rajasooyam

Saturday, April 6, 2013

ബൂമെറാങ്ങ്

1996-ലെ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയതിന്റെ പിറ്റേന്ന്
കൊച്ചുവെളുപ്പാന്‍ കാലത്താണ് സംഭവം.
വിശാലമായ ചെങ്കോട്ട മൈതാനം.
ചുവപ്പു കൊടികളാലും തോരണങ്ങളാലും മൈതാനം മുഴുവനായി മോടി പിടിപ്പിച്ചിട്ടുണ്ട്.
മൈതാനത്തിന്റെ ഈശാനകോണില്‍ പടുകൂറ്റന്‍ സ്റ്റേജ്.
സ്റ്റേജിനുമുന്നില്‍ പൂഴിയിട്ടാല്‍ നിലത്തുവീഴാത്തത്ര പുരുഷാരം.
ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്ത്, ഈഎംഎസ്, ജ്യോതിബാസു, ശൈലേന്‍ ദാസ്ഗുപ്ത,
സമര്‍ മുഖര്‍ജി എന്നിവരൊക്കെ സ്റ്റേജിന്റെ മുന്‍ നിരയിലുണ്ട്. പ്രകാശ് കാരാട്ട്,
സീതാറാം യെച്ചൂരി ബുദ്ധദേവ് ഭട്ടാചാര്യ, എം എ ബേബി എന്നിവരെ പിന്‍നിരയില്‍ വ്യക്തമായി കാണാം.
ഈഎംഎസ്-ന്റെ ചെവിയില്‍ അദ്ദേഹത്തിന്റെ അനിയനെപ്പോലെ തോന്നിക്കുന്ന ഒരാള്‍ എന്തോ മന്ത്രിക്കുന്നു. സൂക്ഷിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത്-
അത് ടി.നാരായണന്‍ മാഷായിരുന്നു!
നമ്പിരാജന്‍ പ്രകാശ് കാരാട്ടിന്റെ കൈയില്‍ എന്തോ കൊണ്ടുകൊടുത്തിട്ട്
തിരിച്ചുപോകുന്നു. മുറുക്കാന്‍ പൊതിയായിരിക്കണം.
സീതാറാം യെച്ചൂരി വേദിയില്‍ നിന്ന് എണീറ്റ് പുറകില്‍ ചെന്ന്
വി എന്‍ കൃഷ്ണന്‍കുട്ടി നായരെ കെട്ടിപ്പിടിച്ച് കുശലം പറയുന്നു.
ആകപ്പാടെ ഒരു ഉത്സവാന്തരീക്ഷം തന്നെ.
അതാ പ്രസിഡണ്ടിന്റെ ആഗമനമറിയച്ചുകൊണ്ടുള്ള ബാന്റ്‌മേളം തുടങ്ങുകയായി.
സുരക്ഷാഭടന്മാരുടെ അകമ്പടിയോടെ മന്ദമന്ദം പ്രസിഡണ്ട് വേദിയില്‍ പ്രവേശിച്ചു.
പിന്നെ അദ്ദേഹം ജ്യോതിബാസുവിന്റെ വലതുഭാഗത്ത് കിടന്നിരുന്ന ഒഴിഞ്ഞ
കസേരയിലിരുന്നു.
അതെ ആ ചരിത്രമുഹൂര്‍ത്തം സമാഗതമാവുകയാണ്.
സുവര്‍ണ്ണബംഗാളിന്റെ വീരപുത്രന്‍ സഖാവ് ജ്യോതിബാസു ഇന്ത്യാമഹാരാജ്യത്തിന്റെ
പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുകയാണ്!
പ്രസിഡണ്ട് എണീറ്റുനിന്ന് കൈലിരുന്ന കടലാസില്‍ നോക്കി സാവധാനം
പറഞ്ഞുകൊടുത്തൂ; ഐ,.......
ജ്യോതിബാസു ഏറ്റുപറഞ്ഞു: ഐ, ജ്യോതിബാസു....
സത്യപ്രതിജ്ഞ കഴിഞ്ഞതും കാതടപ്പിക്കുന്ന കരഘോഷമായിരുന്നു.
പിന്നെ തൃശ്ശൂപ്പൂരത്തിന്റെ വെടിക്കെട്ടിനെ വെല്ലുന്ന കരിമരുന്നു പ്രയോഗം. ഏതാണ്ട്
ഒരുമണിക്കൂറോളം നീണ്ടുനിന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഗുണ്ടുകളുടെ ശബ്ദം
നേര്‍ത്തുനേര്‍ത്തുവന്ന് ഡുംഡുംഡുംഡും എന്നായി. വിരല്‍തുമ്പുകൊണ്ട് 
കതകില്‍ മുട്ടുമ്പോലെ...
അല്ലാ, അത് ആരോ വാതില്‍ക്കല്‍ മുട്ടുന്നതുതന്നെയല്ലേ...സഖാവേ സഖാവേ എന്ന് വിളിക്കുന്നുമുണ്ട്....നല്ല പരിചയമുള്ള ശബ്ദം.
അപ്പോള്‍ മാത്രമാണ് താന്‍ അതുവരെ കണ്ടോണ്ടിരുന്നത് വെറും സ്വപ്നമായിരുന്നു
എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സഖാവ് ശ്രീകുമാര്‍ ഉണരുന്നത് !
ശ്രീമാന്‍ കതകുതുറന്നുനോക്കുമ്പോള്‍ ശപ്രത്തലമുടിയും ശിപ്രത്താടിയും
ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി നേരെ മുന്നില്‍ നിക്കുന്നു സാക്ഷാല്‍ സിപ്രന്‍!
ഞെട്ടലില്‍ നിന്ന് വിമുക്തനായപ്പോള്‍ ശ്രീകുമാര്‍ ചോദിച്ചു:
-എന്താ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്?
-മുഖവുരയെഴുതാന്‍ സമയമില്ല. നമുക്ക് ഉടന്‍ പോലീസ് സ്റ്റേഷന്‍ വരെ ഒന്നു പോണം.
        ആകപ്പാടെ പകച്ച മട്ടിലാണ് സിപ്രന്റെ സംസാരം.
-എന്താ, എന്താണുണ്ടായത്?
-അമ്മായീടെ വീട്ടില് കള്ളന്‍ കേറി.
-ഗള്‍ഫീപ്പോയ അമ്മായീടെ വീട്ടിലോ?
-അതെ
-കഷ്ടായി. എന്തൊക്കെ നഷ്ടപ്പെട്ടു?
-കിണ്ടി,കിണ്ണന്‍,കോളാമ്പി, ഓട്ടുരുളി, നിറപറ,നിലവിളക്ക്, ചുറ്റുവിളക്ക്....
-മതി മതി. പോവാം പോവാം.
        പോലീസ് സ്റ്റേഷന്റെ പടി കയറിച്ചെല്ലുമ്പോഴേക്കും നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലങ്ങളെല്ലാം അറിഞ്ഞുകഴിഞ്ഞിരുന്നു.
