rajasooyam

Thursday, July 30, 2020

ഓർമ്മത്തിരകൾ-5

(പപ്പടം പൊടിക്കുമ്പോലെ.....)

 

മുഴുക്കൈയൻ ജുബ്ബ. നമ്പർ വൺ ഡബ് ള്. മുറിയൻ മേൽമീശ. മുഖത്ത് പുഞ്ചിരി. ഇടത്തേ കക്ഷത്തിൽ കറുത്തൊരു ബേഗ്. വലതുകൈയിലെ ചൂണ്ടുവിരലിന്റേയും തള്ളവിരലിന്റേയും അഗ്രങ്ങൾ തൊട്ടൂതൊട്ടില്ല തൊട്ടൂതൊട്ടില്ല മൊട്ടിട്ടുവല്ലോ മേലാകെ എന്ന മട്ടിൽ. പ്രസ്തുത വിരലുകൾക്കിടയിൽ ഒരു നുള്ള്  ടിഏ എസ് രത്നം പൊടി – ഇത്രയുമായാൽ വരിക്കാരൻ (സബ്സ്ക്രൈബർ) മാഷിന്റെ നഖചിത്രമായി. (കൈവിരലുകൾ മുൻ ചൊന്നപോലെ പിടിക്കുന്നതിന് കഥകളിയിൽ ‘മുദ്രാഖ്യ’മെന്ന് പറയുമെന്ന് തൂതപ്പുഴയുടെ തീരങ്ങളിൽനിന്നുവരുന്ന പ്രഭാകരൻ)

ഹാളിലേക്ക് കാലെടുത്തുവെച്ച മാഷിനെ ആദ്യം എതിരേറ്റത് സി ഏ പിയിലെ മത്തായി സാറാണ്. മാഷിന്റെ സന്ദർശനോദ്ദേശ്യം മനസ്സിലാക്കിയ  മത്തായിസാർ പറഞ്ഞു:

-ദാ, ആ സെക് ഷന്റെ അങ്ങേയറ്റത്ത് മൂന്ന് താടിക്കാര് നെരന്നിരിക്കണില്ലേ. അതിൽ രണ്ടാം താടിയാണ് എസ്സൊ. അവിടെ ചോദിച്ചാ മതി.

മാഷ് എസ്സോന്റടുത്തെത്തി. ഭേഷായി തൊഴുതു. പിന്നെ പറഞ്ഞു:

-സർ, ഞാൻ പി.പി.തങ്കപ്പൻ. പാലക്കാട് ഗവണ്മെന്റ് മാപ്പിള യൂപ്പീ സ്കൂളിലെ ഹെഡ് മാസ്റ്ററാണ്.

-ഗ്ലാഡ് റ്റു മീറ്റ് യൂ, മാസ്റ്റർജീ. വാട്ട് ഷാൽ ഐ ഡൂ ഫോർ യൂ?

-ഞാൻ മറ്റൊരാവശ്യത്തിണ് തൃശൂര് വരെ വന്നതാണ്. അപ്പൊ തോന്നി ഇവിടെ കേറി ഒരു ശങ്ക തീർത്തുകളയാമെന്ന്.

ഇതു കേട്ടപ്പോൾ അതുവരെ തകൃതിയായി പോസ്റ്റിങ് ചെക്ക് ചെയ്തുകൊണ്ടിരിക്കയായിരുന്ന  സാജു പനയ്ക്കൽ തൊട്ടടുത്തിരിക്കുന്ന ശ്യാം കുമാറിനോട് മാഷ് കേൾക്കാതെ ചോദിച്ചു:

- അങ്ങനെ വഴിയേ പോവുന്നോർക്കൊക്കെ കേറിവന്ന് ശങ്ക തീർക്കാനുള്ള സ്ഥലമാണോ അക്കൌണ്ടാപ്പീസ്?

 

കേട്ടെങ്കിലും അത് കേൾക്കാത്തമട്ടിൽ എസ്സൊ മാഷിനോട് ചോദിച്ചൂ

-എന്താണ് മാഷിന്റെ ശങ്ക?

-എന്റെ 90-91ലെ ക്രെഡിറ്റ് കാർഡിനെപ്പറ്റിയാണ്

-എന്നാണ് ശങ്ക തുടങ്ങിയത്?

-91-92 ലെ കാർഡ് കിട്ടിയപ്പൊ

-അത് വിചിത്രമായിരിക്കുന്നു. ആട്ടെ, എന്താണ് ശങ്കയ്ക്ക് കാരണം?

