാൻ ബിആർ  ഉടൻ ഷഷിക്ക് ഫോൺ ചെയ്തു.
ഭാഗ്യവശാൽ  ഒന്നും ചോദിക്കേണ്ടിവന്നില്ല.
എല്ലാം ഷഷിയുടെ റിംഗ്ടോണിലുണ്ടായിരുന്നു
ആ പഴയ സിനിമാപ്പാട്ടിന്റെ ഈരടിയായിരുന്നു ഷഷിയുടെ പുതിയ റിംഗ്ടോൺ:
“ നയാപൈസയില്ലാ കയ്യിൽ നയാപൈസയില്ലാ!!!




(Please give a click on കാടമുട്ട. 
പൊട്ടാതെ നോക്കണേ...!)

Tuesday, November 1, 2016

ഷഷിയണ്ണനുണ്ടോ  ഹ്രസ്വവും ദീര്‍ഘവും !

വീട്ടില്‍നിന്ന് ശ്രീമതി എഴുതി കൊടുത്തയച്ച ഒരു നെടുനെടുങ്കന്‍ ലിസ്റ്റുമായിട്ടാണ് കാടമുട്ട ഫെയിം ഷഷിയണ്ണന്‍ സ്റ്റോറിലെത്തുന്നത്.
ആര്‍.കണ്ണനായിരുന്നു കൗണ്ടറില്‍.
സാധനങ്ങള്‍ ഓരോന്നായി സെലെക്റ്റ് ചെയ്ത് ബാസ്‌കറ്റ് നിറക്കുന്നതിനിടയില്‍ ഷഷിയണ്ണന്‍ ആര്‍. കണ്ണനോട്  ചോദിച്ചു:
-അതേയ് കണ്ണാ, ടൂത്ത് പൗഡറ് ലൂസുണ്ടോ?
തേട്ടിവന്ന ദേഷ്യം കടിച്ചമര്‍ത്തി കണ്ണന്‍ പറഞ്ഞു:
-ഇവിടെ ലൂസിന്റെ പരിപാടി ഇല്ലെന്നറിഞ്ഞൂടേ

കണ്ണനോട് സോറി പറഞ്ഞ് ഷഷി തെരഞ്ഞെടുപ്പ് തുടര്‍ന്നു.
ലിസ്റ്റ് കംപ്ലീറ്റായപ്പോള്‍ ബാസ്‌കറ്റ് തൂക്കിയെടുത്ത് കണ്ണന്റടുത്ത് ചെന്ന് ബില്ലടിക്കാന്‍ പറഞ്ഞു.

ബില്ലിന്റെ പകുതിയെത്തിയപ്പോഴാണ് കണ്ണന്‍ അതു ശ്രദ്ധിക്കുന്നത് - 200 ഗ്രാമിന്റെ നമ്പൂതിരീസ് ടൂത്ത്പൗഡര്‍ 5 എണ്ണമെടുത്തു വെച്ചിരിക്കുന്നു ഷഷിയണ്ണന്‍ !
ഇതെന്താ ഷഷിയണ്ണന്റെ വീട്ടില്‍ ഇതുവരെ പല്ലുതേപ്പൊന്നുമുണ്ടായിട്ടില്ലേ...കണ്ണന്‍ ആദ്യം ആത്മഗതം പറഞ്ഞു. പിന്നെ സംശയം തീര്‍ക്കാന്‍ വേണ്ടി പ്രകാശമായി ഷഷിയോട് ചോദിച്ചു:
-ഇതെന്താ ഷഷിയണ്ണാ, 200 ഗ്രാമിന്റെ ടൂത്ത്പൗഡറ് 5 എണ്ണമെടുത്തുവെച്ചിട്ടുണ്ടല്ലൊ. തെറ്റിയെടുത്തതാണോ?
-അല്ലല്ല. അതേയ്, പറഞ്ഞ സാധനം മുഴുവന്‍ വാങ്ങിക്കൊണ്ടുചെന്നില്ലെങ്കില്‍ എന്നെ വീട്ടീക്കേറ്റത്തില്ല.

