ചുരിദാറിട്ട രാജേന്ദ്രന്റെ ബൈക്കിനുപിന്നില്‍ പൊത്തിപ്പിടിച്ചുകേറിയാണ് ഇത്തവണ ആന്റണ്‍ വില്‍ഫ്രഡ് മാര്‍ അപ്രേം വക ചിട്ടിക്കമ്പനിയില്‍ കുറിയടക്കാന്‍ പോയത്. തിരിച്ചുവരുന്നവഴി ഒരു സ്‌റ്റേഷനറിക്കടയ്ക്കുമുന്നിലെത്തിയപ്പോള്‍ വണ്ടി അവിടെ ചവിട്ടിനിര്‍ത്താന്‍ ആന്റണ്‍ വില്‍ഫ്രഡ് ആജ്ഞാപിക്കുകയും ചുരിദാറിട്ട രാജേന്ദ്രന്‍ അത് അപ്പാടെ അനുസരിക്കുകയും ചെയ്തു. ഇപ്പൊവരാമെന്നും പറഞ്ഞ് ധൃതിയില്‍ കടയിലേക്ക് കയറിപ്പോയ ആന്റണ്‍ വില്‍ഫ്രഡിനെ പത്തുമിനിറ്റുകഴിഞ്ഞിട്ടും കാണാതായപ്പോള്‍ ചുരിദാറിട്ട രാജേന്ദ്രന്‍ അങ്ങോട്ടൊന്ന് എത്തിനോക്കി (പണ്ട് സോമേട്ടന്‍ വൈരുദ്ധ്യാത്മകഭൗതികവാദത്തിലേക്ക് എത്തിനോക്കിയതുപോലെ!).
അന്നേരം ആന്റണ്‍ വില്‍ഫ്രഡ് അവിടത്തെ സെയില്‍സ് ഗേളിനോട് ഇങ്ങനെ ചോദിക്കുന്നതുകേട്ടു:
-കുട്ടീ, ഇവിടെ പിങ്ക് കളറിലുള്ള ചരടുണ്ടോ?
-എത്ര വണ്ണമുള്ളതാണ് വേണ്ടത്?
-ഒരു പേപ്പര്‍ടാഗിന്റെ വണ്ണം മതി
-എത്ര നീളം വേണം?
-ഒരു മൂന്നുമുഴം ഇരുന്നോട്ടെ. ഇടയ്ക്കിടെ ആവശ്യം വരും. കൊറേശ്ശെ കട്ട് ചെയ്ത് ഉപയോഗിക്കാലൊ...
കടയില്‍നിന്നിറങ്ങി ബൈക്കിനുപിന്നില്‍ പൊത്തിപ്പിടിച്ചുകേറുമ്പോഴും പിന്നെ ആപ്പീസില്‍ എത്തുന്നതുവരേയും ചുരിദാറിട്ട രാജേന്ദ്രന്‍ പലവട്ടം ചോദിച്ചെങ്കിലും എന്തിനാണ് ആ ചരട് വാങ്ങിയതെന്ന കാര്യം ആന്റണ്‍ വില്‍ഫ്രഡ് പറഞ്ഞില്ല.
കാര്യമെന്താണെന്നറിയാതെ വീര്‍പ്പുമുട്ടിപ്പോയ രാജേന്ദ്രന്‍ ഒടുവില്‍ ബിആറിനോട് പറഞ്ഞു: ഇന്നിന്നതുപോലെയൊക്കെ ഇന്നു നടന്നിട്ടുണ്ട്. ചോര്‍ത്താമെങ്കില്‍ ചോര്‍ത്തിക്കോളൂ...
അങ്ങനെ എളുപ്പം ചോര്‍ത്താന്‍ പറ്റിയ ആളല്ല ആന്റണ്‍ വില്‍ഫ്രഡെന്ന് ബിആറിനറിയാമായിരുന്നു. ഈയിടെയായി പുള്ളിക്കാരന്‍ ബിആറിനോട് ഒന്നും വിട്ട്പറയാറില്ല. അതുകൊണ്ടുതന്നെ ബിആറിന് തുറുപ്പെടുത്തടിക്കേണ്ടിവന്നു. ബിആര്‍ ചോദിച്ചു:
-മിസ്റ്റര്‍ ആന്റണ്‍ വില്‍ഫ്രഡ്, നിങ്ങള്‍ വി.മത്തായി കൊറിന്ത്യാക്കാര്‍ക്കെഴുതിയ ലേഖനം വായിച്ചിട്ടുണ്ടോ?
-ഇല്ല
-ആട്ടെ. വി.പത്രോസ് മാളക്കാര്‍ക്കെഴുതിയ കത്തോ?
-വായിച്ചിട്ടില്ല
-അത് ശെരി. അപ്പോള്‍ ഇതൊന്നും വായിക്കാതെയാണ് നിങ്ങള്‍ വലിയ സത്യകൃസ്ത്യാനിയാണെന്നും പറഞ്ഞ് നടക്കണത് അല്ലേ? രണ്ടാമത് പറഞ്ഞ കത്തില്‍ ഒരു കാര്യം അടിവരയിട്ട് പറയുന്നുണ്ട്. എന്താണെന്നറിയണോ?
-എന്താണ്?
-അച്ചന്മാരോടും കന്യാസ്ത്രീകളോടും സുഹൃത്തുക്കളോടും രഹസ്യങ്ങളെല്ലാം തുറന്നുപറയണമെന്ന്.
-ഉവ്വ്വോ?
-ഉവ്വ. ഇനി പറയൂ. നിങ്ങള്‍ എന്തിനാണ് ആ ചരട് വാങ്ങിയത്?
-അത് പിന്നെ എന്നെ ഓഏഡിയില്‍ പോസ്റ്റ് ചെയ്യാന്‍ പോണതായി ഒരു ശ്രുതി കേട്ടു.
-അതിന്?
-ആ പാര്‍ട്ടിയില്‍ ലേഡീസുണ്ടെന്നും കേട്ടു.
-അതിനെന്താ?
-അല്ലാ, ചെലപ്പോഴൊക്കെ ആഡിറ്റ് കഴിയുമ്പോള്‍ ലേഡീസിനേയും കൂട്ടി അവര്‍ക്ക് അക്കൊമഡേഷന്‍ അന്വേഷിച്ച് നടക്കേണ്ടിവരാറുണ്ടേയ്.
-അതിനെന്താണെന്നേയ്?
-അല്ല, അന്നേരമാവും നമ്മള് ചെലപ്പൊ മറ്റവര്‌ടെ മുമ്പീച്ചെന്ന് പെടണത്. കഷ്ടകാലത്തിന് അന്നേരം അവര്‌ടെ കൈയില്‍ മറ്റേ ചരടില്ലെങ്കില്‍ നമ്മടെ ജീവിതം കോഞ്ഞാട്ടയാവും! പിന്നെ നേരെ റെജിസ്ട്രാപ്പീസിലേക്ക് പോകേണ്ടിവരും! അതുകൊണ്ടാണ് ഇത്തിരി ചരട് സ്‌റ്റോക്ക് ചെയ്‌തേക്കാമെന്നുവെച്ചത്..
-എനിക്കൊന്നും മനസ്സിലാവണില്ല. ആരാണീ മറ്റവര്‍?
-ശ്രീരാമസേന!
-അപ്പൊ ചരടോ?
-രാഖി!!!
ഹ..ഹ.. ഹാ...
ReplyDelete