rajasooyam

Friday, June 23, 2017

സൗന്ദര്യപ്പിണക്കം

വേണുപ്പണിക്കരും(Mob:9446097544) വനജാക്ഷിയമ്മയും ആദര്‍ശദമ്പതികളാണെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര അത്ര സജീവമല്ലെന്നുവേണം കരുതാന്‍. അതുകൊണ്ടാവണം രണ്ടുപേരുംതമ്മില്‍ ഇടക്കിടെ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകുന്നത്.
അക്ഷരാര്‍ത്ഥത്തില്‍ തന്നെയുള്ള സൗന്ദര്യപ്പിണക്കങ്ങളാണ് അവ.
സപ്തതിയിലേക്ക് കാലും കൈയും നീട്ടിയിരിക്കുന്ന പണിക്കര്‍ ഒരു
മധുരപ്പതിനേഴുകാരനെപ്പോലെ അണിഞ്ഞൊരുങ്ങി ചെത്തിനടക്കുന്നതു കാണുമ്പോള്‍
പണിക്കത്ത്യാര്‍ക്ക് അസൂയയോടൊപ്പം ഒരു ആന്തലാണ്.
സുകുമാരകളേബരനെ യുവതികളാരെങ്കിലും കിട്ണാപ്പ് ചെയ്ത് തട്ടിക്കൊണ്ടുപോയാലോന്നാണ്ശ്രീമതിയുടെ പേടി.

പണിക്കര്‍ എന്നും രാവിലെ പ്രാഥമികവും ദ്വിതീയവുമായ കര്‍ത്തവ്യങ്ങള്‍ക്കുശേഷം മീശയിലും
തലമുടിയിലും പുരികങ്ങളിലും കൈത്തണ്ടയിലെ രോമങ്ങളിലുമെല്ലാം ഗോദ്‌റേജിന്റെ ആപ്പ്
ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തുടങ്ങും. അതുകാണുമ്പോള്‍ വനജാക്ഷിയമ്മ ഒന്നും രണ്ടും പറയും.
പണിക്കര്‍ മൂന്നും നാലും മറുപടി പറയും. പിന്നെ പണിക്കര്‍ ഇന്ദുലേഖ ഫേസ്  പാക്ക്
കൈയിലെടുക്കുമ്പോള്‍ ശ്രീമതി അഞ്ചും ആറും പറയും. അപ്പോള്‍ പണിക്കര്‍ ഏഴും എട്ടും
തിരിച്ചുപറയും.

പിണക്കമായാല്‍ പിന്നെ രണ്ടാളും പരസ്പരം മിണ്ടില്ല. മിനിമം രണ്ടുദിവസമുണ്ടാവും മൗനവ്രതം. അതുകഴിയുമ്പോള്‍ ഏതോ സിനിമാപ്പാട്ടില്‍ പറഞ്ഞപോലെ
ആരാദ്യം മിണ്ടും... ആരാദ്യം മിണ്ടും... മിണ്ടാനിനി വയ്യ... മിണ്ടാണ്ടും വയ്യ... എന്ന സ്ഥിതിയാകും.
അതാണ് അതിന്റെയൊരു നാള്‍വഴി.

അന്നു സംഭവിച്ചതും അതൊക്കെ തന്നെയായിരുന്നു.
പക്ഷേ വൈകീട്ട് കിടക്കാന്‍ നേരമാണ് പണിക്കര്‍ ഒരു കാര്യം ഓര്‍ത്തത്: പിറ്റേന്ന് രാവിലെ
5 മണിക്ക് ഏണീക്കണം. അതിന് വനജാക്ഷിയമ്മേടെ സഹായം വേണ്ടിവരും.
സാധാരണ രാവിലെ എട്ടുമണിക്കാണ് പണിക്കര്‍ ഉറക്കമുണരുക. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍
നേരത്തെ വിളിച്ചുണര്‍ത്താന്‍ ശ്രീമതിയെ ചട്ടംകെട്ടുകയാണ് പതിവ്.
അല്ലാതെ അലാറമൊന്നും വെക്കാറില്ല. വെച്ചാലും കാര്യമില്ല. അത് അവിടെയിരുന്ന് അലറി വിളിച്ചാലും പണിക്കരറിയാറില്ല.
സംഭവദിവസം പണിക്കര്‍ അങ്ങനെ ആകപ്പാടെ ആപ്പിലായിപ്പോയി. പിണക്കമായതുകൊണ്ട്
ശ്രീമതിയോട് നേരത്തെ വിളിച്ചുണര്‍ത്താന്‍ പറയാന്‍ പറ്റില്ലല്ലൊ...