കണ്ണന്റെ സംശയം അപ്പോഴും തീര്‍ന്നില്ല.
അത് തികച്ചും സ്വാഭാവികമാണല്ലൊ. ആരും കാണിക്കാത്ത പണിയല്ലേ ഷഷി കാണിച്ചേക്കണത്....
ഏതായാലും സംഗതി ഒന്നു കണ്‍ഫേം ചെയ്‌തേക്കാമെന്നു കരുതി കണ്ണന്‍ ഷഷീടെ കയ്യിലെ ലിസ്റ്റ് വാങ്ങി വായിച്ചുനോക്കി.
അതില്‍ ടൂത്ത് പൗഡര്‍ എന്ന ഒരു ഐറ്റമേയുണ്ടായിരുന്നില്ല!
ഉണ്ടായിരുന്ന ഒരൈറ്റം ഷഷിയണ്ണന്‍ എടുത്തിട്ടുമില്ല...
ആ ഐറ്റം ഇതായിരുന്നു:
പാല്‍പ്പൊടി: 1 കിലോ !!!


(Please give a click on കാടമുട്ട. 
പൊട്ടാതെ നോക്കണേ...!)

Thursday, October 20, 2016

ഹാങ്ങോവര്‍

അടാട്ട് പഞ്ചായത്തിലും ആയതിന്റെ പ്രാന്തപ്രദേശങ്ങളിലും പ്രഭാതം വിടരാന്‍ വേണ്ടി
പൊട്ടിത്തുടങ്ങുതേയുണ്ടായിരുന്നുള്ളു.
അന്നേരമാണ് ആര്‍.കണ്ണന് ഒരു ഫോണ്‍കോള്‍ വരുന്നത്.
-ഹലോ, കണ്ണനല്ലേ?
-അതേ. ആരാണ്?
-സാവിയാണ്
-ച്ചാല്‍ മിസിസ് എന്‍ബി
-അതേ
-എന്തേ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്? തിരുമേനിയെ കാണാനില്ലെന്നാണോ?
-അതല്ല കണ്ണന്‍. എനിക്ക് നിങ്ങള്‍ടെ ഒരു സഹായം വേണം.
-എന്താണ്?
-ചേട്ടന്‍ തിരുമേനിക്ക് ഈയിടെയായി ഒരു വശപ്പെശക്.
-ച്ചാലോ?
-വഴിയേ പോണോരോടൊക്കെ അനാവശ്യമായ ഒരൂട്ടം സംസാരം!
-എന്തൊക്കെയാണ് തവതാരിക്കണത്?
-പല്ലു തേച്ചതും കക്കൂസില്‍ പോയതും വളരേ വലിയൊരു ഇടവേളക്കുശേഷം കുളിക്കാന്‍
 തീരുമാനിച്ചതും ഇഡ്ഡലി കഴിച്ചതും വെറ്റില  മുറുക്കിയതും തുപ്പല്‍ തെറിച്ചതും ധര്‍ണ്ണക്ക് 
 പോയതും സില്‍മക്ക് പോയതും സ്വന്തം കല്യാണത്തിന്റെ തിയതി മറന്നതും ഒരിക്കല്‍ ഒരു 
 ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ അയാള്‍ ഫീസ് മുന്‍ കൂര്‍ ചോദിച്ചതും വായ്പ്പാട്ട്
 കേള്‍ക്കുമ്പോള്‍ എല്ലാം മറക്കുന്നതും ബ്ലഡ് ഡൊണേറ്റ് ചെയ്യാന്‍ കൊയമ്പര്‍ത്തൂര്‍ക്ക്
 പോയതും ലീവ് സാങ്ഷന്‍ ചെയ്യാത്തതിന് ഓഫീസറോട് നന്ദി പറഞ്ഞതും
 മറ്റും മറ്റും മറ്റും നാട്ടുകാരോട് പറയേണ്ട വല്ല കാര്യോണ്ടോ?
-എനിക്കൊന്നും മനസ്സിലാവണില്ല
-അത് മാത്രല്ലാന്നേയ്. വരുന്നോര്‍ക്കും പോകുന്നോര്‍ക്കുമൊക്കെ ഫോട്ടോവിതരണവും
