rajasooyam

Wednesday, February 19, 2020


മുത്തപ്പൻ

സർവീസിൽനിന്ന് അടുത്തൂൺ പറ്റുന്നതിനുമുമ്പ് മലയാറ്റൂർ കുരിശുമുടി കേറിയിറങ്ങാമെന്ന് ഒരു നേർച്ച നേർന്നിട്ടുണ്ടായിരുന്നു വേണുപ്പണിക്കർ.
പലവിധ കാരണങ്ങളാൽ ആ യാത്ര പെൻഡിങ്ങായിപ്പോയി.
ഒടുവിൽ റിട്ടയർ ചെയ്യുന്ന മാസമാണ് അതിന് തരായത്.
അതിരാവിലെ കുളിച്ച് കുറിയിട്ട് മുത്തുമാലയണിഞ്ഞ് ചെവിയിൽ ചെമ്പരത്തിപ്പൂവുംചൂടി പണിക്കർ റെഡിയായി. അപ്പോഴേക്കും മുത്തപ്പനുമെത്തി.
മുത്തപ്പനില്ലാതെ പണിക്കർക്കൊരു യാത്രയുമില്ല. പണിക്കർ എവിടെപ്പോയാലും മുത്തപ്പൻ കൂടെയുണ്ടാവും. മുത്തപ്പൻ കൂടെയുണ്ടെങ്കിൽ എന്തെന്നില്ലാത്ത ഒരു പോസിറ്റീവ് എനെർജി കിട്ടുമെന്നാണ് പണിക്കർ പറയുന്നത്.
അങ്ങനെ ആ തണുത്ത വെളുപ്പാൻ കാലത്ത് പണിക്കരും മുത്തപ്പനും കൂടി മലയാറ്റൂർക്കുള്ള കെ എസ് ആർ ടി സി ബസ്സ്  പിടിച്ചു.
കൊട്ടും പാട്ടുമായിട്ടായിരുന്നു യാത്ര.
വണ്ടി കാലടിപ്പാലം കടന്നപ്പോൾ മുത്തപ്പൻ കാലടിപ്പുഴക്കടവിലേക്കൊരു തീർത്ഥയാത്ര എന്ന പാട്ട് പാടി. വേണു താളം പിടിച്ചു. വണ്ടി മലയാറ്റൂർ റൂട്ടിലേക്ക് തിരിഞ്ഞപ്പോൾ വേണു മലയാറ്റൂർ മലഞ്ചെരിവിലെ പൊൻമാനേ, പെരിയാറ്റിൽ മീൻ പിടിക്കണ പൊൻമാനേ എന്ന പാട്ട് പാടി. അന്നേരം മുത്തപ്പൻ താളം പിടിച്ചു.
പറഞ്ഞുവെച്ചപോലെ റൈറ്റ് ടൈമിൽ തന്നെ വണ്ടി അടിവാരത്തെത്തി.
പിന്നെ മലകയറ്റം.
മലയാറ്റൂർ മലയെന്നു പറഞ്ഞാൽ ഒരു മയമില്ലാത്ത മലയാണ്. ശബരിമല പോലൊന്നുമല്ല. ചെങ്കുത്തായ കേറ്റമാണ്. കൂർത്ത പാറക്കല്ലുകളിൽ പൊത്തിപ്പിടിച്ചും മറ്റും വേണം കയറാൻ. പക്ഷേ കൊടും ചുള്ളനായ പണിക്കർക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. ഉശിരുള്ള അണ്ണാ‍ർക്കണ്ണനെപ്പോലെ ചാടിച്ചാടി വേണു കേറിക്കേറിപ്പോയി.
നേരെ മറിച്ചായിരുന്നു മുത്തപ്പന്റെ കാര്യം. ഓരോ അത്തടി വെക്കുമ്പോഴും പതിനഞ്ച് മിനിറ്റ് റെസ്റ്റ് വേണം മുത്തപ്പന്.
ലാസ്റ്റ് ലാപ്പിൽ ഒറ്റ കുതിപ്പിന് വേണു മലമുകളിലെത്തി.
പിന്നാലെ വേച്ചും കിതച്ചും ഏന്തിവലിഞ്ഞും ഒരു കണക്കിന് മുത്തപ്പനുമെത്തി.
പിന്നെ അര മണിക്കൂറോളം രണ്ടുപേരും അവിടെ വിരിവെച്ചു കിടന്നു. ഉറങ്ങി.
ഉറക്കാനന്തരം സടകുടഞ്ഞെണീറ്റ് പുണ്യാളനോട് വിവരം പറഞ്ഞ് മലയിറങ്ങാൻ തുടങ്ങി.
