rajasooyam

Sunday, October 29, 2017

ചക്കിനു വെച്ചത്

പണിക്കര്‍ കുളിമുറിയില്‍ കേറിയ നേരത്താണ് പറമ്പിലെ പണിക്ക് വരാമെന്നേറ്റിരുന്ന ധൃഷ്ടദ്യുമ്‌നന്‍ ചെട്ടിയാര്‍ ഒരു നായ്ക്കന്‍ തൂമ്പയുമായി കളരിക്കല്‍ തറവാട്ടിലേക്ക് കേറിവന്നത്.
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ എന്ന പാട്ടില്‍ തുടങ്ങുന്ന പണിക്കരുടെ പള്ളിനീരാട്ട്
കഴിയുമ്പോഴേക്കും സൂര്യന്‍ ഉച്ചസ്ഥായിയിലെത്തുമെന്നറിയാമായിരുന്ന പണിക്കത്ത്യാര്‍
ചെട്ട്യാര്‍ക്ക് ഡയരക് ഷന്‍ കൊടുക്കുന്ന കാര്യം സ്വയം ഏറ്റെടുത്തു:
ഈ തെങ്ങിന്റെ തടമെടുക്കണം, ഇവിടെ ഒരു മുളകിന്‍ തൈ നടണം, ഇവിടെ ഒരു ചാല് കീറണം, ഈ മരത്തിന്റെ ചില്ല വെട്ടണം, ഈ പുല്ലെല്ലാം ചെത്തണം, ഈ ചവറെല്ലാം അടിച്ച് തീയിടണം-
അങ്ങനെയങ്ങനെ നിര്‍ദ്ദേശങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു പിന്നെ.
പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ധൃഷ്ടദ്യുമ്‌നന്‍ ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല! മടിയില്‍നിന്ന് തളിര്‍വെറ്റില, കളിയടക്ക, ചുണ്ണാമ്പ് ഇത്യാദികള്‍ തപ്പിയെടുത്ത് നാലും കൂട്ടി മുറുക്കാനുള്ള
വട്ടം കൂട്ടുകയായിരുന്നു ടിയാന്‍.
തന്റെ നിര്‍ദ്ദേശങ്ങളെല്ലാം 'വെള്ളത്തില്‍ വരച്ച ജലരേഖ' പോലെ വായുവായിപ്പോകുന്നതുകണ്ടപ്പോള്‍ വനജാക്ഷിയമ്മക്ക് ഇത്രളവേ കലി വന്നുള്ളൂന്ന് ല്ല്യ.
ചെട്ട്യാരെ നോക്കി പൊട്ടിത്തെറിച്ചുകൊണ്ട് പണിക്കത്ത്യാര്‍ പറഞ്ഞു:
'' ദെന്താ പൊട്ടന്റെ കൂട്ട്? ഡോ, തന്നോടാ ഞാന്‍ ഈ പറയണേ...''
നൂറ്റിപ്പത്ത് ഡെസിബെല്ലില്‍ കൂടുതലുണ്ടായിരുന്നതുകൊണ്ടാകാം പ്രസ്തുത വെടിയുടെ ഒച്ച
കുളിമുറിയിലുമെത്തി!
ഞെട്ടിപ്പോയി വേണുപ്പണിക്കര്‍.
അല്പം കഴിഞ്ഞ് സമനില വീണ്ടുകിട്ടിയപ്പോള്‍ പണിക്കര്‍ അവിടെ നിന്നും വിളിച്ചുപറഞ്ഞു:
'' എന്റെ വനജേ, ഞാന്‍ കുളിമുറീലാണ്. നീ പറഞ്ഞതൊന്നും ഞാന്‍ കേട്ടട്ട് ല്ല്യ. തമ്പുരാനെക്കുറിച്ച് എന്നെ ചീത്ത പറയണത് നാട്ട്കാരെ കേപ്പിക്കല്ലേ..... ''


Thursday, October 26, 2017

നിത്യസഹായപ്പണിക്കര്‍

പക്കമേളമൊന്നുമില്ലാതെ വെറും തുടയിലടിച്ച് താന്‍ പാടിയ എന്തരോ മഹാനുഭാവുലൂ എന്ന വായ്പ്പാട്ട് വാട്ഷാപ്പില്‍ പോസ്റ്റ് ചെയ്തശേഷം പുട്ടും കടലയുമടിക്കാന്‍ അടുക്കളയില്‍ കയറിയതാണ് സംഗീതകുലപതി വേണുപ്പണിക്കര്‍.
അന്നേരം വനജാക്ഷിയമ്മ അവിടെ ഒരു കുന്ന് പാത്രങ്ങളുമായി മല്ലിട്ടുകൊണ്ടിരിക്കയായിരുന്നു.
കണവനെ കണ്ടപ്പോള്‍ കണവി പറഞ്ഞു: ഒരു നൂറ് പാത്രങ്ങള്ണ്ട് കഴുകാന്‍. നിന്നു നിന്ന് എന്റെ കാല് കഴച്ചു. ഒന്ന് സഹായിച്ചൂടേ മന്‍ഷ്യാ?
അക്കൗണ്ടാപ്പീസിലെ ഹെല്‍പ് ഡെസ്‌കില്‍ കുറച്ചുനാള്‍ വര്‍ക്ക് ചെയ്തതില്‍പിന്നെ പണിക്കര്‍ക്ക് ആരെ കണ്ടാലും ഒന്നു ഹെല്‍പ് ചെയ്യാന്‍ തോന്നാറുണ്ട്.
ഇതിപ്പോള്‍ സ്വന്തം ഭാര്യയാണ് സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അപ്പോള്‍ ഒരു പ്രത്യേക
ഇതുണ്ടാവുമല്ലൊ.
കണവിയുടെ അഭ്യര്‍ത്ഥന കേട്ടതും ബൈ ഓള്‍ മീന്‍സ് എന്നും പറഞ്ഞ് പണിക്കര്‍ ശരം വിട്ടതുപോലെ ഡൈനിങ് ഹാളിലേക്ക് ഒരോട്ടമാണ്.
തിരിച്ച് അടുക്കളയിലേക്ക് വരുമ്പോള്‍ പണിക്കരുടെ കൈയില്‍ ഒരു സ്റ്റൂള്‍ ഉണ്ടായിരുന്നു.
സ്റ്റൂള് വനജാക്ഷിയമ്മേടെ അടുത്തേക്ക് നീക്കിയിട്ടുകൊടുത്തിട്ട് പണിക്കര്‍ പറഞ്ഞു:
ദാ, ഇതിലിരുന്ന് തേച്ചോളൂ !!!