 തൊടങ്ങീരിക്കണു.
-എന്തു പോട്ടം?
-വീട്ടിലെ പട്ടി, പൂച്ച, ക്വാഴി, കോളാമ്പി, മരക്കുതിര, കുഴിയാന, മത്തന്‍,കുമ്പളം,കോളിഫ്‌ളവര്‍
 മുതലായവര്‍ക്കൊപ്പം നിന്ന് പുള്ളിക്കാരനെടുത്ത സെല്‍ഫികള്‍
-ഈശ്വരാ. ഈ തിരുമേനിക്കിതെന്തുപറ്റി!
-എന്തായാലും ഇത് അബ്‌നോര്‍മലായിട്ടുള്ള ഒരു ബിഹേവ്യറല്ലേ
-അതതെ
-ച്ചാല്‍ മറ്റേതിന്റെ തൊടക്കമല്ലേ
-എന്നു വേണം അനുമാനിക്കാന്‍
-അപ്പൊ ഡോക്ടറെ കാണിക്കണ്ടേ?
-വേണ്ടിവരും
-അതിനാണ് ഞങ്ങള്‍ക്ക് കണ്ണന്റെ സഹായം വേണ്ടത്.
-പക്ഷേ അതിനുമുമ്പ് ഞാന്‍ തിരുമേനിയോട് ഒന്നു സംസാരിച്ചുനോക്കട്ടെ.
-അതായിക്കോളൂ. പക്ഷേ വൈകരുത്. വൈകിയാല്‍ സംഗതി വഷളാവും.
-ഇല്ലില്ല. ഇന്നുതന്നെ സംസാരിക്കാം.
        അന്നുച്ചക്ക് ഫിഷ്‌കറി മീല്‍സും നാലും കൂട്ടി മുറുക്കും മറ്റും കഴിഞ്ഞാറെ ആര്‍.കണ്ണന്‍ എന്‍ബിയെ അറസ്റ്റ് ചെയ്ത് അസോസിയേഷന്‍ ഹാളിന്റെ ഒരു മൂലയിലേക്ക് കൊണ്ടുപോയി.
പിന്നെ സാവി പറഞ്ഞ കാര്യം കമ്പോടുകമ്പ് വള്ളി പുള്ളി വിസര്‍ജ്യം തെറ്റാതെ തിരുമേനിയെ ധരിപ്പിച്ച ശേഷം ചോദിച്ചു:
-ഇനി പറയൂ. എപ്പോള്‍ ഏതു ഡോക്ടറെ കാണണം?
എന്‍ബി പറഞ്ഞു:
-ഒരാളേം കാണാന്‍ പോണ്ട.
-പിന്നെങ്ങനാ? വട്ടിന് ചികിത്സിക്കണ്ടേ?
-ഒന്നും വേണ്ട. ഒരു രണ്ടാഴ്ചകൊണ്ട് എല്ലാം ശെരിയാകും.
-ഇതു കേട്ടാ തോന്നും ഇത് എല്‍ഡിഎഫിന്റെ അജണ്ടയിലുള്ള ഐറ്റമാണെന്ന്.
-അതല്ല സുഹൃത്തേ. ഇത് മറ്റേതിന്റെ ഹാങ്ങോവറാണ്. അല്ലാതെ മറ്റൊന്ന്വല്ല
-ഏതിന്റെ ഹാങ്ങോവര്‍?
-അപ്പൊ കണ്ണന്‍ അറിഞ്ഞില്ലല്ലേ?
-എന്ത്?
-ഞാന്‍ എന്റെ ഫേസ്ബുക്ക് പേജ് നിര്‍ത്തി !!!

Wednesday, August 31, 2016


ലക്ഷ്മണന്‍റെ രണ്ടാമൂഴം
(പുന: സംപ്രേഷണം)

 

ഈക്കേബിയുടെ റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ടാണ് സംഭവം.
അന്നൊന്നും ഇന്നത്തെപ്പോലെയല്ല. സംഘടനാഭേദമില്ലാതെ, കേഡര്‍ വ്യത്യാസമില്ലാതെ സ്റ്റാഫിന്റെ റിട്ടയര്‍മെന്റ് ഒരു ഉത്സവം പോലെ ആഘോഷിച്ചിരുന്ന കാലമായിരുന്നു അത്.
(
ഉവ്വ്, അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്.)

