എട്ടേകാല്-എട്ടര-ഏറിയാല്‍ എട്ടേമുക്കാല്. അമ്പാട്ടെ നന്ദകുമാരന്‍ നായര് ആപ്പീസില്‍ വരുന്നുണ്ടെങ്കില്‍ അതിനകം എത്തിയിരിക്കും. അതുവിട്ട് പോവില്ല.
(അരിമ്പൂരംശത്തിലെ ഈ സ്ഥാനിനായര്‍ അനതിവിദൂര ഭാവിയില്‍ മേനോനാവുമത്രേ! ഏതോ ഒരു ചെറിയ പേപ്പറേ കിട്ടാനുള്ളൂ. അതും വിത്ത് ബുക്‌സാണ്).
മാര്‍ച്ച് മാസത്തിലെ ഒരു തിങ്കളാഴ്ച ദിവസം നേരം മണി ഒമ്പതായിട്ടും വുഡ് ബി മേനോനെ കാണാനില്ല.
ഇന്നിനി വരവുണ്ടാവില്ലെന്നു കരുതിയിരിക്കുമ്പോള്‍ അതാ പാദത്തെ ചുംബിക്കുന്ന തോള്‍സഞ്ചിയും ശപ്പറശിപ്പറ തലമുടിയുമായി വിയര്‍ത്തുകുളിച്ച് ന.കു.നായര്‍ കയറിവരുന്നു. വന്നവഴി അദ്ദേഹം ഫാനിന്റെ സ്വിച്ചിന്റെ നേര്‍ക്കാണ് പോയത്. പിന്നെ ഫാന്‍ ഫുള്‍സ്വിങ്ങിലാക്കി സീറ്റില്‍ വന്ന് കണ്ണുമടച്ച് ഒറ്റയിരിപ്പാണ്, ആരോടും ഒന്നുമുരിയാടാതെ.വല്ലാതെ കിതയ്ക്കുന്നുമുണ്ടായിരുന്നു.
നന്ദ്വാര്‌ടെ താടിരോമങ്ങളില്‍ ഊറിനിന്നിരുന്ന സ്വേദകണങ്ങള്‍ തലയ്ക്കുമുകളിലെ ട്യൂബ്‌ലൈറ്റില്‍നിന്നുതിര്‍ന്ന കിരണങ്ങളേറ്റ് മുത്തുമണികള്‍ പോലെ പ്രശോഭിച്ചു!
പോക്കറ്റില്‍നിന്ന് ഒരു പിശ്ശാംകത്തിയെടുത്ത് മൗനം രണ്ടായി മുറിച്ച് ഞാന്‍ ചോദിച്ചു:
-എന്തുപറ്റി?
-ഒന്നൂല്ല്യ
-അത് കള
-കഥയാക്കില്ലെങ്കില്‍ സത്യം പറയാം
-പറയൂ
-പശു പറ്റിച്ചു
-പശുവോ?
-അദന്നെ
-അതെങ്ങനെ?
-രാവിലെ മൂത്രമൊഴിപ്പിക്കാന്‍ വേണ്ടി തൊഴുത്തീന്നഴിച്ച് കൊണ്ടുവന്നതാണ്
-എന്നിട്ടോ?
-ഏതായാലും പല്ലുതേച്ചിട്ട് തിരിച്ചുകൊണ്ടുകെട്ടാമെന്നുകരുതി ഞാന്‍ പല്ലുതേയ്ക്കാനിരുന്നു.
-ആര്‌ടെ പല്ല്?
-പശൂന്റെ ! ഹല്ല പിന്നെ. ഇത്തരം കൊനുഷ്ഠ് ചോദ്യങ്ങളേ ബിആറിന്റെ നാവീന്ന് വരൂ.
-അതു പോട്ടെ. എന്നിട്ടെന്തുണ്ടായി?
-പശൂന്റെ കഴുത്തിലെ കയറിന്റെ മറ്റേയറ്റം എങ്ങും കെട്ടീട്ടുണ്ടായിരുന്നില്ല.