Monday, October 16, 2017



ആപ്പ് !
ആ പ്രദീപേട്ടന്‍ പറ്റിച്ച പണി നോക്കണേ.
ഏതോ ഒരു ചാമിംഗ് ലേഡിയുടെ പടം വേണുപ്പണിക്കര്‍ക്ക് വാട്‌സാപ്പ് ചെയ്തുകൊടുത്തിട്ട് പറയുവാ സോഫ്റ്റായിട്ട് ഒന്നു ടച്ച് ചെയ്തുനോക്കാന്‍!
കഷ്ടകാലത്തിന് പണിക്കര്‍ കുളിക്കാന്‍ കേറിയ നേരത്താണ് വാട്‌സാപ്പ് പൊട്ടിയത്.
ഒച്ച കേട്ട് ഓടിയെത്തിയ പണിക്കത്ത്യാര്‍ വല്ല അര്‍ജന്റ് കേസ് എന്തെങ്കിലുമാണെങ്കിലോന്നു വിചാരിച്ച് അത് തുറന്നുനോക്കുകയായിരുന്നു.
ആപ്പിലെ പടം കണ്ട് പുള്ളിക്കാരി ആദ്യമൊന്നു ഞെട്ടി. പിന്നെ മെസേജില്‍ പറഞ്ഞപ്രകാരം അതില്‍ പതുക്കെ ഒന്നു തൊട്ടുനോക്കി.
പിന്നത്തെ പുകിലൊന്നും പറയണ്ട.
അിക്കവാറും അടുത്തമാസം പണിക്കരുടെ ഡൈവോഴ്‌സുണ്ടാവും !!!

Monday, September 25, 2017

പ്രാര്‍ത്ഥന

വാട്‌സാപ്പ് എന്ന വട്ട്‌ഷോപ്പ് ബിആര്‍ വല്ലപ്പോഴുമേ തുറക്കാറുള്ളൂ.
ഈയിടെ ഒന്നു തുറന്നുനോക്കിയപ്പോള്‍ കണി കണ്ടത് സാക്ഷാല്‍ ഊരകത്തപ്പന്‍ തിരുവടിയവര്‍കളെ- വേണുഗോപാലപ്പണിക്കരെ!
നിലത്തുവിരിച്ച തടുക്കുപായില്‍ കിഴക്കോട്ടുതിരിഞ്ഞ്  ചമ്രവട്ടം പടിഞ്ഞാണ് പണിക്കരുടെ ഇരുപ്പ്.
മടിയില്‍ ആമ്പല്‍പ്പൂപോലത്തെ ഒരു കൈക്കുഞ്ഞുമുണ്ട്.
ഒരു കുഞ്ഞുമുണ്ട് പണിക്കര്‍ ഉടുത്തിട്ടുമുണ്ട്. ഒരെണ്ണം പുതച്ചിട്ടുമുണ്ട്.
(ആകപ്പാടെ മുണ്ട് മയം അല്ലേ).
പൂവമ്പനെപ്പോലെയിരിക്കുന്ന പണിക്കരുടെ തിരുമേനി കണ്ടപ്പൊ ഒരു വടക്കന്‍ പാട്ടിലെ ഈരടികളാണ് ബിആറിന് ഓര്‍മ്മ വന്നത്:
കുന്നത്തുവെച്ച വിളക്കുപോലേ...
ചന്ദനക്കാതല്‍ കടഞ്ഞപോലേ...
പൂന്തിങ്കള്‍ മാനത്തുദിച്ചപോലേ...
പൂവാംകുരുന്നിലയെന്നപോലേ...
മുത്തുകടഞ്ഞ കതിര്‍മുഖവും...
ശങ്കു/ശംഖു കടഞ്ഞ കഴുത്തഴകും...
ആലിലക്കൊത്തോരടിവയറും...
പൂണൂല്‍പരിചൊത്ത പൂഞ്ചുണങ്ങും...
പൊക്കിള്‍കുഴിയും പുറവടിവും...
പൊന്നേലസ്സിട്ട മണിയരയും...
                           ഇത്രയും പാടിക്കഴിഞ്ഞപ്പോഴാണ്  തികച്ചും അപ്രതീക്ഷിതമായി ആ കൊനുഷ്ഠ് ചോദ്യം ബിആറിന്റെ തലയിലേക്ക് ഓടിക്കേറിയത്:
പേരക്കുട്ടിയെ മടിയില്‍ വെച്ച് ചിരിച്ചോണ്ടിരിക്കുന്ന പണിക്കരുടെ ഈ ചിത്രം
കാണുമ്പോഴെല്ലാം പണിക്കത്ത്യാരുടെ മനസ്സിലെ പ്രാര്‍ത്ഥന എന്തായിരിക്കും? !!
ആര്‍ക്കാ നിശ്ശം?
വായനക്കാര്‍ക്കറിയാമാവോ....
ആവാവോ...



Monday, July 3, 2017

ഇന്റെഗ്രിറ്റി

തന്റെ കീഴിലുള്ള സെക് ഷനുകളിലെ സീനിയര്‍ അക്കൗണ്ടന്റുമാരുടെ ആന്വല്‍
കോണ്‍ഫിഡെന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ റിവ്യു ചെയ്തുകൊണ്ടിരിക്കുകയായിരുന്നു
ബഹുമാനപ്പെട്ട അക്കൗണ്ട്‌സ് ആപ്പീസര്‍.
രണ്ടെണ്ണം റിവ്യു കഴിഞ്ഞ് മാറ്റിവെച്ചു. മൂന്നാമത് കൈയില്‍ കിട്ടിയത് എന്‍ ബി പരമേശ്വരന്‍
തിരുമേനീടെ സിആര്‍ ആയിരുന്നു.
ആപ്പീസര്‍ ആദ്യം നോക്കിയത് അതില്‍ സെക് ഷന്‍ സൂപ്രണ്ട്  പേന കൊണ്ട് വരച്ചിരിക്കുന്ന
ചിത്രമാണ്. ച്ചാല്‍ പെന്‍ പിക്ചര്‍.
''ഉഗ്രനായിരിക്കുന്നു. എന്‍ബീടെ തല്‍ സ്വരൂപം തന്നെ!'' ആപ്പീസര്‍ മനസ്സില്‍ പറഞ്ഞു.
അടുത്തതായി പരതിയത് ഇന്റെഗ്രിറ്റീടെ കോളമാണ്.
അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: His integrity is beyond doubt.
അതു വായിച്ചപ്പോള്‍ ആപ്പീസര്‍ക്കൊരു ഡൗട്ട്: ആ പ്രസ്താവന വാസ്തവമാണോ?
എന്തടിസ്ഥാനത്തിലാണ് സൂപ്രണ്ട് അങ്ങനെയെഴുതിയത്?....
ഏതായാലും തന്റെ റിമാര്‍ക്‌സ് എഴുതുന്നതിനുമുമ്പ് പ്രശ്‌നം അനൗദ്യോഗികമായി ഒന്നു ചര്‍ച്ചചെയ്‌തേക്കാമെന്നു കരുതി ആപ്പീസര്‍ സൂപ്രണ്ടിനെ വിളിപ്പിച്ചു.

