rajasooyam

Tuesday, February 4, 2020

      ആന്റണ്‍ വില്‍ഫ്രഡിന്റെ ആത്മകഥയില്‍ നിന്നും ഒരേട്
                                                           
                                                           (BR: 9/07)
 
   അദ്ധ്യായം 28: എ ഗുഡ് സമരിറ്റന്‍ അഥവാ നല്ലവനായ മാളക്കാരന്‍

                   എഴുപതുകളുടെ ആദ്യപകുതിയിലാണ് സംഭവം. ഞാന്‍ തിരുവനന്തപുരത്തുനിന്ന് ട്രാന്‍സ്ഫറായി വന്നിട്ട് അധികമായിട്ടില്ല. ഒരു ദിവസം മെയിനാപ്പീസിലെ രാജശേരന്‍ തമ്പി എന്നെ കാണാന്‍ ആപ്പീസില്‍ വന്നു. തൃശ്ശൂര്‍ ഡീഡി ആപ്പീസില്‍ ഓഡിറ്റിനുവന്ന പുള്ളിക്കാരന്‍ ഒന്നു മുങ്ങിയതാണ്. പരമരസികനും സഹൃദയനും വെടിക്കെട്ട്‌വര്‍ത്തമാനക്കാരനുമായ തമ്പി തിരുവനന്തപുരത്ത് എന്റെ സഹമുറിയനായിരുന്നു. കുറേനാളുകള്‍ക്കുശേഷം തമ്മില്‍ കാണുകയായിരുന്നല്ലൊ. വര്‍ത്തമാനം പറഞ്ഞ്പറഞ്ഞ് നേരം പോയതറിഞ്ഞില്ല. ഊണുകഴിക്കാനുള്ള സമയമായി. രണ്ടുപേര്‍ക്കും കൂടി പുറത്തുപോയി ഊണുകഴിക്കാമെന്നും പിന്നെ തിരിച്ച് ഓഫീസില്‍ വരേണ്ടെന്നും തീരുമാനിച്ച് ഞാന്‍ ഹാഫ്‌ഡേ കാഷ്വല്‍ ലീവെഴുതിക്കൊടുത്ത് ബേഗുമെടുത്ത് പുറത്തുകടന്നു. അമ്പാസഡര്‍ ഹോട്ടലിലേയ്ക്കാണ് ഞങ്ങള്‍ പോയത്. അവിടെ ഒരു കോര്‍ണറിലെ ക്യാബിനില്‍ കയറി ഇരിപ്പുറപ്പിച്ചു. ബെയറര്‍ വന്നപ്പോള്‍ 2 ചിക്കന്‍ ബിരിയാണിക്ക് ഓഡര്‍ കൊടുത്തു. തമ്പി സ്വല്പം സേവിക്കുന്ന കൂട്ടത്തിലാണ്. അതുകൊണ്ട് കോഴിക്കൊരു കൂട്ടാകട്ടേന്നുകരുതി ഒരു ബോട്ടില്‍ ഷിവാസ് റീഗലും പറഞ്ഞു. തമ്പി പക്ഷേ അതിന്റെ പകുതിയേ കഴിച്ചുള്ളു. ഞാനാണെങ്കില്‍ മദ്യം കൈകൊണ്ട് തൊടുകയുമില്ല. അന്നുമതെ ഇന്നുമതെ. അതുകൊണ്ട് ബാക്കിവന്ന സാധനം പറമ്പില്‍ പണിക്കുവരുന്ന കുട്ടപ്പേട്ടനുകൊടുക്കാമെന്നുകരുതി ഞാന്‍ അത് എന്റെ ബേഗിലെടുത്തുവെച്ചു. ബില്ല് പേ ചെയ്ത് പുറത്തിറങ്ങുമ്പോഴേക്കും തമ്പിക്ക് പോകാനുള്ള വണ്ടിയ്ക്കുള്ള സമയമായി. തമ്പിയെ വണ്ടികേറ്റിവിട്ട് ഞാന്‍ ചാലക്കുടിവഴി മാളയ്ക്കുപോകുന്ന ഒരു കെ എസ് ആര്‍ ടി സി ബസ്സില്‍കയറി. നല്ല കാറ്റും തണുപ്പുമുണ്ടായിരുന്നതുകൊണ്ട് ഞാനൊന്ന് മയങ്ങിപ്പോയി. വണ്ടി കൊടകര കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ബസ്സിലൊരു ബഹളം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. വിടരുതവനെ, പിടിക്കവനെ, പൂശവനെ എന്നൊക്കെ ആര്‍ത്തുവിളിച്ചുകൊണ്ട് യാത്രക്കാര്‍ ഒരു ചെറുപ്പക്കാരനെ കൈകാര്യം ചെയ്യുകയാണ്. അവന്‍ ആരുടേയോ പോക്കറ്റടിച്ചിരിക്കുന്നുപോലും. അത് തൊണ്ടിസഹിതം പിടിച്ചത്രേ.