മാഷ് 90-91ലെ കാർഡ് പുറത്തെടുത്തു. പിന്നെ പറഞ്ഞു:

-സർ ഇതിൽ ആറായിരം രൂപ വിത് ഡ്രോവൽ കാണിച്ചിട്ടുണ്ടല്ലൊ.

-ഉവ്വ്. സാറ് എൻ ആർ എ എടുത്തതല്ലേ

-ആ തുക ഞാൻ എടുത്തിട്ടില്ല!

എസ്സൊ ഒരു നിമിഷം സ്തബ്ധനായിപ്പോയി.

ഞെട്ടലിൽനിന്ന് മുക്തനായപ്പോൾ പാലക്കാട്-എ യൂണിറ്റിലെ ഗ്ലാ‍ാഡിസിനോട് പറഞ്ഞു:

-മേരി ഹെലൻ ഗ്ലാഡിസ്സേ, ഈ മാഷിന്റെ ലെഡ്ജറൊന്നെടുത്ത് അതിൽ 90-91ൽ ആറായിരം ഡെബിറ്റ് വന്നിട്ടുണ്ടോന്ന് നോക്കൂ

തത്ത ചീട്ടെടുക്കുമ്പോലെ ഗ്ലാഡിസ് തങ്കപ്പൻ മാഷിന്റെ ലെഡ്ജറെടുത്തു. അതിൽ 3-91ൽ ആറായിരം രൂപ കൃത്യമായി പോസ്റ്റ്  ചെയ്തിട്ടുണ്ട്.

എസ്സൊ മാഷിനെ വിളിച്ചു.

-ഇതില് പോസ്റ്റിങ്ങ് വന്നിട്ടുണ്ടല്ലൊ മാഷേ

-പക്ഷേ ആ കാശ് ഞാൻ എടുത്തിട്ടില്ല

-ഒറപ്പ്?

-ഒറപ്പ്

-കുറുപ്പിന്റെ?

-അല്ല

ഇനി എന്തു ചെയ്യും? എസ്സൊയ്ക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. അവസാനം ഇത്തരം സന്ദിഗ്ധാവസ്ഥകളിൽ സീയാർ ബാബു എടുക്കാറുള്ള അടവെടുത്തു. മാഷോട് പറഞ്ഞു:

-മഷേ ഒരു കാര്യം ചെയ്യൂ. ഒരര മണിക്കൂറ് കഴിഞ്ഞ് വരൂ. ഞങ്ങളൊന്ന് നോക്കട്ടെ.

(അതിനകം സംഗതി എങ്ങനെയെങ്കിലും സെറ്റ് ൽ ചെയ്യാൻ കഴിയുമെന്നാണ് വിശ്വാസം. അതിന് പറ്റിയില്ലെങ്കിൽ ശ്യാം കുമാർ പറയാറുള്ളതുപോലെ ഇതൊരു ബുക്ക് അഡ്ജസ്റ്റ്മെന്റാണെന്നും അടുത്ത കൊല്ലത്തിലെ കാർഡിലേ ശരിയാക്കാൻ പറ്റൂ എന്നും തട്ടിവിടണം.  അത് രണ്ടും ഫലിക്കാഞ്ഞാൽ സാജുവിന്റെ വജ്രായുധം - ഡമ്മി‌ പ്രയോഗിക്കേണ്ടിവരും. ഡമ്മിപ്രയോഗത്തിൽ മിക്ക മാഷ് മ്മാരും വീഴാറുണ്ട്)

മാഷ് പുറത്തുകടന്നയുടൻ എല്ലാവരും തപ്പും തുടിയും പരിപാടി തുടങ്ങി. 3-91ലെ  ഡെബിറ്റ് വൌച്ചേഴ്സും 90-91ലെ എൻ ആർ ഏ ഫയലും കിട്ടണം. കിട്ടിയേ തീരൂ. തപ്പിത്തപ്പി എല്ലാവരും വശം കെട്ടു. ഏതാണ്ട് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സെക് ഷൻ പൂഴിക്കടകൻ കഴിഞ്ഞ അങ്കത്തട്ട് പോലായി. പൊടികൊണ്ട് നെയ്യഭിഷേകം കഴിച്ചപോലായി.

പെട്ടെന്നതാ പാലാ‍ഴിയിൽനിന്ന് തൊണ്ടിപ്പഴമെന്നപോലെ പൊന്തിവരുന്നു തൊണ്ടിരണ്ടും! പി.പി.തങ്കപ്പന്റെ എൻ ആർ എ അപ്ലിക്കേഷനും ആറായിരത്തിന്റെ വൌച്ചറും.