തിരുമേനീടെ സിആറിലെ ഇന്റെഗ്രിറ്റി കോളം ചൂണ്ടിക്കാണിച്ചുകൊണ്ട് ആപ്പീസര്‍ സൂപ്രണ്ടിനോട്‌ചോദിച്ചു:
-ഇതില്‍ എഴുതിയിരിക്കുന്നത് ഒന്നു വായിക്കൂ
- His integrity is beyond doubt.
-എന്‍ബീടെ ഇന്റെഗ്രിറ്റിയെപ്പറ്റി സൂപ്രണ്ടിന് ഒരു സംശയവുമില്ലെന്നാണോ?
-ലവലേശമില്ല
-എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ ആ നിഗമനത്തിലെത്തിയത്? അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന എന്തെങ്കിലും ഡോക്യുമെന്റല്‍ എവിഡെന്‍സുണ്ടോ?
-ഉണ്ട് സര്‍. കൊണ്ടുവരാം
    സെക് ഷനിലേക്കുപോയ സൂപ്രണ്ട് തിരിച്ചുവന്നത് കൈയില്‍ ഒരു ഫയലുമായിട്ടാണ്.
തന്നാണ്ടത്തെ കാഷ്വല്‍ ലീവ് അപ്ലിക്കേഷന്റെ ഫയലായിരുന്നു അത്. അതില്‍ ഫ്‌ളാഗ്
ചെയ്തുവെച്ചിരുന്ന ഒരു അപ്ലിക്കേഷന്‍ അപ്പീസര്‍ക്ക് വായിക്കാന്‍ കൊടുത്തുകൊണ്ട് സൂപ്രണ്ട്‌ചോദിച്ചു:
ഒരു ലീവ് അപ്ലിക്കേഷന്‍ എഴുതുമ്പോള്‍ പോലും ഇത്രമാത്രം സത്യസന്ധത പുലര്‍ത്തുന്ന ഒരു
മനുഷ്യന്റെ ഇന്റെഗ്രിറ്റിയേയും ചാരിത്ര്യത്തേയും മറ്റും ഞാന്‍ എന്തിനു സംശയിക്കണം, സര്‍?

എന്‍ബീടെ സബ്മിഷന്‍ ഇതായിരുന്നു:
As I forgot to return to duty after lunch yesterday, I request that I may please be sanctioned ½ day's casual leave to regularise the absence. !!!

Friday, June 23, 2017

സൗന്ദര്യപ്പിണക്കം

വേണുപ്പണിക്കരും(Mob:9446097544) വനജാക്ഷിയമ്മയും ആദര്‍ശദമ്പതികളാണെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര അത്ര സജീവമല്ലെന്നുവേണം കരുതാന്‍. അതുകൊണ്ടാവണം രണ്ടുപേരുംതമ്മില്‍ ഇടക്കിടെ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകുന്നത്.
അക്ഷരാര്‍ത്ഥത്തില്‍ തന്നെയുള്ള സൗന്ദര്യപ്പിണക്കങ്ങളാണ് അവ.
സപ്തതിയിലേക്ക് കാലും കൈയും നീട്ടിയിരിക്കുന്ന പണിക്കര്‍ ഒരു
മധുരപ്പതിനേഴുകാരനെപ്പോലെ അണിഞ്ഞൊരുങ്ങി ചെത്തിനടക്കുന്നതു കാണുമ്പോള്‍
പണിക്കത്ത്യാര്‍ക്ക് അസൂയയോടൊപ്പം ഒരു ആന്തലാണ്.
സുകുമാരകളേബരനെ യുവതികളാരെങ്കിലും കിട്ണാപ്പ് ചെയ്ത് തട്ടിക്കൊണ്ടുപോയാലോന്നാണ്ശ്രീമതിയുടെ പേടി.

പണിക്കര്‍ എന്നും രാവിലെ പ്രാഥമികവും ദ്വിതീയവുമായ കര്‍ത്തവ്യങ്ങള്‍ക്കുശേഷം മീശയിലും
തലമുടിയിലും പുരികങ്ങളിലും കൈത്തണ്ടയിലെ രോമങ്ങളിലുമെല്ലാം ഗോദ്‌റേജിന്റെ ആപ്പ്
ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തുടങ്ങും. അതുകാണുമ്പോള്‍ വനജാക്ഷിയമ്മ ഒന്നും രണ്ടും പറയും.
പണിക്കര്‍ മൂന്നും നാലും മറുപടി പറയും. പിന്നെ പണിക്കര്‍ ഇന്ദുലേഖ ഫേസ്  പാക്ക്
കൈയിലെടുക്കുമ്പോള്‍ ശ്രീമതി അഞ്ചും ആറും പറയും. അപ്പോള്‍ പണിക്കര്‍ ഏഴും എട്ടും
തിരിച്ചുപറയും.

പിണക്കമായാല്‍ പിന്നെ രണ്ടാളും പരസ്പരം മിണ്ടില്ല. മിനിമം രണ്ടുദിവസമുണ്ടാവും മൗനവ്രതം. അതുകഴിയുമ്പോള്‍ ഏതോ സിനിമാപ്പാട്ടില്‍ പറഞ്ഞപോലെ
ആരാദ്യം മിണ്ടും... ആരാദ്യം മിണ്ടും... മിണ്ടാനിനി വയ്യ... മിണ്ടാണ്ടും വയ്യ... എന്ന സ്ഥിതിയാകും.
അതാണ് അതിന്റെയൊരു നാള്‍വഴി.

