rajasooyam

Thursday, September 4, 2025

 

രണ്ട് തിരുമേനിമാര്‍

 

1-   വിജയരഹസ്യം

മകന്‍റെ കല്യാണത്തിന്‌ തമ്മില്‍ കണ്ടപ്പോള്‍ ബിആര്‍ സുകുമാരന്‍ തിരുമേനിയോട് ചോദിച്ചു:

-സുധ ടീച്ചറുടെ യൂട്യൂബ് ചാനല്‍ അടിപൊളിയായി പോകുന്നുണ്ടെന്ന് കേട്ടല്ലൊ. എന്താണതിന്‍റെ വിജയരഹസ്യം?

-സത്യം പറഞ്ഞാ എനിക്കറിയില്ല. ഞാന്‍ അതിന്‍റെ ഒരു കാര്യത്തിലും എടപെടാറില്ല്യ.

അന്നേരം ഇത് കേട്ടുകൊണ്ടിരുന്ന ആര്‍ കണ്ണന്‍ പറയുകയാണ്‌: ഇപ്പൊ ബിആറിന്‌ മനസ്സിലായില്ലേ അതിന്‍റെ വിജയരഹസ്യം?!!!

 

2-   ഡിമാന്‍റ്

കല്യാണാലോചനയുമായി സാവീടെ വീട്ടീന്ന് വന്നവര്‍ എന്‍ബീടെ വീട്ടുകാരോട് ചോദിച്ചു: നിങ്ങള്‍ക്ക് പ്രത്യേകിച്ച് ഡിമാന്‍റ് എന്തെങ്കിലുമുണ്ടോ?

വീട്ടുകാര്‍ എന്‍ ബിയുടെ മുഖത്തേക്ക് നോക്കി.

എന്‍ ബി പറഞ്ഞു: ച്ചാല്‍ കല്യാണച്ചടങ്ങുകള്‍ 3 മിനിറ്റിനുള്ളില്‍ തീര്‍ക്കണം!!!

 

കല്യാണ മേളം

സുകുമാരന്‍ തിരുമേനീടെ മകന്‍റെ കല്യാണത്തിന്‍റെ തലേ ദിവസം ഇരിക്കപ്പൊറുതിയില്ലാതെ ഓടി നടക്കുകയാണ്‌ സുധട്ടീചര്‍. എങ്ങനെ ഇരിപ്പുറയ്ക്കാനാണ്‌? എന്തെല്ലാം കാര്യങ്ങള്‍ ഒരുക്കണം. അതിനിടയില്‍ കല്യാണ മേളം തുടങ്ങീ എന്ന കൈകൊട്ടിക്കളിപ്പാട്ടും ചിട്ടപ്പെടുത്തണം. തന്‍റെ തിരക്കുകളെപ്പറ്റി ആരോട് പരാതി പറയാനാണ്‌? പുറത്തുള്ളാളാണെങ്കില്‍ കരിങ്കല്ലിന്‌ കാറ്റു പിടിച്ചപോലെ ഒരേയിരിപ്പാണ്‌. ആരുടേയോ കല്യാണം ആരൊക്കെയോ കൂടി നടത്തുന്നു എ.മ (എന്ന മട്ടില്‍). ഒടുവില്‍ ഗത്യന്തരമില്ലാതെ ടീച്ചര്‍ പറഞ്ഞു;

-അതേയ്, തിരുമേനി ഇങ്ങനെയായാല്‍ പറ്റില്ല. ഏതെങ്കിലും കാര്യത്തിന്‍റെ ചുമതല ഏറ്റെടുക്കണം.

-പറഞ്ഞോളൂ. ചുമതല പറഞ്ഞോളൂ. ഞാന്‍ റെഡി.

-നാളെ രാവിലെ കല്യാണഹാളില്‍ നേരത്തെയെത്തുന്നവര്‍ക്ക് ബ്രെയ്ക്ക്ഫാസ്റ്റ് കൊടുക്കണ്ടേ. അതിന്‍റെ ചാര്‍ജെങ്കിലും ഒന്നേറ്റെടുക്ക്വോ?

-ഓ. അതിനാണോ വെഷമം? അത് ഞാന്‍ ഏറ്റു.

