rajasooyam

Sunday, November 14, 2010

നയപരമായ ഒരു തീരുമാനത്തിന്റെ പര്യവസാനം


ഉച്ചയൂണിന്റെ ഇടവേളയില്‍ താന്താങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു തടിച്ച പ്രഭാകരനും നന്ദ്വാരും.
സംഭാഷണമങ്ങനെ പുരോഗമിക്കവേ നന്ദ്വാര് പറഞ്ഞു:
-അപ്പോള്‍ പ്രഭാകരാ, പച്ചവെള്ളം പോലും ചവച്ചുകുടിച്ച് നമ്മളിങ്ങനെ സാത്വികരായി ജീവിച്ചിട്ട് അവസാനമെന്തായി? പ്രെഷറ്, ഷുഗറ്, കൊളസ്‌ട്രോള്, ഇടുപ്പുവേദന, കഴുത്തുവേദന, സന്തിവേദന മുതലായവയൊക്കെയല്ലേ സമ്പാദ്യമായി കിട്ടിയത്?
-റൈറ്റ്. നന്ദന്‍ പറയുന്നത് നൂറുശതമാനം ശെരിയാണ്. ജീവിതം നായ നക്കി അല്ലെങ്കില്‍ കോഞ്ഞാട്ടയായി എന്നൊക്കെ പറയുന്നതിന്റെ ആന്തരാര്‍ത്ഥം എനിക്ക് ഇപ്പോഴാണ് മനസ്സിലാവുന്നത്.
-എന്നാല്‍ നമ്മുടെ വേണുപ്പണിക്കരുടെ കാര്യം ഒന്നാലോചിച്ചുനോക്കു. പുള്ളിക്കാരന് ഇപ്പറഞ്ഞതൊന്നുമില്ല. പ്രഷറില്ല, കൊളസ്‌ട്രോളില്ല, ഇടുപ്പുവേദനയില്ല, കഴുത്തുവേദനയില്ല, സന്തിവേദനയില്ല. മാത്രമോ, ആരെങ്കിലും പറയോ, വരുന്ന കുംഭത്തില്‍ വേണൂന് നാല്പത്തിരണ്ട് വയസ്സാവുംന്ന്?
-നാല്പത്തിരണ്ടോ! ഈശ്വരാ ചര്‍മ്മം കണ്ടാ തോന്ന് ല്ല്യാട്ടോ.
-ചുമ്മാതല്ലല്ലൊ പണിക്കത്ത്യാര് എപ്പോഴും ആ മൂളിപ്പാട്ട് പാടണത്.
-ഏത് പാട്ട്?
-'കളരി വിളക്ക് തെളിഞ്ഞതാണോ.....എന്റെ കളരിപ്പണിക്കര്‍ വരുന്നതാണോ...'
-അടിപൊളി പാട്ടാണത്.
-പാട്ട് അതിന്റെ പാട്ടിനു പോട്ടെ. എന്താണ് പണിക്കരുടെ ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയും രഹസ്യമെന്ന് തടിച്ച പ്രഭാകരന്‍ എപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
-ഇല്ല
-ഞാന്‍ പറഞ്ഞുതരാം.
- ദിവസേന അത്താഴത്തിനുശേഷം 2 പെഗ്ഗ് വീശിയിട്ടാണ് പുള്ളിക്കാരന്‍ കിടന്നുറങ്ങുന്നത്!
-വിശ്വസിക്കാന്‍ പറ്റണ് ല്ല്യ
-പക്ഷേ സത്യം അതാണ്
-റിയലി?
-യെസ്. അപ്പോള്‍ ഞാന്‍ പറഞ്ഞുവരുന്നതിതാണ്. നമുക്കും അതൊന്നു പരീക്ഷിച്ചുനോക്കിയാലോ?
-സംഗതി കൊള്ളാം. പക്ഷേ നയപരമായ തീരുമാനമായതുകൊണ്ട് സുമയോടൊന്നാലോചിക്കണം. നമുക്ക് നാളെ ഫൈനല്‍ ഡിസിഷനെടുക്കാം.
അന്നു വൈകീട്ട് വീട്ടില്‍ ചെന്നപ്പോള്‍ പ്രഭാകരന്‍ സുമയോട് പറഞ്ഞു: ഇന്നിന്നപോലെയൊക്കെ നന്ദന്‍ പറയണ് ണ്ട്. പ്രശ്‌നക്കാരന്‍ വേണൂനെ അറിയാലോ. അതുപോലെയാവണെങ്കില് ഇതേ വഴിയുള്ളൂ. നാളെ മുതല്‍ തൊടങ്ങിയാലോന്നാലോചിക്ക്യാണ്.
ആ പറഞ്ഞതേ ഓര്‍മ്മയുണ്ടായുള്ളൂ പ്രഭാകരന്!
അന്നു വൈകീട്ട് വീട്ടില്‍ ചെന്നപ്പോള്‍ നന്ദ്വാര് ജ്യോതിയോട് പറഞ്ഞു: ഇന്നിന്നപോലെയൊക്കെ പ്രഭാകരന്‍ പറയണ് ണ്ട്. പ്രശ്‌നക്കാരന്‍ വേണൂനെ അറിയാലോ. അതുപോലെയാവണെങ്കില് ഇതേ വഴിയുള്ളൂ. നാളേ മുതല്‍ തൊടങ്ങിയാലോന്നാലോചിക്ക്യാണ്.
ആ പറഞ്ഞതേ ഓര്‍മ്മയുണ്ടായുള്ളൂ നന്ദ്വാര്‍ക്ക് !

സുമയ്ക്കിപ്പോള്‍ നന്ദ്വാരെ കണ്ണെടുത്താല്‍ കണ്ടുകൂട!
തടിച്ച പ്രഭാകരനെ കണ്ടാല്‍ ആട്ടുകല്ലിലരച്ച് ദോശ ചുടും ജ്യോത്യമ്മായി!

No comments:

Post a Comment