അന്നു സംഭവിച്ചതും അതൊക്കെ തന്നെയായിരുന്നു.
പക്ഷേ വൈകീട്ട് കിടക്കാന്‍ നേരമാണ് പണിക്കര്‍ ഒരു കാര്യം ഓര്‍ത്തത്: പിറ്റേന്ന് രാവിലെ
5 മണിക്ക് ഏണീക്കണം. അതിന് വനജാക്ഷിയമ്മേടെ സഹായം വേണ്ടിവരും.
സാധാരണ രാവിലെ എട്ടുമണിക്കാണ് പണിക്കര്‍ ഉറക്കമുണരുക. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍
നേരത്തെ വിളിച്ചുണര്‍ത്താന്‍ ശ്രീമതിയെ ചട്ടംകെട്ടുകയാണ് പതിവ്.
അല്ലാതെ അലാറമൊന്നും വെക്കാറില്ല. വെച്ചാലും കാര്യമില്ല. അത് അവിടെയിരുന്ന് അലറി വിളിച്ചാലും പണിക്കരറിയാറില്ല.
സംഭവദിവസം പണിക്കര്‍ അങ്ങനെ ആകപ്പാടെ ആപ്പിലായിപ്പോയി. പിണക്കമായതുകൊണ്ട്
ശ്രീമതിയോട് നേരത്തെ വിളിച്ചുണര്‍ത്താന്‍ പറയാന്‍ പറ്റില്ലല്ലൊ...

ഏറെ നേരം ആലോചിച്ചതിനുശേഷമാണ് പണിക്കര്‍ക്ക് ആ ഉപായം വീണുകിട്ടിയത്.
പുള്ളിക്കാരന്‍ മേശയില്‍ നിന്ന്  കാല്‍പായ കടലാസെടുത്ത് അതില്‍ ഇങ്ങനെയൊരു
കുറിപ്പെഴുതി പണിക്കത്ത്യാരുടെ തലയിണമേല്‍ വെച്ചു:
''നാളെ കൂറ്റനാട് ഉണ്ണിക്കൃഷ്ണപ്പണിക്കരെ കണ്ട്  പ്രശ്‌നം നോക്കാന്‍ തിരുവനന്തപുരത്തുനിന്ന് ഒരു പാര്‍ട്ടി വരുന്നുണ്ട്. തൃശ്ശൂരില്‍ നിന്ന് അവരെ കൂട്ടിക്കൊണ്ടുപോകാമെന്ന് ഞാന്‍
ഏറ്റിട്ടുള്ളതും അതിനുള്ള കമ്മീഷന്‍ കൈപ്പറ്റിയിട്ടുള്ളതുമാണ്. അവര്‍ രാവിലെ 7 മണിക്ക്
തൃശ്ശൂരെത്തും. എന്നെ 5 മണിക്ക് വിളിക്കണം''.

പക്ഷേ പിറ്റേന്ന് പണിക്കര്‍ ഉണര്‍ന്നുനോക്കുമ്പോള്‍ പതിവുപോലെ മണി 8.
കിടക്കപ്പായില്‍നിന്ന് ഞെട്ടിപ്പിടഞ്ഞെണീറ്റ പണിക്കര്‍ താന്‍ തലേന്ന് എഴുതിവെച്ച
കുറിപ്പ് അവിടെയുണ്ടോന്നു നോക്കി.
അപ്പോഴുണ്ട് അതിന്റെ സ്ഥാനത്ത് മറ്റൊരു കുറിപ്പിരിക്കുന്നു.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു:
''മണി 5 ആയി. വേണങ്ങെ എണീറ്റൊ'' !!!

Friday, June 16, 2017

മറവിശക്തി

കഴിഞ്ഞകൊല്ലം ഈ സമയത്ത് കോട്ടയം ജില്ലയുടെ പ്രാന്തപ്രദേശത്തുള്ള ചാത്തോത്തില്ലത്ത്
ഇമ്മിണി വലിയ നാരായണന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ ആയുര്‍വേദ
ചികിത്സയിലായിരുന്നു എന്‍ബി പരമേശ്വരന്‍ തിരുമേനി.
അസുഖം മറ്റേതുതന്നെ. ച്ചാല്‍ ഓര്‍മ്മക്കുറവ്.
2 മാസത്തെ ഉഴിച്ചിലും പിഴിച്ചിലും കിഴിച്ചിലും മറ്റും കഴിഞ്ഞപ്പോഴേക്കും എന്‍ബിക്ക് നല്ല
ഓര്‍മ്മശക്തിയായെന്നാണ് ഇടനിലക്കാരനും ബ്രോക്കറും കമ്മീഷന്‍ഏജന്റും മറ്റുമായ
കുറൂര്‍ മനയ്ക്കലെ സൂമാരന്‍ തിരുമേനി പറഞ്ഞത്.

രണ്ടുമാസത്തെ പ്രസ്തുത ചികിത്സ കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ഈ സംഭവം:
എന്‍ബി ഒരു ട്രെയിന്‍ യാത്രയിലാണ്. അര്‍ദ്ധസുഷുപ്തിയിലായിരുന്ന തിരുമേനി എന്തോ
സ്വപ്നം കണ്ടിട്ടെന്നപോലെ ഞെട്ടിയുണര്‍ന്ന് ദേഹമാസകലം തപ്പലോടുതപ്പല്!
പരിഭ്രാന്തിയോടെയുള്ള ഈ തപ്പല് കണ്ടപ്പോള്‍ അടുത്തിരുന്നവര്‍ ചോദിച്ചു:
-എന്താ തപ്പുന്നത്?
-ന്റെ ടിക്കറ്റ് കാണണ്ല്ല്യ
    അതിന് അങ്ങനെ ബേജാറാവേണ്ട കാര്യമില്ലെന്നും സാധാരണ ഈ ട്രെയിനില്‍ ടിടിആര്‍
കേറാറില്ലെന്നും പറഞ്ഞ്  ഒരാള്‍ തിരുമേനിയെ സമാധാനിപ്പിച്ചു. അയാള്‍ അതങ്ങ് പറഞ്ഞ്
നാവെടുത്തില്ല; അപ്പോഴേക്കും അതാ ടിടിആര്‍ തിരുമേനിയുടെ നേരെ മുന്നില്‍!
കണ്ടാല്‍ ഒരു കണ്ടാമൃഗത്തെപ്പോലെയുണ്ടായിരുന്നെങ്കിലും ആളൊരു തരളഹൃദയനായിരുന്നു.
തിരുമേനിയുടെ തപ്പലും പരുങ്ങലും കണ്ടപ്പോള്‍ ടിടിആര്‍ ചോദിച്ചു:
-എന്തു പറ്റി?
-സാര്‍, എന്റെ ടിക്കറ്റ് കാണാന്‍ല്ല്യ
-ടിക്കറ്റ് എടുത്തായിരുന്നോ?
-ഉവ്വുവ്വ്
-എന്താ നിങ്ങടെ പേര്?
-എന്‍ബി പരമേശ്വരന്‍
-എന്തു ചെയ്യുന്നു?
-അക്കൗണ്ടാപ്പീസില്‍ കണക്കെഴുത്താണ്
-കൈയില്‍ ആപ്പീസിലെ ഐഡി കാര്‍ഡുണ്ടോ?
    എന്‍ബി കാര്‍ഡെടുത്ത് കാണിച്ചു. അതു കണ്ടപ്പോള്‍ ആളൊരു ഫ്രാഡല്ലെന്നു
തോന്നിയിട്ടാവണം കൂടുതല്‍ നടപടികളിലേക്ക് കടക്കാതെ ടിടിആര്‍ പിന്‍വാങ്ങി.

