rajasooyam

Saturday, July 29, 2023

 പരസ്യശാസന

 

-എവിടേയ്ക്കാ കണ്ണാ ഇത്ര ധൃതിയില്‍ ഓടുന്നത്?

-അത്യാവശ്യമായി തൃപ്രയാറ് വരെ ഒന്നു പോകണം

-ശ്രീകുമാറിന്റെ വീട്ടിലേയ്ക്കാണോ?

-വീട്ടിലേയ്ക്കല്ല. എങ്കിലും അതിന്റെ ചുറ്റുവട്ടത്തേയ്ക്കാണ്

-ഒന്ന് തെളിച്ച് പറഞ്ഞൂടേ?

-ആറരയ്ക്ക് തൃപ്രയാര്‍ സെന്ററില്‍ ഒരു പൊതുയോഗമുണ്ട്. അതൊന്ന് അറ്റന്‍ഡ്

 ചെയ്യണം

-ആരുടെ പൊതുയോഗമാണ്?

-സി പി എം ന്റെ

-കണ്ണന്‍ അത്തരക്കാരനാണോ?

-കുറേ നാളായി എന്റെ മനസ്സിലുള്ള ഒരു മോഹം അവിടെ പൂവണിയാന്‍ പോവ്വാണ്.

-മനസ്സിലായില്ല

-ബീആറിനറിയ്വോ, ഈ ശ്രീകുമാറ് എന്തുമാത്രം ദ്രോഹമാണ് എന്നോട് ചെയ്തിട്ടുള്ളതെന്ന്. പേടിച്ചിട്ട് ഞാന്‍ തിരിച്ചൊന്നും പറയാറില്ല. പക്ഷേ ഇപ്പൊ സൊന്തം പാര്‍ട്ടിക്കാര് തന്നെ ഓനെ മൈക്കിലൂടെ ചീത്ത പറയാന്‍ പോവ്വാത്രേ.      ദേശാഭിമാനിയില്‍ കണ്ടതാണ്

-കണ്ണന്‍ എന്താണീ പറയണത്? മൈക്കിലൂടെ ചീത്ത പറയ്യ്യേ ?

-അതെ ബിആര്‍. പോളിറ്റ്ബ്യൂറോയുടെ നിര്‍ദ്ദേശപ്രകാരം പുള്ളിക്കാരനെ

പരസ്യമായി ശാസിക്കാന്‍ ഏരിയാകമ്മറ്റി തീരുമാനിച്ചിരിയ്ക്കയാണ്.

-പരസ്യമായി ശാസിക്കാന്നു പറഞ്ഞാ പൊതുയോഗം കൂടി മൈക്കിലൂടെ 

ചീത്ത  പറയുക എന്നാണോ അര്‍ത്ഥം?

-എന്നാണ് വേണ്വേട്ടന്‍ പറഞ്ഞത്. വേണ്വേട്ടന്റെ ഒറപ്പിലാണ് ഞാന്‍ പോണത്

-ആട്ടെ. പോളിറ്റ് ബ്യൂറൊ ഇടപെടാന്‍ മാത്രം എന്താണ് സഖാവ് ചെയ്ത കുറ്റം?

-ഒരു കമ്യൂണിസ്റ്റുകാരന്‍ ഒരിയ്ക്കലും ചെയ്യാന്‍ പാടില്ലാത്ത അപരാധമല്ലേ      പുള്ളിക്കാരന്‍ ചെയ്തത്

-അതെന്താണെന്നാണ് എന്റെ ചോദ്യം

-ഡീലറുടടുത്ത് കടും ചുവപ്പുനിറത്തിലുള്ള നൂറുകണക്കിന് കാറുകള്‍  സ്റ്റോക്കുണ്ടായിരുന്നിട്ടും നീലക്കാറ് ബുക്ക് ചെയ്തു !!!

Thursday, July 20, 2023

 ലക്ഷ്മണന്‍റെ രണ്ടാമൂഴം

(പുന: സംപ്രേഷണം)

 

ഈക്കേബിയുടെ റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ടാണ് സംഭവം.
അന്നൊന്നും ഇന്നത്തെപ്പോലെയല്ല. സംഘടനാഭേദമില്ലാതെ, കേഡര്‍ വ്യത്യാസമില്ലാതെ സ്റ്റാഫിന്റെ റിട്ടയര്‍മെന്റ് ഒരു ഉത്സവം പോലെ ആഘോഷിച്ചിരുന്ന കാലമായിരുന്നു അത്.
(
ഉവ്വ്, അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്.)

