rajasooyam

Tuesday, July 28, 2020


ഓർമ്മത്തിരകൾ-4
(വി.രാമൻ മേനോൻ സാർ നിനവിൽ വരുമ്പോൾ)


ചെമ്മനം ചാക്കോയുടെ അനശ്വര കഥാപാത്രം നാരായണൻ പണ്ടാരം കറങ്ങിത്തിരിഞ്ഞ് കറങ്ങിത്തിരിഞ്ഞ് അവസാനം വന്നെത്തിയത് പി എഫ് 10ൽ ആയിരുന്നു. അകത്തേയ്ക്ക് തള്ളുക എന്നെഴുതിവെച്ചിരുന്ന വാതിൽ വളരെ ആയാസപെട്ട് പുറത്തേയ്ക്ക് വലിച്ചുതുറന്ന് ഒരു സിഗ്സാഗ് മോഷനിൽ  മാഷ് സാജു പനയ്ക്കലിന്റെ തിരുമുമ്പിലെത്തി.
കാൽക്കുലേറ്ററും കാൽക്കുടയും കൈലേസും സ്യൂട്ട്കേസും  മേശപ്പുറത്തുവെച്ച് നാലഞ്ചുപ്രാവശ്യം ശ്വാസം വലിച്ചുവിട്ട് തഥാഗതൻ സാജുവിനോട് ചോദിച്ചു:
-സർ, ഇതുതന്നെയല്ലേ പ്രൊവിഡന്റ് ഫണ്ട് നംബ്ര് 10?
-അതേ
-എനിക്കൊരുപകാരം ചെയ്തുതരണം
-അതിനാണല്ലോ, അതിനുവേണ്ടി മാത്രാണല്ലൊ ഞങ്ങളിവിടെ ഇരിക്കണത്.
-മകളൊരാൾ പുര നിറഞ്ഞ് നിൽക്കയാണ്
-അയ് യ്യൊ! അപ്പൊ മാഷ്‌ക്ക് താമസിക്കാൻ വേറൊരു വീട് വെക്കണം. അതിന് പി എ ഫ്ഫീന്ന് ലോൺ വേണം. അല്ലേ
-അതല്ല സർ. അവളെയൊന്ന് കെട്ടിച്ചയക്കണം. അതാണുദ്ദേശം
സാജു ഒന്നു പരുങ്ങി. പിന്നെ ചുറ്റും ഒന്നു കണ്ണോടിച്ചു. ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പായപ്പോൾ ഒരു മന്ദസ്മിതത്തോടെ മാഷിനോട് പതുക്കെ ചോദിച്ചൂ
-എന്നാലും ഞാൻ കല്യാണം കഴിച്ച് ട്ട് ല്ല്യാന്ന് മാഷ് ക്ക് എങ്ങനെ മനസ്സിലായി?
പയ്യൻ കലശലായി തെറ്റിദ്ധരിച്ചിരിക്കുന്നു. എന്തായാലും ഒരു നമ്പറിറക്കിക്കളയാം എന്നിങ്ങനെ ആത്മഗതം ചെയ്തശേഷം മാഷ് പ്രകാശമായി പറഞ്ഞു:
-അതൊക്കെ മനസ്സിലായെന്നേയ്
അപ്പോൾ കസേര മാഷ് ടെ അടുത്തേക്ക് ഒന്നുകൂടെ അടുപ്പിച്ചിട്ടുകൊണ്ട് സാജു അന്വേഷിച്ചു:
-മാഷ് ടെ പേരെന്താ? (ജാതിയേതെന്ന് വ്യംഗ്യം)
-പണ്ടാരം...നാരായണൻ പണ്ടാരം.
അന്നേരം അരുതാത്തതെന്തോ കേട്ടതുപോലെ സാജുവിന്റെ മുഖമങ്ങ് വക്രിച്ചുപോയി.
എങ്കിലും വീണത് വിദ്യയാക്കാമെന്ന മട്ടിൽ ഗൌരവപൂർവ്വം പറഞ്ഞൊപ്പിച്ചു:
-കേട്ടോ മാഷേ, ഇവിടെ പണ്ടാരന്മാര്ടെ കേസുകളൊക്കെ മേനോന്മാരാണ് ചെയ്യുന്നത്. ദാ, അവിടെ ചോദിക്കൂ.
ക്ലോഷർ ചെയ്യുന്ന രാമൻ മേനോൻ സാറിനെയാണ് സാജു ചൂണ്ടിക്കാട്ടിയത്.
മാഷ് സിഗ് സാഗിൽ എബൌട്ടേണടിച്ച് മേനോൻ സാറിന്റെ അടുത്തെത്തി.
അന്നേ ദിവസം ഒരു ക്ലോഷർ കേസ് പോലും ചെയ്യാൻ കിട്ടാതെ ആകപ്പാടെ റെസ്റ്റ് ലെസ്സായിരിക്കുകയായിരുന്നു മേനോൻ സാറ്.
മേനോൻ സാർ മാഷോട് ചോദിച്ചു:
-പേരെന്താണെന്നാണ് പറഞ്ഞത്?
-ബി. നാരായണൻ പണ്ടാരം. ഭഗവതിപ്പണ്ടാരം നാരായണൻ പണ്ടാരം.
മേനോൻ സാറ് പണ്ടാരത്തിന്റെ ഫയലെടുത്തുനോക്കി. അത് ഒരു ഒബ്ജെക് ഷൻ കേസായിരുന്നു. 30-സി ഓപ്ഷൻ വെച്ചിട്ടില്ല.
സാറ് പറഞ്ഞു: മാഷ് അപ്പ്ലിക്കേഷന്റെ കൂടെ 30-സി വെച്ചിട്ടുണ്ടായിരുന്നില്ല. അക്കാര്യം ഞാൻ എഴുതിയിരുന്നല്ലൊ.  കിട്ടിയില്ലേ
-കിട്ടി
-30സി കൊണ്ടുവന്നിട്ടുണ്ടോ?
-ഉവ്വ് സർ

മാഷ് സ്യൂട്ട്കേസ് തുറന്ന് ഒരു കവർ പുറത്തെടുത്തു. പിന്നെ കണ്ണിറുക്കിയൊരു കള്ളച്ചിരിയോടെ മേനോൻ സാറിന്റെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു:
-ദാ ഇതിലുണ്ട് സർ. സാറ് 30 സി മാത്രേ ചോദിച്ചുള്ളൂവെങ്കിലും ഞാൻ ഒരു 50 സി വെച്ചിട്ടുണ്ട് കേട്ടോ. ഏത് ?
വാദ്ധ്യാരുടെ ഭാഷ്യം മനസ്സിലാക്കാൻ കഴിയാതെ മേനോൻ സാർ കവർ പൊട്ടിച്ചുനോക്കി.
30-സി ഓപ്ഷനുപകരം അതിലുണ്ടായിരുന്നത് 50 രൂപയുടെ ഒരു കറൻസിയായിരുന്നു!!!

ചിരിച്ചുചിരിച്ച് മേനോൻ സാറ് കരഞ്ഞുപോയി....

No comments:

Post a Comment