-കഴിഞ്ഞവര്‍ഷത്തെ ഏറ്റവും നല്ല ശ്രോതാവിനുള്ള ചക്ഷുശ്രവണപുരസ്‌കാരം നേടിയ എന്‍ബി പരമേശ്വരന് മുഖാമുഖം പരിപാടിയിലേക്ക് സ്വാഗതം.
-നമസ്‌കാരം
-എന്നാപ്പിന്നെ ജോര്‍ജ് ബുഷിനെയിട്ട് തലങ്ങും വിലങ്ങും പൂശാതെ (വിത്തൗട്ട് ബീറ്റിങ് എബൗട്ട് ദ ബുഷ്) ഞാനെന്റെ ദൗത്യത്തിലേക്ക് കടന്നോട്ടെ?
-വലതുകാല്‍ വെച്ച്, പതുക്കെ
-അതിനുമുമ്പ് ഒരപേക്ഷയുണ്ടായിരുന്നു.
-എന്താണ്?
-ആ മുറുക്കാനൊന്നു തുപ്പിക്കളഞ്ഞാല്‍ എന്റെ ഷര്‍ട്ട് വൃത്തികേടാവില്ലായിരുന്നു. മാത്രമല്ല, എന്‍ബിക്ക് മേപ്പട്ട് നോക്കാതെ നേരെ നോക്കി സംസാരിക്കാനും കഴിയും
-ദാ തുപ്പി.
-എന്നാല്‍ ഇനി നേരം കളയണ്ട, അല്ലേ
-അതെ
-ഒരു ശ്രോതാവ് സ്വയം ഉണ്ടാവുന്നതോ അതോ ഉണ്ടാക്കപ്പെടുന്നതോ?
-സ്വയംഭൂവല്ല, ഉണ്ടാക്കപ്പെടുന്നതാണ്.
-അതൊന്ന് വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു.
-ച്ചാല്‍ ബെര്‍ത്തിനാലേ ആരും ശ്രോതാവാവണതല്ല. നിരന്തരമായ സാധനകൊണ്ട് സാധിക്കുന്നതായിട്ടുള്ള ഒരു സാധനമാണ് ശ്രാവണബലഗോള. ദാ, നിങ്ങള്‍ ഇപ്പോള്‍ മുതല്‍ ഒരു പത്തുമണിക്കൂര്‍ ഇടതടവില്ലാതെ തുടര്‍ച്ചയായി സംസാരിച്ചോളൂ. ഒരക്ഷരം പോലും ഉരിയാടാതെ ഞാന്‍ അതെല്ലാം മൂളിമൂളി കേട്ടോണ്ടിരിക്കാം. സാധനകൊണ്ട് സാധിക്കുന്നതാണത്. നിത്യാഭ്യാസി ആനപ്പിണ്ടമെടുക്കും എന്നു കേട്ടിട്ടില്ലേ.
-എന്താണ് തിരുമേനീടെ സാധനയുടെ ഒരു രീതി?
-ഞാനിത് ഇന്നോ ഇന്നലെയോ തൊടങ്ങീതല്ല.
-മിനിഞ്ഞാന്ന്?
-അല്ലല്ല. തൊള്ളായിരത്തി എഴുപതുകളിലാണ് ഞാനിതിന്റെ തറക്കല്ലിട്ടത്.
-എന്നുവെച്ചാല്‍ കള്ളൂരിവാസലിലെ?
-അതെയതെ. ശ്രീകൃഷ്ണന്റെ കോളേജില്‍ ബി എസ് സി ക്ക് വായിക്കുന്ന കാലത്ത്.
-ഏതായിരുന്നു സബ്ജക്റ്റ്?
-മാത്‌സ്
-ബുദ്ധിമാന്മാരുടെ വിഷയം, അല്ലേ?
-എന്നങ്ങനെ തീര്‍ത്ത് പറയാമോ?
-എന്തുകൊണ്ട് പറ്റില്ല?
-ബി എസ് സി ക്ക് മാത്‌സെടുത്താല്‍ തോല്‍ക്കാനേ പറ്റില്ലെന്നു തെളിയിച്ച ഒരു വിദ്വാന്‍ എന്റെ ക്ലാസ്സിലുണ്ടായിരുന്നു.
-ആള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
-ഉവ്വുവ്വ്. ഒരു കെ.എം.സുകുമാരന്‍
-ഓനെ ഞാന്‍ സെപ്പറേറ്റായി ഇന്റര്‍വ്യൂ ചെയ്യണ്ണ്ട്. ഇപ്പോള്‍ പറയൂ, നല്ലൊരു ശ്രോതാവാവാന്‍ വേണ്ട അടിസ്ഥാനപരമായ ഗുണമെന്താണ്?
-ക്ഷമ തന്നെ. ധര, ധരിത്രി, എം.എസ്.ക്ഷോണി എന്നൊക്കെ പര്യായമായി പറയാം.