സുകുമാരന്‍ ഉടന്‍ മൊബൈലെടുത്ത് 9447407265 ഡയല്‍ ചെയ്തു.----

-ഹലോ, എന്‍ ബീ

-ങ, പറഞ്ഞോളൂ

-നാളെ മോന്‍റെ കല്യാണാണെന്നറിയാലോ

-അറിയാലോ

-ഞാന്‍ അസാരം തെരക്കിലാണെന്നറിയാലോ

-അതുമറിയാം

-രാവിലെ ഹാളില്‍ നേരത്തെയെത്തുന്നവര്‍ക്ക് ബ്രെയ്ക്ക്ഫാസ്റ്റ് കൊടുക്കണമല്ലൊ. അതിന്‍റെ ചുമതല എന്‍ ബി ഏറ്റാല്‍ തരക്ക്ട്ല്യ.

-അത് ഞാനേറ്റു.

അങ്ങനെ സുകുമാരന്‍ തന്‍റെ തോളില്‍നിന്ന് വലിയൊരു ഭാരമെടുത്ത് എന്‍ ബി യുടെ തോളില്‍ വെച്ചു.

പിറ്റേന്ന് കൃത്യം 8 മണിക്കുതന്നെ ബ്രെയ്ക്ക്ഫാസ്റ്റ് കൊടുത്തുതുടങ്ങി. എല്ലാത്തിനും മേല്‍നോട്ടം വഹിക്കാന്‍ എന്‍ ബി ഹാജരുണ്ട്. എന്നാലും അവിടത്തെ കാര്യങ്ങളൊക്കെ ഒന്ന് നോക്കിവരാന്‍ പറഞ്ഞ് ടീച്ചര്‍ പൊറത്തുള്ളാളെ അകത്തേക്കയച്ചു. സുകുമാരന്‍ അവിടെയെത്തുമ്പോള്‍ സമയം 8 മണി കഴിഞ്ഞ് 3 മിനിറ്റ്. എന്‍ ബിയെ പക്ഷേ അവിടെയെങ്ങും കണ്ടില്ല! പലരോടും ചോദിച്ചു. എല്ലാവരും പറഞ്ഞു: ദേ, അല്‍പം മുമ്പ് ഇവിടെയുണ്ടായിരുന്നു....

അന്നേരമാണ്‌ ബ്രെയ്ക്ക്ഫാസ്റ്റിന്‍റെ മണം പിടിച്ച് ആര്‍ കണ്ണന്‍ അവിടെയെത്തുന്നത്. സുകുമാരന്‍ കണ്ണനോട് പറഞ്ഞു:

-കണ്ണാ, എന്‍ ബിയ്ക്കായിരുന്നു ബ്രെയ്ക്ക്ഫാസ്റ്റിന്‍റെ ചാര്‍ജ്. അല്‍പം മുമ്പ് ഇവിടെയുണ്ടായിരുന്നൂന്ന് എല്ലാവരും പറയണു. പക്ഷേ ഈ പരിസരത്തൊന്നും ആളെ കാണാനില്ല.

കണ്ണനിലെ ഷെര്‍ലോക്ക് ഹോംസ് ഉണര്‍ന്നു. കണ്ണന്‍ ചോദിച്ചു:

-എത്ര മണിക്കാണ്‌ ബ്രെയ്ക്ക്ഫാസ്റ്റ് തുടങ്ങിയത്?

-8 മണിക്ക്

-ഇപ്പോള്‍ സമയം എന്തായി?

-8.03 കഴിഞ്ഞു. 8.04 ലേക്ക് കടന്നു

-അപ്പൊ പേടിക്കാനില്ല. പുള്ളി വരും

-മനസ്സിലായില്ല

-അതുപിന്നെ എന്‍ ബിയ്ക്ക് 3 മിനിറ്റില്‍ കൂടുതല്‍ ഒരിടത്ത് ഇരിക്കാനോ നില്‍ക്കാനോ കിടക്കാനോ പറ്റില്ല!!!

Saturday, August 9, 2025

 അതല്ലേ കൊഴപ്പം...