എസ് ഐ സ്ഥലത്തില്ല. എ എസ് ഐ ക്കാണ് ചാര്‍ജ്.
ശ്രീകുമാറിനെ കണ്ടയുടന്‍ പതിവില്ലാത്തവിധം എ എസ് ഐ സല്യൂട്ടടിച്ചു:
-ലാല്‍ സലാം സഖാവേ, സഖാവിന്റെ കാര്യം ഞാന്‍ ഇപ്പോള്‍ ഓര്‍ത്തതേയുള്ളൂ.
-എന്താണ് സാര്‍ ഇപ്പോള്‍ എന്നെ ഓര്‍ക്കാന്‍?
(എന്തേ കുഞ്ഞേടുത്തി ഇത്രയോര്‍ക്കാന്‍?
എന്തേ ഓര്‍ത്തു മിഴി നിറക്കാന്‍?)
-അതോ, അന്നക്കുട്ടീടേ കര്യമോര്‍ത്തപ്പൊ സഖാവിനെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല്യ
        ശ്രീകുമാര്‍ ഞെട്ടിത്തിരിഞ്ഞ് പ്രഭാകരനെ നോക്കി. സിപ്രന്റെ കണ്ണുകളില്‍
ഹമ്പട കള്ളാ എന്ന ഭാവം.
അതുകണ്ട് വിറളിപ്പോയ ശ്രീകുമാര്‍ ചോദിച്ചു:
-ആരാണ് സാര്‍ അന്നക്കുട്ടി?
-എന്റെ വൈഫാണ്. ഇവിടെ സെന്റ് ആന്റണീസ് യു.പി.സ്‌കൂളില്‍ ടീച്ചറാണ്.
ഒരു എന്‍ ആര്‍ എ അപ്പ്‌ളിക്കേഷന്‍ നിങ്ങള്‍ടെ ആപ്പീസിലേക്കയച്ചിട്ട് മാസം ആറായി.
                            ഇതു കേട്ടതും സിപ്രന്‍ ചാടിപ്പറഞ്ഞു:
-സാറെ, അതിന്‍് പ്രൈവറ്റ്സ്‌കൂളുകാര്‌ടെ പി എഫ് ഞങ്ങള്‍ടെ ആപ്പീസില്‍....
       മുഴുമിപ്പിക്കുന്നതിനുമുമ്പ് ശ്രീകുമാര്‍ ലാടന്‍ തറച്ച ചെരിപ്പുകൊണ്ട്
എ എസ് ഐ കാണാതെ സിപ്രന്റെ തള്ളവിരലില്‍ അമര്‍ത്തിയൊരു
ചവിട്ടുകൊടുത്തു.
മിണ്ടിപ്പോകരുത് എന്നായിരുന്നു അതിന്റെ അര്‍ത്ഥം.
സിപ്രന്റെ കണ്ണില്‍നിന്ന് ഒരു പൊന്നീച്ച പറന്നുപോയി.
ശ്രീകുമാര്‍ പറഞ്ഞു:
-അത് ഞാന്‍ സെക് ഷനില്‍ പറഞ്ഞ് ശെരിയാക്കാം സാര്‍. പിന്നെ ഞാന്‍ ഇപ്പൊ
 വന്നത്...
-ങ. അത് പറഞ്ഞില്ലല്ലൊ
-ഒരു കളവ് കേസുണ്ടായിരുന്നു
-സഖാവിന്റെ വീട്ടിലാണോ?
-അല്ല. ഇയാള്‍ടെ അമ്മായീടെ വീട്ടിലാണ്.
-ഇയാള്‍?
        എ എസ് ഐ സിപ്രന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. പിന്നെ ചിരിച്ചില്ലെന്നുവരുത്തി.
-സിപ്രന്‍. എന്റെ ഒരു കൊളീഗാണ് സാര്‍
-ആട്ടെ. എപ്പോഴായിരുന്നു സംഭവം?
-ഇന്നലെ രാത്രിയിലാണ്
-എന്തൊക്കെയാണ് മോഷണം പോയിരിക്കുന്നത്?
         പോക്കറ്റില്‍നിന്ന് ഒരു കടലാസ് കഷണമെടുത്ത്     സിപ്രന്‍ വായിച്ചു;
-കിണ്ടി,കിണ്ണന്‍,കോളാമ്പി,നിറപറ,അവില്‍പറ,മലര്പറ,നിലവിളക്ക്,ചുറ്റുവിളക്ക് ഇത്യാദി
-ഇത്യാദിയോ?
-അതെ സാര്‍
ആയത് ക്രിസ്തുവിനുപിമ്പ് നിലവിലുണ്ടായിരുന്ന വല്ല വെള്ളോട്ടുപാത്രവുമായിരിക്കുമെന്ന് മനസ്സില്‍ നിരൂപിച്ച്
എ എസ് ഐ സിപ്രനോട് പറഞ്ഞു:
-ശെരി. താന്‍ പോയി ഒരു പായ കടലാസും ഒരു ലെക്‌സി പേനയും വാങ്ങിച്ചോണ്ടുവാ. എന്നിട്ട് ഇപ്പൊത്തന്നെ ഒരു പെറ്റീഷനെഴുതി താ, പേനയടക്കം
                   സിപ്രന്‍ ശീഘ്രം പോയി ക്ഷിപ്രം തിരിച്ചുവന്ന് പരാതിയടക്കം പേന എ എസ് ഐ ക്ക് സമര്‍പ്പിച്ചു.
സിപ്രന്റെ നൂറുമൈല്‍ സ്പീഡിലുള്ള നടത്തം കണ്ടിട്ടോ തസ്യദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപം കൊണ്ടോ എന്തുകൊണ്ടോ സിപ്രനെത്തന്നെ
നിര്‍ന്നിമേഷനായിനോക്കിനില്‍ക്കുകയായിരുന്നു അന്നേരമെല്ലാം എ എസ് ഐ......
പിന്നെ അല്പനേരം എന്തോ ആലോചിച്ചശേഷം അദ്ദേഹം ശ്രീകുമാറിനോട് പറഞ്ഞു:
-എന്നാല്‍ നമുക്ക് പോകാം സഖാവേ
-പോകാം
-പക്ഷേ വണ്ടിയില്ലല്ലൊ
-കാറ് വിളിക്കാം
        സിപ്രന്‍ കാറ് വിളിക്കാന്‍ ഓടി. അന്നേരം എ എസ് ഐ അകത്തുപോയി
മഷിയിട്ടുനോക്കാനുള്ള മഷി, വിരലടയാളം പരിശോധിക്കാനുള്ള സീല്, തൂവാല മുതലായ തൊണ്ടിസാധനങ്ങളുമായി തിരിച്ചുവന്നു. പിന്നെ ആത്മഗതമെന്നോണം അദ്ദേഹം
പറഞ്ഞു:
-പട്ടി സ്ഥലത്തില്ല
അതു കേള്‍ക്കേണ്ട താമസം സിപ്രന്‍ ചാടിവീണു.
-അത് സാരമില്ല സാര്‍. വീട്ടില്‍ രണ്ടെണ്ണമുണ്ട്. നമുക്ക് അഡ്ജസ്റ്റ് ചെയ്യാം.
        എ എസ് ഐ സിപ്രനെ ഒന്നമര്‍ത്തിനോക്കി.
-ഈ സിപ്രന്‍ ഇത് കൊളമാക്കീട്ടേ അടങ്ങൂന്നുതോന്നുന്നു
(ശ്രീകുമാര്‍ മനസ്സില്‍ പറഞ്ഞു).

