rajasooyam

Monday, November 8, 2010

ശ്രീകുമാറിനെക്കൊണ്ടുള്ള ഉപയോഗങ്ങള്‍

പല ഉപയോഗങ്ങളുമുണ്ട് ശ്രീകുമാറിനെക്കൊണ്ട്.
എമ്പതുകളില്‍ ജോസേട്ടനുണ്ടായ ഒരുപയോഗത്തെപ്പറ്റി പറയാം.
അന്നു രാവിലെ അസോസിയേഷന്‍ ഹാളിലിരുന്ന് പിറ്റേന്നത്തെ ജെനറല്‍ബോഡിയില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കുകയായിരുന്നു ശ്രീകുമാര്‍.
പെട്ടെന്നാണ് ജോസേട്ടന്‍ ഓടിക്കിതച്ചുവരുന്നത്.
വന്നയുടന്‍ ജോസേട്ടന്‍ ശ്രീകുമാറിനോട് പറഞ്ഞു:
-ഡാ, ഇന്നും അവന്‍ എന്നെ പറ്റിച്ചു. നീ എന്റെ കൂടെ ഒന്നു വരണം. കൊറേ നാളായി അവന്‍ എന്നെയിട്ട് കളിപ്പിക്കാന്‍ തൊടങ്ങീട്ട്. നടന്നുനടന്ന് എന്റെ കാല് തേഞ്ഞു. അവനെ അങ്ങനെ വിട്ടാ പറ്റ്ല്ല്യ. നീ എടപെട്ടാലേ ഈ പ്രശ്‌നം അവസാനിയ്ക്കൂ.
-എന്താ ജോസേട്ടാ പ്രശ്‌നം?
-അതേയ്. ഒരുത്തന്റട്ത്ത് ഒരു പേന്റ് തയിക്കാന്‍ കൊട്ത്ത്ട്ട് മാസം നാലായി. എപ്പൊ ചെല്ലു മ്പ്ലും ഓരോ ലൊഡ്ക്ക് ന്യായം പറഞ്ഞ് എന്നെ തിരിച്ച് വിടാ
-അല്ല ജോസേട്ടാ, അതിനിപ്പൊ ഞാന്‍ വന്നട്ട് എന്ത് ചെയ്യാനാ?
-നീ ഒന്നും ചെയ്യണ്ട. എന്റെ കൂടെ വന്ന് നാല് ഡയലോഗ് കാച്ച്യാ മതി. ചെലപ്പൊ അതിന്റെ ആവശ്യോം വര് ല്ല്യ. നിന്നെ കാണുമ്പൊ തന്നെ അവന്‍ മൂത്രൊഴിക്കും!
-അതല്ല ജോസേട്ടാ, എനിക്ക് ഇത് ഇന്നുതന്നെ എഴുതിത്തീര്‍ക്കാനുള്ളതാ
അതൊന്നും പറയേണ്ടെന്നും പറഞ്ഞ് പിടിച്ച പിടിയാലെ ജോസേട്ടന്‍ ശ്രീകുമാറിനേയും കൊണ്ട് ചെമ്പൂക്കാവിലെ എതോ ഊടുവഴിയിലുള്ള ആ ടെയ്‌ലറിങ് ഷോപ്പിലെത്തി.
ടെയ്‌ലറെ കണ്ടതും ജോസേട്ടന്‍ ശ്രീകുമാറിന് കണ്ണുകൊണ്ട് നിര്‍ദ്ദേശം കൊടുത്തു: ചോദിയ്ക്ക്
ശ്രീകുമാര്‍ ചോദിച്ചു: അതേയ്, നിങ്ങളെന്താ ജോസേട്ടന്റെ പേന്റ് തയ്ച്ചുകൊടുക്കാത്തത്? നാലഞ്ച് മാസമായില്ലേ തന്നിട്ട്?
അന്നേരം തികഞ്ഞ ഭവ്യതയോടെ അയാള്‍ പറഞ്ഞു: സാര്‍, അത് പിന്നെ നാലഞ്ച് മാസമായെന്നത് ശെരിയാണ്. ഓരോ ദിവസവും ഇദ്ദേഹം വരുമ്പൊ ഞാന്‍ അതിന്റെ കാരണം പറഞ്ഞുകൊടുക്കാറുണ്ട്.
ജോസേട്ടന്‍ പറഞ്ഞ ലൊഡുക്ക് ന്യായമായിരിക്കും- ശ്രീകുമാര്‍ മനസ്സിലോര്‍ത്തു. പിന്നെ മുഖത്ത് തെല്ലൊരു ഗൗരവഭാവം വരുത്തിക്കൊണ്ട് പറഞ്ഞു; അതൊന്നും ഇനി പറയണ്ട. സാധനം ഉടന്‍ കൊടുക്കണം.
-സാര്‍ അങ്ങനെ പറയരുത്. എന്റെ ബുദ്ധിമുട്ട്കൂടി സാറൊന്നു കേള്‍ക്കണം.
-പറഞ്ഞല്ലൊ ഞാന്‍. അതൊന്നും കേള്‍ക്കണ്ട. ഇന്നു വൈകീട്ട് 5 മണിക്ക് ജോസേട്ടന് പേന്റ് കൊടുക്കണം. അല്ലെങ്കില്‍ വിവരമറിയും. ഓര്‍ത്തോളൂ, ഞങ്ങളുടേത് ഒരു ഭരണഘടനാ സ്ഥാപനമാണ്....
ആ ഒടുവിലത്തെ വാചകത്തില്‍ ടെയ്‌ലര്‍ വീണു...
പിറ്റേന്ന് പുതിയ പേന്റുമിട്ടോണ്ടാണ് ജോസേട്ടന്‍ ആപ്പീസില്‍ വന്നത്!
തയ്‌പ്പൊക്കെ നന്നായിരുന്നു- ഒരു കാലിന് മറ്റേ കാലിനേക്കാള്‍ ഒന്നരയിഞ്ച് ഇറക്കം കുറവായിരുന്നൂന്ന് മാത്രം!
അത് പിന്നെ അങ്ങനെയല്ലേ പറ്റൂ; ഒരാള്‍ക്ക് ഒരു പേന്റ് തയിക്കാന്‍ മിനിമം ഇത്ര തുണി വേണമെന്നുണ്ടല്ലൊ !!!

No comments:

Post a Comment