-ആരാണ് അല്ലെങ്കില്‍ എന്താണ് എന്‍ബിയിലെ ശ്രവണഗുണത്തിന് അടിത്തറയിട്ടത്?
-മാധവേട്ടനാണ് അതിന്റെ കാരണക്കാരന്‍.
-ആരാണീ മാധവേട്ടന്‍?
-പരിണാമഗുസ്തിക്കുവേണ്ടി ഈ ചോദ്യം നമുക്ക് ഒടുവിലേക്ക് മാറ്റിവെയ്ക്കാം.
-ഓക്കെ. ഓക്കെ. പ്ലീസ് കണ്ടിന്യൂ.
-അക്കാലത്ത് മാധവേട്ടനും ശ്രീകൃഷ്ണാ കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു. കോളേജില്‍നിന്ന് രണ്ടുകിലോമീറ്റര്‍ ദൂരെയാണ് മാധവേട്ടന്റെ വീട്. ഒന്നര കിലോമീറ്റര്‍ റോഡും അര കിലോമീറ്റര്‍ വയലും. ഇത്രയും കിലോമീറ്റര്‍ നടന്നാണ് മാധവേട്ടന്‍ കോളേജില്‍ വരുന്നതും പോവുന്നതും.
-എന്‍ബിയോ?
-എനിക്ക് കോളേജിന്റെ മുമ്പീന്ന് ബസ്സുകിട്ടും. പക്ഷേ മാധവേട്ടന്‍ സമ്മതിക്കില്ല. 'വാടോ, നമുക്കല്പം നടക്കാം, നടക്കുന്നത് ആരോഗ്യത്തിന് നല്ലതാ' എന്നും മറ്റും പറഞ്ഞ് എന്നേയും കൂട്ടിയങ്ങ് നടക്കും.
-അന്നത്തെ ആ നടപ്പാണ് എന്‍ബീടെ ഇന്നത്തെ ആരോഗ്യത്തിന്റെ രഹസ്യം, അല്ലേ?
-ഏതാണ്ട്. അങ്ങനെ നടന്നുതൊടങ്ങുമ്പോ മാധവേട്ടന്‍ ഒരു കഥ പറയാന്‍ തൊടങ്ങും. ഞാന്‍ അത് മൂളിക്കേള്‍ക്കും. ഒന്നര കിലോമീറ്റര്‍ റോഡ് കഴിയുമ്പോഴേക്കും കഥയും കഴിയും. അപ്പോള്‍ 'എന്നാല്‍ ഇനി നാളെ' എന്നും പറഞ്ഞ് മാധവേട്ടന്‍ വയലിലേക്കിറങ്ങി ഒറ്റവരമ്പിലൂടെ ഒറ്റയ്ക്ക് നടന്നുപോവും.
-എന്‍ബി പിന്നെ അവിടെനിന്ന് ബസ്സില്‍ കയറി നേരെ വീട്ടിലേക്ക്, അല്ലേ?
-അല്ലല്ല. എന്റേത് വേറെ റൂട്ടാണ്. ഞാന്‍ പിന്നെ കോളേജ് ബസ് സ്‌റ്റോപ് വരെ തിരിച്ചുനടക്കും. അടുത്ത ബസ്സില്‍ കേറി ഇല്ലത്തേക്ക് പോവും. അക്കദമിക് ഇയറിലെ ആകെയുള്ള ഇരുന്നൂറ്റി ഇരുപത്തഞ്ചുദിവസവും ഇതുതന്നെയായിരുന്നു പരിപാടി.
-അപ്പോള്‍ മാധവേട്ടന്‍ പറഞ്ഞ കഥകള്‍ കേട്ടുകേട്ടാണ് എന്‍ബി നല്ലൊരു ശ്രോതാവായത്, അല്ലേ?
-ഏകവചനം മതി
-ച്ചാല്‍?
-കഥകള്‍ എന്നു വേണ്ട. കഥ എന്നു മതി.
-മനസ്സിലായില്ല
-വര്‍ഷര്‍ത്തുവില്‍ ഇരുന്നൂറ്റി ഇരുപത്തഞ്ച് ദിവസവും മാധവേട്ടന്‍ പറഞ്ഞത് ഒരേ കഥയായിരുന്നു!
-ഈശ്വരാ! വല്ലാത്ത ശിക്ഷ തന്നെ. ഇതിലും ഭേദം വധശിക്ഷയാണ്. ആട്ടെ, ഈ ത്യാഗം സഹിച്ചതിനുപിന്നില്‍ ല്പവേറെ വല്ല കാരണവുമുണ്ടായിരുന്നോ?
-ഒരു കാരണമുണ്ടായിരുന്നൂന്ന് കൂട്ടിക്കോളൂ.
-അതെന്തായിരുന്നു?
-മാധവേട്ടന്റെ നേര്‍പെങ്ങളായ സാവിയെ അന്നേ എനിക്കൊരു നോട്ടമുണ്ടായിരുന്നു!!!
No comments:
Post a Comment