rajasooyam

Sunday, July 26, 2020


ഓർമ്മത്തിരകൾ-2
(സി ആർ കെ നിനവിൽ വരുമ്പോൾ)

അധികമാരും ശ്രദ്ധിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. രാമകൃഷ്ണന് ഒരു സ്വഭാവവിശേഷമുണ്ട്.
ക്ലാസിഫൈഡ് അബ്സ് ട്രാക്റ്റ് എഗ്രീ ചെയ്യാതെ വരുമ്പോഴും ഒബ്ജക് ഷൻ ക്ലിയറൻസിന്റെ ഇൻവേഡ് പേപ്പർ വരുമ്പോഴും ഇഷ്ടൻ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽക്കും. പിന്നെ നിന്നുകൊണ്ടാണ് പണിയെല്ലാം. നിൽക്കുന്ന നിൽപ്പിൽ എന്തെങ്കിലും പിറുപിറുത്തോണ്ടിരിക്കും. ആ പിറുപിറുപ്പിനിടയിൽ സ്ഥിരം പാടുന്ന ഒരു പല്ലവിയുണ്ട്:

മദിരാശിക്ക് ട്രാൻസ്ഫറാകാൻ ഊഴം കാത്തിരിക്കുന്ന ബാലകൃഷ്ണൻ കുറേ ദിവസങ്ങളായി രാമകൃഷ്ണന്റെ ഈ പല്ലവി കേക്കുന്നു. എന്താ സംഗതീന്ന് മാത്രം പിടികിട്ടിയില്ല. 
(സംഗതി ഒന്നും തന്നെയില്ലെന്ന് രാമകൃഷ്ണന് മാത്രല്ലേ അറിയൂ).
ഒരു ദിവസം ബാലകൃഷ്ണൻ രണ്ടും കല്പിച്ച് ഇന്നസെന്റിന്റെ ശൈലിയിൽ രാമകൃഷ്ണനോട് ചോദിച്ചു: “ അല്ലിഷ്ടാ, നിങ്ങള് കൊറേ ദിവസായല്ലൊ പറയണ് അങ്ങനീണ്ടായി അങ്ങനീണ്ടായീന്ന്. എങ്ങനീണ്ടായീന്നാണ്?”
രാമകൃഷ്ണൻ പക്ഷേ മറുപടിയൊന്നും പറഞ്ഞില്ല. (എന്ത് പറയാൻ).
അപ്പോൾ ബാലകൃഷ്ണന് തെല്ലൊന്നുമല്ല ദേഷ്യം വന്നത്. എങ്കിലും സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞതുകൊണ്ട് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.
കഷ്ടകാലത്തിന് പിറ്റേന്നത്തെ ഡാക്കിലും ഒബ്ജക് ഷൻ ക്ലിയ്യറൻസിന്റെ ഒരു പേപ്പറുണ്ടായിരുന്നു. പേപ്പർ കൈയിൽ കിട്ടിയപ്പോൾ പതിവുപോലെ രാമകൃഷ്ണൻ സീറ്റിൽ നിന്നെഴുന്നേറ്റു. പിന്നെ പറഞ്ഞു:
ഇത്തവണ ബാലകൃഷ്ണന് നിയന്ത്രിക്കാനായില്ല. സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റ് ബാലകൃഷ്ണൻ രാമകൃഷ്ണന്റടുത്തേക്ക് കുതിച്ചു: “താനെന്താ ആളെ കളിയാക്ക്വാ? എങ്ങന്യാണ്ടായേന്ന്  എനിക്ക് ഇപ്പൊ അറിയണം...”
“അത് പറയാൻ എനിക്ക് മനസ്സില്ലെങ്കിലോ”. രാമകൃഷ്ണനും വിട്ടുകൊടുക്കാൻ ഭാവമില്ല.
എന്തും സംഭവിക്കാവുന്ന അവസ്ഥ.
അടി വീഴുന്നതിനുമുമ്പ് കോഴിക്കോടൻ ഫുട്ബോളർ രാജീവ് സമർത്ഥമായി ഇടപെട്ടു.
ഒരു സ്ലൈഡിങ് ടാക്ലിങ്. രണ്ടുപേരും നിലമ്പരിശ്!
ഇതു കണ്ട് അന്തം വിട്ടിരിക്കയായിരുന്ന വേണുവിനോട്  എസ്സൊ അടക്കം പറഞ്ഞു: “എന്നാലും നമ്മുടെ സെക് ഷന് എന്തു പറ്റി വേണൂ. ഇങ്ങനെയൊന്നുമായിരുന്നില്ലല്ലൊ”.
“നോക്കാം സർ ”
വേണു മേശവലിപ്പ് മെല്ലെ വലിച്ചുതുറന്നു.
കിടികിടി കിടികിടി. കവടി കരയുന്ന ശബ്ദം.
“കിട്ടിപ്പോയ്”. വേണു പറഞ്ഞു. “ബാലകൃഷ്ണന്റെ വ്യാഴം എട്ടിൽ നിൽക്കുമ്പോൾ രാമകൃഷ്ണന്റെ കുജൻ പത്തിലാണ്. പോരാത്തതിന് കേതുവിന്റെ അപഹാരവുമുണ്ട്. അതാണ് ഹേതു. ലഗ്നത്തിന് വിഘ്നം വന്നാൽ രണ്ടുപേരും തമ്മിൽ കോടതി വ്യവഹാരം വരെ വരാം എന്നാണ്. ഭാഗ്യവശാൽ ഇത് അത്രവരെ പോയിട്ടില്ല. പക്ഷേ രണ്ടിലൊരാൾക്ക് തത്ര സ്ഥാനഭ്രംശം ദൃഢം. ഒന്നുരണ്ടുദിവസത്തിനകം അതുണ്ടാവും”.
“വാട്ട് ഡു യൂ മീൻ?”
“വൺ ഓഫ് ദ കൃഷ്ണൻസ് വിൽ ഗോ ഔട്ട് ഓഫ് ദ സെക് ഷൻ. ഐദർ രാമൻ ഓർ ബാലൻ”.
(പ്രതിവിധി വല്ലതുമുണ്ടോന്ന് രാമകൃഷ്ണൻ ചോദിച്ചത് വേണു കേട്ടില്ല. അല്ലെങ്കിൽ ഇത് വെറും കോഴിമുട്ടയിലൊതുങ്ങില്ല, ഒരു ഫുൾ കോഴിതന്നെ വേണം എന്നു പറഞ്ഞേനേ!)