ഏറെ നേരം ആലോചിച്ചതിനുശേഷമാണ് പണിക്കര്‍ക്ക് ആ ഉപായം വീണുകിട്ടിയത്.
പുള്ളിക്കാരന്‍ മേശയില്‍ നിന്ന്  കാല്‍പായ കടലാസെടുത്ത് അതില്‍ ഇങ്ങനെയൊരു
കുറിപ്പെഴുതി പണിക്കത്ത്യാരുടെ തലയിണമേല്‍ വെച്ചു:
''നാളെ കൂറ്റനാട് ഉണ്ണിക്കൃഷ്ണപ്പണിക്കരെ കണ്ട്  പ്രശ്‌നം നോക്കാന്‍ തിരുവനന്തപുരത്തുനിന്ന് ഒരു പാര്‍ട്ടി വരുന്നുണ്ട്. തൃശ്ശൂരില്‍ നിന്ന് അവരെ കൂട്ടിക്കൊണ്ടുപോകാമെന്ന് ഞാന്‍
ഏറ്റിട്ടുള്ളതും അതിനുള്ള കമ്മീഷന്‍ കൈപ്പറ്റിയിട്ടുള്ളതുമാണ്. അവര്‍ രാവിലെ 7 മണിക്ക്
തൃശ്ശൂരെത്തും. എന്നെ 5 മണിക്ക് വിളിക്കണം''.

പക്ഷേ പിറ്റേന്ന് പണിക്കര്‍ ഉണര്‍ന്നുനോക്കുമ്പോള്‍ പതിവുപോലെ മണി 8.
കിടക്കപ്പായില്‍നിന്ന് ഞെട്ടിപ്പിടഞ്ഞെണീറ്റ പണിക്കര്‍ താന്‍ തലേന്ന് എഴുതിവെച്ച
കുറിപ്പ് അവിടെയുണ്ടോന്നു നോക്കി.
അപ്പോഴുണ്ട് അതിന്റെ സ്ഥാനത്ത് മറ്റൊരു കുറിപ്പിരിക്കുന്നു.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു:
''മണി 5 ആയി. വേണങ്ങെ എണീറ്റൊ'' !!!

4 comments:

  1. വെറുതെയല്ല കുറച്ച് ദിവസമായി പണിക്കർ
    വാട്ട്സ്സപ്പിൽ സജീവമല്ലാത്തത്.....

    ReplyDelete
    Replies
    1. കൊങ്ങാശ്ശേരിയെ തനിക്കറിയില്ലെന്നും നേരില്‍ കണ്ടാല്‍ കൊങ്ങായ്ക്ക് പിടിക്കുമെന്നും പണിക്കര്‍ !

      Delete
  2. "തൃശ്ശൂരില്‍ നിന്ന് അവരെ കൂട്ടിക്കൊണ്ടുപോകാമെന്ന് ഞാന്‍
    ഏറ്റിട്ടുള്ളതും അതിനുള്ള കമ്മീഷന്‍ കൈപ്പറ്റിയിട്ടുള്ളതുമാണ്"!!!


    റിട്ടയര്മെന്റിനു ശേഷം നല്ല സ്കോപ്പ് ഉള്ള മേഖലയിലാണല്ലോ പണിക്കർ കൈ വെച്ചിട്ടുള്ളത്? കഥയിൽ പറഞ്ഞത് കാര്യമാണെങ്കിൽ വേണുവിന് best wishes. കഥ പറച്ചിൽ ഗംഭീരമായതിന് ബിയാറിനു അഭിനന്ദനങ്ങൾ

    ReplyDelete