ഈക്കേബിയുടെ റിട്ടയര്‍മെന്റ് ഫങ്ഷനിലേക്ക് ഡിഏജിയെ ക്ഷണിക്കാന്‍ ഏല്‍പ്പിച്ചിരുന്നത് സാക്ഷാല്‍ കെ.കെ.ലക്ഷ്മണനേയും വി. ഹരിയേയുമായിരുന്നു.
കത്തിവെപ്പിന്റെ കാര്യത്തില്‍ പി.പി.ശിവദാസന്‍ സാറിന്റെ ഏട്ടനായിരുന്നു അന്നത്തെ ഡിഏജി.
ഹരിലക്ഷ്മണന്മാര്‍ ക്ഷണിക്കാന്‍ ചെല്ലുമ്പോള്‍ ഏതോ ഫയല്‍ നോക്കിക്കൊണ്ടിരിക്കയായിരുന്നു അദ്ദേഹം.
കണ്ഠശുദ്ധി വരുത്തിയശേഷം നിരുദ്ധകണ്ഠരരായി ഹരി വിളിച്ചു:
-
സര്‍..
-
യേസ്
-
സാറ് സ്ഥലത്തില്ലാതിരുന്നതുകൊണ്ട് നേരത്തെ പറയാന്‍ കഴിഞ്ഞില്ല, ഇന്ന് ഈക്കേബീടെ സെന്‍ഡോഫാണ്. താഴെ എല്ലാം റെഡിയാണ്. ഞങ്ങള്‍ സാറിനെ വിളിക്കാന്‍ വന്നതാണ്.
   
ഇതു കേട്ടതും ഡിഏജി ഫയല്‍ മാറ്റിവെച്ച് സീറ്റില്‍നിന്നെഴുന്നേറ്റ് ലക്ഷ്മണന്റെ കൈക്ക് കേറി ഒരു പിടുത്തമാണ്! പിന്നെ പറഞ്ഞു: ''വിഷ് യൂ ഏ ഹാപ്പി റിട്ടയര്‍മെന്‍റ് ലൈഫ്'' !!!

അന്ന് ഹരിയില്‍നിന്ന് ഈ കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഒട്ടും വിശ്വാസം വരാതെ ബിആര്‍ ലക്ഷ്മണനോട് ചോദിച്ചു:
-
ഈക്കേബിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഡിഏജി കൈക്ക് കയറി പിടിച്ചതെന്ന് അന്നേരം ലക്ഷ്മണന് മനസ്സിലായില്ലേ?
-
ഉവ്വ്
-
എങ്കില്‍പിന്നെ 'ഞാനല്ല ഈക്കേബി' എന്ന് അപ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ല?
-
അതിന് ഒരക്ഷരം അങ്ങോട്ട് പറയാന്‍ അനുവദിച്ചിട്ടുവേണ്ടേ. ദൈവമേ, ഇതുപോലെ നോണ്‍സ്റ്റോപ്പായി സംസാരിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. നമ്മുടെ
 
ശിവദാസന്‍ സാറൊക്കെ അദ്ദേഹത്തിന്റെ മുമ്പില്‍ വെറും ശിശു!
-
അതു പോട്ടെ. ഡിഏജി കൈയില്‍ കേറി പിടിച്ചപ്പൊ പിടി വിടുവിക്കാന്‍ ലക്ഷ്മണന്‍ ശ്രമിച്ചില്ലേ?
-
എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ അദ്ദേഹം പിടി വിടണ്ടേ
-
കൈ വിടുവിക്കാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, ലക്ഷ്മണന്‍ തിരിച്ച് അദ്ദേഹത്തിന്റെ കൈ പിടിച്ച് കുലുക്കിയെന്നാണ് ഹരി പറഞ്ഞോണ്ട് നടക്കുന്നത്. അതില്‍ വല്ല വാസ്തവവുമുണ്ടോ?
ശ്ലഥകാകളി വൃത്തത്തിലുള്ള ഒരു ഈരടിയാണ് ലക്ഷ്മണന്‍ അതിനു മറുപടിയായി പറഞ്ഞത്:
''
നിനച്ചിരിക്കാതൊരാള്‍ കൈ പിടിച്ചാല്‍
കുലുക്കയല്ലാതെ നാം എന്തുചെയ്യും?'' !!!

