rajasooyam

Monday, July 27, 2020


ഓർമ്മത്തിരകൾ-3
(സമർപ്പണം പി.പി.ശിവദാസൻ സാറിന്)

ഹാഫ് ഡോർ മെല്ലെത്തുറന്ന് അകത്തുകടക്കുമ്പോൾ ആപ്പീസറുടെ മുമ്പിൽ ജീവച്ഛവം പോലെ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു; റിക്രിയേഷൻ ക്ലബ്ബിന്റെ സെക്രട്ടറി. (ആപ്പീസർ അതിന്റേയും പ്രസിഡണ്ടായിരുന്നു).
എസ്സോയെ കണ്ടതും കൂടുതുറന്നുവിട്ട പുലിയെപ്പോലെ സെക്രട്ടറി ഒറ്റ ചാട്ടമാണ് പുറത്തേക്ക്!
ഒട്ടൊന്നമ്പരന്നുപോയെങ്കിലും അത് വെളിയിൽ കാണിക്കാതെ എസ്സൊ ആപ്പീസറോട് പറഞ്ഞു:
-സർ, ഏജി ഈസ് നോട്ട് ഹാപ്പി വിത്ത് അവർ പെർഫോമൻസ്..
-ഓഹോ! അദ്ദേഹം പ്രത്യേകിച്ച് എന്താണ് പറഞ്ഞത്?
-ക്ലോഷറും ആർബിയും ധാരാളം പെൻഡിങ്ങുണ്ടല്ലൊ. അബ്സ്ട്രാക്റ്റിന്റെ കാര്യവും ആശാവഹമല്ല.
-അതെന്താണങ്ങനെ? സെക് ഷനിൽ ഒരുത്തനും ഒന്നും ചെയ്യുന്നില്ലേ?
-എന്ന് പറഞ്ഞുകൂട
-ഒരു കാര്യം ചെയ്യ്. ആ യൂണിറ്റുകാരെ ഓരോരുത്തരെയായി ഇങ്ങോട്ട് വിട്. ഞാനൊന്നു സംസാരിച്ചുനോക്കട്ടെ അവരോട്. ങ. അങ്ങനെ വിട്ടാ പറ്റില്ലല്ലൊ.
          ആദ്യത്തെ ഊഴം പാലക്കാട്- ബി യൂണിറ്റിലെ സാജു പനയ്ക്കലിന്റേയും ശ്യാം കുമാറിന്റേയുമായിരുന്നു. പനയ്ക്കലാണ് ആദ്യം അകത്തുകടന്നത്. ഒരു കാൽ അകത്തും മറ്റേ കാൽ പുറത്തുമായി പുറകിൽ ശ്യാം കുമാർ.
രണ്ടുപേരെ ഒന്നിച്ചുകണ്ടപ്പോഴുണ്ടായ സന്തോഷം കൊണ്ടോ തസ്യ ദൈന്യം ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപം കൊണ്ടോ എന്തുകൊണ്ടോ ശൌരി കണ്ണുനീരണീഞ്ഞു....
ഷർട്ടിന്റെ ചുരുട്ടിവെച്ച കൈക്കകത്തുനിന്ന് കൈലേസെടുത്ത് കണ്ണുനീർ തുടച്ചുകൊണ്ട് ആപ്പീസർ പറഞ്ഞു:
-വരൂ വരൂ ഇരിക്കൂ. എന്താ  സാറമ്മാരെ നിങ്ങൾക്ക് വല്ലപ്പോഴുമൊക്കെ ഇങ്ങോട്ടൊന്നിറങ്ങിയാൽ? ഞാനിവിടെ വെറുതെയിരിക്കയല്ലേ. വർക്കിന്റെ കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ എനിക്കു കഴിയും. എടോ സാജൂ, പറയൂ. എന്താണിപ്പോഴത്തെ നിങ്ങളുടെ പൊസിഷൻ?
          ചെറുതായൊരു പരുങ്ങലോടെ സാജു പറഞ്ഞു:
-രണ്ടുമൂന്നെണ്ണം അങ്ങനെ മുട്ടിമുട്ടി നിൽക്ക്വാണ്. പക്ഷേ ഒന്നും എഗ്രീ ചെയ്തിട്ടില്ല.
          അന്നേരം സാജുവിന്റെ തോളിൽ ശ്യാം കുമാറിന്റെ വക ഒരു ഞോണ്ടൽ. പിന്നെയൊരു കുശുകുശുപ്പും. സംഗതി തൊണ്ടിസഹിതം പിടികൂടിയ ആപ്പീസർ ചോദിച്ചു:
-എന്താടോ ഒരു കുശുകുശുപ്പ്?
-അതല്ല സർ. സാറ് ചോദിച്ചത് അബ്സ്ട്രാക്റ്റിന്റെ കാര്യല്ലേ. സാജു പറഞ്ഞത് അയാൾടെ കല്യാണക്കാര്യാണ്!
-ങ! അവടെയാണ് നിങ്ങൾക്ക് തെറ്റിയത്. ഞാൻ ചോദിച്ചത് കല്യാണക്കാര്യം തന്നെയാണ്. എന്നുമിങ്ങനെ അബ്സ്ട്രാക്റ്റും ചെയ്തോണ്ടിരുന്നാ മതിയോ. അതങ്ങനെ ഒരു വഴിക്ക് നടക്കും. പിന്നല്ലാതെ. അതുപോട്ടെ. പാലക്കാട് ഇക്കൊല്ലം ചൂടെങ്ങന്യാ?