ഈക്കേബിയുടെ റിട്ടയര്‍മെന്റ് ഫങ്ഷനിലേക്ക് ഡിഏജിയെ ക്ഷണിക്കാന്‍ ഏല്‍പ്പിച്ചിരുന്നത് സാക്ഷാല്‍ കെ.കെ.ലക്ഷ്മണനേയും വി. ഹരിയേയുമായിരുന്നു.
കത്തിവെപ്പിന്റെ കാര്യത്തില്‍ പി.പി.ശിവദാസന്‍ സാറിന്റെ ഏട്ടനായിരുന്നു അന്നത്തെ ഡിഏജി.
ഹരിലക്ഷ്മണന്മാര്‍ ക്ഷണിക്കാന്‍ ചെല്ലുമ്പോള്‍ ഏതോ ഫയല്‍ നോക്കിക്കൊണ്ടിരിക്കയായിരുന്നു അദ്ദേഹം.
കണ്ഠശുദ്ധി വരുത്തിയശേഷം നിരുദ്ധകണ്ഠരരായി ഹരി വിളിച്ചു:
-
സര്‍..
-
യേസ്
-
സാറ് സ്ഥലത്തില്ലാതിരുന്നതുകൊണ്ട് നേരത്തെ പറയാന്‍ കഴിഞ്ഞില്ല, ഇന്ന് ഈക്കേബീടെ സെന്‍ഡോഫാണ്. താഴെ എല്ലാം റെഡിയാണ്. ഞങ്ങള്‍ സാറിനെ വിളിക്കാന്‍ വന്നതാണ്.
   
ഇതു കേട്ടതും ഡിഏജി ഫയല്‍ മാറ്റിവെച്ച് സീറ്റില്‍നിന്നെഴുന്നേറ്റ് ലക്ഷ്മണന്റെ കൈക്ക് കേറി ഒരു പിടുത്തമാണ്! പിന്നെ പറഞ്ഞു: ''വിഷ് യൂ ഏ ഹാപ്പി റിട്ടയര്‍മെന്‍റ് ലൈഫ്'' !!!

അന്ന് ഹരിയില്‍നിന്ന് ഈ കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഒട്ടും വിശ്വാസം വരാതെ ബിആര്‍ ലക്ഷ്മണനോട് ചോദിച്ചു:
-
ഈക്കേബിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഡിഏജി കൈക്ക് കയറി പിടിച്ചതെന്ന് അന്നേരം ലക്ഷ്മണന് മനസ്സിലായില്ലേ?
-
ഉവ്വ്
-
എങ്കില്‍പിന്നെ 'ഞാനല്ല ഈക്കേബി' എന്ന് അപ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ല?
-
അതിന് ഒരക്ഷരം അങ്ങോട്ട് പറയാന്‍ അനുവദിച്ചിട്ടുവേണ്ടേ. ദൈവമേ, ഇതുപോലെ നോണ്‍സ്റ്റോപ്പായി സംസാരിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. നമ്മുടെ
 
ശിവദാസന്‍ സാറൊക്കെ അദ്ദേഹത്തിന്റെ മുമ്പില്‍ വെറും ശിശു!
-
അതു പോട്ടെ. ഡിഏജി കൈയില്‍ കേറി പിടിച്ചപ്പൊ പിടി വിടുവിക്കാന്‍ ലക്ഷ്മണന്‍ ശ്രമിച്ചില്ലേ?
-
എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ അദ്ദേഹം പിടി വിടണ്ടേ
-
കൈ വിടുവിക്കാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, ലക്ഷ്മണന്‍ തിരിച്ച് അദ്ദേഹത്തിന്റെ കൈ പിടിച്ച് കുലുക്കിയെന്നാണ് ഹരി പറഞ്ഞോണ്ട് നടക്കുന്നത്. അതില്‍ വല്ല വാസ്തവവുമുണ്ടോ?
ശ്ലഥകാകളി വൃത്തത്തിലുള്ള ഒരു ഈരടിയാണ് ലക്ഷ്മണന്‍ അതിനു മറുപടിയായി പറഞ്ഞത്:
''
നിനച്ചിരിക്കാതൊരാള്‍ കൈ പിടിച്ചാല്‍
കുലുക്കയല്ലാതെ നാം എന്തുചെയ്യും?'' !!!

(സംഭവം നടന്നിട്ട് ഇപ്പോള്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ടായി. ലക്ഷ്മണന്‍ ഇപ്പോഴും റിട്ടയര്‍ ചെയ്തിട്ടില്ല!)