    ടിടിആര്‍ സ്ഥലംവിട്ടിട്ടും പക്ഷേ തിരുമേനി തപ്പല് നിര്‍ത്തുന്നില്ല!
ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന സകല സ്ഥാവരജംഗമസ്വത്തുക്കളും വലിച്ചുവാരി
പുറത്തിട്ടുനോക്കി. പിന്നെ ആ കമ്പാര്‍ട്ടുമെന്റിലെ സീറ്റുകള്‍ക്കടിയില്‍ അവിടവിടെ കിടന്നിരുന്നസകല കടലാസ് ചുരുളുകളും നിവര്‍ത്തി പരിശോധിച്ചു. ടിക്കറ്റ് മാത്രം കിട്ടിയില്ല.
തിരുമേനിയുടെ ഈദൃശ പ്രവൃത്തികള്‍ കണ്ട് കൗതുകം തോന്നിയ മറ്റൊരു സഹയാത്രികന്‍
ചോദിച്ചു:
-ടിടിആര്‍ വന്നുപോയില്ലേ. ഇനിയും എന്തിനാ ടിക്കറ്റും തപ്പിക്കൊണ്ടിരിക്കണത്?
-ടിക്കറ്റുകൊണ്ട് ഒരത്യാവശ്യണ്ടേയ്
-അതെന്താ ഇത്ര അത്യാവശ്യം?
-ഒരു കാര്യം അറിയാനാണ്. ടിക്കറ്റ് നോക്ക്യാലേ അത് അറിയാമ്പറ്റൂ
-മനസ്സിലായില്ല. ടിക്കറ്റ് നോക്ക്യാ എന്തറിയാന്‍ പറ്റുംന്നാണ്?
-ഞാന്‍ ഇപ്പൊ എങ്ങടാ പോണേന്ന് !!!

Friday, June 9, 2017

ട്രമ്പ് !

വാസ്തവത്തില്‍ ആ പൂച്ചക്ക് അങ്ങനെ ചെയ്യേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല.
അയല്‍വക്കത്തെ പട്ടിയുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റി എന്നത് ശെരി.
വാഗ്വാദത്തിനിടെ പട്ടി കടിക്കാന്‍ ഓടിച്ചതും ശെരി.
എന്നുവെച്ച് മുന്നും പിന്നും നോക്കാതെ പത്തുനാല്പതടി ഉയരമുള്ള തെങ്ങിന്റെ മണ്ടയിലേക്ക് ഓടിക്കേറുകയാണോ വേണ്ടത്?
ആത്മരക്ഷാര്‍ത്ഥം എന്ന ക്ലിഷേ ഉപയോഗിച്ച് പറഞ്ഞുനില്‍ക്കാമെങ്കിലും കോളണിക്കാരില്‍
പലരും അത് മുഖവിലക്കെടുക്കുന്നില്ല.
മാര്‍ജ്ജാരന്‍ ഓവര്‍സ്മാര്‍ട്ടാവാന്‍ നോക്കിയതാണെന്നാണ് പലരുടേയും മതം, ജാതി, വര്‍ഗ്ഗം,
ഗോത്രം.
അതെന്തു കുന്തമായാലും സംഗതി വല്ലാത്ത പൊല്ലാപ്പായെന്നു പറഞ്ഞാ മതീലൊ.
അന്നേരത്തെ ഒരു ഊറ്റത്തിന് അങ്ങ് കേറിപ്പോയെങ്കിലും കൂറ്റന്‍ ക്യാറ്റിന് താഴെയിറങ്ങാന്‍
പറ്റണ്ല്ല്യാന്നേയ്!
പണ്ട് എംഡി കൃഷ്‌ണേട്ടന്‍ തേക്കേല്‍ കേറിയില്ലേ- അതേ അവസ്ഥ!
അപകടമൊന്നും പറ്റാതെ പൂച്ചസന്ന്യാസീനെ എങ്ങനെ താഴെയിറക്കും?
അതായി കോളണിക്കാരുടെ മൊത്തം ചിന്തയും ദേശാഭിമാനിയും.
ദൈവം സഹായിച്ച് സിവിലിയന്‍സിനിടയില്‍ അഭിപ്രായങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായില്ല:
-നമുക്കൊരു ഏണി വെച്ചുകൊടുത്താലോ...
-കോണിയായാല്‍ പോരേ...
-അതിന് 40 അടി നീളമുള്ള കോണി എവിടെ കിട്ടാനാ?
-താഴെ വല വിരിച്ച് കല്ലെറിഞ്ഞ് വീഴ്ത്തിയാലോ?
-അതിലൊരു ഹിംസേടെ എലെമെന്റില്ലേ ഹംസേ. അതിലും നല്ലത്
മര്യാദക്ക് താഴെയിറങ്ങിവരാന്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്യുന്നതല്ലേ...
-ഒവ്വ! പറയേണ്ട താമസേള്ളു
-എന്നാ പിന്നെ ഫയര്‍ഫോഴ്‌സിനെ വിളിക്കാം
-എന്റെ മാഷേ, ഈ ചീള് കേസിനൊന്നും അവര് വരാമ്പോണില്ല

