rajasooyam

Saturday, February 2, 2013

വെറുതേ ഒരു സംശയം

-കേട്ടോ ബിആര്‍, നമ്മടെ സിപ്രന്റെ കാര്യം കട്ടപ്പൊകയായീന്നാ തോന്നണേ
-ങ്‌ഹേ! സിപ്രന് എന്തുപറ്റി?
-ഒന്നൂല്ല്യാ. മിക്കവാറും കെഴക്കേ കോട്ടേമ്മെ കൊണ്ടോണ്ടിവരും!
-ഒന്നു തെളിച്ചുപറ എന്റെ കണ്ണാ
-രാവിലെ ഓഫീസില്‍ വന്നപ്പൊ മുതല്‍ തനിച്ചിരുന്ന് പിച്ചും പേയും പറയ്യ്യാണ്!
-ഈശ്വരാ! എന്താണ് പറയണത്?
-ബിആര്‍ തന്നെ ചെന്ന് കേട്ടുനോക്ക്
    ബിആര്‍ സിപ്രന്റെ സെക് ഷനിലേക്കോടി. അല്പം ദൂരെ മാറിനിന്ന് വീക്ഷിച്ചു.
ശെരിയാണ്. പുള്ളിക്കാരന്‍ തനിച്ചിരുന്ന് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.
എന്താണെന്ന് വ്യക്തമാവുന്നില്ല. ബിആര്‍ ചെവി നീളത്തില്‍ പിടിച്ചു. അപ്പോഴും ഒന്നും
കേള്‍ക്കുന്നില്ല. പിന്നെ ചെവി വട്ടം പിടിച്ചുനോക്കി. അന്നേരം കേട്ടുതുടങ്ങി.
ആരോടെന്നില്ലാതെ സിപ്രന്‍ പറയുകയാണ്: '' എന്നെയാവ്വ്വോ ഉദ്ദേശിച്ചത്? ഏയ്.
എന്നെയാവാന്‍ വഴിയില്ല. ഇനി അഥവാ എന്നെത്തന്നെയാണെന്നുവരുമോ? ഏയ്.
എന്തിനാ വെറുതേ ടെന്‍ഷനടിക്കണേ അല്ലേ? എന്നെയാണെന്ന്‌വിചാരിക്കുന്നതിനേക്കാള്‍നല്ലതാണല്ലോ എന്നെയല്ലെന്നുവിചാരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ.....
ടെന്‍ഷനടിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ ടെന്‍ഷനടിക്കാതിരിക്കുന്നതിനേക്കാള്‍
നല്ലതാണല്ലോ..... അല്ലേ അതല്ലേ ശെരി. അതുതന്നെയല്ലേ ശെരി?
ഉദ്ദേശിച്ചത് എന്നെയാവില്ലെങ്കിലും ഉദ്ദേശിക്കാന്‍ വിചാരിച്ചത് എന്നെയാവ്വ്വോ...''

