rajasooyam

Friday, November 26, 2010

ഉള്ളിന്റെ ഉള്ളില്‍ ഉള്ളത്

ഇവിടെ മതേതരത്വം പുലരാന്‍ ലേശം വൈകുമെന്നാണ് ബിആറിന് തോന്നുന്നത്.
ഈ തോന്നലിന് കാരണമായ ഒരു ചെറിയ സംഭവം കേള്‍ക്കുക:
എട്ടില്‍ ഒമ്പത് പൊരുത്തമാണ് രവീന്ദ്രന്‍സാറും ജോസുകുട്ടിയും തമ്മില്‍. അതുകൊണ്ടാണല്ലൊ ജനം അവരെ പച്ചിലയും കത്രികയും പോലെ, പട്ടുനാരും പവിഴവും പോലെ എന്നൊക്കെ പറയുന്നത്. സംഗതിവശാല്‍ ഇരുവരും ഒരേ ഓഡിറ്റ് പാര്‍ട്ടിയിലുമാണ്.
ചാലക്കുടി ഇറിഗേഷന്‍ സബ് ഡിവിഷനിലായിരുന്നു അന്നത്തെ ഓഡിറ്റ്. രണ്ടുപേരും ഒന്നിച്ചാണ് തൃശൂരില്‍ നിന്നും ബസ്സ് കയറിയത്. ഒരേ സീറ്റില്‍ തന്നെ ഇരിപ്പുറപ്പിക്കുകയും ചെയ്തു.
ബസ്സ് പുതുക്കാട് കഴിഞ്ഞതും കുറുകെ ചാടിയ ഒരു പൂവാലിപ്പശുവിനെ കണ്ട് ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു.
അപകടം വല്ലതും സംഭവിച്ചോ എന്നറിയാന്‍ ആശങ്കയോടെ എത്തിനോക്കുന്നതിനിടയില്‍ രവീന്ദ്രന്‍സാറ് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു: '' ഈശ്വരാ, ആ ഗോമാതാവിന് ഒന്നും സംഭവിച്ചിട്ടുണ്ടാവല്ലേ ''.
എന്നാല്‍ അര്‍ദ്ധസുഷുപ്തിയിലായിരുന്ന ജോസുകുട്ടി ഞെട്ടിയുണര്‍ന്ന് രംഗനിരീക്ഷണം നടത്തിയശേഷം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:
'' ഏയ് കൊഴപ്പല്ല്യ. ഒരു ബീഫ് ക്രോസ്സ് ചെയ്തതാണ് '' !!!

No comments:

Post a Comment