ശ്രീകുമാറിന് അത്യാവശ്യമായി തിരുവനന്തപുരം വരെ പോകണം.
ആപ്പീസ് വിട്ട് നേരെ പോകാമെന്നു വെച്ചാല്‍ നടക്കില്ല. കാരണം രാത്രി പത്തരയ്ക്കാണ് ട്രെയിന്‍. അതുവരെയുള്ള സമയം കഴിച്ചുകൂട്ടണം.
അപ്പോഴാണോര്‍ത്തത്; എന്‍ബി പരമേശ്വരന്റെ ഹൗസ് വാമിങ്ങിനു പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് ഏതായാലും അവിടെയൊന്ന് പോകാം. കൂട്ടത്തില്‍ കണ്ണന്റെ വീട്ടിലും കേറാം. തിരിച്ചുവരുമ്പോഴേക്കും ട്രെയിനിന്റെ സമയമാവും.
എന്‍ബിയെ വിളിച്ച് കാര്യം പറഞ്ഞു. തിരുമേനിക്ക് സന്തോഷായി.
പിന്നെ കണ്ണനെ വിളിച്ചു:
-ഞാന്‍ ഇന്ന് വൈകീട്ട് അതുവഴി വരുന്നുണ്ട്.
-എന്തിനാ? വല്ല പിരിവിനുമാണെങ്കില്‍ സഖാവ് ഇവിടം വരെ വന്ന് ബുദ്ധിമുട്ടണമെന്നില്ല. ഞാന്‍ അങ്ങോട്ട് കൊണ്ടുവന്നു തരാം.
-അല്ല. പിരിവിനല്ല.
-(ഹാവൂ!) അപ്പൊ എത്രമണിക്കെത്തും?
-എട്ടരയ്ക്ക്.
ഫോണ്‍ വെച്ചതും കണ്ണന്‍ നേരെ മാര്‍ക്കറ്റിലേക്കോടി. ഏതാണ്ട് 2 കിലോ വരുന്ന ഒരു കോഴിയെ ഡ്രസ്സ് ചെയ്തുവാങ്ങി. പിന്നെ ഒരു കിലോ കരിമീനും.
8 മണിയായപ്പോഴേക്കും ചിക്കന്‍ ബിരിയാണിയും കരിമീന്‍ പൊള്ളിച്ചതും റെഡി!
അതാണ് കണ്ണന്‍. ഏതു കാര്യത്തിലും ക്വിക് റെസ്‌പോണ്‍സാണ്.
പറഞ്ഞപോലെ ഏതാണ്ട് എട്ടുമണിയോടെ ശ്രീകുമാര്‍ എന്‍ബിയുടെ വീട്ടിലെത്തി.
ഒരു ഗ്ലാസ് കരിങ്ങാലി വെള്ളത്തിനു പുറത്ത് വീടും കുളവും പരിസരവും ചുറ്റി നടന്നു കണ്ടു, സഖാവിന് രാവെന്നോ പകലെന്നോ ഭേദമില്ലല്ലൊ.
എല്ലാം കണ്ടുകഴിഞ്ഞപ്പോള്‍ സഖാവ് പറഞ്ഞു:
-അപ്പൊ ശെരി. ഇനി ഞാന്‍ പോട്ടെ. കണ്ണന്റെ വീട്ടിലൊന്നു കേറണം.
-കണ്ണന്റെ വീട്ടിലേക്ക് ഞാന്‍ കൊണ്ടോവാം. ഊണുകഴിച്ചിട്ട് പോവാം അങ്ങോട്ട്.
-അതു വേണമെന്നില്ല.
-ങ: അങ്ങനെ പറഞ്ഞാ പറ്റ്ല്ല്യ. ഞങ്ങള്‍ നമ്പൂരാര്‍ക്ക് അത് നിര്‍ബ്ബന്ധാ. ഇരുട്ട്യേന് ശേഷം ആര് വീട്ടില് വന്നാലും ഊണു കഴിപ്പിച്ചിട്ടേ വിടാന്‍ പാടുള്ളൂ.
അങ്ങനെയെങ്കില്‍ അങ്ങനെയെന്നും പറഞ്ഞ് ശ്രീകുമാര്‍ ഊണുകഴിക്കാനിരുന്നു.
വിഭവസമ്പത്സമൃദ്ധമായിരുന്നു ഊണ്.
പച്ചടി, കിച്ചടി, ഓലന്‍, തോലന്‍, തോരന്‍, അവിയല്‍, കൂട്ടുകറി, മോരുകറി, എരിശ്ശേരി, ചെറുശ്ശേരി, മാമ്പഴപ്പുളിശ്ശേരി, മൊളോഷ്യം, ഉപ്പിലിട്ടത്, ഇടാത്തത്-ഇത്യാദികളെല്ലാമുണ്ടായിരുന്നു.
ശ്രീകുമാര്‍ വിസ്തരിച്ചുണ്ടു. തരക്കേടില്ലാത്ത ഒന്നുരണ്ട് ഏമ്പക്കവും വിട്ടു.
അനന്തരം എന്‍ബിയേയും കൂട്ടി കണ്ണന്റെ വീട്ടിലേക്ക് തിരിച്ചു.
പിന്നെ അര മണിക്കൂര്‍ മൂന്നുപേരും കൂടി വാതിലടച്ചിട്ട് ചര്‍ച്ച.
വാള്‍ സ്ട്രീറ്റ് എങ്ങനെ പിടിച്ചെടുക്കാം എന്നതായിരുന്നു വിഷയം.
ചര്‍ച്ച കഴിഞ്ഞ് പുറത്തുകടന്നപ്പോഴേക്കും സമയം എട്ടേമുക്കാലായി.
ശ്രീകുമാര്‍ കണ്ണനോട് ചോദിച്ചു:
-എന്നാല്‍ ഇനി ഞാന്‍ പോട്ടെ?
-അത് പറ്റ്ല്ല്യ. ഊണ് കഴിച്ച്ട്ട് പോകാം
-വേണ്ട. ഊണ് ഞാന്‍ എന്‍ബീടെ വീട്ടീന്ന് കഴിച്ചു.
(കണ്ണന്‍ ഒരു നിമിഷം അസ്തപ്രജ്ഞനായിപ്പോയി. ഇത് തീരെ പ്രതീക്ഷിച്ചില്ല).
-എന്നാലും ലേശം കഴിക്കാലോ
-പറ്റ്ല്ല്യ. വയറ്റില് ഒരിഞ്ച് സ്ഥലല്ല്യ
-അപ്പൊ തിരുമേനീം ഊണു കഴിച്ചിട്ടാണോ വന്നത്?
-ഇല്ല്യ, ഞാന്‍ കഴിച്ച് ല്ല്യ. (അബ്രാഹ്മണ്യമായതെന്തോ മണത്തിട്ടെന്നവണ്ണം എന്‍ബി ചാടിക്കേറി പറഞ്ഞു).
-എന്നാ ലേശം കഴിച്ചാലോ?
-മുഷിയില്ല്യ.
തടുക്കുപായില്‍ ചമ്രം പടിഞ്ഞിരുന്ന് കോഴിബിരിയാണിയും കരിമീന്‍ പൊള്ളിച്ചതും അമരം തട്ടുന്ന എന്‍ബിയെ ഒരു 'പുളിച്ചുതേട്ടലോടെ' നോക്കിനില്‍ക്കാനേ
ശ്രീകുമാറിനു കഴിഞ്ഞുള്ളൂ....
ഇവിടെ ഒരു കാര്യം പ്രത്യേകം പറയാതെ വയ്യ.
സഖാവിന്റെ വിസിറ്റോടെ ഒറ്റയടിക്ക് രണ്ട് സൗഭാഗ്യലോട്ടറിയാണ് എന്‍ബിയ്ക്ക് അടിച്ചത്!
ഒന്ന്:
ഏറെ നാളുകള്‍ക്കുശേഷം കോഴിബിരിയാണിയും കരിമീന്‍ പൊള്ളിച്ചതും കഴിക്കാനുള്ള യോഗമുണ്ടായി!
രണ്ട്:
ഹൗസ് വാമിങ്ങിന് തയ്യാറാക്കിയതില്‍ ബാക്കിവന്ന സാധനങ്ങള്‍
പുറത്തുകൊണ്ടുപോയി കളയേണ്ടി വന്നില്ല !!!
പൂണൂൽ അഴിച്ചു വച്ചിട്ടായിരിക്കും NBയുടെ കുക്കുട സേവ. അല്ലാതെ ചെയ്തിട്ടുണ്ടാവില്ല....
ReplyDelete