rajasooyam

Sunday, May 3, 2015

നാമംഗലത്തെ ചെറിയ കോഴിത്തമ്പുരാന്‍

നാമംഗലത്തെ കോളിഫ്‌ളവറുകളുടെ വിളവെടുപ്പു കഴിഞ്ഞതിന്റെ പിറ്റേന്ന് അസോസിയേഷന്‍ ഹാളിലിരിക്കവേ ടെക്‌നിക്കല്‍ അഡൈ്വസര്‍ ആന്റോ എന്‍ബിയോട് ചോദിച്ചു:
-എന്നാപ്പിന്നെ നമുക്ക് അടുത്ത പ്രോജക്റ്റ് തൊടങ്ങ്വല്ലേ?
-വിരോധല്ല്യ. തൊടങ്ങാം. എന്താ പ്രോജക്റ്റ്?
-കോഴിവളര്‍ത്തല്‍
-കൊള്ളാം. എന്നിട്ടുവേണം ആളുകള്‍ എന്നെ കോഴിത്തിരുമേനീന്ന് വിളിക്കാന്‍
-ആളുകള് എന്തെങ്കിലും വിളിക്കട്ടെ. സാറ്് വിളി കേക്കാണ്ടിരുന്നാ മതി
-ശെരി. പ്രോജക്റ്റ് റിപ്പോര്‍ട്ട് റെഡിയാണോ?
-റെഡ്ഡി
-ഇന്‍ഫ്രാസ്ട്രക്ച്ചര്‍?
-റെഡ്ഡി
-എന്താണൊരു ദ്വിത്വപ്രയോഗം
-ഒറപ്പിനുവേണ്ടിയാണ്
-കോഴിക്കൂട് റെഡിയാണോ
-അതും റെഡ്ഡി
-എവിടുന്നാ?
-കോഴിക്കോട്ന്ന്
-എന്താ വെല?
-പതിനായിരം
-അപ്പൊ ഏസിയായിരിക്കും അല്ലേ
-അതെയതെ
-എത്ര കോഴിക്ക് താമസിക്കാന്‍ പറ്റും?
-30 കോഴിക്ക്
-30 കോഴിക്ക് എന്താ വെല
-ഒന്നിനു 30 വീതം
-അത് ലാഭാണല്ലൊ. എങ്കിലോ പണ്ട് എന്ന മട്ടില്‍ റിപ്പോര്‍ട്ട് തുടരൂ ആന്റോ എന്ന രാമ!
-ഡെലിവറി കഴിഞ്ഞ് മുപ്പതാം ദിവസം കോഴികള്‍ മുട്ടയിടാന്‍ തുടങ്ങും.
-കോഴിമുട്ട തന്നെയല്ലേ
-അതതെ
-ദിവസം എത്ര വീതം?
-നോര്‍മലി ഒരു കോഴി ഒരു ദിവസം ഒരു മുട്ടയിടും. ചിലപ്പോള്‍ ഒന്നില്‍ കൂടുതലും ഇട്ടേക്കാം.
-ഒരു മൊട്ടക്കിപ്പൊ എന്താ വെല?
-2.30 ആണ് കമ്പോളനെലവാരം
-അപ്പൊ നല്ല വരുമാനാണല്ലൊ. ഇന്‍കംടാക്‌സ് കൊടുക്കേണ്ടിവര്വോ?
-അതു വേണ്ടിവരില്ല. സ്രോതസ്സില്‍ കിഴിച്ചാ മതി
-ബെസ്റ്റ് ഐഡിയ. എന്നാപ്പിന്നെ നാളെത്തന്നെ കോഴികളോട് വരാന്‍ പറയൂ.
    പിറ്റേന്നുതന്നെ കോഴികളെത്തി. കമ്മ്യൂണിസ്റ്റ് ചൈനയില്‍നിന്ന് ഇറക്കുമതി
ചെയ്തവയെന്ന് തോന്നിപ്പിക്കുംവിധം നല്ല ചുവന്നുതുടുത്ത  കോഴിക്കുട്ടികള്‍.
    29 ദിവസം കഴിഞ്ഞവാറെ മുപ്പതാം ദിവസമെത്തി.