 പിന്നേയും പലരും പലരും പലതും പംക്തിയില്‍ പങ്കെടുത്തെങ്കിലും ഒരു ലോജിക്കല്‍
കണ്‍ക്ലൂഷനില്‍ എത്താന്‍ കഴിഞ്ഞില്ല.
അന്നേരം മിസിസ് ബിആര്‍ ബിആറിന്റെ കാതില്‍ മന്ത്രിച്ചു:
-അതേയ്. ഇതിങ്ങനെ ചര്‍ച്ച ചെയ്‌തോണ്ടിരുന്നിട്ട് യാതൊരു കാര്യോല്ല്യ. നേരം കളയാതെ വേഗം  ട്രമ്പെടുത്ത് വീശാന്‍ നോക്ക്...
-മനസ്സിലായില്ല
-എന്റെ മന്ഷ്യാ. ഇത്തരം കൊനുഷ്ഠ്  പ്രശ്നങ്ങള്‍ വരുമ്പോള്‍ നമ്മള്‍ അക്കൗണ്ടാപ്പീസുകാര്‍ സാധാരണയായി എന്താണ് ചെയ്യാറ്? അതങ്ങ് ചെയ്‌തേച്ചാ മതി.
-എന്താണത്? റിട്ടയര്‍ ചെയ്തപ്പൊ അത് മറന്നുപോയി
-ശ്രീകുമാറിനെ വിവരമറിയിക്ക! ബാക്കി കാര്യം സഖാവ് നോക്കിക്കോളും!!!

Saturday, May 13, 2017

കൊളാക്കിയാല്‍

പതിവില്ലാത്തവിധം കൂര്‍ക്കഞ്ചേരി ടൗണില്‍ ബസ്സിറങ്ങി അങ്ങോട്ടുമിങ്ങോട്ടും
തേരാപ്പാരാ നടക്കുന്ന എം ഡി കൃഷ്‌ണേട്ടനെ കണ്ടപ്പോള്‍ ബിആര്‍ ചോദിച്ചു:
-ഇതെന്താ കൃഷ്‌ണേട്ടാ, ബസ്സ് മാറിക്കേറിയതാണോ?
-ഏയ്. അല്ലല്ല
-പിന്നെ?
-എനിക്ക് നമ്മുടെ ശിവദാസന്‍ സാറിനെ ഒന്നു കാണണം. ബിആറിന് സാറിന്റെ
  വീടറിയ്വോ?
-വഴിയൊക്കെ ഞാന്‍ പറഞ്ഞുതരാം. പക്ഷേ അതിനുമുമ്പ് എനിക്കൊരു കാര്യമറിയണം.
-എന്താണ്?
-കൃഷ്‌ണേട്ടന്‍ വല്ലാതെ പരിഭ്രാന്തനായി കാണപ്പെടുന്നുണ്ടല്ലൊ. എന്താ കാരണം?
-അതു പിന്നെ ബിആര്‍ മറ്റാരോടും പറയരുത്.
-ഇല്ലില്ല. അങ്ങനെയൊരു ചരിത്രമില്ല
-എനിക്ക് പാര്‍ട്ടീന്ന് ഷോക്കോസ് നോട്ടീസ് കിട്ടിയിരിക്ക്യാണ്
-എന്തിന്?
-ഫേസ് ബൂക് പോസ്റ്റില്‍ മാധ്യമങ്ങളെ അസഭ്യമായ ഭാഷയില്‍ അവഹേളിച്ചെന്നും
 പറഞ്ഞ്..
-ങ്‌ഹേ! കൃഷ്‌ണേട്ടന്‍ അങ്ങനെ ചെയ്‌തോ? മാധ്യമങ്ങളെന്നാല്‍ നമ്മുടെ
 റിപ്പബ്‌ളിക്കിന്റെ കാവല്‍ക്കാരല്ലേ? ദ് സോകോള്‍ഡ് ഫോര്‍ത്ത് എസ്റ്റേറ്റ്?
-മണ്ണാങ്കട്ട! ബിആര്‍ ഏത് ലോകത്താ ജീവിക്കണേ? സ്വാതന്ത്ര്യസമരകാലഘട്ടത്തിലോ?     ഇപ്പൊ റീഡര്‍ഷിപ്പ് കൂട്ടാന്‍ വേണ്ടി അവര്‍ എന്തും  ചെയ്യും. പട്ടിയെ പേപ്പട്ടിയെന്നു
പറഞ്ഞ് വളഞ്ഞിട്ടാക്രമിക്കും. ഇഷ്ടം പോലെ പെയ്ഡ് ന്യൂസ് കൊടുക്കും. എഴുത്തിലും സംസാരത്തിലും ഒരു മണ്ഡലം പ്രസിഡണ്ടിന്റെ നിലവാരം പോലുമില്ലാത്തവരാണ് ഭൂരിഭാഗവും. അപ്പോള്‍ അത്തരക്കാരെ വിമര്‍ശിക്കുമ്പൊ അവര്‍ അര്‍ഹിക്കുന്ന പ്രത്യേക
ഭാഷ പ്രയോഗിക്കേണ്ടിവരും.
-ച്ചാല്‍ അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സഭ്യഭാഷയിതപൂര്‍ണ്ണമിങ്ങഹോ എന്നാണ്
 കൃഷ്ണാശാന്‍ പറഞ്ഞോണ്ടുവരുന്നത്
-അതെയതെ. പക്ഷേ എത്ര പറഞ്ഞാലും നമ്മുടെ പാര്‍ട്ടിക്കാര്‍ക്ക് അത് മനസ്സിലാവില്ല.
 പിന്നെ എന്തുവന്നാലും ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല കേട്ടൊ                
-പാര്‍ട്ടി നടപടി വന്നാലും?
-എന്തുതന്നെ വന്നാലും
-ദെന്‍ ഗോ എഹെഡ് കൃഷ്‌ണേട്ടാ. എല്ലാ ഭാവുകങ്ങളും നേരുന്നു. അപ്പൊ കൃഷ്‌ണേട്ടന്          എന്താ അറിയേണ്ടത്? ശിവദാസന്‍ സാറിന്റെ വീട്ടിലേക്കുള്ള വഴി അല്ലേ
-അതെ

