rajasooyam

Saturday, April 13, 2013

കൈക്കുഴങ്ങര നന്ദ്വാര്
(ഏ ഡി രണ്ടായിരത്തില്‍ എഴുതിയത്)

എന്തിനുമേതിനും ശ്രീകുമാറിനെ അനുകരിക്കുക അരിമ്പൂരെ സ്ഥാനിനായര്‌ടെ ഒരു
വെച്ചുകെട്ടാണ്.
ഈ ഉടുത്തുകെട്ടിനെതിരെ ബിആര്‍ പലപ്പോഴും മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതാണ്:
നോക്കൂ സ്ഥാനി നായര്‍, ശ്രീകുമാര്‍ എന്നു പറയുന്നത് ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ്.
അയാളെപ്പോലെയാകാന്‍ അയാള്‍ക്കുമാത്രേ കഴിയൂ. ഓനെ അനുകരിക്കാന്‍
തുടങ്ങിയാല്‍ സ്ഥാനി ചുറ്റിപ്പോകത്തേയുള്ളൂ. അതുകൊണ്ട് അതു വേണ്ട.

എന്തുപറഞ്ഞിട്ടെന്തുകാര്യം?
എല്ലാം പച്ചവെള്ളത്തില്‍ നീളത്തില്‍ വരച്ചതുപോലായി.
ച്ചാല്‍ എല്ലാം വട്ടത്തിലായി!
ശ്രീകുമാര്‍ തോള്‍സഞ്ചിയും തൂക്കി കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിനുപോയപ്പോള്‍
സ്ഥാനിയും പിന്നാലെ പോയി.
ശ്രീകുമാര്‍ വയോജനങ്ങളെ സാക്ഷരത പഠിപ്പിക്കാന്‍ പോയപ്പോള്‍
സ്ഥാനിയും പിന്നാലെ പോയി.
ശ്രീകുമാര്‍ അസോസിയേഷനില്‍ സജീവനായപ്പോള്‍
സ്ഥാനിയും സജീവനായി.
        സാക്ഷാല്‍ മന്നത്ത് പദ്മനാഭന്‍ വിചാരിച്ചാല്‍ പോലും  ഈ നായര് ഈ ജന്മം
നന്നാവാന്‍ പോണില്ല. ഈ നായരും നായിന്റെ വാലും ഒരേ കണക്കാണ്:
ബിആര്‍ വിധിയെഴുതി.