(സംഭവം നടന്നിട്ട് ഇപ്പോള്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ടായി. ലക്ഷ്മണന്‍ ഇപ്പോഴും റിട്ടയര്‍ ചെയ്തിട്ടില്ല!)

Tuesday, August 2, 2016

What does it mean?

B R sent the following message to his colleagues the other day:
''Dear colleagues, I will retire from service on the 31st of this month”.

Quick came the response from nearly 90% of them:
''THANK YOU'' !!!

Sunday, May 29, 2016

ലോകസമാധാനത്തിന് ഒരു മാര്‍ഗ്ഗരേഖ

രണ്ടുപേരും വെരി വെരി സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍മാരാണ്.
രണ്ടുപേരുടേയും സീറ്റുകള്‍ ഒരേ റൂമിനകത്തുമാണ്.
പറഞ്ഞിട്ടെന്തുകാര്യം. രണ്ടുപേരും പരസ്പരം കാണാറേയില്ല!

ഒരാള്‍ റൂമിന്റെ ഈശാനകോണില്‍ കിഴക്കോട്ടുതിരിഞ്ഞാണിരിപ്പ്.
മറ്റേയാള്‍ കന്നിമൂലയില്‍ പടിഞ്ഞാട്ടുതിരിഞ്ഞും.

ഒരാള്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചര വരെ പേ റിവിഷന്‍ നോക്കിക്കൊണ്ടിരിക്കും.
മറ്റേയാള്‍ ആ സമയത്ത് പി എഫ് ക്ലോഷര്‍, എന്‍ ആര്‍ എ, ഫ്രോഡ് ഷീറ്റ് മുതലായവ
നോക്കിക്കൊണ്ടിരിക്കും.

ഇതിനിടയില്‍ വല്ലപ്പോഴും കിഴക്കുനോക്കിയാപ്പീസര്‍ കിഴക്കോട്ടുതന്നെ തിരിഞ്ഞിരുന്നു
കൊണ്ട് പടിഞ്ഞാറുനോക്കിയാപ്പീസറോട് എന്തെങ്കിലുമൊന്നുരിയാടിയെന്നിരിക്കും.
പറഞ്ഞത് ഒരു വഹ കേട്ടിട്ടുണ്ടാവില്ലെങ്കിലും പടിഞ്ഞാറുനോക്കിയാപ്പീസര്‍ ഉവ്വ്വോ, അതുശെരി, നന്നായി എന്നൊക്കെയങ്ങ് തട്ടിവിടും. അതല്ലെങ്കില്‍ വെറുതെ മൂളിക്കൊടുക്കും!
തിരിച്ചും തഥൈവ.

കുറ്റമറ്റ ഈ ദിനചര്യ  കൃത്യമായി അഡ്ഹ്യര്‍ ചെയ്തതിനാലാവണം ബിആറും വിജയമ്മ സാറും തമ്മില്‍ നാളിതുവരെ യാതൊരുവിധ ശണ്ഠയുമുണ്ടായിട്ടില്ല !!!

