rajasooyam

Monday, August 3, 2020


ഓർമ്മത്തിരകൾ-10

(തേക്ക് കച്ചവടം-1999)

മിലിറ്ററി കാന്റീനിൽനിന്ന് ക്വാട്ടായും വാങ്ങി പോയതിന്റെ പിറ്റേന്ന് ലെഫ് കേണൽ (റിട്ട) ബാലകൃഷ്ണൻ സാറിന് വല്ലാത്തൊരാലസ്യം. തലയ്ക്കൊരു പെരുപ്പ്. മനസ്സിലൊരു മടുപ്പ്. ആപ്പീസിൽ പോകാൻ തോന്നണേയില്ല. പക്ഷേ ഭാര്യയോടെന്തു സമാധാനം പറയും? അല്ലെങ്കിൽ തന്നെ താനൊരു മടിയനാണെന്നാണ് അവർ ധരിച്ചുവെച്ചിരിക്കുന്നത്. ലീവെടുക്കാൻ എന്തെങ്കിലുമൊരു കാരണത്തിനുവേണ്ടി കാത്തിരിക്കുമത്രേ!

പൊടുന്നനെ ബാൽകിഷൻ സാറിന്റെ മനസ്സിനകത്തൊരു ബൾബ് കത്തി. അതിന്റെ വെട്ടത്തിൽ അടുക്കളയിൽ ചെന്ന് അവിടെ പുട്ടിന് കൂട്ടാനുണ്ടാക്കുകയായിരുന്ന ഭാര്യയെ വിളിച്ച് പറഞ്ഞു:
-ടീച്ചറേ, ഞാനിന്ന് പോണില്ല
-എന്താണാവോ കാരണം കണ്ടുപിടിച്ചിരിക്കുന്നത്
-എന്റെ ഹൃദയം ഇന്ത്യയ്ക്കുവേണ്ടി തുടിക്കുകയാണ്
-എലക് ഷന് ഇനീം അഞ്ചാറ് മാസല്ല്യേ. ഇപ്പഴേ തുടിയ്ക്കണോ
-അതല്ല ടീച്ചറേ. കാർഗിലീന്ന് എപ്പഴാ കമ്പി വര് Ͻന്നറിയില്ല. വന്നാലുടനെ എനിക്ക് പോകേണ്ടിവരും
-വേണ്ടിവരും
ടീച്ചർ പിന്നീടൊന്നും പറയാൻ നിന്നില്ല.

വൈകീട്ട് ടീച്ചർ സ്കൂളിൽനിന്നെത്തുമ്പോൾ ബാൽകിഷൻ സാറ്‌ മുറ്റത്ത് ഉലാത്തിക്കൊണ്ടിരിക്കയായിരുന്നു. കാന്തന്റെ മുഖത്ത് പതിവിലും കവിഞ്ഞ കാന്തി കണ്ടപ്പോൾ കാന്ത ചോദിച്ചു:
-കണ്ടിട്ട് കാർഗിലീന്ന് കമ്പി വന്നൂന്ന് തോന്നണ് ണ്ടല്ലൊ.
-ഏയ് ഇല്ല. പക്ഷേ മറ്റൊരു സന്തോഷവർത്താനണ്ട്.
-എന്താണ്?
-ഞാൻ നമ്മടെ തെക്കേ പറമ്പിലെ തേക്കങ്ങ് വിറ്റു.
-അയ്യൊ. അതിപ്പൊ വിൽക്കണ്ട കാര്യണ്ടായിരുന്നില്ലല്ലൊ. ഫർണീച്ചറ്‌ പണിയാൻ നിർത്തീതായിരുന്നില്ലേ. ആട്ടെ, എത്ര രൂപയ്ക്കാ വിറ്റത്?
-അതല്ലേരസം. വെല കേട്ടാ ടീച്ചറ്‌ ഞെട്ടും. തൊള്ളായിരം രൂപ! പറമ്പില് വെറുതേ നിക്കണ തേക്കിനൊക്കെ ഇത്രയും വെലയുണ്ടെന്ന് എനിക്ക് ഇപ്പഴാ മനസ്സിലായത്. പൊക്കത്തങ്ങാടീലെ പോക്കർ സായ് വിനാ കൊടുത്തത്. അച്ചറായി നൂറ്റൊന്നു രൂപയും കിട്ടി.

ബാൽ കിഷൻ സാറ്‌ പറഞ്ഞതുപോലെ തന്നെ വില കേട്ടപ്പോൾ ടീച്ചർ ഞെട്ടി.
ബോബനും മോളിയും കഥയിലെ ചേട്ടന്റെ ചേട്ടത്തിയെപ്പോലെ ടീച്ചർ പറഞ്ഞു:
രണ്ടാൾ വട്ടം പിടിച്ചാൽ പിടിയെത്താത്ത തേക്കാണ്! വെറും തൊള്ളായിരം രൂപ... ചുരുങ്ങിയത് ഒരു ഒമ്പതിനായിരമെങ്കിലും കിട്ടുമായിരുന്നു....
ഈശ്വരാ! ഈ ലോകത്ത് ഇതിനുമാത്രം മനുഷ്യരുണ്ടായിട്ട് എനിയ്ക്ക്...
എന്നാലും ഈ മനുഷ്യന്റെ മുഖത്ത് കണ്ണില്ലെന്നോ...എവിടെയായിരിക്കും തെറ്റുപറ്റിയിട്ടുണ്ടാവുക?...
മനസ്സിലാണ് ഇത്രയും പറഞ്ഞത്. ഉറക്കെ പറയാൻ പറ്റില്ലല്ലൊ. ഭർത്താവ് കാണപ്പെട്ട ദൈവല്ലേ..

ഒടുവിൽ വെറുതേ ഒരു പ്രോബബിലിറ്റി തിയറി അപ്പ്ലൈ ചെയ്തുനോക്കാൻ അവർ തീരുമാനിച്ചു.
ടീച്ചർ ഹബ്ബിയോട് പറഞ്ഞു:
-ബാലേട്ടൻ പൂജ്യം മുതൽ ആയിരം കൂട്ടി പതിനായിരം വരെ ഒന്നെണ്ണിക്കേ
-ടീച്ചറെന്താ എന്നെ എണ്ണം പഠിപ്പിക്ക്യാ?
-അതല്ല. ന്യൂമറോളജി പ്രകാരം കാർഗിലിൽ ആര് കഷായം കുടിയ്ക്കുമെന്നറിയാനാണ്.
അതു കേട്ടപ്പോൾ ബാൽകിഷൻ സാറിന്  കൗതുകമായി. അദ്ദേഹം എണ്ണിത്തുടങ്ങി. പക്ഷേ പതിനായിരമെത്തുന്നതിനുമുമ്പ് ടീച്ചർക്ക് കാര്യങ്ങളെല്ലാം തെളിനീരുപോലെ വ്യക്തമാവുകയും തലയ്ക്ക് കൈയും വെച്ച് വിധിയെ പഴിച്ച് അവർ അടുക്കളയിലേക്ക് നിഷ്ക്രമിക്കുകയും ചെയ്തു.
കേണൽ (റിട്ട) എണ്ണിയത് ഇപ്രകാരമായിരുന്നു:
ജീറൊ
ആയിരം
രണ്ടായിരം
മൂവായിരം
നാലായിരം
അയ്യായിരം
ആറായിരം
ഏഴായിരം
എണ്ണായിരം
തൊള്ളായിരം!!!

No comments:

Post a Comment