          പിന്നെ അതുപോലുള്ള ഒരു നൂറുകൂട്ടം ചോദ്യങ്ങൾ. ഇടയ്ക്ക് ശ്യാം ചുമരിലെ ക്ലോക്കിലേക്കും പിന്നെ ആപ്പീസറുടെ മുഖത്തേക്കും നോക്കും. ഒടുവിൽ സഹികെട്ട് ശ്യാം പതുക്കെ പറഞ്ഞു: സർ, ഞാൻ ഊണിന്റെ കൂപ്പണെടുത്തിട്ടില്ല.
          ഡിസ്കഷൻ അവിടെ അവസാനിപ്പിക്കാതെ തരമില്ലായിരുന്നു ആപ്പീസർക്ക്. തിരിച്ചോടാൻ തുടങ്ങുന്ന ശ്യാമിനോട് ആപ്പീസർ വിളിച്ചുപറഞ്ഞു.
-അപ്പൊഴേയ്. നിങ്ങള് ചെന്നിട്ട് ആ മലപ്പുറം-ബി യൂണിറ്റ് കാരെ ഒന്നിങ്ങോട്ട് പറഞ്ഞുവിടണം.
മലപുറം ബി ക്കാരിൽ പങ്കജത്തിനു മാത്രേ പരിഭ്രമമുണ്ടായുള്ളൂ. ഫ്രാൻസിസും ശിവദാസും എന്തിനും തയ്യാറായിരുന്നു. അവർ രണ്ടുപേരും മുമ്പേ നടന്നു.
പങ്കജം ഇറങ്ങാൻ നേരം പാലക്കാട്-എ യൂണിറ്റിലെ മേരി ഹെലേനിയം ഗ്ലാഡിസിനോട് പറഞ്ഞു: ഗ്ലാഡിസ്സേ, എന്റെ മോളെയൊന്ന് നോക്കണം കേട്ടോ. ഞാൻ ചായസമയത്തിനുമുമ്പ് വന്നില്ലെങ്കിൽ മോൾക്ക് ചായ വാങ്ങി കൊടുക്കണം. ഊണിനുമുമ്പ് വന്നില്ലെങ്കിൽ ഊണും.
മൂന്നു കസേരകൾ കാലിയായി കിടന്നിട്ടും മൂന്നുപേരും നിൽക്കുകതന്നെയായിരുന്നു ആപ്പീസറുടെ മുമ്പിൽ. ഉപചാരാദികൾക്കു ശേഷം ആപ്പീസർ സ്വന്തം പേരുവാശിക്കാരനായ ശിവദാസിനോട്  ചോദിച്ചു: “ശിവദാസേ ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ ശോചനീയാവസ്ഥയ്ക്ക്  ഒരു പരിഹാരമുണ്ടാവില്ലെന്നുണ്ടോ?”
ശിവദാസ് പറഞ്ഞു: “നോക്കാം. പക്ഷേ കൊറച്ച് സമയം വേണ്ടിവരും”
തുടർന്ന് കലാമണ്ഡലത്തെപ്പറ്റിയും കഥകളിയെപ്പറ്റിയും മറ്റ് അനുബന്ധകാര്യങ്ങളെപ്പറ്റിയും  ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ശിവദാസിന് ഇൻസ്റ്റന്റ് മറുപടിയുണ്ടായിരുന്നു. ആകപ്പാടെ ഷൊർണൂർ ശിവദാസിനെപ്പറ്റി ആപ്പീസർക്ക് നല്ല മതിപ്പായി.
ഇടയ്ക്കിടെ വാച്ചിലേക്ക് നോക്കിക്കൊണ്ടിരുന്ന പ്രാഞ്ചിയോടായി പിന്നത്തെ ഡയലോഗ്.
-എന്താ ഫ്രാൻസിസ്, വാച്ചിനെന്തു പറ്റി?
-കീ കൊടുക്കാൻ മറന്നുപോയി
-ഷെയറിന്റെ പരിപാടിയൊക്കെ ഇപ്പോഴുമില്ലേ
-ഉവ്വുവ്വ്
-എന്തു മുടക്കിയാലും അതു മുടക്കരുത്
-ഇല്ലില്ല
പങ്കജത്തിനോട് ചുരുങ്ങിയത് പത്ത് ചോദ്യമെങ്കിലും ചോദിച്ചിട്ടുണ്ടാവണം. കമാന്നൊരക്ഷരം മറുപടി കിട്ടിയില്ലെന്നു മാത്രം. ഒടുവിൽ ആപ്പീസർ തന്നെ തോറ്റുപിന്മാറി.
രണ്ടാമൂഴക്കാർ തിരിച്ചുപോരുമ്പോൾ ആപ്പീസർ ചോദിച്ചു:
-പാലക്കാട് എ യൂണിറ്റിൽ ആരൊക്കെയാണ്?
-സുധാ മേനോൻ
, അജയൻ,വിനു
-മലപ്പുറം എ യിലോ?
-മേരി ഹെലേനിയം ഗ്ലാഡിസ്
-ഒരു കാര്യം ചെയ്യ്. അവരോട് നാളെ വരാൻ പറ ഡിസ്കഷന്. ഉച്ച കഴിഞ്ഞ് എനിക്ക് വേറെ അപ്പോയിന്റ്മെന്റുണ്ട്.

ആപ്പീസറുടെ മുറിയിൽ നടന്ന ഡിസ്കഷന്റെ റിപ്പോർട്ട് കേട്ട് എസ്സൊ തലയിൽ കൈവെച്ചിരുന്നുപോയി! ഇത് മുൻ കൂട്ടി കണ്ടിട്ടാണോ കൃഷ്ണകുമാറും വിജയലക്ഷ്മിയും ഇന്ന് ലീവെടുത്തത്? ഇനി അഥവാ അരിയേഴ്സ് തീർക്കാൻ ആപ്പീസർ സ്വന്തമായി വല്ല പദ്ധതിയും കണ്ടുവെച്ചിട്ടുണ്ടാകുമോ?
ഏതായാലും ഉച്ച കഴിഞ്ഞ് ആപ്പീസറുമായി നേരിട്ടൊന്നു സംസാരിക്കണം...

സമയം ഒരു മൂന്നേമുക്കാലായിക്കാണും. എസ്സൊ ആപ്പീസറുടെ മുറിയിലേക്ക് നടക്കുകയാണ്. അപ്പോഴുണ്ട് അടുത്തുള്ള പി എഫ് സെക് ഷനിലെ സൂപ്രണ്ട് എതിരേ വരുന്നു. ഒരു കൈയിൽ ബാഗ്, കുട, താക്കോൽ കൂട്ടം ഇത്യാദി.
മറുകൈയിൽ ഒരു ഫയലും.
എസ്സൊ ചോദിച്ചു:
-സാറ് ഇന്ന് നേരത്തേ മുങ്ങുവാണോ
-ഏയ്. അല്ല. ആപ്പീസറെ കാണാൻ പോണതാ. ഈ ഫയലിൽ പ്ലീസ് സ്പീക് എഴുതിയിട്ടുണ്ട്. തിരിച്ചുവരുമ്പോൾ എന്തായാലും അഞ്ചര കഴിയും.അതുകൊണ്ട് മേശയും അലമാരയും പൂട്ടി. ബാഗും കുടയുമെടുത്തു. അത്രേയുള്ളൂ.
ഇതു കേട്ടതും എസ്സൊ റിട്ടേണടിച്ചു.

സെക് ഷനിലേയ്ക്കുള്ള മടക്കയാത്രയിൽ എസ്സൊ മറ്റൊരു കാര്യം ഓർത്തുപോയി; രണ്ടേമുക്കാലിന്റെ വേണാടിനുപോകാൻ വേണ്ടി സാജു പനയ്ക്കൽ ആപ്പീസറോട് പെർമിഷൻ ചോദിക്കാൻ ചെന്നതും അന്ന് അഞ്ചേമുക്കാലിന്റെ പാസഞ്ചർ പോലും പനയ്ക്കലാന് കിട്ടാതെ പോയതും!!!




No comments:

Post a Comment