rajasooyam

Thursday, November 4, 2010

CHURCH JOKES (1)

(അഭിവന്ദ്യ ബിഷപ്പ് മാര്‍ അപ്രേം തിരുമേനി ഇംഗ്ലീഷിലെഴുതിയ ചില പള്ളിത്തമാശകളുടെ സര്‍വ്വതന്ത്രസ്വതന്ത്ര വിവര്‍ത്തനം)

വീതം വെപ്പ്

' കളത്തിങ്കലച്ചോ, ഞായറാഴ്ചകളിലെ പള്ളിപ്രസംഗത്തിന് കിട്ടുന്ന കളക് ഷന്‍ അച്ചനെങ്ങനെയാണ് വീതം വെയ്ക്കാറ്?''
' അതു പിന്നെ വളരേയധികം ചിന്തിച്ച ശേഷമാണ് ഞാനൊരു മാര്‍ഗ്ഗം കണ്ടുപിടിച്ചത്. അള്‍ത്താരയിലൊരു മേശയുണ്ടല്ലൊ. നീളത്തിലൊരു വടി വെച്ച് അതിന്റെ പ്രതലം കൃത്യം രണ്ടായി പകുക്കും. പിന്നെ മേശയ്ക്കടുത്തുവന്നുനിന്ന് പണസഞ്ചിയുടെ കെട്ടഴിച്ച് മേലോട്ടെറിയും. വടിയുടെ അപ്പുറത്ത് വീഴുന്ന പണമെല്ലാം ദൈവത്തിന് കൊടുക്കും. ഇപ്പുറത്ത് വീഴുന്നത് ഞാനെടുക്കും!''
'കൊളത്തിങ്കലച്ചനോ?''
'ഏതാണ്ട് കളത്തിങ്കലച്ചന്‍ ചെയ്തതുപോലെ തന്നെ. നീളത്തില്‍ എന്നതിനുപകരം വടി വട്ടത്തില്‍ വെച്ചാണ് മേശ പകുക്കാറെന്നു മാത്രം. വടിയുടെ വലതുവശത്ത് വീഴുന്നതൊക്കെ ദൈവത്തിന്. ഇടതുവശത്തു വീഴുന്നത് എനിക്കും!''
' ആട്ടെ. തൊഴുത്തിങ്കലച്ചന്‍ എന്താണ് ചെയ്യാറ്?''
' ഞാന്‍ ആദ്യം ആ മേശയെടുത്തങ്ങ് മാറ്റും. പിന്നെ കര്‍ത്താവിന്റെ തിരുനാമത്തില്‍ പണമെല്ലാം കൂടി മേലോട്ടെറിയും. അതില്‍ മേലോട്ട് പോകുന്നതെല്ലാം ദൈവത്തിന് കൊടുക്കും. കീഴോട്ട് വീഴുന്നതു മാത്രം ഞാനെടുക്കും!''
***
ബിഷപ്പ് സ്വര്‍ഗ്ഗത്തില്‍

ശത്രുക്കളോട് പോരാടി വീരചരമമടഞ്ഞ ആ ആര്‍മി ക്യാപ്റ്റന്‍ എന്തെന്ത് മോഹനപ്രതീക്ഷകളോടെയാണെന്നോ സ്വര്‍ഗ്ഗവാതിക്കല്‍ എത്തിയത്. പക്ഷേ ഗബ്രിയേല്‍ മാലാഖ പുള്ളിക്കാരനെ മൈന്‍ഡ് ചെയ്തതേയില്ല. അല്പം കഴിഞ്ഞ് ഭൂമിയില്‍നിന്ന് ഒരു ബിഷപ്പ് വന്നപ്പോഴാകട്ടെ അവിടെ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. ആനയും അമ്പാരിയുമായി വരവേല്പ്, കലാമണ്ഡലം കൃഷ്ണന്‍ നായരുടെ കഥകളി, കല്യാണിക്കുട്ടിയമ്മയുടെ മോഹിനിയാട്ടം, കമുകറ പുരുഷോത്തമന്റെ ഗാനമേള, ഏജീസ് ഓഫീസ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ തമ്പാച്ചി കണ്ണളേപ്പന്‍ നാടകം എന്നുവേണ്ട ഇല്ലാത്തതൊന്നുമില്ല. ഈ അനീതിയെ, പക്ഷപാതപരമായ ഈ പെരുമാറ്റത്തെ ചോദ്യം ചെയ്യാതിരിക്കാനായില്ല ക്യാപ്റ്റന്. അന്നേരം ഗബ്രിയേല്‍ മാലാഖ പറഞ്ഞു:' കൂള്‍ ഡൗണ്‍ ക്യാപ്റ്റന്‍. താങ്കളെപ്പോലുള്ളവര്‍ നൂറുകണക്കിന് വരാറുണ്ടിവിടെ. പക്ഷേ ഒരു ബിഷപ്പ് ആദ്യമായിട്ടാണ്!!!''.
***
നന്മയുടെ നിറകുടം

പണക്കാരനായ മുഴുക്കുടിയന്റെ ശവസംസ്‌ക്കാരശുശ്രൂഷയ്‌ക്കെത്തിയതാണ് ബിഷപ്പ്. നിര്‍ഭാഗ്യവശാല്‍ അപ്പോഴേക്കും ശവപ്പെട്ടിയുടെ അടപ്പിട്ടുകഴിഞ്ഞിരുന്നു. പക്ഷേ ബിഷപ്പിനതൊരു പ്രശ്‌നമായിരുന്നില്ല. അദ്ദേഹം ചരമപ്രസംഗം തുടങ്ങി. പരേതന്റെ അപദാനങ്ങളെ വാനോളം വാഴ് ത്തി. ലോകത്തിലെ സകല നന്മകളുടേയും ഉടല്‍രൂപമാണ് ആ പെട്ടിക്കുള്ളില്‍ കിടക്കുന്നതെന്ന് വെച്ചുകാച്ചി.പുകഴ് ത്തിപ്പുകഴ് ത്തി ഇനിയും പുകഴ് ത്താന്‍ വാക്കുകള്‍ കിട്ടാതെ ബിഷപ്പ് നിന്നു കുഴങ്ങുമ്പോള്‍ അതുവരെ ശവപ്പെട്ടിയുടെ അടുത്തിരുന്ന് വലിയവായിലേ കരയുകയായിരുന്ന മറിയാമ്മച്ചേടത്തിക്കൊരു സംശയം. അവര്‍ കരച്ചിലടക്കി അരികിലിരുന്ന മകനെ വിളിച്ച് സ്വകാര്യമായി പറഞ്ഞു:
' നീ ആ അടപ്പൊന്ന് തൊറന്ന് നോക്ക്യേരാ. അതീക്കെടക്കണത് നിന്റപ്പന്‍ തന്നെയാണോ?''.
***

1 comment:

  1. പരിഭാഷയിൽ അല്പം മേമ്പോടിയും ചേർത്ത് ഗംഭീരമാക്കി.

    ReplyDelete