-എന്താ മനോജേ, ഈയിടെയായി തന്നെ ഫോണ്‍ ചെയ്താല്‍ കിട്ടുന്നില്ലല്ലൊ.
-അയ്യൊ. ഞാന്‍ അത് വില്‍ഫ്യേട്ടനോട് പറയാന്‍ വിട്ടുപോയി. ഞാന്‍ സിമ്മൊന്നു മാറ്റി. സംഗതി പ്രീപെയ്ഡുമാക്കി.
-ഓഹൊ. ഏതാ പ്ലാന്‍?
-സ്റ്റുഡന്റ് സുവിധ
-അതെങ്ങനെ ഒപ്പിച്ചു?
-ബിആറിനോട് പറയരുത്. ഞാന്‍ കുറച്ചുദിവസം ആ സ്‌കൂളില് കുടുങ്ങിപ്പോയില്ലേ..... ആയിടയ്ക്ക് സംഘടിപ്പിച്ചതാണ്!
-അത് ശെരി. അതുപോട്ടെ. പ്രീപെയ്ഡാക്കാന്‍ എന്താ കാരണം?
-ഓ. മറ്റേത് വല്ല്യ ബുദ്ധിമുട്ട്. ഓരോ പ്രാവശ്യോം ബില്ല് വരുമ്പൊ പെട്ടെന്ന് കാശുണ്ടാക്കണം. കോലോത്തുംപാടത്തേക്കോടണം. ക്യൂ നിക്കണം. അതൊക്കെ ഒഴിവാക്കാമെന്നു കരുതി.
-ഞാന്‍ അത് വിശ്വസിക്കണോ?
-അതെന്താ?
-ഞാന്‍ മനോജിനെ ഒരു സൈലന്റ് നാര്‍ക്കോ അനാലിസിസിന് വിധേയനാക്കട്ടെ?
-ആക്കിക്കോളൂ.
-എന്നാല്‍ ഇതാ ആക്കിയിരിക്കുന്നു.....ഇനി റിസല്‍ട്ട് പറയട്ടെ?
പറഞ്ഞോളൂ.
-കടവല്ലൂര്‍ക്കാരുടെ കെട്ടുകണക്കിനുവരുന്ന ഫോണ്‍ബില്ലുകളടയ്ക്കാന്‍ ക്യൂനിന്ന് ക്യൂനിന്ന് മടുത്തിട്ടാണ് മനോജ് പ്രീപെയ്ഡാക്കിയത്! ഇതാവുമ്പൊ ബില്ലടയ്ക്കാന്‍ പോകണ്ടല്ലൊ. സ്വന്തം ബില്ലടയ്ക്കാന്‍ പോകുമ്പോഴല്ലേ കടവല്ലൂക്കാരുടെ ബില്ലുകള്‍ ഒപ്പം പോരുന്നത്. പറയൂ അതല്ലേ സത്യം?
-ബിആറിനോട് പറയില്ലെങ്കില്‍ പറയാം, അതു തന്നെയാണ് സത്യം !
***
സംഭാഷണം ഇത്രയുമായപ്പോഴാണ് കടവല്ലൂര്‍ ഭാസ്‌കരന്‍ അതുവഴി വന്നത്.
മനോജിനെ കണ്ടതും പോക്കറ്റില്‍നിന്നും ഒരു വലിയ കവറെടുത്തുനീട്ടി ഭാസ്‌കരന്‍ പറഞ്ഞു:
'ഇത് ആറ് ബില്ലുണ്ട്. ഇന്ന് ലാസ്റ്റ്‌ഡേറ്റാണ്. ഇന്നുതന്നെ അടയ്ക്കണം. കാശ് ഞാന്‍ പിന്നെ തരാം... തല്ക്കാലം മനോജ് കൈയില്‍നിന്നെടുത്ത് അടയ്ക്കണം. ബൈ ദ ബൈ എ ടി എം കാര്‍ഡ് എടുത്തിട്ടുണ്ടല്ലൊ അല്ലേ......''
മടിച്ചുമടിച്ചാണെങ്കിലും തല ചൊറിഞ്ഞ് ഒരു ചെറുചിരിയോടെ മനോജ് പറഞ്ഞു:
'ഭാസ്‌കരേട്ടാ, ഞാന്‍ പ്രീപെയ്ഡാക്കി കേട്ടോ ''
അന്നേരം ഭാസ്‌കരന്‍ പറയുകയാണ്:
'ശ്ശെടാ, ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആ അന്നാമ്മച്ചേടത്തീടെ ബില്ലുകൂടി കൊണ്ടൂവന്നേനെ. മ്ഉം. അത് സാരല്ല്യ. പിന്നീടാവാം. ഏതായാലും ഇപ്പൊ ഈ ആറെണ്ണം അടച്ചിട്ട് വാ...'' !!!
No comments:
Post a Comment