-മാന്ത്രികവടിയുടെ മറ്റേയറ്റം പോലെ അല്ലേ?
-ആവൊ. ഞാന്‍ പല്ലുതേച്ചുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് ആ അനൗണ്‍സ്‌മെന്റ് കേട്ടത്.
-എന്തായിരുന്നത്?
-പ്രിയപ്പെട്ട നാട്ടുകാരേ,സഹകാരികളേ,സുഹൃത്തുക്കളേ, സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് അരിമ്പൂര്‍ ഗവണ്മെന്റ് മാപ്പിള യൂപ്പീ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹാജരാവുക
-ച്ചാല്‍?
-ഞാന്‍ അത് പ്രതീക്ഷിച്ചോണ്ടിരിക്കുകയായിരുന്നു. കാരണം നാട്ടുകാരെല്ലാവരും കൂടി അച്ചുതന്‍കുട്ടിയുടെ സംവിധാനത്തില്‍ ഒരു സിനിമ പിടിക്കാനുള്ള തീരുമാനമെടുത്തിരുന്നു.
-ജനകീയ സിനിമയോ?
-അതെ. തികച്ചും ജനകീയം. ആയിരം രൂപയാണ് ഒരു ഷെയറിന്. ഷെയറെടുക്കുന്നോര്‍ക്കെല്ലാം അഭിനയിക്കാന്‍ ചാന്‍സ് കിട്ടുമെന്നും പറഞ്ഞിരുന്നു. എന്താ വിളിക്ക്യാത്തേ വിളിക്ക്യാത്തേന്നും വിചാരിച്ചിരിക്കയായിരുന്നു ഞാന്‍. അന്നേരമാണ് സ്വര്‍ഗ്ഗത്തില്‍നിന്നെന്നപോലെ ഈ വിളി കേട്ടത്.
-അല്ലാതെ പല്ലുതേച്ചിരിക്കുന്ന നായര്‍ക്ക് ഒരു വിളി തോന്നിയതല്ലല്ലൊ
-അല്ലല്ല
-ങ. എന്നിട്ട്?
-ആ വിളിയങ്ങ് കേട്ടതും...
-കേട്ടതും?
-ഒരൊറ്റ ഓട്ടമായിരുന്നു
-ആര് പശുവോ?
-ദേ വീണ്ടും കൊനുഷ്ഠ്. ഓടിയത് ഞാനാണെന്നേയ്
-എങ്ങോട്ട്?
-ഗ്രൗണ്ടിലേക്ക്
-അപ്പോള്‍ പശു?
-അതിന്റെ കാര്യം ഞാന്‍ പാടേ മറന്നു
-അതില്‍ നന്ദനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു പശൂനെ വേണോ അതോ സിനിമേലഭിനയിക്കണോന്ന് ആരെങ്കിലും ചോദിച്ചാല്‍ എനിക്ക് സിനിമേലഭിനയിച്ചാ മതീന്നേ ഞാനാണെങ്കിലും പറയൂ. അതുപോട്ടെ. ഏതു റോളാണ് കിട്ടിയത്?
-അതല്ലേ ട്രാജഡി. ഓടിക്കിതച്ച് അവിടെ ചെന്നപ്പോളാണറിയുന്നത്. ഒരു ജാഥ ചിത്രീകരിക്കാന്‍ വേണ്ടിയാണ് അവര്‍ കൂവിവിളിച്ച് ആളെക്കൂട്ടിയത്. ഏതായാലും അവിടം വരെ ചെന്നതല്ലേ, ജാഥയിലും തദ്വാരാ സിനിമയിലും ഒരു സെക്കന്‍ഡെങ്കില്‍ ഒരു സെക്കന്‍ഡ് മുഖം കാണിച്ചിട്ട് പോരാമെന്ന് ഞാനും കരുതി. ആള്‍ക്കൂട്ടത്തിന്റെ മുമ്പില്‍തന്നെ സ്ഥാനവും പിടിച്ചു.മണി എട്ടായി. ഒമ്പതായി. പത്തായി. പകല്‍ പഴുത്തുതുടങ്ങി. പക്ഷേ..
