rajasooyam

Sunday, November 7, 2010

CHURCH JOKES (4)

(അഭിവന്ദ്യ ബിഷപ്പ് മാര്‍ അപ്രേം തിരുമേനി ഇംഗ്ലീഷിലെഴുതിയ ചില പള്ളിത്തമാശകളുടെ സര്‍വ്വതന്ത്രസ്വതന്ത്ര വിവര്‍ത്തനം)

ദാഹജലം

സുദീര്‍ഘമായൊരിടവേളക്കുശേഷം തന്റെ സ്വന്തം നാട്ടിലെ ചിരകാലസുഹൃത്തായ ഗീവര്‍ഗ്ഗീസിനെ സന്ദര്‍ശിക്കാനെത്തിയതാണ് ആ വികാരിയച്ചന്‍. ചെന്നപ്പോള്‍ പക്ഷേ ഗീവര്‍ഗ്ഗീസ് അവിടെയില്ലായിരുന്നു. അച്ചനെ ഉപചരിച്ചിരുത്തിയ ശേഷം ഗീവര്‍ഗ്ഗീസിന്റെ സഹധര്‍മ്മിണി മേരിക്കുട്ടി ചോദിച്ചു:
-അച്ചോ, കാപ്പിയെടുക്കട്ടെ?
-വേണ്ട. ഞാന്‍ കാപ്പി കുടിക്കാറില്ല.
-ചായയായാലോ?
-വേണ്ട. ഞാനിന്ന് രണ്ട് ചായ കുടിച്ചതാണ്.
-ഇത്തിരി വൈനായാലോ?
-നോ, താങ്ക്‌സ്.
-എന്നാല്‍ ഞാന്‍ അല്പം വിസ്‌കിയും സോഡയുമെടുക്കാം.
-വേണ്ട മേരിക്കുട്ടീ. സോഡ വേണ്ട!


വാനിഷിങ് മോബ്

അക്രമാസക്തരായ ഇടവകാംഗങ്ങളെ പിരിച്ചുവിടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പോലീസിന് കഴിഞ്ഞില്ല. ഇനി ജലപീരങ്കി മാത്രമേ ബാക്കിയുള്ളു. അത് പ്രയോഗിക്കുന്നതിനുമുമ്പ് അച്ചനെയൊന്നു കണ്ടുകളയാമെന്നുവിചാരിച്ച് അവര്‍ പള്ളിക്കകത്തേക്ക് ചെന്നു. അച്ചനുമായി അര മണിക്കൂര്‍ ചര്‍ച്ച നടത്തിയ ശേഷം പുറത്തുവന്ന പോലീസ് ഒരനൗണ്‍സ്‌മെന്റ് നടത്തി. അതു കേട്ടതും തങ്ങളുടെ കൊടി, കുട, വടി, വസ്ത്രം, ചെരുപ്പ് ഇത്യാദികളുപേക്ഷിച്ച് ഇടവകക്കാര്‍ ജീവനും കൊണ്ട് പാഞ്ഞു!
അനൗണ്‍സ്‌മെന്റ് ഇതായിരുന്നു:' സഭാംഗങ്ങളുടെ ശ്രദ്ധയ്ക്ക്. ദയവുചെയ്ത് എല്ലാവരും സംയമനം പാലിക്കുക. അഭിവന്ദ്യനായ വികാരിയച്ചന്‍ 5 മിനിറ്റിനകം ഇവിടെയെത്തി നിങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതായിരിക്കും!''


യുറീക്കാ!


ബിഷപ്പുമായി പ്രതിമാസ കൂടിക്കാഴ്ചക്കെത്തിയതാണ് ആ വികാരിയച്ചന്‍. സംഭാഷണത്തിനിടയില്‍ തന്റെ ഇടവകയില്‍ ജന്മനാ അന്ധനായ ഒരാളുണ്ടെന്നും അയാള്‍ക്ക് ഒരോരുത്തരുടേയും മുഖത്ത് തൊട്ടുനോക്കി ആളെ തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും അച്ചന്‍ പറഞ്ഞപ്പോള്‍ ബിഷപ്പിന് അത് വിശ്വസിക്കാനായില്ല. അങ്ങനെയുണ്ടെങ്കില്‍ അതൊന്ന് പരീക്ഷിച്ചുകളയാമെന്നുതന്നെ അദ്ദേഹം തീരുമാനിച്ചു. പിറ്റേ ദിവസം ബിഷപ്പ് അച്ചനേയും കപ്യാരേയും കൂട്ടി അന്ധന്റെ അടുത്തെത്തി. ബിഷപ്പിന്റെ ആജ്ഞപ്രകാരം വാങ്ങിയ ഒരു മുട്ടനാടിനേയും കൊണ്ടാണ് അവരവിടെ ചെന്നത്.
കപ്യാരുടെ മുഖം തൊട്ടുനോക്കിയ അന്ധന്‍ പറഞ്ഞു: ഇത് നമ്മുടെ ഔസേപ്പേട്ടനാണ്.
പിന്നെ അച്ചന്റെ മുഖത്തുതൊട്ടുനോക്കിയശേഷം അയാള്‍ പറഞ്ഞു: ഇത് നമ്മുടെ വികാരിയച്ചനാണ്.
താന്‍ പറഞ്ഞത് ശരിയായിവന്നില്ലേ എന്ന അര്‍ത്ഥത്തില്‍ അച്ചന്‍ ബിഷപ്പിനെ നോക്കി. പിന്നെ അത് ബിഷപ്പിനോട് ഒന്ന് പരീക്ഷിച്ചുനോക്കാനപേക്ഷിച്ചു. അന്നേരം ബുദ്ധിമാനായ ബിഷപ്പ് കൂടെ കൊണ്ടുവന്ന മുട്ടനാടിനെ അന്ധന്റെ അടുത്തേക്ക് നീക്കിനിര്‍ത്തി അതാരാണെന്ന് ചോദിച്ചു.
അന്ധന്‍ മുട്ടനാടിന്റെ മുഖത്ത് ഒന്ന് സ്പര്‍ശിച്ചു. പിന്നെ മെല്ലെ അതിന്റെ ഊശാന്‍താടിയില്‍ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു:' സംശയല്ല്യ. ഇത് നമ്മുടെ ബിഷപ്പ് തന്നെ!''

No comments:

Post a Comment