rajasooyam

Sunday, March 31, 2024

 

കൊല്ലന്‍ തിരുമേനിയായ കഥ

 

(ഭട്ടിയില്‍ കുഴിയംകുന്നത്തുമനയ്ക്കല്‍ വലിയ നാരായണന്‍ നമ്പൂതിരി അവര്‍കള്‍ ചൊല്ലിക്കേട്ടത്)

 

തിരുമേനി കൊല്ലനോട് ഒരു പിശ്ശാങ്കത്തിയുണ്ടാക്കിത്തരാന്‍ പറഞ്ഞിട്ട് കൊല്ലം രണ്ട് കഴിഞ്ഞു. ചോദിക്കാന്‍ ചെല്ലുമ്പോഴൊക്കെ കൊല്ലന്‍ തിരുമേനിയോട് ഓരോരോ ഒഴിവുകഴിവ്‌ പറയും. പിന്നെപ്പിന്നെ തിരുമേനിയെ കാണുമ്പോള്‍ അയാള്‍ ഒഴിഞ്ഞുമാറാനും ഒളിച്ചുനില്‍ക്കാനും മറ്റും  തുടങ്ങി. ഏറ്റവുമൊടുവില്‍ തമ്മില്‍ കണ്ടപ്പോള്‍ ഇനി അത്ര പെട്ടെന്നൊന്നും  തിരുമേനി കത്തിയന്വേഷിച്ച് വരാതിരിക്കാനായി കൊല്ലന്‍ ഒരു സൂത്രമങ്ങ് പ്രയോഗിച്ചു. അയാള്‍ തിരുമേനിയോട് പറഞ്ഞു: “ കേട്ടോ തിരുമേനീ, തിരുമേനീടെ പിശ്ശാങ്കത്തിക്ക് ഒരാനക്കൊമ്പിന്‍റെ പിടിയിടണമെന്നാണ്‌ എന്‍റെ ആഗ്രഹം. ആനക്കൊമ്പാണേല്‍ കിട്ടാനുമില്ല. അതുകൊണ്ടാണ്‌ വൈകണത്. തിരുമനസ്സുകൊണ്ട് മറ്റൊന്നും തോന്നരുതേ...”

ഇതു കേട്ടതും തിരുമേനി പൊട്ടിത്തെറിച്ചു: “ ഏഭ്യ! ഈ നിസ്സാരകാര്യത്തിനായിരുന്നോ നീ എന്നെയിട്ട് വട്ടം കറക്കീത്? ആനക്കൊമ്പ് നോം നാളെത്തന്നെ കൊണ്ട്വരാം. നാളെത്തന്നെ കത്തിയും തരണം”.

ഇത് കേട്ടവാറെ കൊല്ലന്‍ അസാരം പരിഭ്രമിച്ചുവശായി. (പരിഭ്രമിച്ചവശനായി എന്നതിന്‍റെ ഷോര്‍ട്ട്).

തിരുമേനിയാണെങ്കില്‍  അന്നേരത്തെ  വാശിക്കങ്ങനെ അബദ്ധത്തില്‍ പറഞ്ഞുപോയതാണ്‌ ആനക്കൊമ്പ് കൊണ്ടുവരാന്ന്. പിന്നെ ഒരുമുറി കൊമ്പിനുവേണ്ടി തിരുമേനി മുട്ടാത്ത ആനവാതിലില്ലെന്നായി! സ്വന്തം കൊമ്പു മുറിക്കാന്‍ ഒരു കൊമ്പനും സമ്മതിക്കില്ലല്ലോ. പിടിയാണെങ്കില്‍ പറയുകയും വേണ്ട!

 

എന്തിനുപറയുന്നു, ഇപ്പോള്‍ കൊല്ലനെ കാണാതെ ഒളിച്ചുനടപ്പാണ്‌ തിരുമേനി!!!

 

1 comment:

  1. രണ്ട് പേരും പരസ്പരം കാണാതിരിക്കാനായി ഒളിച്ചും പാത്തും പതുങ്ങിയും ആണ് നടപ്പ് എന്നതല്ലേ കൂടുതൽ ശരി....!!!

    ReplyDelete