കാറ് അമ്മായീടെ വീടിന്റെ പടിക്കലെത്തുമ്പോഴേക്കും എ എസ് ഐ ഒരു
പത്തുപ്രാവശ്യമെങ്കിലും അന്നക്കുട്ടീടെ കാര്യം ശ്രീകുമാറിനെ
ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.
-ശെരിയാക്കാം സര്‍. ശെരിയാക്കം സര്‍.
ശ്രീകുമാര്‍ പറഞ്ഞോണ്ടുമിരുന്നു.
        കാറ്  മുറ്റത്ത് നിര്‍ത്തിയതും എ എസ് ഐ ചാടിയിറങ്ങി വീടിന്റെ അകത്തേക്ക് ഒരോട്ടം വെച്ചുകൊടുത്തു.
ഒപ്പം ഓടിയ സിപ്രനെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു:
-വേണ്ടാ. വേണ്ടപ്പോള്‍ വിളിക്കാം
        വീടിന്റെ മുക്കും മൂലയുമെല്ലാം എ എസ് ഐ വിശദമായി പരിശോധിച്ചു. പിന്നെ പുറത്തുകടന്ന് ഉമ്മറപ്പടിയില്‍ ചാരി കുറേ നേരം എന്തോ ആലോചിച്ചുനിന്നു.
കൈവിരലുകള്‍ മടക്കി എന്തോ ഒക്കെ കണക്കുകൂട്ടുന്നതും ശിഷ്ടം വന്നത്
അന്തരീക്ഷത്തിലേക്ക് എറിഞ്ഞുകളയുന്നതും കണ്ടു. അനന്തരം വിരല്‍ ഞൊടിച്ച്
സിപ്രനെ വിളിച്ചു സിപ്രന്‍ പറന്നുചെന്നു. രണ്ടുപേരും കൂടി അകത്തേക്കുപോയി.....

അരമണിക്കൂറിനുശേഷം ഇരുവരും തിരിച്ചുവന്ന് കാറില്‍ കേറി.
തിരിച്ചുപോകുമ്പോഴും അന്നക്കുട്ടീടെ പി എഫിനെപ്പറ്റിയല്ലാതെ മറ്റൊന്നും
എ എസ് ഐക്ക് പറയാനുണ്ടായിരുന്നില്ല.
അതുകൊണ്ടായിരിക്കുമോ എന്തോ സിപ്രന്‍ അങ്ങേയറ്റം വിഷണ്ണനായി കാണപ്പെട്ടു....

സ്റ്റേഷനിലിറങ്ങാന്‍ നേരം ഏമാന്‍ പറഞ്ഞു:
അപ്പൊ ശെരി സഖാവ് ശ്രീകുമാര്‍. കേസിന്റെ വിവരങ്ങള്‍ ഞാന്‍ അപ്പപ്പോള്‍
അറിയിച്ചോണ്ടിരിക്കാം കേട്ടോ. പിന്നെ എന്റെ അന്നക്കുട്ടീടെ കാര്യം മറക്കല്ലേ....
ഇത്രയും പറഞ്ഞ് സിപ്രനെ ഇടംകണ്ണുകൊണ്ട് ഒന്നുഴിഞ്ഞശേഷം എ എസ് ഐ
സ്റ്റേഷനിലേക്ക് കേറിപ്പോയി......

നാല് ദിവസം കഴിഞ്ഞപ്പോള്‍ ഒരു കണ്‍ഷ്യേബ്ള്‍ വശം എ എസ് ഐ ശ്രീകുമാറിന്
ഒരു കത്ത് കൊടുത്തയച്ചു:
'' പ്രിയപ്പെട്ട സഖാവ് ശ്രീകുമാര്‍,
വിഷമം വിചാരിക്കരുത്. അന്ന് അയാളെ കണ്ടപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു.
അന്നു തന്നെ അത് സ്ഥിരീകരിക്കപ്പെടുകയും ചെയ്തതാണ്. പിന്നെ അയാളെ
കൂടെയിരുത്തിക്കൊണ്ട് എങ്ങനെ അത് പറയുമെന്നോര്‍ത്തിട്ടാണ് മിണ്ടാതിരുന്നത്.
അതെ സഖാവെ. സഖാവിന്റെ സുഹൃത്തുതന്നെയാണ് മോഷ്ടാവ് !
അത് തെളിയിക്കാനുള്ള ശക്തമായ തെളിവുകള്‍ എന്റെ പക്കലുണ്ട്. ദയവുചെയ്ത്
സഖാവ് ഈ കേസില്‍ ഇടപെടരുത്. നാറും. ഈ മാസം 21ന് കോടതിയില്‍ ഹാജരാകാന്‍ പുള്ളിക്കാരന് സമന്‍സയച്ചിരിക്കയാണ്.
വിപ്ലവാഭിവാദ്യങ്ങളോടെ (ഒപ്പ്).
പി എസ്: അന്നക്കുട്ടീടെ കാര്യം മറന്നിട്ടില്ലല്ലൊ.

കത്തുമായി ശ്രീകുമാര്‍ സിപ്രന്റെ സെക് ഷനിലേക്കോടി. സിപ്രന്‍ വന്നിട്ടില്ല.
തിരിച്ചുപോകുമ്പോള്‍ വാടാനപ്പിള്ളിയില്‍ സിപ്രന്റെ വീട്ടിലിറങ്ങി.
ശ്രീകുമാറിനെ കണ്ടതും സിപ്രന്‍ ഒരു പൊട്ടിക്കരച്ചിലായിരുന്നു.
ശ്രീകുമാര്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.
-എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ സിപ്രാ
        കരഞ്ഞുകരഞ്ഞ് കണ്ണീരെല്ലാം വാര്‍ന്നുപോയപ്പോള്‍ വിക്കിവിക്കി സിപ്രന്‍
പറഞ്ഞു:
-അന്ന് പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ തന്നെ വിളിക്കാന്‍ വരുന്നതിനുമുമ്പ്
ഏതെല്ലാം സാധനങ്ങളാണ് കളവുപോയതെന്നറിയാന്‍ വേണ്ടി അമ്മായീടെ വീട്ടിലെ
സകല അലമാരികളും മേശകളും പൊത്തുകളും പോതുകളും ഞാന്‍
പരിശോധിച്ചിരുന്നു.അത് അബദ്ധമായിപ്പോയെന്ന് ഇപ്പോഴാണ്‍് മനസ്സിലായത്.
ഇന്നലെ എ എസ് ഐ എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ട് പറയുകയാണ്, ഞാന്‍ തന്നെയാണ് കള്ളനെന്ന് ! കാരണം അമ്മായീടെ അലമാരിയിലും
മേശയിലും മറ്റും കണ്ട വിരലടയാളവും പരാതിയെഴുതിക്കൊടുത്ത പേപ്പറില്‍
തെളിഞ്ഞുകണ്ട എന്റെ വിരലടയാളവും ഒന്നുതന്നെയാണത്രേ!
വയ്യേ... എനിക്ക് വയ്യേ....
ദാ ഇപ്പോള്‍ കേസാണ്.
ഐപിസി 311(2)സി.....
പൂട്ടുപൊളി, ഭവനഭേദനം, കവര്‍ച്ച ഇത്യാദി...!!!

   
   
       
   
       



4 comments:

  1. ശ്രീകുമാറിന്റെ സ്വപ്നവും സിപ്രന്റെ 'മോഷണവും' കലക്കി.......
    അഭിനന്ദനങ്ങള്‍....!

    ReplyDelete
  2. കഥയുടെ ആദ്യഭാഗം ! എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം !!! രണ്ടാം ഭാഗം ! കേരളത്തിലെ ഏതു പോലീസ് കാരനില് നിന്നും പ്രതീക്ഷിക്കാവുന്ന സാധാരണ നടപടി ! അത് മുന്കൂട്ടി കണ്ടില്ല എന്നത് സിപ്രന്റെ തെറ്റ് !!!. ബി. ആറിന്റെയും വായനക്കാരുടെയും ഭാഗ്യവും !!!

    ReplyDelete
  3. മധുരമനോഹരമനോജ്ഞദില്ലി അല്ലേ...

    ReplyDelete