പാവം പയ്യന്‍. ഇല്ലാഞ്ഞിട്ടല്ലേ മോഷ്ടിച്ചത്. അവനെ എങ്ങനേയും രക്ഷിച്ചേ പറ്റൂ. എന്നിലെ മനുഷ്യസ്‌നേഹി ഉണര്‍ന്നു. ഞാന്‍ ഇരുന്നിടത്തുനിന്നെഴുന്നേറ്റ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: നിങ്ങള്‍ ദയവായി അയാളെ ഇങ്ങനെയിട്ട് തല്ലരുത്. അയാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷേ അത് ചെയ്യേണ്ടത് നമ്മളല്ല. നല്ലൊരു നീതിന്യായവ്യവസ്ഥയുള്ള നാടല്ലേ നമ്മുടേത്. ലെറ്റ് ദ ലോ ടെയ്ക്ക് ഇറ്റ്‌സ് ഓണ്‍ കോഴ്‌സ്.
അടിയുടേയും ഇടിയുടേയും ശബ്ദത്തിനിടയില്‍ ഇതൊക്കെ ആര് കേള്‍ക്കാന്‍. ഒടുവില്‍ ഞാന്‍ എഴുന്നേറ്റുചെന്ന് എന്റെ കൃശഗാത്രം കൊണ്ട് ആവുന്ന വിധത്തില്‍ അയാളെ പൊതിഞ്ഞുനിന്നു. ഫലമെന്തായി. അയാളെ ലക്ഷ്യം വെച്ചുവന്ന അടികളില്‍ പലതും എനിക്ക് ഏറ്റുവാങ്ങേണ്ടിവന്നു! ഒരുകണക്കിന് വണ്ടി ചാലക്കുടി പോലീസ് സ്‌റ്റേഷനിലെത്തി. യാത്രക്കാര്‍ പോക്കറ്റടിക്കാരനെ പൊക്കിയെടുത്ത് എസ് ഐ യുടെ മുമ്പാകെ ഹാജരാക്കി. എസ് ഐ എങ്ങോ പോകാനുള്ള തിരക്കിലായിരുന്നു. എങ്കിലും ഉള്ള നേരം കൊണ്ട് ചെറുപ്പക്കാരന്റെ ചെപ്പയ്ക്കിട്ടൊന്നുകൊടുത്തു. പിന്നെ അയാളെ കൊണ്ടുപോയി ലോക്കപ്പിലിടാന്‍ അടുത്തുനിന്ന പോലീസുകാരനോട് പറഞ്ഞു.
കുരങ്ങു ചത്ത കുറവനെപ്പോലെ ഞാന്‍ തിരിച്ചുനടന്നു. ആ നടത്തത്തിനിടയില്‍ ഞാനൊരു കാഴ്ച കണ്ടു. യാത്രക്കാരില്‍ ചിലര്‍ എന്നെ ചൂണ്ടിക്കാട്ടി എസ് ഐ യോട് എന്തോ കുശുകുശുക്കുന്നു. ഞാന്‍ നാലഞ്ചടി നടന്നപ്പോഴേക്കും എസ് ഐ എന്നെ പിന്‍ വിളിവിളിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു: താന്‍ അങ്ങനെയങ്ങ് പോവല്ലേ.തല്ക്കാലം ആ മൂലയില്‍ പോയിരിയ്ക്ക്. ഞാന്‍ വന്നിട്ട്‌പോകാം.
എന്റെ ഉള്ളൊന്ന് കാളി. എന്താണ് സംഭവിക്കുന്നതെന്നൂഹിക്കാന്‍ എന്റെ സാമാന്യബുദ്ധിതന്നെ ധാരാളമായിരുന്നു. സഹയാത്രികര്‍ എസ് ഐ യോട് പറഞ്ഞിട്ടുണ്ടാവണം: ഇവന്‍ ലവന്റെ ഗഡിയാണെന്നാ തോന്നണേ...
അങ്ങനെയാണെങ്കില്‍ ഇവരിപ്പോള്‍ എന്റെ ബേഗ് പരിശോധിക്കും. അന്നേരം എന്താണ് കാണുക? അര കുപ്പി ഷിവാസ് റീഗല്‍!
ആ നശിച്ച സാധനം അവിടെത്തന്നെയുണ്ടോന്നറിയാന്‍ ഞാന്‍ വെറുതെ ബേഗിന്റെ സിബ്ബൊന്നു തുറന്നുനോക്കി. അപ്പോഴാണ് നടുക്കുന്ന മറ്റൊരു കാഴ്ച ഞാന്‍ കണ്ടത്. ആപ്പിസില്‍ വൗച്ചര്‍ ബണ്ടില് പൊട്ടിക്കാന്‍ വേണ്ടി അന്ന് വീട്ടില്‍നിന്നുകൊണ്ടുവന്ന കുറേ പഴയ ബ്ലേഡുകള്‍ അതേപടി ബേഗിലിരിക്കുന്നു! മേശയിലെടുത്തുവെയ്ക്കാന്‍ മറന്നുപോയതാണ്.
ഇടിവെട്ടുകൊണ്ടവനെ പാമ്പുകടിച്ചു എന്നു പറഞ്ഞതുപോലായില്ലേ കാര്യങ്ങള്‍...
പിറ്റേന്ന് പത്രത്തില്‍ വരാവുന്ന ഒരു വാര്‍ത്തയെപ്പറ്റിയാണ് അപ്പോള്‍ ഞാന്‍ ഓര്‍ത്തത്: 'ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ പോക്കറ്റടി; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍' അല്ലെങ്കില്‍ 'പോക്കറ്റടിക്കുള്ള സാമഗ്രികളുമായി സര്‍ക്കരുദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍' എന്നൊക്കെയാവും അതിന്റെ ഹെഡ്ഡിംഗ്.
ഗതികേടെന്നെല്ലാതെ എന്തു പറയാന്‍.
ഭൂമി അവിടെ ആ പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഒന്നു പിളര്‍ന്നുകിട്ടിയിരുന്നെങ്കിലെന്ന് ഒരു നിമിഷം ഞാന്‍ ആഗ്രഹിച്ചുപോയി. പക്ഷെ അത് നടന്നില്ല. അല്ലെങ്കിലും നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കാറില്ലല്ലൊ.
അങ്ങനെ എന്തുചെയ്യേണ്ടൂ എന്നറിയാതെആ പോലീസ് സ്‌റ്റേഷന്റെ വരാന്തയില്‍ താടിക്ക് കൈയും കൊടുത്ത് കുന്തിച്ചിരിക്കുമ്പോഴാണ് ആ അത്ഭുതം സംഭവിച്ചത്. പുറകില്‍നിന്നും ഒരാള്‍ എന്നെ വിളിച്ച് ചോദിക്കുകയാണ്:' വില്‍ഫി സാറെന്താ ഇവിടെ?''. ഞെട്ടിത്തിരിഞ്ഞുനോക്കിയ ഞാന്‍ ആരെയാണെന്നോ കണ്ടത്; സ്‌ക്കൂളില്‍ എന്റെ സഹപാഠിയായിരുന്ന, പിന്നീട് പോലീസില്‍ ജോലി കിട്ടിപ്പോയ, മാളക്കാരനായ ഗംഗാധരനെ!
മറ്റേതോ ജില്ലയിലായിരുന്ന പുള്ളിക്കാരന്‍ അന്ന് അവിടെ എ എസ് ഐ ആയി ചാര്‍ജെടുത്തതാണത്രേ.
ഉണ്ടായ കാര്യങ്ങളെല്ലാം വള്ളിപുള്ളിവിടാതെ ഞാന്‍ ഗംഗാധരനോട് പറഞ്ഞു.
എല്ലാം കേട്ടശേഷം ഗംഗാധരന്‍ എന്നോട് പറഞ്ഞൂ:' സാരല്ല്യ. സാറ് പൊയ്‌ക്കോളൂ. എസ് ഐ സാറിനോട് ഞാന്‍ പറഞ്ഞേക്കാം.''
ഇതുകേട്ടതും ബേഗുമെടുത്ത് ഞാന്‍ ഒരു പാച്ചില്പാഞ്ഞു.
ആ വഴിയില്‍ ഇന്നീനിമിഷം വരെ പുല്ലൊന്നും മുളച്ചിട്ടില്ലെന്നാണ് കേള്‍ക്കുന്നത്.

                        സംഭവം കഴിഞ്ഞ് കാലം ഇത്ര കഴിഞ്ഞിട്ടും ഗംഗാധരനെ ദൈവത്തിന്റെ ഒരവതാരമായിട്ടാണ് ഞാന്‍ ഇന്നും കാണുന്നത്!
     


No comments:

Post a Comment