        വഴി പറഞ്ഞുകൊടുത്തശേഷം ബിആര്‍ ചോദിച്ചു:
-അതുപോട്ടെ. എന്തിനാ ഇപ്പൊ ശിവദാസന്‍ സാറിനെ കാണുന്നത്?
-മുമ്പ് പറഞ്ഞതുമായി ബന്ധപ്പെട്ടുതന്നെ
-മനസ്സിലായില്ല
-ഇതിങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ഞാന്‍ നടേ പറഞ്ഞല്ലൊ. പക്ഷേ
 നിര്‍ഭാഗ്യവശാല്‍ എന്റെ ആവനാഴീലെ അമ്പാ തീര്‍ന്നു
-അതും മനസ്സിലായില്ല
-ശിവദാസന്‍ സാറിന്റെ വൊക്കാബുലറിയില്‍ നല്ല മണിമണിപോലത്തെ കൊളോക്ക്യല്‍ പദങ്ങള്‍ ധാരാളം സ്‌റ്റോക്കുള്ളതായി കേട്ടിട്ടുണ്ട്. അതീന്ന് കൊറച്ച് കളക്റ്റ് ചെയ്യണം !!!

Saturday, April 15, 2017



ഭൂസുരേന്ദ്രൻ

ഉറക്കമില്ലായ്മക്കുള്ള ചികിത്സക്കായി നൂറ്റിപ്പതിനഞ്ചും കഴിഞ്ഞ് നൂറ്റിപ്പതിനാറാമത്തെ ഡോക്ടറെ കാണാനെത്തിയിരിക്കയാണ് എൻബി പരമേശ്വരൻ തിരുമേനി.
ടെർമിനേറ്റർ സിനിമയിലെ നായകന്റെ പേരാണ് ഡോക്ടർക്ക്- ആർണോൾഡ് ശിവ്ശങ്കർ!
പ്രിസ്ക്രിപ്ഷൻ പാഡിലേക്ക് നോക്കിക്കൊണ്ട് ആർണോൾഡ് ചോദിച്ചു:
-എന്താ പേര്?
-എൻബി പരമേശ്വരൻ
-വാലുണ്ടോ?
-നമ്പൂതിരിയാണ്
-വയസ്സ്?
-52
-എന്താ സൂക്കേട്?
-ച്ചാൽ ഒറക്കല്ല്യായ
-എത്ര ദിവസായി തൊടങ്ങീട്ട്?
-അങ്ങനെ ദിവസം കൃത്യമായി പറയാൻ പറ്റ് ല്ല്യ. എത്ര കാലായി എന്നു ചോദിച്ചാ പറയാം
-എത്ര കാലായി?
-കുമാരനായിരിക്കുമ്പൊ തൊടങ്ങീതാണ്
-മനസ്സിലായില്ല
-കൌമാരകാലം തൊട്ടേന്നർത്ഥം
-ദിവസോം തേച്ച് കുളിക്കാറുണ്ടോ?
-പിന്നില്ലേ
-നോൺ വെജിറ്റേറിയൻ ഫുഡ് കഴിക്കാറുണ്ടോ?
-എന്റെ പേര് കേട്ടിട്ട് ഇങ്ങനെ ചോദിക്കാൻ ഡോക്ടർക്ക് എങ്ങനെ തോന്നി?
-സോറി. പുക വലിക്കാറുണ്ടോ?
-അയൽവക്കത്ത് പ്ലാസ്റ്റിക്ക് കത്തിക്കുമ്പൊ മാത്രം
-മദ്യപാനം?
-ഞങ്ങൾ ഭൂസുരന്മാർക്ക് അത് നിഷിദ്ധാണ്
-വെറ്റില മുറുക്കാറുണ്ടോ?
-ഉണ്ടായിരുന്നു. ഇപ്പൊ അതും നിർത്തി
                        അനുബന്ധമായി ചോദിച്ച ചോദ്യത്തിന്റെ ഉത്തരം കൂടി കേട്ടപ്പോൾ മൂന്നുമാസം കഴിഞ്ഞ് വരാൻ പറഞ്ഞ് ആർണോൾഡ് ശിവ് ശങ്കർ എൻബിയെ പറഞ്ഞുവിട്ടു.
                       
 അനുബന്ധ ചോദ്യവും ഉത്തരവും ഇതായിരുന്നു:
-മുറുക്ക് നിർത്തീട്ട് ഏതാണ്ട് എത്ര കാലമായി ക്കാണും?
-ലാസ്റ്റ് മുറുക്കീത് ഇന്നു രാവിലെ 7 മണിക്കാണ് !!!

Thursday, April 6, 2017

എളുപ്പവഴിയില്‍ ഒരു ക്രിയ

സത്യം പറഞ്ഞാല്‍ അത്  ഒരല്  ചെന്ന് മദ്ദളത്തിന്റടുത്ത് കംപ്ലെയ്ന്റ് ലോഡ്ജ് ചെയ്തതുപോലെയായി.
എന്തൊക്കെ കസര്‍ത്ത് കാണിച്ചിട്ടും ഹൈറ്റിനൊത്ത വെയ്റ്റ് ഗെയ്ന്‍ ചെയ്യുന്നില്ലെന്നാണ് കംപ്ലെയ്ന്റ്.
വാടാനപ്പിള്ളിക്കാരന്‍ സിപ്രനാണ് പരാതിക്കാരന്‍.
സങ്കടനിവൃത്തി വരുത്തിത്തരുവാന്‍ സിപ്രന്‍ കേണപേക്ഷിക്കുന്നതാകട്ടേ, കണക്കിന്റെ കാലസ്വരൂപനായ സാക്ഷാല്‍ എന്‍ബി പരമേശ്വരന്‍ തിരുമേനിപ്പാടിനോടും!
         നിനക്ക് എനിക്ക് എന്ന് എല്ലാവരും ചോദിച്ചുവാങ്ങുന്ന താംബൂലമിശ്രിതം ഇടതുകൈയിലെ
നടുവിരലിനും ചൂണ്ടുവിരലിനുമിടയിലൂടെ ചീറ്റിച്ചുവിട്ടശേഷം തിരുമേനി പറഞ്ഞു:
-ച്ചാല്‍ വഴീണ്ട്
-പെരുവഴീലാക്കരുത്
-ഹൈറ്റിനൊത്തെ വെയ്റ്റ് വേണംന്നല്ലേള്ളൂ?
-അതേ
-ആട്ടെ, എത്ര്യാപ്പൊ സിപ്രന്റെ ഹൈറ്റ്?
-5 അടി 10 ഇഞ്ച്
-ത്രാസില്‍ കേറി നിന്നാല്‍ എത്ര കിലോ തൂങ്ങും?
-59 കിലോന്‍
-വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കു പ്രകാരം 5 അടി 10 ഇഞ്ചിന് എത്ര കിലോ തൂങ്ങണം?
-66 കിലോ
-59 കിലോന്റെ കറസ്‌പോണ്ടിങ് ഹൈറ്റ് എത്ര വരും?
-5 അടി 6 ഇഞ്ച്
-ദെന്‍ ഇറ്റീസ് വെരി സിമ്പ്ള്‍ മൈ ഡിയര്‍ വാട്‌സണ്‍
-ച്ചാലോ
-അടിയന്തിരമായി ഹൈറ്റ് 4 ഇഞ്ച് കൊറയ്ക്കാനൊള്ള വഴി നോക്ക്വന്നെ!!!