-പക്ഷേ?
-എന്റെ മോഹം പൂവണിഞ്ഞില്ല ബിആര്‍
-എന്തുപറ്റി?
-പത്തരയായപ്പോള്‍ മൈക്കിലൂടെ ഒരനൗണ്‍സ്‌മെന്റ്. ജാഥയുടെ ചിത്രീകരണം കഴിഞ്ഞുവെന്നും ജനക്കൂട്ടത്തിന് പിരിഞ്ഞുപോകാമെന്നും!
-അതെങ്ങനെയാണ് മുമ്പില്‍ നില്‍ക്കുന്ന നന്ദനറിയാതെ?
-ആകെ നൂറുപേരേ ജാഥയ്ക്ക് വേണ്ടിയിരുന്നുള്ളൂ. ജനക്കൂട്ടത്തിന്റെ പിന്നില്‍ നിന്ന് നൂറുപേരെ അവര്‍ സെലക്റ്റ് ചെയ്തു. ഷൂട്ടിങ്ങും നടത്തി. മുമ്പില്‍ നിന്ന് വെയിലുകൊണ്ടവര്‍ യാതൊന്നുമറിഞ്ഞില്ല!
-ആ അനൗണ്‍സ്‌മെന്റ് കേട്ടപ്പോള്‍ നന്ദനെന്തു തോന്നി?
-എനിക്കെന്റെ പശൂനെ ഓര്‍മ്മ വന്നു
-പിന്നെ തിരിഞ്ഞൊരോട്ടമായിരുന്നു അല്ലേ
-അതെ
-പശൂനെ കളഞ്ഞ പാപ്പിയെപ്പോലെ പശൂ,പശൂ എന്നും വിളിച്ചോണ്ട്, അല്ലേ?
-അതെ
-കൊള്ളാം. എന്നിട്ടെന്തുണ്ടായി?
-എന്തുണ്ടാവാന്‍? തിരിച്ചുചെന്നപ്പോള്‍ പശു നിന്നേടത്ത് ഒരു കുന്തി ചാണകം മാത്രമുണ്ട്!
-ഈശ്വരാ! പിന്നെ പശുവിനെ തേടിയായി ഓട്ടം അല്ലേ
-അദന്നെ. നാടിനു നെടുകേയും കുറുകേയും ഓടിയോടി ഈ പരുവമായി.
-എന്നിട്ട് തൊണ്ടിസാധനത്തെ കണ്ടുകിട്ടിയോ?
-ഒരു കണക്കിന് കണ്ടുകിട്ടീന്ന് പറഞ്ഞാ മതീല്ലൊ
-എവിടുണ്ടായിരുന്നു?
-വീട്ടിലെ തൊഴുത്തില്‍ !!!
വുഡ് ബി മേനോന്‍ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി പരിഷത്ത് പശുവിനെ പോലും മറന്ന് ക്യു നില്ക്കാന്‍ പാഞ്ഞു എന്ന്, പറയുന്നത് ബി ആര്‍ ആണെങ്കില്‍ പോലും, ഞാന്‍ വിശ്വസിക്കില്ല. സിനിമാ മോഹം ഉണ്ടായിരുന്നെങ്കില്‍ അച്ചുവിനെ പോലെ എത്ര സിനിമയില്‍ വേണമെങ്കിലും തല കാട്ടാന്‍ കഴിയുമാറ്, വേണ്ടതിലതികം സംവിധായകരുമായി ന.കു. നായര്‍ക്ക് ദൃഡ സൌഹൃദമുണ്ടെന്നു എനിക്ക് നേരിട്ടറിയാം. പി.എല്‍.ജോയ്
ReplyDelete