സിപ്രന്‍ അങ്ങനെ പറഞ്ഞതുതന്നെ പറഞ്ഞോണ്ടിരിക്കയാണ്. ഒരുവട്ടമല്ല രണ്ടുവട്ടമല്ല
മൂന്നുവട്ടം ബിആര്‍ അതുകേട്ടു.
ഒരുവട്ടം കൂടി അത് കേട്ടുനില്‍ക്കാന്‍ കരുത്തില്ലാഞ്ഞതിനാല്‍ വേഗം തിരിച്ചുപോന്നു. സീറ്റില്‍ തിരിച്ചെത്തി കണ്ണനെ വിളിച്ചുവരുത്തി ചോദിച്ചു:
-എപ്പോഴാണ് സിപ്രന് അസുഖം തുടങ്ങിയത്? ഇന്നലെ വരെ
 കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലൊ.
-ഇന്ന് രാവിലെ വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ്
-എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലൊ കണ്ണാ
-എനിക്കുമതെ
-സിപ്രന്‍ രാവിലെ ഒറ്റയ്ക്കാണോ വന്നത്?
-അല്ല. കൂടെ ശ്രീകുമാറുണ്ടായിരുന്നു
-അപ്പൊ സഖാവിനോട് ചോദിച്ചാല്‍ എന്തെങ്കിലും കുളു കിട്ടിയേക്കും അല്ലേ?
-ചോദിച്ചുനോക്ക്. ഒരുകല്ലും പൊക്കിനോക്കാതിരിക്കണ്ട. പക്ഷേ ഇപ്പോള്‍ സഖാവ്
 സ്ഥലത്തില്ല.
-എവിടെപ്പോയി?
-വാചകപാതകതൊഴിലാളികളുടെ ജില്ലാസമ്മേളനത്തെ അഭിവാദ്യം ചെയ്യാന്‍
 പോയിരിക്ക്യാണ്.
-വരുമ്പോള്‍ ഞാന്‍ അന്വേഷിച്ചതായി പറയണം
-പറയാം
    അഭിവാദ്യം കഴിഞ്ഞ് സഖാവെത്തിയപ്പോള്‍ ബിആര്‍ ചോദിച്ചു:
-സഖാവ് ഇന്ന് സിപ്രന്റെ ഒപ്പമല്ലേ വന്നത്?
-അതെ
-ബസ്സിലാണോ?
-അല്ല
-പിന്നെയോ
-സിപ്രന്റെ സ്‌കൂട്ടറില്
-സിപ്രന്‍ സ്‌കൂട്ടറുമായി വീട്ടില്‍ വന്നോ?
-അതെ.
-സിപ്രന്റെ പെരുമാറ്റത്തില്‍ ഇന്നെന്തെങ്കിലും അസ്വാഭാവികത തോന്നിയിരുന്നോ?
-ഇല്ല്യാ. എന്തേ ചോദിക്കാന്‍?
-ഒന്നൂല്ല്യാ. വരുന്ന വഴി നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും സംസാരിക്കുകയുണ്ടായോ?
-ഇല്ല്യാ. വണ്ടീക്കേറിയാല്‍ ഒടനേ ഞാന്‍ ഒറങ്ങൂലോ
-വണ്ടീക്കേറണേനുമുമ്പ് എന്തെങ്കിലും?
-ഇല്ല്യ. ഞാന്‍ ഒന്നും സംസാരിച്ചിട്ടില്ല. അച്ഛനും സിപ്രനും തമ്മില്‍ എന്തോ
 പറയുന്നുണ്ടായിരുന്നു.
-അതെന്തായിരുന്നു?
-ബിആറിനറിയാലോ, ചക്ക  സിപ്രന്റെ ഒരു ദൌര്‍ബല്യമാണെന്ന് .എപ്പൊ വീട്ടില്‍ വന്നാലും
  പുള്ളിക്കാരന്റെ ഒരു കണ്ണ് പ്ലാവിന്റെ കൊമ്പത്തായിരിക്കും.
-കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലെന്ന പോലെ
-എന്ന് ഞാന്‍ പറയില്ല
-എങ്കില്‍ ബാക്കി പറയൂ
-രാവിലെ വന്നപ്പൊ പ്ലാവിന്റെ കൊമ്പത്തേക്ക് കണ്ണോടിച്ച് സിപ്രന്‍ അച്ഛനോട് പറഞ്ഞു:
 ''ഇക്കൊല്ലം ചക്കകള്‍ക്കൊന്നും കഴിഞ്ഞകൊല്ലത്തെയത്ര ഉഷാറില്ല അല്ലേ?''
-എന്തായിരുന്നു അച്ഛന്റെ മറുപടി?
-'' ഞാനും അതാലോചിക്ക്യായിരുന്നു. അവറ്റയ്ക്ക് ആരുടെയോ കണ്ണുപറ്റീട്ട്ണ്ട് ന്നാ   തോന്നണേ'' !!!

1 comment: