rajasooyam

Tuesday, January 23, 2024

 

എ യും ബി യും പിന്നെ ജീയെസ്സും

 

-എഴുപതുകളില്‍ അക്കൗണ്ടാപ്പീസില്‍ സടകുടഞ്ഞെണീറ്റ നാടകപ്രസ്ഥാനത്തെപ്പറ്റി ഗുരുജി  സ്പോട്ട് ലൈറ്റില്‍ പറഞ്ഞത് കണ്ടുകാണുമല്ലൊ.

-കണ്ട്ക്കണ്‌

-ജീയെസ്സിനും അക്കാലത്തെ ധാരാളം ഓര്‍മ്മകള്‍ കാണുമല്ലൊ.

-യെസ്. ഓര്‍മ്മകള്‍ ധാരാളമുണ്ട്. പക്ഷേ അതില്‍ നീറുന്ന ഒരെണ്ണമാണ്‌ തിക്കിത്തിരക്കി മുന്നില്‍ വന്നുനില്‍ക്കുന്നത്.

-എങ്കില്‍ അതേപ്പറ്റിയാവാം തുടക്കം

-നന്നേ ചുരുക്കി പറയാം. ഇന്‍ എ നട്ട് ഷെല്‍

-മതി. കശ്നണ്ടിത്തോടില്‍ മതി. അതാണിഷ്ടം.

-രാമനിലയത്തില്‍ നമ്മുടെ ഒരു നാടകത്തിന്‍റെ റിഹേഴ്സല്‍ നടക്കുകയാണ്‌. ഞാന്‍, സാബു, സോമന്‍, ഗുരുജി തുടങ്ങി ആപ്പീസിലെ പേരുകേട്ട നടന്മാരൊക്കെയുണ്ട് റിഹേഴ്സലിന്‌. നാടകത്തില്‍ ഒരു സ്ത്രീ കഥാപാത്രമുണ്ടായിരുന്നു. എത്ര തിരക്കിയിട്ടും ആ പാത്രത്തെ അവതരിപ്പിക്കാന്‍ ഒരു ലേഡിയെ കിട്ടിയില്ല. ഒടുവില്‍ ഞാന്‍ ജോസ് പായമ്മലുമായി ബന്ധപ്പെട്ട് എന്‍റെ ഉത്തരവാദിത്വത്തില്‍ ഒരു പ്രൊഫണല്‍ നാടകനടിയെ സംഘടിപ്പിക്കുകയായിരുന്നു. അവരുടെ പേര്‌ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഒരു ഇരുപത് ഇരുപത്തൊന്ന് വയസ്സുണ്ടാവും. ഏറിയാല്‍ ഇരുപത്തൊന്നര. അതിനപ്പുറം പോവില്ല. അവരും റിഹേഴ്സലിനെത്തിയിട്ടുണ്ട്. റിഹേഴ്സല്‍ തകൃതിയായി നടന്നു. എല്ലാം ഓക്കെയായി. റിഹേഴ്സല്‍ കഴിഞ്ഞപ്പോള്‍ രാത്രി ഏതാണ്ട് പത്ത് മണിയായിക്കാണും. എന്‍റെ ഉള്ളൊന്നുകാളി. നടിയെ വീട്ടില്‍ കൊണ്ടാക്കണ്ടെ? പാലിയേക്കരയിലാണ്‌ അവരുടെ വീട്. ടാക്സി പിടിച്ച് പോകുന്ന കാര്യമൊന്നും അന്നത്തെ കാലത്ത് ചിന്തിക്കാനേ പറ്റില്ല. അത്രയ്ക്ക് പണച്ചിലവുള്ള കാര്യമാണ്‌. ബസ്സുകളൊക്കെ അപ്പോഴേക്കും പോയിക്കഴിഞ്ഞിട്ടുണ്ട്. നടിയൊഴികെയുള്ളവര്‍ കൂടിയാലോചിച്ചു. ഒടുവില്‍ ഓട്ടോ വിളിച്ചുവിടാം എന്നു തീരുമാനമായി. അപ്പോള്‍ വീണ്ടും പ്രശ്നം. രാത്രി അസമയത്ത് ഒരു സ്ത്രീയെ ഓട്ടോറിക്ഷക്കാരന്‍റെ കൂടെ ഒറ്റയ്ക്ക് വിടാമോ? പറ്റില്ലല്ലൊ. എന്നാല്‍ ഒരാള്‍ കൂടെപ്പോകട്ടെ എന്നായി തീരുമാനം. അപ്പോള്‍ അതിന്മേലായി പ്രശ്നം. ആര്‌ കൂടെപ്പോകും? അന്നേരം താന്‍ കൂടെപ്പോകാം എന്നു പറഞ്ഞ് എ മുന്നോട്ടുവന്നു. ജില്ലയ്ക്കപ്പുറം വീടുള്ള എ അതിനുവേണ്ടി ബുദ്ധിമുട്ടേണ്ടെന്നും തന്‍റെ വീട് നടിയുടെ വീടിന്‍റെ ഏരിയയിലാണെന്നും അതുകൊണ്ട് താന്‍ കൂടെപ്പൊയ്ക്കോളാമെന്നും പറഞ്ഞ് ബി യും മുന്നോട്ടുവന്നു!

