rajasooyam

Saturday, December 10, 2011

എ പ്രൊസീജ്യറല്‍ ലാപ്‌സ്



ശ്രീകുമാറൊഴികെ കോര്‍ ഗ്രൂപിലെ മറ്റല്ലാവരും തന്നെ അന്ന് അസോസിയേഷന്‍ ഹാളില്‍ഹാജരുണ്ടായിരുന്നു.
(നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ പങ്കെടുക്കാന്‍ വേണ്ടി ഡല്‍ഹിയില്‍
പോയിരിക്കയായിരുന്നു ശ്രീകുമാര്‍).
ചില്ലറവില്പന രംഗത്തെ ഫോറിന്‍ ഡയരക്റ്റ് ഇന്‍വെസ്റ്റ്‌മെന്റിനെപ്പറ്റി ചര്‍ച്ചചെയ്‌തോണ്ടിരിക്കുകയായിരുന്നു കോര്‍ ഗ്രൂപ്പ്.
അതിനിടയ്ക്കാണ് എന്‍ബി ഓടിക്കിതച്ചെത്തി ആ ബോംബ് പൊട്ടിച്ചത്:
അതായത് ഈയിടെ പണിപൂര്‍ത്തിയാക്കിയ എന്‍ബിയുടെ വീടിന്റെ ചുറ്റുമതിലില്‍ ഒരുവിള്ളല്‍ വീണിരിക്കുന്നു !
മുല്ലപ്പെരിയാറിന്റെ  പശ്ചാത്തലത്തില്‍  നോക്കുമ്പോള്‍  അത്യന്തം ഭീതിജനകമായ ഒരു വാര്‍ത്തയായിരുന്നു അത്.
മുല്ലപ്പെരിയാറിലെ വെള്ളമെങ്ങാന്‍ ഒഴുകിവന്ന് മുതുവറയിലെത്തി അവിടെനിന്ന് ലെഫ്റ്റ് തിരിഞ്ഞ്  പുറനാട്ടുകരയെത്തി  വീണ്ടും  അവിടുന്നൊഴുകി  എന്‍ബീടെ    വീടിന്റെ മുമ്പിലെത്തിയെന്നു കരുതുക.  അന്നേരം  മതിലിലെ  വിള്ളലെങ്ങാന്‍ കൂടിപ്പോയാല്‍ എന്താവും സ്ഥിതി?
ആലോചിക്കാനേ വയ്യ.
അതുകൊണ്ടുതന്നെ വാര്‍ത്ത കേട്ടതും കോര്‍ ഗ്രൂപ് പൊസിഷനെടുത്തു.
ആന്റോ തൂമ്പയെടുത്തു.
ഹരിപ്രസാദ് പിക്കാസെടുത്തു.
മേനോന്‍ കോടാലിയെടുത്തു
പറളി തിരുവുളിയെടുത്തു.
സിആര്‍ ബാബു അരിവാളെടുത്തു
മജീദ് ചുറ്റികയെടുത്തു.
ബാലു ചുരികയെടുത്തു.
രാജേന്ദ്രന്‍ ചുരിദാറെടുത്തു.
സേതു സുര്‍ക്കിയെടുത്തു.
കണ്ണന്‍ ചുണ്ണാമ്പെടുത്തു.
സുകുമാരന്‍ ഇരുട്ടെടുത്തു...
പാപ്പുള്ളി കുപ്പിയെടുത്തു.
ആനന്ദന്‍ ഗ്ലാസ്സെടുത്തു.
ഏപ്പി കുടമെടുത്തു.
സോമന്‍ കൂടമെടുത്തു.
ഹസ്സന്‍ കാര്‍പ്പെറ്റെടുത്തു
സിപ്രന്‍ മൂലധനമെടുത്തു.
പണിക്കര്‍ കവടിയെടുത്തു...
ശശികുമാര്‍ ഡയറിയെടുത്തു.
രാജന്‍ ഏസ്റ്റാറെടുത്തു.
ബാക്കിയുണ്ടായിരുന്നവര്‍ അന്നേരം കണ്ണില്‍ കണ്ടതൊക്കെ കൈയിലെടുത്തു.
ഹരിയേട്ടന്‍ മാര്‍ച്ചോര്‍ഡര്‍ കൊടുത്തു:
''എത്രയും  വേഗം പുറനാട്ടുകരയെത്തണം. എന്‍ബീടെ മതിലിന്റെ പണിക്കുറ്റം തീര്‍ക്കണം''.

