-കേട്ടോ ബീആര്‍, കഥയാക്കില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം.
-ധൈര്യമായി പറയൂ മജീദ്. കാര്യമൊരിക്കലും ബിആര്‍ കഥയാക്കാറില്ല. അതുപോലെ കഥ കാര്യമാക്കാറുമില്ല.
-കുറേനാള്‍ മുമ്പുനടന്ന സംഭവമാണ്.
-ച്ചാല്‍ വേണമെങ്കില്‍ 'എങ്കിലോ പണ്ട്' എന്നുപറഞ്ഞുതുടങ്ങാവുന്ന സംഭവമാണെന്നര്‍ത്ഥം.
-അതെ. തൊള്ളായിരത്തി എമ്പത്തൊമ്പതിലാണ്. ഓളിന്‍ഡ്യാ അസോസിയേഷന്റെ നാഷണല്‍ കോണ്‍ഫ്രന്‍സ് ബോംബെയില്‍ നടക്കുന്നു. അതില്‍ പങ്കെടുക്കാന്‍ വേണ്ടി തൃശ്ശൂര്‍ ബ്രാഞ്ചില്‍നിന്നും ഒരു സംഘം പുറപ്പെടുന്നു. കൂടുതലും നിരീക്ഷകരായിരുന്നു. രണ്ടാള്‍ക്ക് ഒന്നുവീതമായിരുന്നു ബൈനോക്കുലര്‍. സംഘത്തില്‍ ഞാനും ഹരിയും ശ്രീകുമാറും വീയെന്‍ക്രിയും സഹരാജനും സര്‍വ്വോപരി ആന്റണ്‍ വില്‍ഫ്രഡുമുണ്ടായിരുന്നു. ആദ്യത്തെ ദിവസം ഡെലിഗേറ്റ്‌സ് സെഷന്‍ കഴിഞ്ഞ് വൈകീട്ട് അഞ്ചുമണിയോടെ ഞങ്ങള്‍ തിരിച്ച് ലോഡ്ജിലെത്തി. കുളിച്ച് ഫ്രെഷായപ്പോള്‍ ആന്റണ്‍ വില്‍ഫ്രഡിനൊരാഗ്രഹം: ഒന്ന് ഷോപ്പിങ്ങിന് പോകണം.
-ഷോപ്പിങ്ങിനോ അതോ ഷാപ്പിങ്ങിനോ?
-അതിലെന്തോ കുനുഷ്ഠുണ്ടല്ലൊ.
-അല്ല, ആന്റണ്‍ വില്‍ഫ്രഡായതുകൊണ്ട് ചോദിച്ചതാണ്. ലീവിറ്റ്. അതു പോട്ടെ. നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഹിന്ദി അറിയാമായിരുന്നോ? ഹിന്ദി അറിയാതെ അവിടെ എങ്ങനെയാണ് ഷോപ്പിങ് നടത്തുക?
-നല്ല ചോദ്യം. സഖാവ് ശ്രീകുമാറിന്റെ ഹിന്ദി പാണ്ഡിത്യത്തെപ്പറ്റി ബിആറിന് അറിവുള്ളതല്ലെ.
-ഉവ്വുവ്വ്. അമ്മാവന്റെ മകള്‍ ഹിന്ദി പഠിക്കാന്‍ പോയപ്പോള്‍ പുറകെപ്പോയി പുറകെപ്പോയി വി.ശ്രീകുമാര്‍ വിദ്വാന്‍ ശ്രീകുമാറായതും കാലം ചെന്നവാറെ അദ്ദേഹം തൂലികയില്‍ തൃശ്ശൂപ്പൂരത്തെപ്പറ്റിയും നാശബന്ധിയെപ്പറ്റിയും നെടുനെടുങ്കന്‍ ഹിന്ദി ലേനങ്ങളെഴുതിയതുമെല്ലാം ഇന്നലെയെന്നപോലെ ബിആര്‍ ഓര്‍ക്കുന്നുണ്ട്.
-പക്ഷെ അന്ന് ഞങ്ങളോടൊപ്പം വരാന്‍ പറ്റിയ കണ്ടീഷനിലായിരുന്നില്ല പുള്ളിക്കാരന്‍.
-അതെന്തു പറ്റി?
-ലോക്കല്‍ ഏരിയാ സമ്മേളനങ്ങളുടെ തിരക്ക്
-അപ്പോള്‍ പിന്നെ?