-ബൈ ദ ബൈ, വൈ ദിസ് എ ആന്‍ഡ് ബി?

-അതുപിന്നെ പേര്‌ വെളിപ്പെടുത്തുന്നത് പൊളിറ്റിക്കലി കറക്റ്റല്ല.

-ദെന്‍ യു ക്യാന്‍ പ്രൊസീഡ് യുവറോണര്‍

-നടിയോട് ചോദിച്ചപ്പോള്‍ ആര്‌ കൂടെപ്പോന്നാലും തനിക്ക് വിരോധമില്ലെന്നു പറഞ്ഞു. ഒടുവില്‍ തര്‍ക്കമൊഴിവാക്കാമെന്നു കരുതി എന്നാല്‍പിന്നെ രണ്ടുപേരും കൂടി കൊണ്ടാക്കട്ടെ എന്ന് ഏകകണ്ഠമായി തീരുമാനിച്ചു. (ഐക കണ്ഠ്യേന എന്നും പറയാം. ബുദ്ധിമുട്ടാണ്‌.). അപ്പോള്‍ അതാ വീണ്ടും പ്രശ്നം.

നടിയുടെ അടുത്ത് ആരിരിക്കും? ആകെ മൂന്ന് സീറ്റല്ലേയുള്ളൂ. തനിക്ക് അവരുടെ അടുത്തിരിക്കാന്‍ യാതൊരുവിധ വിരോധവുമില്ലെന്ന് എ! തനിക്ക് അത്രത്തോളം പോലുമില്ലെന്ന് ബി യും! ഒടുവില്‍ നടി നടുക്കും എ യും ബി യും അവരുടെ ഇടത്തും വലത്തുമായും ഇരിക്കട്ടേന്ന് തീരുമാനമായി... അപ്പോഴും എന്‍റെ ഉള്ളിലെ കാളല്‍ വിട്ടുമാറിയില്ല. നേരം പാതിരയോടടുക്കുകയാണ്‌. പോകുന്ന വഴി എന്തെങ്കിലും സംഭവിച്ചാല്‍ ...

-എന്തെങ്കിലും അത്യാഹിതം എന്നല്ലേ ഉദ്ദേശിച്ചത്?

-അതെ. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ഞാനല്ലേ ഉത്തരം പറയേണ്ടിവരിക? എന്‍റെ ഉത്തരവാദിത്വത്തിലല്ലേ അവരെ കൊണ്ടുവന്നിരിക്കുന്നത്? എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഒടുവില്‍ ഞാനും കൂടി വണ്ടിയില്‍ കേറാന്‍ തീരുമാനിച്ചു.!

-അതെങ്ങനെ? സീറ്റില്ലല്ലൊ

-അതെ സീറ്റില്ല. പക്ഷേ ഡ്രൈവറുടെ സീറ്റില്‍ പകുതി ഞാനിങ്ങെടുത്തു. സുരേഷ് ഗോപി തൃശൂര്‍ എടുത്തപോലെ!

-ഹാവൂ! മനസ്സമാധാനമാണല്ലൊ വലുത്. അതുപോട്ടെ, തുടക്കത്തില്‍ ജീയെസ്സ് പറയുകയുണ്ടായല്ലൊ ഇതൊരു നീറുന്ന ഓര്‍മ്മയാണെന്ന്. ഇതില്‍ എവിടെയാണ്‌ നീറ്റം?

-എങ്ങനെ നീറാതിരിക്കും? അതുവരെ ആത്മസുഹൃത്തുക്കളായിരുന്ന  എ യും ബി യും ഞാന്‍ അന്നാ വണ്ടിയില്‍ കേറാന്‍ തീരുമാനിച്ചതില്‍ പിന്നെ ഇന്നേ വരെ എന്നോട് മിണ്ടിയിട്ടില്ല!!!

2 comments: