rajasooyam

Friday, November 5, 2010

ആതിത്ഥ്യകലാനിധി

അങ്ങനെയിരിക്കെയാണ് ബിആറിന് ശിവദാസ് സാറിനെ കാണേണ്ടതായിട്ടുള്ളതായിട്ടുള്ളതായ ഒരു കാര്യമുണ്ടായത്. സാറിനെ എപ്പോള്‍ എവിടെ വെച്ച് കാണാമെന്നറിയാന്‍ വേണുപ്പണിക്കരോട് ചോദിച്ചാല്‍ മതിയല്ലൊ. അവരുതമ്മിലുള്ള ഇരിപ്പുവശം അതാണല്ലൊ.
പണിക്കരെ തേടിപ്പിടിച്ച് ബിആര്‍ ചോദിച്ചു:
-വേണു ശിവദാസ് സാറിനെ കാണാറുണ്ടോ?
-ഈയിടെയായി അങ്ങനെ കാണാറില്ല. വളരെ നാളുകള്‍ക്ക് ശേഷം പൂരത്തിന്റെ തലേന്നൊന്നു കണ്ടു.
-എന്ത്? അടയും ചക്കരയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഇത്ര വലിയ ഗ്യാപ്പോ? എന്‍ ഗുയെന്‍ ഗ്യാപ്?
-വിസ്മയമടക്കിവെച്ചുകൊണ്ട് ബിആര്‍ ചോദിച്ചു:
-എന്തെല്ലാമാണ് സാറിന്റെ വിശേഷങ്ങള്‍?
-അതിന് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചില്ല.
-ക്യോം?
-അത്തരമൊരു സന്ദര്‍ഭമായിരുന്നു അത്.
-എന്താ വേണൂ ഇപ്പറയണത്? വേണുവെന്നുവെച്ചാല്‍ ജീവനാണ് സാറിന്. എന്നിട്ട് സാറിനെ കണ്ടിട്ട് സംസാരിച്ചില്ലെന്നോ? അസംഭവ്യം! അസംഭവ്യം! ആശ്രമ മൃഗോയം. ന:ഹന്തവ്യ, ന:ഹന്തവ്യ!
-കൊള്ളാം. ആശ്രമ മൃഗോയം. ന:ഹന്തവ്യ, ന:ഹന്തവ്യ! എന്നു പറഞ്ഞാല്‍ ഇത് ആശ്രമ മൃഗമാണ് ഇതിനെ ചാപ്‌സാക്കരുത് ചാപ്‌സാക്കരുത് എന്നല്ലേ അര്‍ത്ഥം?
-അതെ
-അതും ഇതും ത മമില്‍ എന്തു ബന്ധം?
-കാഡയും കാടമുട്ടയും തമ്മിലുള്ള ബന്ധം തന്നെ
-ച്ചാല്‍?
-വെറും പ്രാസബന്ധം
-അസംബന്ധമെന്നല്ലാതെന്തു പറയാന്‍?
-അതെന്തെങ്കിലുമാവട്ടെ. വേണു കാര്യം പറയൂ.
-അതേയ്. ഞാന്‍ സാറിനെ കാണുമ്പൊ സാറിന്റെ വലതുകൈയില്‍ വല്ല്യോരു പൊതിയുണ്ടായിരുന്നു.
-മൊട്ടപ്പൊരിയാവും
-അല്ല. ഒരു മൂന്നു കിലോയെങ്കിലും തൂക്കം കാണുമായിരുന്നു പൊതിയ്ക്ക്.
-അതെങ്ങനെ മനസ്സിലായി?
-പൊതീടെ പിടുത്തോം സാറിന്റെ നടത്തോം കണ്ടിട്ട്
-ശെരി. എങ്കില്‍ ആ പിടുത്തനടത്താദികള്‍ വിവരിയ്ക്ക
-വലതുകൈയുടെ മുട്ട് മടക്കി കൈപ്പത്തി ഷോള്‍ഡര്‍ ലെവലില്‍ മലര്‍ത്തിപ്പിടിച്ച് അതിലാണ് പൊതി വെച്ചിരുന്നത്. നല്ല വെയ്റ്റില്ലെങ്കില്‍ പൊതി അങ്ങനെ പിടിക്കേണ്ട കാര്യമില്ലല്ലൊ
-ബഹാദൂര്‍ സിങ്ങ് ഷോട്ട്പുട്ടെറിയാന്‍ ഗുണ്ട് പിടിക്കുന്ന പോലെ അല്ലേ?
-എഗ്‌സാക്റ്റ്‌ലി
-ശെരി. ഇനി നടത്തത്തിന്റെ കാര്യം പറയൂ.
-ഇന്‍ ദ് ടിപ്പിക്കല്‍ പിപിഎസ് സ്റ്റൈല്‍
-ച്ചാല്‍?
-ഇടതുകൈയിലെ തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില്‍ ഡബ്ള്‍ വേഷ്ടിയുടെ തുമ്പ് ഉയര്‍ത്തിപ്പിടിച്ച് നീണ്ടുനിവര്‍ന്നങ്ങനെ......മന്തമന്തം...
-ഓക്കെ.ഓക്കെ. സാറ് മുണ്ടിന്റെ കോന്തല പിടിച്ചോട്ടെ. ഭാരവും ചുമന്നോട്ടെ. പക്ഷേ ഇതൊക്കെ സാറിനെ കാണുമ്പോള്‍ മിണ്ടാതിരിക്കാനുള്ള കാരണമാകുന്നതെങ്ങനെ? അതാണെനിക്ക് മനസ്സിലാവാത്തത്.