-ഇരുന്നൂറ് രൂപയില്‍ കൂടുതലുള്ള ഒരു സാധനവും ആന്റണ്‍ വാങ്ങില്ലെന്ന് ശ്രീകുമാറിന് ഉറപ്പായിരുന്നു. അതുകൊണ്ട് ഒരു വെടിക്കുള്ള മരുന്നെന്നോണം ശ്രീകുമാര്‍ ഒരു പേപ്പറില്‍ പത്തുമുതല്‍ പത്തിടവിട്ട് ഇരുന്നൂറുവരെയുള്ള സംഖ്യകള്‍ക്കുള്ള ഹിന്ദി മലയാളത്തിലെഴുതി ആന്റണ്‍ വില്‍ഫ്രഡിന്റെ കൈയില്‍ കൊടുത്തു. കൂട്ടത്തില്‍ ഇടക്കിടെ എടുത്തുപൂശാന്‍ വേണ്ടി ഹിന്ദിയിലെ രണ്ട് കീ വേഡ്‌സും പറഞ്ഞുകൊടുത്തു.
-എന്നിട്ട് ആന്റണ്‍ അതുവെച്ച് മാനേജ് ചെയ്‌തോ?
-അതാണ് ഞാന്‍ പറഞ്ഞുവരുന്നത്. മദ്രാസിലെ പാരീസ് കോര്‍ണര്‍ പോലത്തെ ഒരു തെരുവായിരുന്നു അത്. റോഡിനിരുവശവും കണ്ണനെത്താദൂരത്തോളം കച്ചവടസ്റ്റാളുകളാണ്. ഏതാണ്ട് ഒരാള്‍പൊക്കത്തില്‍ തട്ടടിച്ച് അതിന്റെ മുകളിലാണ് സാധനങ്ങള്‍ നിരത്തിവെച്ചിരിക്കുന്നത്. തട്ടിന്റെ മുകളില്‍ തന്നെ ഒരറ്റത്തായിട്ടാണ് വെണ്ടറുടെ സീറ്റ്.
-ആന്റണ്‍ വില്‍ഫ്രഡിന് നല്ല ഹൈറ്റുള്ളതുകൊണ്ട് അതൊരു പ്രശ്‌നമായിട്ടുണ്ടാവില്ല. ആട്ടെ എന്തു പര്‍ച്ചെയ്‌സാണ് ആന്റണ്‍ നടത്തിയത്?
-ആന്റണ് ഒരു എഫ് എം റേഡിയോ വേണം. തട്ടില്‍ നിരത്തിവെച്ചിരിക്കുന്നതില്‍നിന്ന് നല്ല ലക്ഷണമൊത്ത ഒരു റേഡിയോ തെരഞ്ഞെടുത്ത് ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അതിന്റെ വിലയെന്തെന്ന് ആംഗ്യഭാഷയില്‍ പുള്ളിക്കാരന്‍ വെണ്ടറോടു ചോദിച്ചു.
വെണ്ടര്‍ പറഞ്ഞു: ദോ സൗ, സാബ്.
ആന്റണ്‍ പോക്കറ്റില്‍നിന്ന് കടലാസെടുത്ത് നോക്കി: ദോ സൗ. ഇരുന്നൂറ്.
വില പേശല്‍ അവിടെ തുടങ്ങുകയായിരുന്നു. ആദ്യം തന്നെ ആന്റണ്‍ വിദ്വാന്‍ ശ്രീകുമാര്‍ സ്വകാര്യമായി പറഞ്ഞുകൊടുത്ത ആ കീവേഡ്‌സ് എടുത്തങ്ങ് പൂശി. വെണ്ടര്‍ അതു കേട്ടെങ്കിലും ഗൗനിച്ചതായി തോന്നിയില്ല.അയാള്‍ പ്രതികരിക്കുന്നില്ലെന്നുകണ്ടപ്പോള്‍ ആന്റണ്‍ കീവേഡ്‌സ് ആവര്‍ത്തിച്ചു. ഇത്തവണ വെണ്ടര്‍ ആന്റണെ കൃത്രിച്ചൊന്നു നോക്കുന്നതുകണ്ടു. പക്ഷേ ഒന്നും പറഞ്ഞില്ല. താന്‍ പറഞ്ഞത് ഒരുപക്ഷേ അയാള്‍ കേട്ടിട്ടുണ്ടാവില്ലെന്ന ധാരണയില്‍ ആന്റണ്‍ ആ വാക്കുകള്‍ മൂന്നാമതും ഉച്ചരിച്ചു. അതുകേട്ടപ്പോള്‍ വെണ്ടറുടെ കണ്ണ് മെല്ലെ ചുവന്നുവരുന്നുണ്ടായിരുന്നു. പക്ഷേ അപ്പോളും അയാള്‍ ഒന്നും പറഞ്ഞില്ല. നാലാമത്തെ തവണ ആന്റണ്‍ ആ വാക്കുകള്‍ ഉച്ചരിച്ചതും അയാള്‍ അരയില്‍നിന്നും ഒരു കത്തി വലിച്ചൂരി മലയാളത്തില്‍ ആക്രോശിച്ചുകൊണ്ട് തട്ടില്‍നിന്നും താഴേക്കൊരുല്പചാട്ടമായിരുന്നു!