Tuesday, February 16, 2016

ടാക്റ്റിക്‌സ്

-ഹലോ, ബിആറല്ലേ
-അതേ കണ്ണാ
-സഖാവ് എന്നെ പിന്നേം പറ്റിച്ചൂട്ടോ
-ആര്? ശ്രീകുമാറോ?
-തന്നെ തന്നെ
-ഇത്തവണ എത്ര പോയി?
-350 ഇന്ത്യന്‍ റുപ്പീസ്
-സാരല്ല്യ. അടുത്ത ഓണക്കാലത്തെ സ്‌പെഷ്യല്‍ റിബേറ്റില്‍ അഡ്ജസ്റ്റ് ചെയ്യാലോ
-ആ ഒരു സമാധാനത്തിലാണ് ഞാന്‍
-അതുപോട്ടെ. എന്തായിരുന്നു പറ്റിപ്പിന്റെ പശ്ചാത്തലം?
-പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പുസഖ്യത്തെപ്പറ്റി ഒരു സാധാരണക്കാരനു തോന്നാവുന്ന സംശയം ഞാനൊന്നു ചോദിച്ചുപോയി. അതാണ് അബദ്ധമായത്
-കൊള്ളാം. മാര്‍ക്‌സിസം-ലെനിനിസം അരച്ചുകലക്കിക്കുടിച്ച ഒരാളോട് ചോദിക്കാന്‍ പറ്റിയ സംശയമാണോ കണ്ണാ അത്? എന്നിട്ട് എന്തായിരുന്നു പ്രതികരണം?
-സംശയം കേട്ടതും ഉഗ്രകോപത്തോടെ എന്നെയൊരു നോട്ടമാണ്. പിന്നെ പറഞ്ഞു:
ഇത്തരം പീറസംശയമൊന്നും മേലില്‍ എന്നോട് ചോദിച്ചേക്കരുത്. നിങ്ങള്‍ ദിമിത്രോവിന്റെ 'ടാക്റ്റിക്‌സ് ഓഫ് യുണൈറ്റഡ് ഫ്രണ്ട്' വായിച്ച്ട്ടുണ്ടോ? ഇല്ലെങ്കില്‍ ഇന്ന് വീട്ടീപ്പോണവഴി അതിന്റെ ഒരു കോപ്പിവാങ്ങിക്കൊണ്ടുപോയി വായിക്ക്. അതോടെ ബംഗാളിലെ സഖ്യത്തെപ്പറ്റിയുള്ള സകല സംശയവും തീരും.
-എന്നിട്ട് കണ്ണന്‍ പുസ്തകം വാങ്ങിച്ചോ?
-ഒന്നും പറയണ്ട ബിആര്‍. ഞാന്‍ റൗണ്ടായ റൗണ്ടൊക്കെ റൗണ്ടടിച്ചുനോക്കി. ഒരൊറ്റ പുസ്തകക്കടയിലുംസാധനമില്ല. മാത്രല്ല, ദിമിത്രോവ് എന്നു പറയുമ്പോഴേക്കും അവര്‍ തുറിച്ചുനോക്കുകയായിരുന്നു! ഒടുവില്‍ റോഡ്‌സൈഡില്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കണ ഒരാള്‍ടെ കൈയില്‍നിന്നാണ് തൊണ്ടിമുതല്‍ കണ്ടുകിട്ടിയത്.
-അയാള്‍ക്ക് എന്തു കൊടുക്കേണ്ടിവന്നു?
-350 ഇന്ത്യന്‍ റുപ്പീസ്
-എന്നിട്ട് കണ്ണന്‍ അതുമുഴുവന്‍ വായിച്ചോ?
-കമ്പോടുകമ്പ്. ച്ചാല്‍ ഏ ടു സെഡ്
-ഏതായാലും വായിച്ചുകഴിഞ്ഞപ്പോള്‍ ശങ്ക തീര്‍ന്നുകാണും അല്ലേ
-ഉവ്വ! അതല്ലേ ഞാന്‍ പറഞ്ഞത് സഖാവ് എന്നെ പറ്റിച്ചൂന്ന്.
-എങ്ങനെ?
-ബിമന്‍ ബോസിനെപ്പറ്റിയോ സൂര്യകാന്തമിശ്രയെപ്പറ്റിയോ മമതാബാനര്‍ജിയെപ്പറ്റിയോ അതേലെങ്ങും  കമാന്നൊരക്ഷരമില്ലെന്നേയ് !!!


