rajasooyam

Friday, July 31, 2020

ഓർമ്മത്തിരകൾ-7

 

(1996)

 

എട്ടേകാല് – എട്ടര- ഏറിയാൽ എട്ടേമുക്കാല്. അമ്പാട്ടെ നന്ദകുമാരൻ നായര് ആപ്പീസിൽ വരുന്നുണ്ടെങ്കിൽ അതിനകം എത്തിയിരിക്കും.

അതുവിട്ട് പോവാറില്ല.

(അരിമ്പൂരെ ഈ സ്ഥാനി നായർ അനതിവിദൂര ഭാവിയിൽ മേനോനാവും. ഏതോ ഒരു ചെറിയ പേപ്പറേ കിട്ടാനുള്ളൂ. അതും വിത്ത് ബുക്സാണ്)

മാർച്ച് മാസത്തിലെ ഒരു ദിവസം നേരം മണി ഒമ്പതായിട്ടും വുഡ്ബിമേനോനെ കാണാനില്ല.

ഇന്നിനി വരവുണ്ടാവില്ല. ബിആർ ആത്മഗതം പറഞ്ഞത് പ്രകാശമായിപ്പോയി. അത് കേൾക്കേണ്ട താമസം സെക് ഷനിൽ ഹാജരുണ്ടായിരുന്ന മറ്റ് നാലുപേരും സ്വിച്ചിട്ടതുപോലെ പണി തുടങ്ങി. ഇൻവേഡ് പേപ്പറും സർവീസ് ബുക്കും ബില്ലും ലീവുമെല്ലാം നെല്ലുകുത്തുമിഷ്യനിൽ നിന്ന് അരിവരുന്നപോലെ മണിമണിയായി ക്ലിയറായിത്തുടങ്ങി. വന്നോർക്കെല്ലാം ഇഷ്ടാനുസാരം പേസ്ലിപ്പും കൊടുത്തു. പിന്നെ പത്തര മണിയായപ്പോൾ ചായകുടിക്കാൻ പോയി. ചായയും കടിയും കഴിച്ച് വർദ്ധിതവീര്യരായി തിരിച്ചെത്തി. (ബിക്കോസ് കേസരിയായിരുന്നു കടി).

വീണ്ടും പണിതുടങ്ങി...

അപ്പോൾ ദാ കേറിവരുന്നു പാദത്തെ ചുംബിക്കുന്ന തോൾസഞ്ചിയും ശപ്പറശിപ്പറ തലമുടിയുമായി വിയർത്തുകുളിച്ച് ന.കു.നായർ!

വന്നവഴി അദ്ദേഹം സ്വിച്ചിന്റെ നേർക്കാണ് പോയത്. പിന്നെ ഫാൻ ഫുൾ സ്വിങ്ങിലാക്കി സീറ്റിൽ വന്ന് കണ്ണുമടച്ച് പ്രാർത്ഥനാനിരതദ്രവ്യമെന്നപോലെ ഒറ്റയിരിപ്പാണ്, ആരോടും ഒന്നും ഉരിയാടാതെ. വല്ലാതെ കിതയ്ക്കുന്നുമുണ്ടായിരുന്നു. ആ താ‍ടിരോമങ്ങളിൽ ഊറിനിന്നിരുന്ന സ്വേദകണങ്ങൾ ട്യൂബ് ലൈറ്റിൽനിന്നുതിർന്ന കതിർക്കണങ്ങളേറ്റ് മുത്തുമണികൾ പോലെ പ്രശോഭിച്ചു! (എങ്ങനിണ്ട്‌?)

ജയന്തി പദ്മിനിയെ നോക്കി; എന്താ പ്രശ്നം?

പത്മിനി മേരിത്തമ്പിയെ നോക്കി; എന്താണ് കാര്യം?

മേരിത്തമ്പി അശോകനെ നോക്കി; വാട്ട് ഹേപ്പെൻ ഡ്?