രണ്ടുദിവസം വേണ്ടിവന്നില്ല. പിറ്റേന്ന് രാവിലെതന്നെ ട്രാൻസ്ഫർ ഓഡർ വന്നു!
കടലാസ് കൈയൊപ്പിട്ടുവാങ്ങി എസ്സൊ ഉറക്കെ വായിച്ചു:
“ശ്രീ കെ.ബി. വേണുഗോപാലൻ, സീനിയർ അക്കൌണ്ടന്റ്, ഡബ്ലു.എ.സി 2, ഈസ് ട്രാൻസ്ഫേഡ് റ്റു ഡി.എ.ഇ 3 വൈസ് ശ്രീ വി.എസ് വിജയൻ, സീനിയർ അക്കൌണ്ടന്റ്” !!!

വാ‍ർത്ത കേട്ട് എല്ലാവരും വാ പൊളിച്ചിരുന്നുപോയി. മരവിപ്പ് മാറാൻ കൃത്യം പത്ത് മിനിറ്റെടുത്തു.
പതിനൊന്നാമത്തെ മിനിറ്റിൽ സെക് ഷന്റെ ഈശാനകോണിൽനിന്ന് ഒരു പതിഞ്ഞ ശബ്ദം കേട്ടു:
“ അങ്ങനിണ്ടായീപ്പറയ് യാണേയ്”.

1 comment:

  1. കൊള്ളാം, അവസാനത്തെ twist !⭐️⭐️⭐️

    ReplyDelete