പണിക്കരെ സംബന്ധിച്ചിടത്തോളം കേറ്റവും ഇറക്കവും ഒന്നന്നെ.
പോയ സ്പീഡിൽ തന്നെയായിരുന്നു വേണുവിന്റെ മടക്കം.
പക്ഷേ മുത്തപ്പനോ? കാസം വലിച്ചും  ശ്വാസം നിലച്ചും എങ്ങനെയാണ് താൻ താഴത്തെത്തിയതെന്ന് മുത്തപ്പനു മാത്രമേ അറിയൂ.
അടിവാരത്തെത്തിയപ്പോഴേക്കും രണ്ടുപേരും വിശന്ന് പൊരിയുകയായിരുന്നു.
ചുറ്റുപാടുമെങ്ങും ഒരു ഹോട്ടലുമില്ല.
ആകപ്പടെ കണ്ടത് ശോശാമ്മച്ചേടത്തീടെ തട്ടുകടയാണ്.
അവിടാണെങ്കിൽ ഇരിക്കാൻ സീറ്റുമില്ല. രണ്ട് പ്ലാസ്റ്റിക് സ്റ്റൂളുള്ളതിൽ ഒന്നിൽ ഒരാളിരുന്ന് പുട്ടടിക്കുന്നുണ്ട്.
വേണു വേഗം രണ്ടാമത്തെ സ്റ്റൂളിൽ സീറ്റിങ്ങായി.
എവിടിരിക്കുമെന്നറിയാതെ തലയും ചൊറിഞ്ഞ് മുത്തപ്പൻ പിന്നിൽ നിന്നു.
ഇതു കണ്ടതും ശോശാമ്മച്ചേടത്തീടെ മനമുരുകി. അവർ വേണുവിനെ ഗുണദോഷിച്ചു: മോൻ എന്തു പണിയാ ഈ കാണിക്കണത്? മോന്റെ അപ്പന്റെ പ്രയല്ല്യേ ഈ കാർന്നോര്ക്ക്? അപ്പൻ നിക്കുമ്പൊ മോൻ ഇരിക്ക്യാ?  മോനൊന്നെണീറ്റേ. ആ കാർന്നോരവിടെ ഇരിക്കട്ടെ.
          ശസനയായിരുന്നെങ്കിലും വേണുവിന് അത് നന്നായി രസിച്ചു. മാന്നാർ മത്തായിച്ചേട്ടൻ നല്ലവനാണെന്ന് ആരോ പറഞ്ഞെന്നു കേട്ടപ്പോൾ ഇന്നസെന്റിന്റെ മുഖത്തുണ്ടായ അതേ ഭാവമായിരുന്നു അപ്പോൾ വേണുവിന്റെ മുഖത്ത്!
വേണു സീറ്റ് മുത്തപ്പന് ഒഴിഞ്ഞുകൊടുത്തു. പിന്നെ രണ്ടുപേരും പൊറോട്ടയും ബീഫും അമരം തട്ടി- മുത്തപ്പൻ ഇരുന്നുകൊണ്ടും വേണു നിന്നുകൊണ്ടും.
മടക്കയാത്രയിൽ തൃശ്ശൂരെത്തുവോളവും വേണു എന്തോ ഓർത്ത് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.
ആ മാസം 31ന് 60 വയസ്സ് പൂർത്തിയാക്കി വേണു സർവീസിൽ നിന്ന് റിട്ടയർ ചെയ്തു.
അതു കഴിഞ്ഞ് കൃത്യം 10 കൊല്ലം കഴിഞ്ഞപ്പോൾ മുത്തപ്പനും സൂപ്പറാന്വേറ്റ് ചെയ്തു!
കെ. പ്രദീപ് കുമാർ എന്നായിരുന്നു മുത്തപ്പന്റെ പേര് !!







2 comments:

  1. ഒരു ഓർമ്മ പുതുക്കൽ. ഇപ്പോൾ ഇതെല്ലാം ഓർക്കുമ്പോൾ ഒരു വല്ലാത്ത സന്തോഷം.അതുപോലെ വാസുദേവന്റെ ആ പഴം കഥ 😄😄

    ReplyDelete
  2. നല്ല കുരിശുമുടി കയറ്റക്കഥ....!!!
    വേണുവിന്റെ ചെറുപ്പം, അസൂയക്കും പല തമാശക്കഥകൾക്കും മുമ്പും വിഷയമായിട്ടുണ്ടല്ലോ?....

    ReplyDelete