തൊണ്ടി കണ്ടുകിട്ടിയപ്പോൾ വാസ്തവത്തിൽ എസ്സോയുടെ ടെൻഷൻ ഒന്നുകൂടി വർദ്ധിക്കയാണുണ്ടായത്.

(ദൈവമേ! ആ മാഷ് അതുവഴി അങ്ങ് പോയാ മതിയായിരുന്നു...ഇനീപ്പൊ എന്തൊക്കെയാണാവോ ഉണ്ടാവ് വാ. കൃഷ്ണകുമാറും പനയ്ക്കലും കൂടി അങ്ങേരെ നിർത്തിപ്പൊരിയ്ക്കില്ലേ. ഫ്രൈയാക്കില്ലേ...)

സംഭീതൻ പുറത്തിറങ്ങിനോക്കുമ്പോൾ തങ്കപ്പൻ വരാന്തയിൽ തേരാപ്പാരാ നടക്കുകയാണ്.

വിറയാർന്ന സ്വരത്തിൽ എസ്സൊ വിളിച്ചു:

-മാഷേ

-എന്താ‍ സർ

-മാഷ് ഊണ് കഴിച്ചോ

-ഇല്ല

-എങ്കിൽ പോയി കഴിച്ചിട്ട് വരൂ...അതാ നല്ലത്..

-ശെരി. ഞാൻ കഴിച്ചിട്ട് വരാം

മാഷ് പുറത്തേക്കുപോയപ്പോൾ എസ്സൊ കാന്റീനിലേക്ക് നടന്നു. ഊണുകഴിക്കാനിരിക്കുമ്പോഴും സെക് ഷനിലെ കാര്യമാണ് ഓർമ്മയിൽ. ഒരു സമാ‍ധാനവുമില്ല. ഒരു വിധത്തിൽ ഊണ് കഴിച്ചുകഴിച്ചില്ലെന്നു വരുത്തി കൈകഴുകി പുറത്തുകടന്നു. സെക് ഷനിൽ തിരിച്ചെത്തുമ്പോഴേക്കും ആശങ്കിച്ചതുപോലെ തന്നെ കൃഷ്ണകുമാറും ശ്യാം കുമാറും പനയ്ക്കലുമടങ്ങുന്ന ഡിവിൻ ബഞ്ചിന്റെ മുമ്പാകെ മാഷ് വിസ്തരിക്കപ്പെടാൻ തുടങ്ങിയിരുന്നു.

പനയ്ക്കൽ ചോദിക്കയാണ്:

-ഈ പീപ്പിത്തങ്കപ്പൻ പീപ്പിത്തങ്കപ്പൻ എന്നു പറയുന്ന ആൾ മാഷ് തന്നെയല്ലേ

-തന്നെ

-90-91ലെ ക്രെഡിറ്റ് കാർഡിൽ വിത് ഡ്രോവൽ കാണിച്ചിരിക്കുന്ന ആറായിരം രൂപ മാഷ് എടുത്തിട്ടില്ലെന്നുതന്നെയാണോ പറയുന്നത്?

-അതെ

-അതൊന്ന് മോത്തുനോക്കിപ്പറഞ്ഞേ

-അതിന്റെ ആവശ്യമില്ലല്ലൊ

-ഇതു കേട്ടപ്പോൾ ശ്യാം ഒരു കഷണം കടലാസെടുത്തുകൊടുത്തുകൊണ്ട് പറഞ്ഞു:

-മോത്തുനോക്കി പറയാൻ മടിയാണെങ്കിൽ ഇതിലൊന്നെഴുതിത്തന്നാൽ മതി

-അതിനല്പം ബുദ്ധിമുട്ടുണ്ട്

അരിശം വന്ന കൃഷ്ണകുമാർ ചോദിച്ചു:

-എന്ത് ബുദ്ധിമുട്ട്? മാഷ് ക്ക് എഴുത്തറിയില്ലേ

അപ്പോൾ തല ചൊറിഞ്ഞുകൊണ്ട് മാഷ് പറഞ്ഞു:

-അതല്ല സർ. ഇപ്പൊ എനിയ്ക്കൊരു സംശയം തോന്നുന്നു.

-എന്ത് സംശയം?

