rajasooyam

Tuesday, July 21, 2015

നിത്യാഭ്യാസം

അന്നുച്ചക്ക് ബിആര്‍ അസോസിയേഷന്‍ ഹാളില്‍ ചെല്ലുമ്പോള്‍ ആര്‍ കണ്ണനും സിപ്രനും
തമ്മില്‍ എന്തോ അടക്കിപ്പിടിച്ച് സംസാരിക്കുകയാണ്:
-കണ്ണന്‍ എന്താണീ പറയണത്. കൃഷ്‌ണേട്ടന്‍ ഇത്രനാളും ഇതേപ്പറ്റി ചിന്തിച്ചിട്ടേയില്ല.
ഇനീപ്പൊ നടക്ക്വോ?
-സിപ്രന് എപ്പോഴും ഒരുതരം നെഗറ്റീവ് ചിന്താഗതിയാണ്. കൃഷ്‌ണേട്ടന് ഇനിയും
നാലഞ്ചുകൊല്ലത്തെ സര്‍വീസില്ലേ. ആഞ്ഞുപിടിച്ചാല്‍ നടക്കുമെന്നുതന്നെയാണ്
എന്റെ മനസ്സ് പറയുന്നത്.
-എന്താണാവോ താങ്കളുടെ ഈ ശുഭാപ്തിവിശ്വാസത്തിന്റെ അടിസ്ഥാനം?
-ഈയിടെയായി കൃഷ്‌ണേട്ടന്‍ നന്നായി പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. അതുതന്നെ.
 മിക്കപ്പോഴും അസോസിയേഷന്‍ ഹാളിലിരുന്നാണ് പ്രാക്റ്റീസ്.
-അപ്പൊ സെക് ഷനീപ്പോവാറില്ലേ
-വല്ലപ്പോഴും പോവും
-അപ്പൊ സെക് ഷനിലെ വര്‍ക്കോ?
-രണ്ടിലൊന്നറിഞ്ഞിട്ടുമതീന്നാ തീരുമാനം
-രണ്ടു കല്പിച്ചിറങ്ങിയിരിക്കയാണെന്നര്‍ത്ഥം
-എന്നും പറയാം
             ഉദ്വേഗം അതിന്റെ പരമകാഷ്ടത്തിലെത്തിയപ്പോള്‍ ബിആര്‍ ഇടപെട്ടു:
-ആര്‍ കണ്ണന്‍, നിങ്ങള്‍ എന്തിനെപ്പറ്റിയാണ് സംസാരിക്കുന്നത്?
കൃഷ്‌ണേട്ടന്‍ എസ് എ എസ്സോ മറ്റോ എഴുതാന്‍ പോണുണ്ടോ?
-ഉവ്വ. കൃഷ്‌ണേട്ടന്റെ പട്ടിയെഴുതും എസ് എ എസ്സ്.
സ്വല്പം ഭാഗ്യം കൂടെയുണ്ടെങ്കില്‍ ഏതു ബുദ്ദൂസിനും പാസാകാവുന്ന പരീക്ഷയാണതെന്ന്
തൊണ്ടിസഹിതം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
-അപ്പറഞ്ഞത് പരോക്ഷമായി എനിക്കിട്ടൊന്ന് വെച്ചതല്ലേ
-അല്ല. പ്രത്യക്ഷമായിത്തന്നെയാണ്!
-ശെരി. അതുപോട്ടെ. കൃഷ്‌ണേട്ടന്‍ സെക് ഷനീപ്പോലും പോവാതെ അസോസിയേഷന്‍
 ഹാളിലിരുന്ന് പ്രക്റ്റീസ് ചെയ്യുന്നുണ്ടെന്നും ആഞ്ഞുപിടിച്ചാല്‍ റിട്ടയര്‍ ചെയ്യുന്നതിനുമുമ്പ്
 നടക്കുമെന്നുമൊക്കെ പറയുകണ്ടായല്ലൊ
-ഉവ്വ്. എനിക്കുറപ്പുണ്ട്. റിട്ടയര്‍ ചെയ്യുന്നതിനുമുമ്പ് കൃഷ്‌ണേട്ടന്‍ ലക്ഷ്യത്തിലെത്തുക തന്നെ
 ചെയ്യും.
-ഏതാണ് ആ ലക്ഷ്യം?
-നാവിന്റെ തുമ്പുകൊണ്ട് കൈമുട്ടില്‍ തൊടുക !!!


No comments:

Post a Comment