അശോകൻ ബിആറിനെ നോക്കി; സാറൊന്ന് ചോദിക്ക്.

ഒടുവിൽ മേശയ്ക്കകത്ത് പേപ്പറ് മുറിക്കാൻ വെച്ചിരുന്ന കത്തിയെടുത്ത് ബിആർ മൌനം മുറിച്ചു.

-ന.ന്ദോ

-എ.ന്ദോ

-എന്തുപറ്റി?

-ഒന്നൂല്ല്യ

-അത് കള

-സത്യം പറയാം

-പറയൂ

-പശു പറ്റിച്ചു

-പശുവോ

-അതന്നെ

-അതെങ്ങനെ
-രാവിലെ മൂത്രമൊഴിപ്പിക്കാൻ വേണ്ടി തൊഴുത്തീന്ന് അഴിച്ചുകൊണ്ടുവന്നതാണ്

-എന്നിട്ട്

-ഏതായാലും പല്ലുതേച്ചിട്ട് തിരിച്ചുകൊണ്ടുകെട്ടാമെന്നു കരുതി ഞാൻ പല്ലുതേയ്ക്കാനിരുന്നു

-ആര്ടേ? പശൂന്റ്യോ?

-ഇത്തരം കൊനുഷ്ഠ് ചോദ്യങ്ങളേ ബീആറിന്റെ നാവീന്ന് വരൂ

-എന്നാ അത് വിട്. എന്നിട്ടെന്തുണ്ടായി?

-കയറ് എങ്ങും കെട്ടീട്ട്ണ്ടായിരുന്നില്ല. പല്ല് തേച്ചുകൊണ്ടിരുന്നപ്പോഴാണ് ആ അനൌൺസ് മെന്റ് കേട്ടത്

-എന്തനൌൺസ് മെന്റ്?

-പ്രിയപ്പെട്ട നാട്ടുകാരേ, സഹകാരികളേ, സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ള സുഹൃത്തുക്കൾ എത്രയും പെട്ടെന്ന് അരിമ്പൂർ ഗവണ്മെന്റ് മാപ്പിള യൂപ്പീസ്കൂൾ ഗ്രൌണ്ടിൽ ഉടൻ ഹാജരാവുക

-ച്ചാൽ?

-ഞാൻ ആ വിളി പ്രതീക്ഷിച്ചോണ്ടിരിക്കയായിരുന്നു. നാട്ടുകാരെല്ലാവരും കൂടി ജേസിയുടെ സംവിധാനത്തിൽ ഒരു ജനകീയ സിനിമ പിടിക്കണ് ണ്ടേയ്.

-അതെന്ത് സിനിമ?

-തികച്ചും ജനകീയം. ഒരു സങ്കീർത്തനം പോലെ എന്നാണ് പേര്. ആയിരം രൂപയാണ് ഒരു ഷെയറിന്. ഷെയറെടുക്കുന്നോർക്കെല്ലാം അഭിനയിക്കാൻ ചാൻസ് കിട്ടുമെന്ന് പറഞ്ഞിരുന്നു. എന്താ വിളിക്കാത്തേ വിളിക്കാത്തേന്ന് വിചാരിച്ചിരിക്കയായിരുന്നു ഞാൻ. അന്നേരമാണ് സ്വർഗ്ഗത്തിൽനിന്നെന്നപോലെ ആ വിളി വന്നത്

-ങ! എന്നിട്ട്?

-ആ വിളി കേട്ടതും..

-കേട്ടതും?

-ഒരൊറ്റ ഓട്ടമായിരുന്നു

-പശുവോ?

-ദേ വീണ്ടും കൊനുഷ്ഠ്. ഓടിയത് ഞാനാണെന്നേയ്

-എങ്ങോട്ട്

-ഗ്രൌണ്ടിലേക്ക്

-അപ്പൊ പശു?

- അതിന്റെ കാര്യം ഞാൻ പാടേ മറന്നു.