വർഷങ്ങൾക്ക് മുമ്പാണ് സംഭവം.
എൻബി പരമീശൻ തിരുമേനീടെ വീടുപണി നടക്കുകയാണ്. തിരുമേനി ആപ്പീസിലെത്തിയപ്പോഴാണ് കോണ്ട്രാക്ടർ വിളിച്ചുപറയുന്നത് അന്ന് ഒരു ലോഡ്‌ മണലിറക്കുന്നുണ്ടെന്ന്.
ഇതുകേട്ടതും തിരുമേനീടെ    ഉള്ളൊന്നു കാളി. പൊന്നിനേക്കാൾ വിലയാണ് മണലിന്. ഒരു പാട്ട കളവുപോയാമതി. രുപ എത്രയാ പോവ്വാ.
അങ്ങനെ ചിന്തിച്ചുചിന്തിച്ച് കുന്തിച്ചിരിക്കുമ്പോഴാണ് ശ്രീകുമാറിന്റെ വരവ്. തിരുമേനീടെ പുറത്തുതട്ടിക്കൊണ്ട് ശ്രീകുമാർ പറഞ്ഞു: അതേയ്. ഇന്ന് ഉച്ചക്ക് ജനറൽ ബോഡീണ്ട്. വരണം.
തലയിൽ കൈവെച്ചുകൊണ്ട് തിരുമേനി പറഞ്ഞു: അയ്യോ. ഇന്ന് പറ്റ്ല്ല്യ. എനിക്ക് ഉടനേ പോണം. അവിടെ ഇപ്പൊ മണലെറക്കീട്ട്ണ്ടാവും.
അതിനെന്താ എൻബീ. നിങ്ങടെ അയൽവാസി കണ്ണൻ ഇന്ന് ലീവല്ലേ. അയാൾ അവിടെയുണ്ടല്ലോ. പിന്നെന്താ കൊഴപ്പം?
-ങ! അതല്ലേ കൊഴപ്പം  !!!

              ഏതാണ്ട്  ഇതിന് സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. കോൺഫെഡറേഷന്റെ വനിതാസമ്മേളനത്തിന് ആളെപ്പിടിക്കാൻ നടക്കുകയാണ് ശ്രീകുമാറും സംഘവും. മിസിസ് ബിആറിന്റെ അടുത്തെത്തിയപ്പോൾ ഏതോ വെളിപാടുകൊണ്ടെന്നപോലെ ശ്രീകുമാർ പറഞ്ഞു: അതേയ് നാളെ,ശനിയാഴ്ച്ചഎൻജിഒ യൂണിയൻ ഹാളിൽ കോൺഫെഡറേഷന്റെ ഒരു വനിതാസമ്മേളനമുണ്ട്. ഒന്നു വന്നിട്ട് പോണം.
  (ഇയാൾ ഇത്രയ്ക്ക്  മണ്ടനാണെന്നു ബിആർ കരുതിയിരുന്നില്ല!)
തെല്ലുനേരം അന്തം വിട്ടിരുന്നുപോയ ശ്രീമതി സമചിത്തത വീണ്ടെടുത്തശേഷം പറഞ്ഞു:
നാളെ ഒരു പ്രശ്നണ്ട്. വീട്ടിലെ പണിക്ക് സെർവന്റ് വരണ ദിവസാണ്.
മാർക്സിസം-ലെനിനിസത്തിൽഏത് പ്രശ്നത്തിനാണ്
പരിഹാരമില്ലാത്തത്?
സഖാവ് പറഞ്ഞു:
_അതിനെന്താ ബിആർ അവിടെയില്ലേ. പിന്നെന്താ കൊഴപ്പം?
-ങ! അതല്ലേ കൊഴപ്പം...!!!

Saturday, July 26, 2025

 കാറ്ററാക്റ്റിന്റെ ഗുണദോഷങ്ങൾ

:ബേബി രാജൻ

കാറ്ററാക്റ്റിന് ഗുണമോ?
ഇതായിരിക്കുമല്ലോ വായനക്കാരുടെ മനസ്സിൽ ആദ്യമുയരുന്ന ചോദ്യം.
ഉവ്വ്. കാറ്ററാക്റ്റിനുമുണ്ട് ചില ഗുണവശങ്ങൾ. താഴെപറയുന്ന സംഭവകഥയിൽ നിന്ന് അത് വ്യക്തമാകും:

അന്നു രാവിലെ സുപ്രഭാതകൃത്യങ്ങൾക്കുശേഷം പ്രാതൽ കഴിച്ചുകൊണ്ടീരിക്കുമ്പോൾ രവീന്ദ്രൻ സാറ്‌  സഹധർമ്മിണിയായ ഭാരതിച്ചേച്ചിയോട് പറഞ്ഞു:
-അതേയ്ഇന്നെനിക്ക് ടൌൺ വരെ ഒന്നു പോകണം
-എന്തിന്?
-ബാങ്കിൽ പോയി മസ്റ്ററിങ് നടത്തണം
-ചേട്ടൻ എന്താ ഈ പറയണേ! കാറ്ററാക്റ്റിന്റെ ഓപ്പറേഷൻ കഴിഞ്ഞിട്ട് ഒരുമാസല്ലേ ആയുള്ളൂ?
-ഒരു മാസം കഴിഞ്ഞില്ലേ. പിന്നെന്താ
-ഏയ്അതൊന്നും ശെരിയാവില്ല
-നിനക്ക് എന്തിന്റെ പേട്യാഎനിക്കിപ്പൊ ഒരു കൊഴപ്പോല്ല്യ
-അതല്ലാന്ന്. ഈ തെരക്കിന്റെടേല് ഇപ്പൊ പോണ്ട.
-എടീ മണ്ടീ. മസ്റ്ററിങ് ചെയ്തില്ലെങ്കില്  പെൻഷൻ കിട്ട്ല്ല്യ
-എന്നാപ്പിന്നെ ഞാനും കൂടെ വരാം
-എന്തിന്
-ഒരു ധൈര്യത്തിന്
            അങ്ങനെയെങ്കിൽ അങ്ങനെ എന്നും പറഞ്ഞ്  ‘കാന്താ‍..../ ഞാനും പോരാം.../തൃശ്ശൂർ.../ പൂരം കാണാ‍ൻ..’/എന്ന മൂളിപ്പാട്ടും പാടി രവീന്ദ്രൻ സാർ എഴുന്നേറ്റ് ഡ്രെസ്സ് ചെയ്യാൻ റൂമിലേക്ക് പോയി. അഞ്ച് മിനിറ്റിനകം പേന്റും കോട്ടുമിട്ട് തോൾസഞ്ചിയും തൂക്കി പുള്ളിക്കാരൻ പുറത്തുവന്നു.
പത്ത് മിറ്റിനകം ഭാരതിച്ചേച്ചിയും റെഡിയായി.
            ഡോറും പൂട്ടി രണ്ടുപേരും മുറ്റത്തെത്തിയപ്പോളാണ് ഭാരതിച്ചേച്ചി അക്കാര്യമോർത്തത്രവിയേട്ടൻ കണ്ണട വെച്ചിട്ടില്ല.
വല്യ് പ്പ്ടത്തിന്റെ വട്ടത്തിലുള്ള ചില്ലുകളോടുകൂടിയാ ആ കറുത്ത കണ്ണട വെക്കാതെ പുറത്തിറങ്ങാൻ പാടില്ലെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.
രവീന്ദ്രൻ സാറ്‌ പറഞ്ഞു: ഇനി അതിന്റെ ആവശ്യൊന്നൂല്ല്യ. നമുക്ക് പോകാം
            അത് ചെവിക്കൊള്ളാതെ ഭാരതിച്ചേച്ചി തിരിച്ചുകയറി തൊണ്ടിസാധനമെടുത്തുകൊണ്ടുവന്ന് കാന്തന്റെ മുഖത്ത് ഫിറ്റ് ചെയ്തു. അന്നേരം രവി സാറ്‌  ഉലകം ചുറ്റും വാലിബനിലെ എം ജി ആറിനെപ്പോലെയും കാവ്യമേളയിലെ പ്രേം നസീറിനെപ്പോലെയും മറ്റും ശോഭിച്ചു എന്നു പറഞ്ഞാൽ മതിയല്ലൊ!
            ആദ്യം കണ്ട വണ്ടിക്ക് കൈ കാണിച്ച് കയറി രണ്ടുപേരും ടൌണിൽ വന്നിറങ്ങി.
ബസ് സ്റ്റോപ്പിന്റെ മറുവശത്താണ് ബാങ്ക്.
റോഡ് മുറിച്ചുകടക്കണം. ( വാക്കത്തിയെടുത്തില്ലല്ലോ എന്നോർത്ത് രവിസാർ സ്വയം ചിരിച്ചു)
അതിനുവേണ്ടി കാന്തനും കാന്തയും വരയൻകുതിരവരയുടെ ഒരറ്റത്തുവന്നുനിന്നു.
നല്ല തിരക്കുണ്ടായിരുന്നു. വണ്ടികൾ തലങ്ങും വിലങ്ങും പായുന്നുണ്ട്.
കറുകറുത്ത കൂളിങ് ഗ്ളാസും വെച്ചുനിൽക്കുന്ന ചേട്ടന്റെ തൊട്ടടുത്താണ് ചേച്ചി നിലയുറപ്പിച്ചതെങ്കിലും തിരക്ക് കൂടിവന്നതോടെ ശ്രീമതി രണ്ടടി പിന്നിലായിപ്പോയി...
ജനം കൂട്ടത്തോടെ ക്രോസ്സ് ചെയ്യുകയാണ്.
പെട്ടെന്നതാ എം കൃഷ്ണൻ നായരുടെ ഭാഷയിൽ പറഞ്ഞാൽ സുന്ദരിയായ ഒരു തരുണി എവിടെനിന്നോ ഓടിവന്ന് ഞാൻ സഹായിക്കാം എന്നും പറഞ്ഞ് രവീന്ദ്രൻ സാറിന്റെ ഇടത്തേ ഉള്ളം കൈയിൽ പിടിച്ച് സീബ്രാ ലൈനിലൂടെ അദ്ദേഹത്തെ റോഡിന്റെ മറുവശത്തെത്തിക്കുന്നു!
ഏതോ സുഗന്ധവാഹിനിയായ കാറ്റിലൂടൊഴുകുന്ന അപ്പൂപ്പൻ താടിപോലെ മറുവശത്തെത്തിയ  രവി സാറ്  തിരിഞ്ഞുനോക്കുമ്പോൾ ഭാരതിച്ചേച്ചി വരയൻകുതിരവരയുടെ പാതി വരെയേ എത്തിയിട്ടുള്ളൂ...
ഞാൻ ഇവിടെയുണ്ട് എന്നറിയിക്കാനായി രവി സാർ കൈ ഉയർത്തിയതും മുൻപ് പറഞ്ഞതിനേക്കാൾ സുന്ദരിയായ മറ്റൊരു യുവതി ഓടിവന്ന്  ഐ ഷാൽ ഹെൽപ് യൂ അങ്ക്‌ൾ എന്നും പറഞ്ഞ് അദ്ദേഹത്തിന്റെ മറ്റേ കൈ പിടിച്ച് മറുവശത്തേക്ക് കൊണ്ടുപോയി!!

