rajasooyam

Saturday, July 23, 2022

 

എസ് വി ഡീയെന്നെ

മിടുമിടുക്കനായിരുന്നു അങ്ങാടിക്കുന്ന് ഗവണ്മെന്റ് ഹൈസ്കൂളിൽ പുതുതായി നിയമനം കിട്ടിവന്ന എൽ ഡി ക്ലർക്ക് ലക്ഷ്മീകാന്ത്പ്യാരേലാൽ. അതുകൊണ്ടാണ് ഹെഡ്മാ‍സ്റ്റർ ബ്രഹ്മദത്തൻ നമ്പീശൻ അക്കൌണ്ടാപ്പീസിൽനിന്നുവന്ന ഇൻസ്പെക് ഷൻ റിപ്പോർട്ടിന് മറുപടിയെഴുതാനുള്ള ചുമതല അയാളെത്തന്നെ ഏല്പിച്ചത്.

ലക്ഷ്മീകാന്ത് പ്യാരേലാൽ രണ്ടുദിവസംകൊണ്ട് ബേക്ക്ഫയൽസ് എല്ലാം പഠിച്ച് വളരെ മിതവും ലളിതവും എന്നാൽ ഗംഭീരവുമായ ഭാഷയിൽ ഏജിയ്ക്ക് ഒരു ഡ്രാഫ്റ്റ് റിപ്ലൈ എഴുതി എച്ചെമ്മിന്റെ മേശപ്പുറത്തുവെച്ചു.

നമ്പീശൻ മാഷ് ആദ്യം ഡ്രാഫ്റ്റിലൂടെ ഒന്നു കണ്ണോടിച്ചു. പിന്നെ അത് മനസ്സിരുത്തി കൂലങ്കഷായമായി വായിച്ചു. അനന്തരം കണ്ണടയൂരി മേശപ്പുറത്തുവെച്ച് കണ്ണിലൂടെ ഒഴുകുകയായിരുന്ന ആനന്ദശ്മശ്രുക്കൾ തുടച്ചു. മുപ്പതുവർഷത്തെ സർവീസിനിടയിൽ മാഷ് ആദ്യമായിട്ടാണ് ഇത്രയും സ്റ്റൈലനായ ഒരു ലെറ്റർ കാണുന്നത്. “മറുപടി കലക്കീട്ട്ണ്ട്,ട്ടോ” മാഷ് ല.പ്യാ.ലാലിനെ അഭിനന്ദിച്ചു. പിന്നെ മേശപ്പുറത്തുനിന്ന് പച്ചമഷിയുള്ള പെന്നെടുത്ത് ഡ്രാഫ്റ്റിൽ എന്തോ ചെറിയ മിനുക്കുപണി നടത്തിയശേഷം ഒപ്പിട്ട് അത് ലാലിന് കൈമാറി. സീറ്റിൽ ചെന്നിരുന്ന് ടൈപ്പ് ചെയ്യുമ്പോളാണ് ഡ്രാഫ്റ്റിൽ എച്ച് എം വരുത്തിയ കറക് ഷൻ ലക്ഷ്മികാന്ത് പ്യാരേലാൽ ശ്രദ്ധിച്ചത്. ഇൻ വ്യൂ ഓഫ് ദ എബൌ എക്സ്പ്ലനേഷൻ ഐ റിക്വസ്റ്റ് ദാറ്റ് ദ ഒബ്ജെക് ഷൻ മെ പ്ലീസ് ബി ഡ്രോപ്പ്ഡ് എന്നായിരുന്നു ലാൽ എഴുതിയിരുന്നത്. പക്ഷേ ഇപ്പോൾ ഡ്രോപ്പ്ഡിനുശേഷം എച്ച് എം പുതിയൊരു വാക്ക് എഴുതിച്ചേർത്തിരിക്കുന്നു: എസ് വി ഡി എൻ എ എന്നാണ് സ്പെല്ലിങ്ങ്.

എന്താണീ എസ് വി ഡി എൻ എ? എത്ര ആലോചിച്ചിട്ടും ല.പ്യാ.ലാലിന് അത് പിടികിട്ടിയില്ല. എച്ച് എമ്മിനൊട് ചോദിച്ചാലോ എന്ന് പലവട്ടം ആലോചിച്ചു. പിന്നെ അത് വേണ്ടെന്നുവെച്ചു. പിന്നീടൊരിക്കലാവാമെന്നുവെച്ചു. തൽക്കാലം അത് അങ്ങനെതന്നെ ടൈപ്പ് ചെയ്ത് ഫെയർ കോപ്പി ഒപ്പിടുവിച്ച് അയയ്ക്കുകയും ചെയ്തു.

എങ്കിലും ഊണിലും ഉറക്കത്തിലും ല.പ്യാ.ലാലിന് ഒരേ ചിന്തയായിരുന്നു: എന്തായിരിക്കും ഈ എസ് വി ഡി എൻ എ?