-അല്ലാ. അതിൽ നന്ദനെ കുറ്റം പറഞ്ഞിട്ട് കാര്യല്ല്യ. ഒരു പശൂനെ വേണോ അതോ സിനിമയിലഭിനയിക്കണോ എന്നാരെങ്കിലും ചോദിച്ചാൽ സിനിമയിലഭിനയിച്ചാ മതീന്നേ ആരും പറയൂ. അതു പോട്ടെ. എന്നിട്ട് ഏതു റോളാണ് കിട്ടിയത്?

-അതല്ലേ ട്രാജഡി. അവിടെ ചെന്നപ്പോളാണറിയണത് ഒരു ജാഥ ചിത്രീകരിക്കാൻ വേണ്ടിയാണ് അവർ കൂവി വിളിച്ച് ആളെ കൂട്ടിയതെന്ന്. എതായാലും അവിടം വരെ ചെന്നതല്ലേ, ജാഥയിലും തദ്വാരാ സിനിമയിലും ഒരു സെക്കൻഡെങ്കിൽ ഒരു സെക്കൻഡ് മുഖം കാണിച്ച് പോരാമെന്ന് ഞാനും കരുതി. ആൾക്കൂട്ടത്തിന്റെ മുന്നിൽ തന്നെ സ്ഥാനവും പിടിച്ചു. മണി എട്ടായി. ഒമ്പതായി .പത്തായി. പകൽ പഴുത്തുതുടങ്ങി. പക്ഷേ..

-പക്ഷേ?

-ആ മോഹം വെറും ജലരേഖയായിപ്പോയി ബിആർ...

-എന്തുപറ്റി?

-പത്തരയായപ്പൊ മൈക്കിലൂടെ അനൌൺസ് മെന്റ്; ജാഥയുടെ ചിത്രീകരണം കഴിഞ്ഞൂന്നും ജനങ്ങൾക്ക് പിരിഞ്ഞുപോകാമെന്നും!

-അതെങ്ങനെയാണ് ആൾക്കൂട്ടത്തിന്റെ മുമ്പിൽ നിൽക്കുന്ന നന്ദനറിയാതെ..?

-ആകെ നൂറ് പേരെയേ ജാഥക്ക് വേണ്ടിയിരുന്നുള്ളൂ. ജനക്കൂട്ടത്തിന്റെ പിന്നീന്ന് അവര് നൂറുപേരെ സെലക്റ്റ് ചെയ്തു. ഷൂട്ടിങ്ങും നടത്തി. മുമ്പില് നിന്ന് വെയിലുകൊണ്ടവർ യാതൊന്നുമറിഞ്ഞില്ല.

-ആ അനൌൺസ്മെന്റ് കേട്ടപ്പൊ ശെരിക്കും എന്താണ് തോന്നിയത്?

-എനിക്കെന്റെ പശൂനെ ഓർമ്മ വന്നു.

-പിന്നെ തിരിഞ്ഞൊരോട്ടമായിരുന്നു അല്ലേ

-അതേ. പക്ഷേ പശു നിന്നേടത്ത് ഒരു കുന്തി ചാണം മാത്രണ്ട്!

-പിന്നെ പശൂനേം തേടിയായി ഓട്ടം അല്ലേ

-നാടിന് നെടുകേയും കുറുകേയും  ക്രോസ് കണ്ട്രി ഓടി ഞാൻ ഈ പരുവമായി!

-എന്നിട്ട് തൊണ്ടിസാധനം കണ്ടുകിട്ടിയോ?

-കണ്ടുകിട്ടി

-എവിടെയുണ്ടായിരുന്നു?

-ഞാൻ കറങ്ങിത്തിരിഞ്ഞ് വീട്ടിൽ ചെല്ലുമ്പൊ അത്ണ്ട് തൊഴുത്തില് നിക്കണ്!


No comments:

Post a Comment