rajasooyam

Sunday, October 29, 2017

ചക്കിനു വെച്ചത്

പണിക്കര്‍ കുളിമുറിയില്‍ കേറിയ നേരത്താണ് പറമ്പിലെ പണിക്ക് വരാമെന്നേറ്റിരുന്ന ധൃഷ്ടദ്യുമ്‌നന്‍ ചെട്ടിയാര്‍ ഒരു നായ്ക്കന്‍ തൂമ്പയുമായി കളരിക്കല്‍ തറവാട്ടിലേക്ക് കേറിവന്നത്.
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ എന്ന പാട്ടില്‍ തുടങ്ങുന്ന പണിക്കരുടെ പള്ളിനീരാട്ട്
കഴിയുമ്പോഴേക്കും സൂര്യന്‍ ഉച്ചസ്ഥായിയിലെത്തുമെന്നറിയാമായിരുന്ന പണിക്കത്ത്യാര്‍
ചെട്ട്യാര്‍ക്ക് ഡയരക് ഷന്‍ കൊടുക്കുന്ന കാര്യം സ്വയം ഏറ്റെടുത്തു:
ഈ തെങ്ങിന്റെ തടമെടുക്കണം, ഇവിടെ ഒരു മുളകിന്‍ തൈ നടണം, ഇവിടെ ഒരു ചാല് കീറണം, ഈ മരത്തിന്റെ ചില്ല വെട്ടണം, ഈ പുല്ലെല്ലാം ചെത്തണം, ഈ ചവറെല്ലാം അടിച്ച് തീയിടണം-
അങ്ങനെയങ്ങനെ നിര്‍ദ്ദേശങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു പിന്നെ.
പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ധൃഷ്ടദ്യുമ്‌നന്‍ ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല! മടിയില്‍നിന്ന് തളിര്‍വെറ്റില, കളിയടക്ക, ചുണ്ണാമ്പ് ഇത്യാദികള്‍ തപ്പിയെടുത്ത് നാലും കൂട്ടി മുറുക്കാനുള്ള
വട്ടം കൂട്ടുകയായിരുന്നു ടിയാന്‍.
തന്റെ നിര്‍ദ്ദേശങ്ങളെല്ലാം 'വെള്ളത്തില്‍ വരച്ച ജലരേഖ' പോലെ വായുവായിപ്പോകുന്നതുകണ്ടപ്പോള്‍ വനജാക്ഷിയമ്മക്ക് ഇത്രളവേ കലി വന്നുള്ളൂന്ന് ല്ല്യ.
ചെട്ട്യാരെ നോക്കി പൊട്ടിത്തെറിച്ചുകൊണ്ട് പണിക്കത്ത്യാര്‍ പറഞ്ഞു:
'' ദെന്താ പൊട്ടന്റെ കൂട്ട്? ഡോ, തന്നോടാ ഞാന്‍ ഈ പറയണേ...''
നൂറ്റിപ്പത്ത് ഡെസിബെല്ലില്‍ കൂടുതലുണ്ടായിരുന്നതുകൊണ്ടാകാം പ്രസ്തുത വെടിയുടെ ഒച്ച
കുളിമുറിയിലുമെത്തി!
ഞെട്ടിപ്പോയി വേണുപ്പണിക്കര്‍.
അല്പം കഴിഞ്ഞ് സമനില വീണ്ടുകിട്ടിയപ്പോള്‍ പണിക്കര്‍ അവിടെ നിന്നും വിളിച്ചുപറഞ്ഞു:
'' എന്റെ വനജേ, ഞാന്‍ കുളിമുറീലാണ്. നീ പറഞ്ഞതൊന്നും ഞാന്‍ കേട്ടട്ട് ല്ല്യ. തമ്പുരാനെക്കുറിച്ച് എന്നെ ചീത്ത പറയണത് നാട്ട്കാരെ കേപ്പിക്കല്ലേ..... ''


1 comment:

  1. അല്ലേലും അത്രക്കങ്ങട്ട് വേണ്ടാർന്നു.....

    ReplyDelete