-മനസ്സിലാക്കിത്തരാം. സാറ് പിടിച്ചിരിക്കുന്ന പൊതിയ്ക്കകത്ത് മുന്തിരിയാണെന്ന് ഒറ്റ നോട്ടത്തില്‍ എനിയ്ക്ക് മനസ്സിലായി. അത് സൂപ്പര്‍ പുളിയനായിരിക്കുമെന്നും എനിയ്ക്ക് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ.
-കാരണം?
-പൂരത്തിന്റെ തലേന്നാളാണെന്നോര്‍ക്കണം. വീട്ടില്‍ ധാരാളം വിരുന്നുകാരുണ്ടാവും. കൂടുതലും ടീച്ചറുടെ വകയില്‍ പെട്ടവരായിരിക്കും. മുമ്പ് ഇത്തരമൊരു സന്ദര്‍ഭത്തില്‍ സാറ് പറഞ്ഞ ഒരു വാചകം എന്റെ ഓര്‍മ്മയില്‍ ഓടിയെത്തി: 'കൂര്‍ക്കഞ്ചേരി പൂയമാണ്, തൃശൂര് പൂരമാണ് പെരുമ്പടപ്പ് ജാറമാണ് എന്നൊക്കെ പറഞ്ഞ് സകല അമ്മായീടെ മക്കളും കേറി വന്നോളും. ഇവര്‍ക്കൊക്കെ പൊരിച്ച കോഴീം ചപ്പാത്തീം ഒണ്ടാക്കിക്കൊടുക്കാന്‍ എന്നേക്കൊണ്ടാകുകേല.ഞാന്‍ കൊറച്ച് മുന്തിരിയങ്ങ് വാങ്ങി. ശക്തന്‍ തമ്പുരാന്‍ വക മാര്‍ക്കറ്റില്‍ ഒരുന്തുവണ്ടിക്കാരന്‍ കച്ചവടമവസാനിപ്പിക്കാന്‍ നേരം ബാക്കിവന്നത് മൊത്തവെലയ്ക്ക് തന്നതാണ്. പുളിയനെങ്കില്‍ പുളിയന്‍. വേണേല്‍ തിന്നേച്ചും പോട്ടെ. ഹല്ല പിന്നെ'. പ്രസ്തുത വാചകം ഓര്‍ത്തതും ഞാന്‍ എന്നോടു പറഞ്ഞു: ഇപ്പൊ സാറിനെ ഹെഡ് ചെയ്യാന്‍ പോയാല്‍ ആപത്താണ്. സാറ് വീട്ടിലേക്ക് വിളിക്കും- 'എടോ വേണൂ, ഞാനൊരു സ്‌പെഷ്യല്‍ സാധനം വാങ്ങീട്ട്ണ്ട്. പൂരമൊക്കെയല്ലേ. നമുക്കൊന്നു കൂടിയേച്ചും പോകാം'. അഞ്ചാറ് കൊല്ലം മുമ്പ് 'പഞ്ച്ഗുസ്തി' നടത്തി ഒണക്കച്ചെറുനാരങ്ങയുടെ പുളിഞ്ചാറ് പിഴിഞ്ഞുതരാന്‍വേണ്ടി വീട്ടിലേക്ക് ക്ഷണിച്ചപ്പോഴും സാറ് പറഞ്ഞത് ഏതാണ്ട് ഇതേ വാചകമായിരുന്നു. അന്ന് പക്ഷേ കുറ്റം എന്റേതായിരുന്നു. കാരണം, സാറിനെപ്പോലൊരു ശ്രീനാരായണീയന്‍ 'സ്‌പെഷല്‍ സാധനം' എന്നു പറഞ്ഞപ്പോള്‍ അത് 'കുപ്പി'യായിരിക്കുമെന്ന് ഞാന്‍ തെറ്റിദ്ധരിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ തലപുകഞ്ഞാലോചിച്ചു. സാറ് വീട്ടിലേക്ക് വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റ്ല്ല്യ. പോയാലോ. സാറെനിക്ക് കൈയിലിരിക്കുന്ന 'സ്‌പെഷ്യല്‍ സാധനം' തരും. അത് കഴിച്ചാല്‍ കോര്‍ട്ടറ്റാച്ച്‌മെന്റ് കഴിച്ച് കിട്ടുന്ന ശമ്പളകാശ് മുഴുവന്‍ ഡോക്ടര്‍ക്ക് കൊടുക്കേണ്ടിവരും.
ഇനി അഥവാ അത് കഴിക്കാഞ്ഞാലോ. സാറ് കരയും.
എന്തിനാണ് സാറിനെ വെറുതേ കരയിക്കുന്നത്.
സാറിനെ കാണാതെ ഞാനങ്ങ് മുങ്ങി !

3 comments:

  1. ശിവദാസൻ സാറ് ശരിക്കും മുമ്പിൽ വന്ന് നിൽക്കുന്നത് പോലെ.....

    ReplyDelete
  2. ആ പാവം കൃഷ്ണ ചെട്ടിയാർ എന്തെല്ലാം സഹിച്ചിട്ടുണ്ടവും🤣

    ReplyDelete
  3. ശരിക്കും സർ മുന്നിൽ പ്രത്യക്ഷ പെട്ട പോലെ.

    ReplyDelete