rajasooyam

Sunday, January 9, 2011

കണ്ണനും ജയകുമാറും പിന്നെ പവിഴം റൈസും

കുറച്ചുനാള്‍ മുമ്പുവരെ ആര്‍ കണ്ണന്‍ കടുത്ത ചീട്ടുകളിക്കാരനായിരുന്നു.
അരിവെച്ചായിരുന്നു കളി.
അരിവെച്ചുകളിയോ, അതെന്തുകളിയെന്നാവും ചോദ്യം.
റിക്രിയേഷന്‍ ക്ലബ്ബില്‍ പണംവെച്ചുകളി പാടില്ലല്ലൊ.
അതിനെ മറികടക്കാന്‍ ബുദ്ധിരാക്ഷസന്മാര്‍ കണ്ടുപിടിച്ചതാണ് അരിവെച്ചുകളി.
ഡെയ്‌ലി ഒരു കൈയില്‍ പത്തുകിലോന്റെ പവിഴം റൈസുമായിട്ടാണ് കണ്ണന്‍ ചീട്ടുകളിക്കാന്‍ പോവുക. മറ്റേ കൈ കളിക്കൂട്ടുകാരനായ ജയകുമാറിന്റെ തോളിലായിരിക്കും.
കളികഴിഞ്ഞ് ക്ലബ്ബിനുപുറത്തുകടക്കുമ്പോള്‍ പക്ഷേ പവിഴം റൈസ് ജയകുമാറിന്റെ കൈയിലായിരിക്കും.....
ഇതിങ്ങനെ പതിവായപ്പോള്‍ ഒരുദിവസം കണ്ണന്റെ രാധ പറഞ്ഞു:
' ഇനി മേലില്‍ അരിയുംകൊണ്ടല്ലാതെ ഇങ്ങോട്ടുവന്നിട്ടുണ്ടെങ്കില്‍ അടികൊള്ളും ന്റെ കയ്യീന്ന് '
അതോടെ കണ്ണന്‍ കളി നിര്‍ത്തി!!

ജയകുമാറിന്റെ കാര്യവും അത്ര പന്തിയായിരുന്നില്ല.
എന്തെന്നറിയില്ല, അക്കാലത്ത് പുള്ളിക്കാരന് സ്ഥിരം വയറിളക്കമായിരുന്നു!
എന്താണ് വയറിങ്ങനെ ഷിവറ്‌ചെയ്യുന്നതെന്നറിയാന്‍ വേണ്ടി ജയകുമാര്‍ പോയത് ഡോക്ടറുടെ അടുത്തേക്കല്ല, ജ്യോതിഷരത്‌നം ഊരകം വേണുഗോപാലപ്പണിക്കരുടെ അടുത്തേക്കായിരുന്നു.
ഊരും പേരും ഈരും നാരും ചോദിച്ചറിഞ്ഞ് തടുക്കുപായില്‍ ചമ്രം പടിഞ്ഞിരുന്ന് എള്ളും പൂവും ജപിച്ചെറിഞ്ഞ് കവടിനിരത്തി കണ്ണുമിഴിച്ച് പണിക്കര്‍ പറഞ്ഞു:
' ലഗ്നത്തിലൊരു വിഘ്‌നം കാണണ് ണ്ട് '
' ച്ചാല്‍? '
' ആരാന്റെ അരി തിന്നണ് ണ്ട്.....'
അതോടെ ജയകുമാറും കളി നിര്‍ത്തി !!!

2 comments:

  1. ഞാൻ അരിയല്ലേ വെച്ച് കളിച്ചത്. CRK ( സി. രാമ് കിഷൻ) ആടിനെ വെച്ചാണ് കളിച്ചിരുന്നത്. കളി കഴിഞ്ഞ് ജോൺസൺ ആടിനേയും കൊണ്ടു പോകും. CRK യുടെ ഭാര്യ മേയാൻ വിട്ട ആടിനെ കാണാനില്ലെന്നു പറഞ്ഞ് എപ്പോഴും പരാതിയായിരുന്നു.

    ReplyDelete
  2. ദൈവമേ! പിടിച്ചതിനെക്കാൾ വലുത് അളയിൽ!!

    ReplyDelete