rajasooyam

Monday, November 8, 2010

ശുഭസ്യ ശീഘ്രം


മകന്റെ കല്യാണം പെട്ടെന്നു നടത്തണമെന്നും അല്ലെങ്കില്‍ അത് നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും ജ്യോത്സ്യന്‍ പറഞ്ഞപ്പോള്‍ ആദ്യമൊന്നു ഞെട്ടിപ്പോയി രാജഗോപാലന്‍.
പക്ഷേ ഭാഗ്യം എന്നും രാജഗോപാലന്റെ പക്ഷത്തായിരുന്നു.
അധികം അന്വേഷിച്ചലയാതെ തന്നെ മകന് നല്ലൊരു കല്യാണക്കാര്യം ഒത്തുവന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാരോട് രാജഗോപാലന് ഒരൊറ്റ ഡിമാന്റേയുണ്ടായിരുന്നുള്ളൂ: കല്യാണം പെട്ടെന്നു നടത്തണം. പെട്ടെന്നെന്നുവെച്ചാല്‍ എത്രയും പെട്ടെന്ന്.
ഭാഗ്യവശാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും അത് സമ്മതമായിരുന്നു.
പിറ്റേ ഞായറാഴ്ച തന്നെ വിവാഹനിശ്ചയം നടത്താനും തീരുമാനമായി.

നാട്ടുകാരും വീട്ടുകാരും കൂട്ടുകാരുമായി ഒരു കല്യാണത്തിനുള്ള ആള്‍ക്കൂട്ടമുണ്ടായിരുന്നു നിശ്ചയത്തിന്.
ശുഭമുഹൂര്‍ത്തത്തില്‍ തന്നെ മോതിരംമാറ്റം നടന്നു.
അപ്പോഴാണ് പൊടുന്നനെ അത് സംഭവിച്ചത്.
വധുവിന്റെ വീട്ടുകാരെ വിളിച്ചുനിര്‍ത്തി രാജഗോപ്പാലന്‍ ഉറക്കെ പറയുകയാണ്: ''അപ്പൊ നമുക്കിത് ഒരു രണ്ടുമാസത്തേയ്ക്ക് നീട്ടിവെക്കയല്ലേ?''
കേട്ടവരെല്ലാം സ്റ്റണ്ടായിപ്പോയെന്നു പറയേണ്ടതില്ലല്ലൊ.
പക്ഷേ ആ സ്റ്റണ്ട് രണ്ടുമിനിറ്റുനേരത്തേക്കേയുണ്ടായിരുന്നുള്ളു.
തൊട്ടുപിന്നാലെ വന്നു ഷൈലട്ടീച്ചറുടെ വിശദീകരണം:
'' ചേട്ടന്‍ ശീലംകൊണ്ട് അറിയാതെ പറഞ്ഞുപോയതാണ്,ട്ടോ.
കോടതീല് കേസ് നീട്ടിവെപ്പിക്കലാണല്ലൊ ഇപ്പോഴത്തെ പണി '' !!!

No comments:

Post a Comment