Saturday, January 30, 2016

സൈഡ് ഇഫെക്റ്റ്

പ്രദീപേട്ടന്‍ പ്രീറിട്ടയര്‍മെന്റ് കൗണ്‍സലിങ്ങിന് തിരുവനന്തപുരത്തു പോയതും ഭസ്മാസുരനാവാതെ രക്ഷപെട്ടതും മറ്റും മാലോകരായ മാലോകരൊക്കെ ഇതിനകം അറിഞ്ഞിരിക്കുമല്ലൊ.
ആ സംഭവം നടന്നത് ജനുവരി രണ്ടാം വാരത്തിലായിരുന്നുവെങ്കില്‍ ഈ സംഭവം നടക്കുന്നത് നാലാം വാരത്തിലാണ്.
നാലാം വാരത്തിലെ ഒരു ദിവസം അയല്‍വക്കത്തെ ശാന്തേടത്തി പ്രദീപേട്ടന്റെ വൈഫിനോട്
സംസാരിക്കയാണ്:
-ചോദിക്കണോണ്ട് വെഷമൊന്നും തോന്നരുത്,ട്ടോ പ്രഭേ
-എന്താ ശാന്തേച്ചി?
-അല്ലാ, സാറിന് ഈയിടെയായിട്ട് എന്തെങ്കിലും പ്രശ്‌നണ്ടോ?
-എന്തു പ്രശ്‌നം?
-എന്തെങ്കിലും മാനസിക പ്രശ്‌നം?
-എന്താ ശാന്തേച്ചി അങ്ങനെ ചോദിക്കാന്‍?
-അതല്ലാ.. ഞാന്‍ ഇന്നലെ നോക്കുമ്പൊ സാറ് നിങ്ങടെ ഉമ്മറത്തിരുന്ന് കെഴക്കേലേ വലിയ മൂവാണ്ടന്‍ മാവിന്റെ തുഞ്ചത്തേക്ക് ഇമ വെട്ടാതെ സൂക്ഷിച്ചുനോക്കുന്നതു കണ്ടു.............  അര മണിക്കൂറ് കഴിഞ്ഞ് നോക്കുമ്പോഴും അതേ ഇരിപ്പായിരുന്നു........... ഞാന്‍ ഇക്കാര്യം വീട്ടില് പറഞ്ഞപ്പൊ ചേട്ടനും പറഞ്ഞു, ഈയിടെയായി സാറ് രാവിലെ പാല് വാങ്ങാന്‍ പോവുമ്പൊ വഴീല് കാണണ മരങ്ങള്‌ടെ മോളിലേക്ക് സൂക്ഷിച്ച്‌നോക്കി അനങ്ങാതെ നിക്കണത് കാണാറ്ണ്ട്ന്ന്!
                                       ശാന്തേടത്തി പറഞ്ഞതുകേട്ടതും ഭൂമി കുലുങ്ങുന്നതുപോലെയും തല കറങ്ങുന്നതുപോലയും തോന്നി പ്രഭയ്ക്ക്.........

അന്നു വൈകുന്നേരം അത്താഴത്തിനിരിക്കുമ്പൊ പ്രദീപേട്ടനോട് ശ്രീമതി ചോദിച്ചു:
-അതേയ്, സത്യം പറയണം. ചേട്ടന് എന്തെങ്കിലും പ്രശ്‌നണ്ടോ?
-എന്തു പ്രശ്‌നം?
-അല്ലാ, എന്തെങ്കിലും മാനസിക പ്രശ്‌നം?
-എന്തേ അങ്ങനെ ചോദിക്കാന്‍?
    ശാന്തേടത്തി പറഞ്ഞ കാര്യം വള്ളിപുള്ളി വിസര്‍ഗ്ഗം തെറ്റാതെ പ്രഭ പ്രദീപേട്ടനെ ധരിപ്പിച്ചു.
അന്നേരം പൊട്ടിച്ചിരിച്ചുകൊണ്ട് തനി ബഷീറിയന്‍ സ്റ്റൈലില്‍ പ്രദീപേട്ടന്‍ പറഞ്ഞു:
-എടീ ബഡുക്കൂസെ, എനിക്ക് നീ പറയണ യാതൊരു പ്രശ്‌നോല്ല്യ.
-അപ്പൊപ്പിന്നെ ശാന്തേടത്തി പറഞ്ഞതോ?
-അതുപിന്നെ അന്ന് കൗണ്‍സലിങ്ങിനുവന്ന സാറ് ഹോബികളൊന്നുമില്ലാത്തവര്‍
കൈ പൊക്കാന്‍പറഞ്ഞു. ഞാന്‍ കൈ പൊക്കി. അപ്പൊ സാറ് പറഞ്ഞു, റിട്ടയര്‍ ചെയ്യുമ്പോള്‍ നിര്‍ബ്ബന്ധമായും     എന്തെങ്കിലും ഹോബി വേണമെന്നും അത് ഇപ്പോഴേ കണ്ടെത്തി പ്രാക്റ്റീസ് ചെയ്തു തുടങ്ങണമെന്നും. പിന്നെ ഹോബി സെലക്റ്റ് ചെയ്യാന്‍ വേണ്ടി അതിന്റെ ഒരു ലിസ്റ്റും തന്നു.
-എന്തൊക്കെയുണ്ടായിരുന്നു ലിസ്റ്റില്‍?
-ഗാര്‍ഡനിങ്, സ്റ്റാമ്പ് കളക് ഷന്‍, ചിത്ര രചന, സംഗീതാസ്വാദനം, ഫോട്ടോഗ്രഫി, ശീട്ടുകളി,
കുതിരക്കച്ചവടം, തീപ്പെട്ടിക്കൂട് ശേഖരണം, വീണ വായന, വീഴാത്ത വായന, ഗോസിപ്പെഴുത്ത്,
അടുക്കളപ്പണി... അങ്ങനെ ഒരു നൂറുകൂട്ടം
                      പ്രഭയ്ക്ക് ഉറപ്പായിരുന്നു, തന്നോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ട് പ്രദീപേട്ടന്‍
അടുക്കളപ്പണിയാവും തെരഞ്ഞെടുത്തിട്ടുണ്ടാവുകയെന്ന്. എന്നാലും വെറുതെ ചോദിച്ചു:
-എന്നിട്ട് പ്രദീപേട്ടന്‍ ഏത് ഹോബിയാണ് തെരഞ്ഞെടുത്തത്?
-ഒബ്‌സെര്‍വേഷന്‍
-ഒബ്‌സെര്‍വേഷനോ?
-അതെ. നിരീക്ഷണം. പക്ഷിനിരീക്ഷണം !!!