-ആ തുക ഞാൻ എടുത്തതുതന്നെയല്ലേന്ന്

അന്നേരം തുറുപ്പിനുപകരം വൌച്ചറെടുത്തടിച്ചുത്തടിച്ചുകൊണ്ട് കൃഷ്ണൻ ചോദിച്ചു:

-ഈ വൌച്ചറിൽ കാണുന്നത് മാഷിന്റെ കൈയൊപ്പല്ലേ

-അതെ

-അപ്പൊ ഈ ആറായിരം മാഷ് വാങ്ങിച്ചതല്ലേ

-അതേ

-അപ്പൊ ഇതുവരെ പറഞ്ഞതോ

-അപ്പാടെ വിഴുങ്ങാം സർ. ഓർമ്മപ്പിശക് പറ്റിയതാണ്

പാർലിമെന്ററിയായതെന്തോ പറയാൻ തുടങ്ങുകയായിരുന്ന കൃഷ്ണന്റെ വാ പൊത്തിപ്പിടിച്ചുകൊണ്ട് ഗദ്ഗദകണ്ഠനായി പനയ്ക്കൽ പറഞ്ഞു:

-മാഷ് ഞങ്ങടെ ആത്മാർത്ഥതയിലാണ് കൊടപ്പുളി പിഴിഞ്ഞൊഴിച്ചത്

-മനപ്പൂർവ്വമായിരുന്നില്ല സർ.

-ഞങ്ങളിവിടെ തീ തിന്ന്വായിരുന്നു മാഷേ. മാഷ് ക്കറിയ് യോ വൈക്കത്തെങ്ങന്യാ അമ്പലണ്ടായേന്ന്?

ഇതു ചോദിക്കുമ്പോഴേക്കും പനയ്ക്കൽ വല്ലാതെ ഇമോഷണലായിക്കഴിഞ്ഞിരുന്നു. ഒടുവിലത്തെ ചോദ്യം കേട്ട് മാഷിന്റെ തല കറങ്ങാൻ തുടങ്ങിയതായിരുന്നു. അപ്പോഴേക്കും ശ്യാം കുമാർ പനയ്ക്കലിന്റെ തോളത്തുതട്ടിക്കൊണ്ട് പറഞ്ഞു:

-ചുപ് രഹോ സാജു ഭായ്, ചുപ് രഹോ. ഡോണ്ട് ആസ്ക് ഹിം സച് എംബറാസിങ് ക്വസ്റ്റ്യൻസ്.

 

കൊട്ടിക്കലാശം കൃഷ്ണന്റെ വകയായിരുന്നു. കൃഷ്ണൻ പറഞ്ഞു:

-എന്നാലും ഇത് വളരെ മോശമായിപ്പോയി കേട്ടോ മാഷേ

-സാറമ്മാര് ക്ഷമിയ്ക്കണം. ആ കള്ളൻ എന്നെ പറ്റിക്കയായിരുന്നു...

-ഏത് കള്ളൻ?

-അവൻ. ആ ശശിധരൻ മാഷ്. അവനാണ്പറഞ്ഞത്. ഞാൻ ആ തുക എടുത്തിട്ടില്ലെന്ന്!

-അതു കൊള്ളാമല്ലോ. എന്റെ പ്രൊവിഡന്റ് ഫണ്ടീന്ന് ഞാനെടുത്ത കാശ് ഞാനെടുത്തിട്ടില്ലെന്നുപറഞ്ഞ് അവനെന്നെപ്പറ്റിച്ചു അല്ലേ?

-അതെ സർ. അതാണുണ്ടായത്....

 

പേമാരി പെയ്തുതീർന്നപ്പോൾ മാഷ് അടുത്തുവന്ന് ഒരോരുത്തരോടും യാത്ര ചോദിച്ചു:

-എന്നാൽ ഞാൻ പോട്ടെ. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിയ്ക്കണം.

അപ്പോഴേക്കും സൌമ്യശിരോമണിയായിക്കഴിഞ്ഞിരുന്ന സാജു പറഞ്ഞു:

-ഏയ്. എന്ത് ബുദ്ധിമുട്ട്? ഇതൊക്കെ ഞങ്ങൾടെ തൊഴിലിന്റെ ഭാഗല്ലേ മാഷേ. ഇനിയും ഇതുപോലെ ഇടയ്ക്കൊക്കെ വരണം കേട്ടോ.....

 

 

 


1 comment:

  1. തകർത്തു ബിയാറെ... കൺമുമ്പിൽ കാണുന്ന പോലത്തെ കഥ....

    തീം അതി ഗംഭീരമായിട്ടുണ്ട്. ആഖ്യാനം അതിലേറെയും...

    ReplyDelete