rajasooyam

Sunday, September 26, 2010

മറക്കില്ല നാം (2)

പി എല്‍ ജോയിയും ജോസഫ് ആന്റണിയും വി ഷഷിധരനും വരടിയം മുരളിയും കൂടി (അങ്ങനെ രണ്ട് നസ്രാണികള്‍ക്ക് രണ്ട് ജന്തുക്കള്‍ എന്ന റേഷ്യോയില്‍) ഉത്തരേന്ത്യന്‍ പര്യടനത്തിനു പോയതും അതിന്റെ ഭാഗമായി ഒരു കൊച്ചുവെളുപ്പാന്‍കാലത്ത് ചണ്ഡീഗഢില്‍ കാലുകുത്തിയതും മോന്ത്യാവണേനുമുമ്പ് അവിടന്ന് ചത്തീസ്ഗഢിലേയ്ക്ക് തിരിക്കേണ്ടതുകൊണ്ട് റൂമൊന്നുമെടുക്കേണ്ടെന്നു തീരുമാനിച്ചതും എന്നാല്‍ വെളിക്കിരിക്കാനുള്ള വിളി വന്നപ്പോള്‍ പകല്‍ സമയത്തേക്കു മാത്രമായി ആദായവിലയ്ക്ക് ഒരു മുറി കിട്ടുമോന്നു നോക്കാമെന്ന് തീരുമാനം മാറ്റിയതും അന്നേരം അത് ആര് എങ്ങനെ ചോദിച്ചുഫലിപ്പിക്കുമെന്ന പ്രശ്‌നം പൊന്തിവന്നതും അപ്പോള്‍ ജോസഫ് ആന്റണി അഞ്ചാറ് മാസം ഡല്‍ഹിയില്‍ താമസിച്ചിട്ടുള്ള തനിക്ക് ഹിന്ദി ഫൂല്‍ ഫൂല്‍ പോലെ വഴങ്ങുമെന്നും റൂം ചോദിക്കേണ്ട കാര്യം താന്‍തന്നെ കൈകാര്യം ചെയ്‌തോളാമെന്നും പറഞ്ഞ് മറ്റുള്ളവരെ സമാധാനിപ്പിച്ചതും പിന്നെ പുള്ളിക്കാരന്‍ ആരും കേള്‍ക്കാതെ കുറേ നേരം നഹാനേകേലിയെ നഹാനേകേലിയെ എന്ന് ഉരുവിട്ടോണ്ടുനടന്നതും പിന്നെ ഏറ്റവും അടുത്തുകണ്ട ലോഡ്ജില്‍ കയറി റിസപ്ഷനില്‍ ഇരിക്കയായിരുന്ന സര്‍ദാര്‍ജിയോട് ക്യാ ഹം ചാര്‍ ലോഗോം കൊ നാച്‌നേകേലിയെ ഏക് കംരാ മിലേഗാ എന്ന് ശുദ്ധഹിന്ദുസ്ഥാനിയില്‍ ഷഡ്ജവും സംഗതിയും ഒന്നും ചോര്‍ന്നുപോകാതെ ചോദിച്ചതും ഒരു നിമിഷം അമ്പരന്നുനിന്നുപോയ സര്‍ദാര്‍ജി തൊട്ടടുത്ത നിമിഷം അരേ ഉല്ലൂ കാ പട്ടേ എന്നും പറഞ്ഞ് ഒരു മുണ്ടന്‍ വടിയെടുത്ത് നാല്‍വര്‍ സംഘത്തെ തുരത്തിയോടിച്ചതും നമ്മള്‍ എങ്ങനെ മറക്കാനാണ് !!!

2 comments:

  1. സംഭവം നേരാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.സർദാർജി
    "മുണ്ടൻ വടിയെടുത്ത് നാൽവർ സംഘത്തെ തുരത്തിയോടിച്ചു" എന്ന പ്രയോഗം പരിണാമ ഗുസ്തിക്ക് വേണ്ടി ബിയ്യാർ ചേർത്തതാണ്. ഔസുവിന്റെ ചോദ്യം കേട്ടപ്പോൾ സർദാർജിയുടെ കണ്ണുകൾ രണ്ടും അത്ഭുതത്താൽ പുറത്തേക്ക് തുറിച്ചുവന്നു എന്നത് നേരാണ്.അത്രയേ സംഭവിച്ചുള്ളൂ. അയിനാണ്....

    ReplyDelete
  2. ഹിന്ദി മേ കാഠ കരനാ ആസാൻ ഹെ

    ReplyDelete