Tuesday, January 26, 2016

വെളുക്കാന്‍ തേച്ചത്

വെളുക്കാന്‍ തേച്ചത് പാണ്ടായി ഭവിച്ചു എന്നു പറഞ്ഞതുപോലായി പ്രദീപേട്ടന്റെ കാര്യം.

സംഭവമിങ്ങനെ:
2016 ജനുവരി മുതല്‍ ഡിസംബര്‍ വരെ റിട്ടയര്‍ ചെയ്യുന്നവര്‍ക്കുവേണ്ടിയുള്ള കൗണ്‍സലിങ് ക്ലാസ് നടക്കുകയാണ് മെയിനാപ്പീസില്‍.
ഒക്ടോബര്‍ മാസത്തില്‍ റിട്ടയര്‍ ചെയ്യുന്ന പ്രദീപേട്ടനേയും സ്വാഭാവികമായും പ്രസ്തുത പരിപാടിയിലേക്ക്  ക്ഷണിച്ചിരുന്നു.
മാന്യന്മാരും മഹതികളുമടക്കം ആകെമൊത്തം ടോട്ടല്‍ 66 പേരുണ്ടായിരുന്നു ക്ലാസില്‍.
പലരേയും അനേകവര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി കാണുകയാണ് പ്രദീപേട്ടന്‍.
കൂടിക്കാഴ്ചക്കിടയില്‍ പ്രൗഢയും കുലീനയുമായ ഒരു ലേഡിയോട് പ്രദീപേട്ടന്‍ തികച്ചും നിര്‍ദ്ദോഷമായ ഒരു  കുശലാന്വേഷണം നടത്തി. ആ അന്വേഷണമാണ് പാണ്ടായിബ്ഭവിച്ചത്!
പ്രദീപേട്ടന്റെ ചോദ്യം കേട്ടതും അവര്‍ വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന ഖണ്ഡകാവ്യത്തിലെ പാര്‍വതീദേവിയെ ഇമിറ്റേറ്റ് ചെയ്ത് പ്രദീപേട്ടനെ ജ്വലിച്ച കണ്‍കൊണ്ടൊരു നോക്കുനോക്കി.
മഞ്ഞുകാലമായതുകൊണ്ട് രക്ഷപെട്ടു. അല്ലെങ്കില്‍ പ്രദീപേട്ടന്‍ ഭസ്മായേനെ. ഭസ്മാസുരനായേനെ!

പ്രൗഢയോടുള്ള പ്രദീപേട്ടന്റെ തികച്ചും നിഷ്‌കളങ്കമായ ചോദ്യം ഇതായിരുന്നു:
''ഏതാ മാസം?''' !!!