-അപ്പോള്‍ അയാള്‍ മലയാളിയായിരുന്നോ?!
-ആയിരുന്നു!
-എന്തായിരുന്നു അയാളുടെ ആക്രോശം?
-'നീയെന്താ ആളെ കളിയാക്ക്വാ? താഴെ എറങ്ങിവന്നാ നീ എന്തുചെയ്യുമെടാ *&#@*$.. ? '
-എന്തായിരിക്കാം അയാളെ പ്രകോപിപ്പിച്ചത്?
-അത് പിന്നീടാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. വില ഒന്നുകൂടി കുറയ്ക്കൂ എന്നതിന്റെ ഹിന്ദിയായി ആന്റണ്‍ വില്‍ഫ്രഡ് അയാളോട് നിരന്തരം പറഞ്ഞോണ്ടിരുന്നത് 'നീഛേ ആവോ നീഛേ ആവോ' എന്നാണ്!!
-ഈശോ! അനന്തരം എന്തുണ്ടായി?
-എന്തുണ്ടാവാനാണ്. അന്ന് ആന്റണ്‍ വില്‍ഫ്രഡ് ഓടിയ വഴിയിലാണ് മഹരാഷ്ട്ര സര്‍ക്കാര്‍ പിന്നീട് സീപോര്‍ട് എയര്‍പോര്‍ട് റോഡ് പണിതത്!
ഒരൊറ്റ പുല്ലുണ്ടായിരുന്നില്ല!!!
******
ഇങ്ങനെ വില്‍ഫി ഇട്ടെറിഞ്ഞു ഓടിയ എഫ്. എം. റേഡിയോ ആണല്ലോ മജീദ് ചുളു വിലക്ക് വാങ്ങിയതും സെക~ഷനില്‍ കൊണ്ടുവന്നു~ തുടരെ ഹിറ്റ് ഗാനം കേള്‍പ്പിച്ചു~ എല്ലാവരെയും അത്ഭുതപ്പെടുത്തിയതും? പി. എല്‍. ജോയി
ReplyDeleteമജീദിന്റെ ആ ഹിറ്റ്ഗാനക്കഥ ഒന്നു പറയൂ ജോയീ
ReplyDeleteവായിച്ച് വളരെ കാലത്തിനു ശേഷവും മജീദ് വാങ്ങിയ FM
Deleteറേഡിയോക്കഥയുടെ പരിണാമ "ഗുസ്തി" മനസ്സിലുണ്ട് ബിയ്യാർ...
All India Conference ഭാഗ്യമായി നൂറ് രൂപക്ക് തനിക്ക് ലോട്ടറി പോലെ കിട്ടിയ ആ അഭിമാന റേഡിയോ സെക്ഷനിൽ വെച്ച് ഓണാക്കിയ മജീദ് ഞെട്ടിപ്പോയയെന്നതാണ് കഥ. റേഡിയോ മാങ്കോ കേൾക്കാൻ കൊതിച്ച സഖാക്കൾ മൊത്തം ഒരൊറ്റ ഹിറ്റ് ഗാനം കേട്ട് സംതൃപ്തരാകേണ്ടി വന്നത്രേ...!!!
ചുളുവിലക്ക് മജീദ് വാങ്ങിയത് കുട്ടികൾക്ക് കളിക്കാനുള്ള കളിപ്പാട്ട റേഡിയോ ആയിരുന്നു പോലും ....!!!!!
ആരാനും കാണിച്ചു കൂട്ടുന്നതിന്റെ പഴിയെല്ലാം ഏറ്റുവാങ്ങാൻ നിയോഗം വെങ്ങാലിൽ ശ്രീകുമാറിന് സഹജം; സഹരാജമല്ല കേട്ടോ .
ReplyDelete