ബിആറിന്റെ വിധി തെറ്റായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഏറ്റവുമൊടുവിലത്തെ
സമ്പവം.
അന്ന് രാവിലെ ബിആര്‍ ആപ്പീസിലെത്തിയപ്പോള്‍ സ്ഥാനിനായര്‍ക്ക് എന്തോ അപകടം പറ്റി ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു എന്ന വാര്‍ത്തയാണ് എതിരേറ്റത്.
കേട്ടപാതി ബിആര്‍ ആസ്പത്രിയിലേക്കോടി.
ചെന്നുകണ്ടപ്പോള്‍ പക്ഷേ സമാധാനമായി.
കിടക്കയില്‍ ചുമരും ചാരിയിരിപ്പാണ് നായര്‍.
എംടിയുടെയാണെന്നുതോന്നുന്നു, ഒരു ചെറുപുഞ്ചിരി ആ മുഖത്ത് വിളയാടുന്നുണ്ട്.
ഇടതുകൈ ഒരു ചരടുവഴി കഴുത്തില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.
ബിആര്‍ ചോദിച്ചു:
-ആക്ച്വലി എന്താണുണ്ടായത് നായര്‍ജീ?
-ഒരു ചെറിയ മല്‍പ്പിടുത്തം
-ഹെന്ത്? ആരുമായിട്ടെവിടെവെച്ചെന്തിന്?
-ബസ്സില്‍വെച്ച് ഒരുത്തന്‍ എന്റെ പോക്കറ്റടിച്ചു. ഞാന്‍ കൈയോടെ പിടിച്ചു.
-എന്നിട്ട്?
-അവന്‍ കുതറിയോടി. എന്റെ കൈയുടെ സാമഗ്രി തെറ്റി!
-കൈയുടെ സാമഗ്രിയോ?
-അതെ. ബിആര്‍ ആര്‍ക്കിമെഡീസ് പ്രിന്‍സിപ്പ്ള്‍ പഠിച്ചിട്ടില്ലല്ലേ.
-പണ്ട് പഠിച്ചിരുന്നു. ഇപ്പൊ മറന്നുപോയി.
- ങ. എനിക്കതങ്ങനെ മറക്കാന്‍ കഴിയില്ല.
-പ്രത്യേകിച്ച് കാരണമെന്തെങ്കിലും?
-ഉണ്ടല്ലൊ. ആര്‍ക്കിമെഡീസ് പ്രിസിപ്പ്‌ളും അത് പ്രൂവ് ചെയ്യുന്നതിനുള്ള പരീക്ഷണവും പറഞ്ഞുതന്നതിന്റെ പിറ്റേന്ന് മാഷ് എന്നോടൊരു ചോദ്യം: സാമഗ്രി എന്നാല്‍ എന്ത്?
ചോദ്യം കേട്ട് ഞാന്‍ അന്തംവിട്ട് നിന്നുപോയി.
അന്നേരം മാഷ് എന്റെ ചെവി പിടിച്ച് തിരുമ്മി പൊന്നാക്കിക്കൊണ്ട് ടെക്സ്റ്റ് നിവര്‍ത്തി
നിറുത്തിനിറുത്തി ഇങ്ങനെ വായിച്ചു:
'' ആര്‍ക്കിമെഡീസ് പ്രന്‍സിപ്പ്ള്‍ തെളിയിക്കുന്നതിനുള്ള പരീക്ഷണം. ഒരു സോക്കറ്റും
അതില്‍ കൃത്യമായി പാകമാവുന്ന ഒരു സിലിണ്ടറുമടങ്ങിയതാണ് സാമഗ്രി'' !
-സ്ഥാനി പറഞ്ഞുവരുന്നത്...
-അതെ. മല്‍പ്പിടുത്തത്തില്‍ എന്റെ കൈയിന്റെ സാമഗ്രി, ച്ചാല്‍ സോക്കറ്റും സിലിണ്ടറും, ച്ചാല്‍ കൈക്കുഴ സ്ഥാനം തെറ്റി!
-വാട്ടെ പിറ്റി! ഒന്നാലോചിച്ചാല്‍ അത്രയല്ലേ പറ്റിയുള്ളൂ എന്ന് സമാധാനിക്കാം. ആട്ടെ
എന്തിനാണ് അയാളെ തടുത്തുനിര്‍ത്താന്‍ നോക്കിയത്? അയാള്‍ വല്ല വസീം അക്രമോം കാണിച്ചിരുന്നെങ്കിലോ? കൈ മൊത്തം പറിച്ചോണ്ടുപോയിരുന്നെങ്കിലോ? ആകെ
വൃത്തികേടായേനില്ലേ?
-ഇപ്പോള്‍ അങ്ങനെ തോന്നുന്നുണ്ടെങ്കിലും അപ്പോള്‍ അങ്ങനെ തോന്നിയില്ല. ഷര്‍ട്ടിന്റെ
പോക്കറ്റിലുണ്ടായിരുന്ന 300 രൂപയാണ് ഓന്‍ അടിച്ചുമാറ്റിയതേയ്. പാന്റിന്റെ പോക്കറ്റില്‍വേറൊരു 2700 രൂപ കൂടിയുണ്ടായിരുന്നു. അതും കൂടി അടിച്ചോളാന്‍ പറയാന്‍
വേണ്ടിയാണ് പിടിച്ചുനിര്‍ത്താന്‍ നോക്കിയത്. പക്ഷേ പറ്റിയില്ല. പഹയന്‍
കുതറിയോടിപ്പോയി.! ഊ...യെനിക്കെന്റെ കൈ തരിക്കുന്നു....
-എനിക്കെന്റെ തല പെരുക്കുന്നു!
-അതെന്തിന്?
-സ്ഥാനി പറയണത് എനിക്ക് തീരെ മനസ്സിലാവണ്  ല്ല്യ. അതുതന്നെ കാരണം.
 300 രൂപ പോക്കറ്റടിച്ചവനോട്  2700 കൂടി അടിച്ചോളാന്‍ പറയുക! എന്തായിത് ദേവലോകം?
        അന്നേരം ഒട്ടും കൂസലില്ലാതെ നന്ദ്വാര് പറയുകയാണ്:
-അതുപിന്നെ കഴിഞ്ഞദിവസം ശ്രീകുമാറിന്റെ കയ്യീന്ന് പോക്കറ്റടിച്ചുപോയത് 3000 രൂപയാണ് !!!


3 comments:

  1. തൊടക്കം വെടിക്കെട്ടോടെ !!! പരിണാമ ഗുസ്തി (?) ഒട്ടും മോശമായില്ല !!! അഭിനന്ദനങ്ങല് ബി. ആര്

    ReplyDelete
  2. അൽപ്പം കൂടിപ്പോയില്ലേയെന്നു ഒരു സംശയം.കഥയിൽചോദ്യം പാടില്ലെന്ന് പറയാമല്ലോ !

    ReplyDelete