തിരുമേനി ആകാംക്ഷയോടെ കോഴിക്കൂട്ടില്‍ചെന്ന് തലയിട്ടുനോക്കി.
ഒരൊറ്റ മുട്ടയില്ല!
വിവരം ആന്റോയെ വിളിച്ചുപറഞ്ഞു.
ആന്റോ പറഞ്ഞു:
-അത് കാര്യാക്കണ്ട. 5 ദിവസം ഗ്രേസ് ടൈം കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്.
-ആര്? കോഴികളോ?
-അല്ല. വെണ്ടര്‍ മേനോന്‍
31.... 32..... 33... 34.... 35: ഓരോ ദിവസവും രാവിലെ തിരുമേനി കോഴിക്കൂട്ടില്‍ ചെല്ലും.
തലയിട്ടു നോക്കും. കോഴികളുടെ മൂഡ് പരിശോധിക്കും. കിം ഫലം? ഒരൊറ്റ മുട്ട കിട്ടിയില്ല.
മുപ്പത്തഞ്ചാം ദിവസം വൈകീട്ട് എന്‍ബി ആന്റോയെ വിളിച്ചു:
-അതേയ്, ആന്റോ എന്ന രാമ! നാളെയാണ് ക്രൂഷ്യല്‍ ഡേറ്റ്. നാളെ മുട്ട കിട്ടിയില്ലെങ്കില്‍ തന്നെ ഞാന്‍ പിരിച്ചുവിടും.
-അത് വേണ്ടിവരില്ല സര്‍.
-ഒറപ്പാണോ?
-ഒറപ്പ്
-കിട്ടിയില്ലെങ്കിലോ?
-സാറിന്റെ പേര് എന്റെ പട്ടിക്കിട്ടൊ
    ഒടുവില്‍ ആ വിധിനിര്‍ണ്ണായക ദിനമെത്തി.
പതിവുപോലെ തിരുമേനി കോഴിക്കൂട്ടില്‍ തലയിട്ടുനോക്കി.
ഒരൊറ്റ മുട്ടയില്ല.
മൂഡ് പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ കോഴികള്‍ നാണത്തോടെ പിന്മാറി.
    തിരുമേനിക്ക് ആന്റോയോട്് ഇത്രളവേ കലി വന്നുള്ളൂന്ന് ല്ല്യ. ശപ്പനെ പിരിച്ചുവിട്ടിട്ടുതന്നെ ബാക്കി കാര്യം.
തിരുമേനി ഈര്‍ഷ്യയോടെ തിരിച്ചുനടന്നു.
ഒരു നാലഞ്ചടി നടന്നാറെ അതാ പുറകില്‍നിന്നൊരു നീണ്ട കൂവല്‍: പൂ........യ്!
ആരവിടെ? തിരുമേനി തിരിഞ്ഞുനോക്കി.
സമീപത്തെങ്ങും ആരുമില്ല.
വെറുതെ തോന്നിയതായിരിക്കും. തിരുമേനി വീണ്ടും തിരിച്ചുനടന്നു.
അപ്പോള്‍ അതാ പുറകില്‍നിന്നും വീണ്ടും അതേ കൂവല്‍: പൂ........യ്!
    ഞെട്ടിത്തിരിഞ്ഞുനോക്കിയ തിരുമേനി ആ കാഴ്ചകണ്ട് ഞെട്ടിത്തരിച്ചുപോയി.
കൂട്ടിനകത്തെ കോഴികള്‍ ഒന്നടങ്കം എഴുന്നേറ്റുനിന്ന് തിരുമേനിയെ കൂവുകയായിരുന്നു!
എങ്ങനെ കൂവാതിരിക്കും!
മുപ്പതില്‍ മുപ്പതും പൂവന്‍ കോഴികളായിരുന്നു!!!