രവിസാറിന്റെ ഈ ക്രിസ് ക്രോസ്സിങ്ങ് കേവലം നിസ്സംഗതയോടെ നോക്കിക്കൊണ്ടു നിൽക്കാനായിരുന്നു പാവം ഭാരതിച്ചേച്ചിയുടെ വിധി!

Sunday, February 2, 2025

 

Waste !

 

ഈ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്.

ഉച്ച സമയം.

waste എടുക്കാൻ വരുന്ന ഹരിതസേന SNRA116 ന്റെ പടി കടന്നുവന്ന് വിളിച്ചുചോദിക്കുന്നു:

"ചേച്ച്യേയ്, waste ണ്ടോ?"

അടുക്കളയിൽ നിന്ന് ചേച്ചി വിളിച്ചുപറയുന്നു:

"ഉണ്ടല്ലോ. ഉമ്മറത്ത് ചാരുകസേരയിൽ വെച്ചിട്ടുണ്ട്. കൊണ്ടുപോയ്ക്കോളൂ."

ഹരിതസേന ചുറ്റും നോക്കി. അവിടെങ്ങും waste ന്‍റെ  ചാക്കോ കവറോ സഞ്ചിയോ ഒന്നും അവർ കണ്ടില്ല.

അവർ വീണ്ടും വിളിച്ചുപറഞ്ഞു:

"കസേരയിൽ കാണാനില്ലല്ലോ ചേച്ചീ. അതിൽ ചേട്ടൻ ഇരിപ്പുണ്ട്"

അന്നേരം ചേച്ചി പറയുകയാണ്:

"അതന്നെ waste!!!