rajasooyam

Friday, July 24, 2020


ഓർമ്മത്തിരകൾ-1

മന്ത് ലി അക്കൌണ്ട്സ് വൈകാൻ എന്താണ് കാരണം എന്നുള്ള ആപ്പീസറുടെ ക്വെറിയ്ക്ക് എസ്സോയുടെ മറുപടി ഇപ്രകാരമായിരുന്നു:

യൂണിറ്റ് ത്രീയിലെ വേണുഗോപാൽ പണിക്കർ ആറ് ദിവസം ലീവായിരുനു.
കണ്ണിന് സാരമായ എന്തോ കുഴപ്പം. മൂന്നു ദിവസം കണ്ണീരും കൈയുമായി കഴിച്ചുകൂട്ടി. നാലാം ദിവസം ലാൽ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് ഫോൺ ചെയ്ത് ഒരു ലേഡി ഡോക്ടറുമായി അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്തു. (കണ്ണാവുമ്പോൾ ഏതെങ്കിലും പെണ്ണിനെ കാണിക്കയാവും നല്ലതെന്ന ആർ.കണ്ണന്റെ ഉപദേശപ്രകാരം). പിറ്റേന്ന് വന്നപ്പോൾ കണ്ണ് ക്ലീൻ. ക്രോസ് വിസ്താരത്തിൽ വേണു പറഞ്ഞു, ‘ഏയ് ഒന്നൂല്ല്യാന്നേയ്. അത് ഒരു ചെറിയ കരടായിരുന്നു’.

യൂണിറ്റ് സിക്സിലെ ബാലകൃഷ്ണൻ ലീവൊന്നുമായിരുന്നില്ല. പക്ഷേ തൊട്ടടുത്ത സീറ്റിലെ രജനിയുമായിട്ടുള്ള തർക്കം മൂലം പുള്ളിക്കാരന്റെ കുറേ സമയം നഷ്ടപ്പെടാറുണ്ട്. റോഡിലേക്ക് തുറക്കുന്ന ജനലാണ് പ്രശ്നം. ജനൽ പകുതി തുറന്നിടണമെന്ന് ബാലകൃഷ്ണൻ. അതു പറ്റില്ല, വേണമെങ്കിൽ പകുതി അടച്ചിടാമെന്ന് രജനി.എന്തുവന്നാലും പകുതി അടച്ചിടുന്ന പ്രശ്നമില്ലെന്ന് ബാലകൃഷ്ണൻ. എന്നാൽ അതൊന്നു കാണട്ടെയെന്ന് രജനി. രണ്ടാൾക്കും ജയിക്കണം. അതിനൊരു പോംവഴി ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.

കൂടാതെ താണ്ഡവനൃത്തത്തിനുവേണ്ടിയും സെക് ഷന്റെ കുറച്ച് സമയം പോയി!
(എന്ത്? സെക് ഷനിൽ താണ്ഡവനൃത്തമോ എന്നാണെങ്കിൽ അതല്ല, അതിനെപ്പറ്റിയുള്ള ചർച്ച എന്നുത്തരം. അത് താഴെക്കാണും വിധം)
പാലക്കാടൻ രാമകൃഷ്ണൻ കോഴിക്കോടൻ രാജീവിനോട് ചോദിക്കുന്നു:
ഈ താണ്ഡവനൃത്തം താണ്ഡവനൃത്തം ച്ചാ എന്താറിയ്യോ?
അന്നേരം രാജീവിന്റെ മറുചോദ്യം: അല്ലാ, ഈ ആണ്ടവൻ ആണ്ടവൻ ന്നു പറഞ്ഞാ എന്താണെന്ന്  ങ്ങ് ക്കറിയില്ല?
-അതറിയാം. ആണ്ടവൻ സമം ആണ്ടുപോയവൻ
വേണുവിന്റെ ഇടപെടൽ: ദെന്തൂട്ടാ ഈ പറയണെ? താണ്ഡവനൃത്തോം ആണ്ടവനും തമ്മിലെന്താ ബന്ധം? താണ്ഡവനൃത്തത്തിലെ ണ്ഡ യല്ല ആണ്ടവനിലെ ണ്ട.
അപ്പോൾ എസ്സൊയുടെ ചോദ്യം: പിന്നെ ഏത് നൃത്തത്തിലെയാണ്?
വന്ന ദേഷ്യമെല്ലാം കടിച്ചമർത്തി ഊരകത്തുകാരൻ പറഞ്ഞു: മണികണ്ഠനിലെ ണ്ഠ യാണ് താണ്ഡവനൃത്തത്തിലെ ണ്ഡ. നേരെ മറിച്ച് ചെണ്ടയിലെ ണ്ഡ യാണ് ആണ്ടവനിലെ ണ്ഠ.
ലേഡീസ് വെയ്റ്റിങ് റൂമിൽ നിന്ന് ഊണും ഉറക്കവും കഴിഞ്ഞ് രജനിയെത്തിയത് 
 ‘ണ്ട‘ യെച്ചൊല്ലിയുള്ള ഈ ശണ്ഠ കേട്ടുകൊണ്ടാണ്.
പുള്ളിക്കാരി ചോദിച്ചു: എന്താ എസ്സൊ ഇവിടെ ഒരു ബഹളം?
എസ്സൊ പറഞ്ഞു: ഏയ്. നാളെ റിക്രിയേഷൻ ക്ലബ്ബിൽ ആരോ താണ്ഡവനൃത്തം അവതരിപ്പിക്കുന്നുണ്ടല്ലൊ. എന്താണ് താണ്ഡവനൃത്തം എന്നതാണ് തർക്കം.
ഒരു നിമിഷം പാഴാക്കാതെ വൈയാകരണ വിദഗ്ദ്ധ പറഞ്ഞു: ഇതാണോ ഇത്ര വല്ല്യ കാര്യം? താണ്ഡവനൃത്തംന്ന് വെച്ചാ താണ്ഡവന്റെ നൃത്തം...
ഠിം! എല്ലാവരും ഫ്ലാറ്റ്!!!

No comments:

Post a Comment