 

മാസമൊന്നു കഴിഞ്ഞു. പാരാഡ്രോപ്പിങ്ങിന്റെ സീസണാവാത്തതുകൊണ്ടോ ടാർജെറ്റെല്ലാം അച്ചീവ് ചെയ്തുകഴിഞ്ഞതുകൊണ്ടോ എന്തോ അക്കൌണ്ടാപ്പീസിൽനിന്ന് മറുപടിയൊന്നും കണ്ടില്ല. ഒരു ദിവസം ലക്ഷ്മികാന്ത് പ്യാരേലാൽ നമ്പീശൻ മാഷിനോട് ചോദിച്ചു: മാഷേ നമുക്ക് ഏജിക്ക് ഒരു റിമൈൻഡർ അയച്ചാലോ?

“ശെരി. ഒരു ഡ്രാഫ്റ്റെഴുതി വെയ്ക്കൂ” മാഷ് പറഞ്ഞു.

ലാൽ ഡ്രാഫ്റ്റെഴുതി. മുമ്പയച്ച കത്തിന്റെ നമ്പർ ക്വോട്ട് ചെയ്തു. അതിൽ പറഞ്ഞിരുന്ന കാര്യങ്ങൾ ചുരുക്കിയെഴുതി. ഒടുവിൽ ഇങ്ങനെ അവസാനിപ്പിച്ചു: ഇറ്റ് മെ പ്ലീസ് ബി ഇന്റിമേറ്റെഡ് വെദെർ ദ എക്സ്പ്ലനേഷൻ ഫർണിഷ്ഡ് ബൈ ദിസ് ഓഫീസ് ഹേസ് ബീൻ ആക്സെപ്റ്റെഡ് ആൻഡ് ദ ഒബ്ജെക് ഷൻ ഡ്രോപ്പ്ഡ്.

ഡ്രാഫ്റ്റ് എച്ച് എമ്മിന്റെ മേശപ്പുറത്തുവെച്ച് ലാൽ ടോയ്ലെറ്റിൽ പോയി. തിരിച്ചുവന്നപ്പോഴേക്കും ഫയലും തിരിച്ചുവന്നിരുന്നു.

അത്ഭുതമെന്നു പറയട്ടെ, എച്ച് എം അതിലും ഡ്രോപ്പ്ഡിനു ശേഷം എസ് വി ഡി എൻ എ എന്ന് എഴുതിച്ചേർത്തിരുന്നു!

ഇത്തവണ എന്തായാലും ഡൌട്ട് ക്ലിയർ ചെയ്യുകതന്നെ. ഡ്രാഫ്റ്റുമായി എച്ച് എമ്മിന്റെ മുറിയിൽ ചെന്ന് ല.പ്യാ.ലാൽ ചോദിച്ചു: മാഷേ എന്താണീ എസ് വി ഡി എൻ എ? എനിയ്ക്കത് മനസ്സിലായില്ല.

രാവിലെ മുതൽ വായിലിട്ട് ചപ്ലിച്ചുകൊണ്ടിരുന്ന താമ്പൂലം സൈഡിലിരുന്ന കോളാമ്പിയിലേക്ക് തുപ്ലിച്ചുകൊണ്ട് ഒരു കള്ളച്ചിരി പാസ്സാക്കി നമ്പീശൻ പറഞ്ഞു: വാസ്തവം പറഞ്ഞാ എനിക്കും അതത്ര നിശ്ശല്ല്യ. ഒബ്ജെക് ഷൻ ഡ്രോപ്പ് ചെയ്തുകൊണ്ട് അക്കൌണ്ടാപ്പീസീന്ന് വരാറുള്ള കത്തുകളിൽഎല്ലാം അങ്ങനെ കാണാറുണ്ട്. അതായത് ഒബ്ജെക് ഷൻ ഹേസ് ബീൻ ഡ്രോപ്പ്ഡ് എസ്  വി ഡി എൻ എ എന്ന്. ഏതായാലും രണ്ടിലൊന്ന് തീർച്ച. ഒന്നുകിൽ ഇംഗ്ലീഷ് വ്യാകരണവിധി പ്രകാരം ഡ്രോപ്പിങ്ങിന് തനിച്ച് നിൽക്കാൻ പറ്റ്ല്ല്യ. ലുക്കിന്റു, റെഫെർ ടു എന്നൊക്കെ പറയുമ്പോലെയുള്ള ഒരു പ്രയോഗമാവാം അത്. ഇനി അതല്ലെങ്കിൽ ഓഡിറ്റ് ഡിപ്പാർട്ട്മെന്റിലുള്ള ഹൈലി ടെക്നിക്കൽ ആയ എന്തോ സംഗതിയാവും.

(നോക്കണേ ‘സബ്ജെക്റ്റ് റ്റു വെരിഫിക്കേഷൻ ഡ്യൂറിംഗ് നെക്സ്റ്റ് ഓഡിറ്റ്‘ അബ്രീവിയേറ്റ് ചെയ്യുന്നതുകൊണ്ടുണ്ടാവുന്ന ഒരോരോ യോർക്കറുകൾ! ഫ്ലിപ്പറുകൾ!! ഗൂഗ്ലികൾ!!!)

 

No comments:

Post a Comment