പക്ഷേ ഈ  തത്രപ്പാടൊക്കെ കണ്ടിട്ടും  യാതൊരു കുലുക്കവുമില്ലാതെ കാരിരുമ്പിന്റെ ഹൃദയവുമായി ഒരാള്‍ അവിടിരിപ്പുണ്ടായിരുന്നു.
തേക്കേല്‍ കേറിയ കൃഷ്ണന്‍ !
ഗോവിന്ദന്‍ മാഷ്‌ടെ പഠനക്ലാസ്സുകള്‍ക്ക് പോയി വന്നതുശേഷം കൃഷ്‌ണേട്ടന്‍
അങ്ങനെയാണ്.
ഏത് കൊടികെട്ടിയ പ്രശ്‌നം വന്നാലും ആള്  ആസ് കൂള്‍ ആസ് കുക്കുമ്പറാണ്.
ഏത്  പ്രശ്‌നത്തേയും   വൈരുദ്ധ്യാത്മക  ഭൗതികവാദത്തിന്റെ  അടിസ്ഥാനത്തില്‍
പരിശോധിച്ച് പടിപടിയായി പരിഹാരം കാണുക എന്ന നിലപാടാണിപ്പോള്‍
പുള്ളിക്കാരന്‍ പിന്‍തുടരുന്നത്.
അനങ്ങാപ്പാറ പോലെ കൈയും കെട്ടിയിരിക്കുന്ന കൃഷ്‌ണേട്ടനെ കണ്ടപ്പോള്‍   കണ്ണന് സഹിച്ചില്ല. തെല്ലൊരു ദേഷ്യത്തോടെ കണ്ണന്‍ ചോദിച്ചു:
-സഖാവ് എന്‍ബിയ്ക്ക് ഇത്രയും വലിയ ഒരത്യാഹിതം വന്നിട്ടും കൃഷ്‌ണേട്ടന് എങ്ങനെ ഇങ്ങനെ നിസ്സംഗനായിരിക്കാന്‍ കഴിയുന്നു?
              അന്നേരം കണ്ണന്റെ പുറത്തുതട്ടി ഒരു ചെറുപുഞ്ചിരിയോടെ കൃഷ്‌ണേട്ടന്‍ പറയുകയാണ്:
-സഖാവ് കണ്ണന്‍ ഒരു കാര്യം മനസ്സിലാക്കണം.         ഈ ലോകത്ത്      ഏത് പ്രശ്‌നത്തിനാണ് പരിഹാരമില്ലാത്തത്?      എല്ലാ പ്രശ്‌നത്തിനും പരിഹാരമുണ്ട്.      പക്ഷേ സ്റ്റെപ് ബൈ സ്റ്റെപ്പായിട്ടുവേണം  നമ്മള്‍  ആ  പരിഹാരത്തിലെത്താന്‍.    അല്ലാതെ   എടുത്തുചാടി ഒന്നും ചെയ്തുകൂട.
-ഉവ്വ!   ഇത്തരമൊരു   എമര്‍ജന്‍സി   സിറ്റ്വേഷന്‍   വരുമ്പോഴാണോ  സ്റ്റെപ്പില്‍കേറി   ഇരിക്കണത്?
-അങ്ങനെയല്ല കണ്ണാ. ഞാന്‍ പറയണത് ശ്രദ്ധിച്ച് കേള്‍ക്കൂ. ദൈനംദിനജീവിതത്തില്‍ 
 എന്തെല്ലാം നൂലാമാലകളാണ് നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്:   വീട് വെയ്ക്കല്‍, അതിര്‍ത്തി മാന്തല്‍,   വേലി കെട്ടല്‍,   കെണറ് കുത്തല്‍,     സ്‌കൂള്‍ അഡ്മിഷന്‍, 
 മണ്ണിടിച്ചില്‍, ചക്കയിടല്‍,  മാങ്ങപറിക്കല്‍, നനകൂട്ടല്‍,    പൂണൂല്‍ക്കല്യാണം, പെണ്ണു
 കാണല്‍, നിശ്ചയതാമ്പൂലം,  ആയനിയൂണ്,  കുടുബക്കോടതി,  പ്രണയം,  ഒളിച്ചോട്ടം,
 പ്രസവത്തിന് കൊണ്ടുപോകല്‍,  മതില് വിള്ളല്‍......... അങ്ങനെ എത്രയോ കാര്യങ്ങള്‍. 
 പക്ഷേ ഇതില്‍ ഏതു കാര്യമുണ്ടായാലും നമ്മള്‍ ആദ്യം ചെയ്യേണ്ട ഒരു കാര്യമുണ്ട്. ആ  കാര്യം നിങ്ങള്‍ ഇവിടെ ചെയ്തിട്ടില്ല.
-അതേതാണ് ആദ്യം ചെയ്യേണ്ട കാര്യം?
-ശ്രീകുമാറിനെ വിവരമറിയിക്കണം !!!





3 comments:

  1. അത് കലക്കി.....
    അപ്പൊ ഞാനും ചിലത് ചെയ്തിട്ടുണ്ട്............ആ സഖാവിനെ അറിയിക്കാതെ....
    എന്താണാവോ പാപ പരിഹാരം?

    ReplyDelete
  2. അത് ഓരോ ഇഷ്യൂവിന്റേയും സീരിയസ് നെസ് അനുസരിച്ചിരിക്കും.ഈയിടെ ഉല്പലാക്ഷന്‍ സാറിന്റെ മകളെ പ്രസവത്തിനു കൊണ്ടുവരുന്ന കാര്യം ശ്രീകുമാറിനെ അറിയിക്കാന്‍ വൈകിയതിന് കൃഷ്ണേട്ടന്‍ വിധിച്ച ശിക്ഷ ഇതാണ്: മൂലധനം മൂന്നാവര്‍ത്തി വായിക്ക !!!

    ReplyDelete
  3. സ്ത്രീ സഖാക്കൾക്ക് ആണെങ്കിൽ 'പോരാട്ടത്തിന്റെ പെണ്‍വഴികൽ' മൂന്നു കോപ്പി വാങ്ങിച്ചാലും മതി, വായിക്കണമെന്നില്ല....

    ReplyDelete