Friday, March 10, 2017



ഗണിതം മൂദ്ധനിസ്ഥിതം!

ഉറക്കത്തിന്റെ കാര്യത്തിൽ ഒരു കള്ളനാണയത്തിന്റെ ഇരുവശങ്ങളാണ് ആർ.കണ്ണനും എൻബി പരമേശ്വരൻ തിരുമേനിയും.
സാക്ഷാൽ കുംഭകർണ്ണന്റെ അളിയനായിട്ടുവരും കണ്ണൻ. ച്ചാൽ ദിവസവും രാത്രി 8 മണിക്ക് ഉറങ്ങാൻ കിടന്നാൽ  കൃത്യം 12 മണിക്കൂർ കഴിഞ്ഞ് പിറ്റേന്ന് രാവിലെ 8 മണിക്കേ ഉറക്കമുണരൂ.
എൻബീടെ കാര്യം പിന്നെ എല്ലാവർക്കും അറിയാവുന്നതാണല്ലൊ.
ഉറക്കമില്ലായ്മക്ക് കോട്ടയത്തെ ഏതോ മനയ്ക്കൽ രണ്ടാഴ്ച താമസിച്ച് ചികിത്സിച്ചതും എൻബിയെ ഉറക്കമിളച്ചിരുന്ന് ചികിത്സിച്ചുചികിത്സിച്ച് അവിടത്തെ ചീഫ് തിരുമേനി ഉറക്കമില്ലായ്മക്ക് മെഡിക്കൽ കോളേജിൽ അഡ്മിറ്റായതും മറ്റും അത്രവേഗം മറക്കാനാവില്ലല്ലൊ
ഇപ്പോൾ ഇതു പറയാൻ കാര്യമെന്തെന്നാൽ-
കഴിഞ്ഞ ഫെബ്രുവരി 28ന് പാതിരാത്രി 12 മണി കഴിഞ്ഞതും ആർ. കണ്ണന് ഒരു ഫോൺ കോൾ വരുന്നു.
കുംഭകർണ്ണന്റളിയൻ അന്നേരം സമ്പൂർണനിദ്രയിലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ.
ആദ്യം  റിങ് ചെയപ്പോൾ ആശാൻ അറിഞ്ഞതേയില്ല.
രണ്ടാമത്  റിങ് ചെയ്തപ്പോൾ  അത് ക്ലോക്കിലെ മണിയടിക്കുന്നതാണെന്നു കരുതി.
മൂന്നാമതും മണിയടിച്ചപ്പോൾ കണ്ണുരണ്ടും പിച്ചിപ്പൊളിച്ച്തുറന്ന് കണ്ണൻ ഫോണെടുത്തു:
-ഹലോ
-കണ്ണനല്ലേ
-അതേ
-ഇത് എൻബിയാണ്
-എന്തേ. മുറുക്കാൻ തീർന്നുപോയോ?
-അതല്ലാന്ന്. ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതീണ്ട്. അതെന്താന്നറിയ്യ്യോ കണ്ണന്?
-ഇന്ന്ന്ന് പറയുമ്പോ..
-മാർച്ച് 1
-ഓർമ്മ വരണ് ല്ല്യാ
-എന്റെ കണ്ണാ. ഇന്ന് ലോക ഗണിതദിനല്ലേ
-തന്നെ?
-അതറിയില്ലല്ലേ. അക്കൌണ്ടാപ്പീസിലെ വല്ല്യ അക്കൌണ്ടന്റാണുപോലും.
“ യഥാ ശിഖ മയൂരാണാം
നാഗാണാം മണിയോ തഥ
യത് വത് വേദാന്തശാസ്ത്രാണാം
ഗണിതം മൂർദ്ധനിസ്ഥിതം”
ഈ സ്ലോഗന്റെ അർത്ഥറിയ്യോ തനിക്ക്?
-ഇല്ല
-മയിലിന് ശിഖ പോലെയും നാഗത്തിന് മണിപോലെയും വേദാന്തശാസ്ത്രങ്ങൾക്ക് മൂർദ്ധാവാണ് ഗണിതം എന്നർത്ഥം.
-ശിവ ശിവ! ഏതായാലും ഈ സമയത്ത് എന്നെ വിളിച്ച് ഇതൊക്കെ പറഞ്ഞുതരാൻ അങ്ങേക്ക് തോന്നിയത് എന്റെ മുജ്ജന്മസുകൃതം കൊണ്ടാണെന്ന് ഞാൻ കരുതുകയാണ്. എന്നാപ്പിന്നെ ഞാൻ ഒറങ്ങിക്കോട്ടെ?
അന്നേരം വരട്ടെ വരട്ടെ എന്നും പറഞ്ഞ് എൻബി ഒരു ചോദ്യം ചോദിച്ചു. അതു കേട്ടതും ഗ്യാസ് ട്രബ്‌ൾ എന്ന ബിആർ കഥയിലെ സഹരാജൻ നായരെപ്പോലെ എൻബീടെ കൊന്നിക്കിട്ട് രണ്ട് പൊട്ടിക്കാനാണ് കണ്ണന് തോന്നിയത്
എൻബീടെ ചോദ്യം ഇതായിരുന്നു:
“അപ്പഴേയ്. ഈ പാതിരാനേരത്ത് ഒറക്കൊഴിച്ചിരുന്ന് അവ്ടെ എന്തെടുക്ക്വാ?” !!!

 (ഗ്യാസ് ട്രബ്ൾ-ൽ ക്ലിക്കുക)