'സുതര്‍ മാമുനിയോടയോദ്ധ്യയില്‍
ഗതരായോരളവന്നൊരന്തിയില്‍
അതിചിന്തവഹിച്ചുസീതപോയ്
സ്ഥിതിചെയ്താളുടജാന്തവാടിയില്‍''
അശോകവനികയിലെ ശിംശപാവൃക്ഷത്തിന്റെ ചോട്ടില്‍ ചിന്താവിഷ്ടയായിരിക്കുന്ന സീതാദേവിയെപ്പറ്റി കുമാരനാശാന്‍ പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാണ്.
ആ സീതാദേവിയെ വെല്ലുന്ന വിധത്തിലായിരുന്നു ഇന്നലെ ശ്രീമാന്‍ ആന്റണ്‍ വില്‍ഫ്രഡിന്റെ ഇരിപ്പ്!
കവിതയെഴുത്തില്‍ വാസനയുണ്ടായിരുന്നെങ്കില്‍ ആ ഇരിപ്പിനെപ്പറ്റി ബിആര്‍ ഒരു ണ്ഡകാവ്യമെഴുതിയേനെ, ഇരുന്നയിരിപ്പില്‍. പക്ഷേ പറഞ്ഞിട്ടെന്തുകാര്യം. ബിആറിന് ബദ്യം വഴങ്ങൂല. പ്രത്യേകിച്ചും ദ്വിതീയാക്ഷരപ്രാസം.
അതുകൊണ്ട് ചിന്തിച്ചുചിന്തിച്ച് ഒരന്തവുംകുന്തവുമില്ലാതെ മന്ത്‌ലിഅക്കൗണ്ടുകള്‍ക്കിടയില്‍ കുന്തിച്ചിരിക്കയായിരുന്ന അന്തോണി വില്‍ഫ്രഡിനോട് ബിആര്‍ ഗദ്യത്തില്‍ ചോദിച്ചൂ:
-കുറേ നേരമായല്ലൊ ചിന്തയും വായിച്ചോണ്ടിരിക്കുന്നത്. എന്തു പറ്റി?
-അതേയ്, മനുഷ്യര്‌ടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ബിആര്‍ പഠിച്ചിട്ടുണ്ടോ?
-ഇല്ല്യ
-എന്നാല്‍ ഞാന്‍ പഠിച്ചത് പറഞ്ഞുതരട്ടോ?
-തീര്‍ച്ചയായും
-അറ്റേടൈം നമ്മുടെ ബ്രെയ്‌നിന്റെ ഒരു പാതിയേ പ്രവര്‍ത്തിക്കൂ. ഒന്നുകില്‍ ഇടത്തേപാതി. അല്ലെങ്കില്‍ വലത്തേപാതി. രണ്ട് പാതിയും ഒരുമിച്ച് പ്രവര്‍ത്തിക്കില്ല.
-ഓഹോ!
-പിന്നെ ബ്രെയ്‌നിന്റെ ഒരുവശം പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ തല നാമറിയാതെ മറ്റേവശത്തേക്ക് മെല്ലെ ചായും.
-സോദാഹരണം പ്രഭാഷിക്കാമോ?
-അതിലേക്കാണ് ഞാന്‍ വന്നുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് നമ്മള്‍ എഴുതിക്കൊണ്ടിരിക്കയാണെന്നിരിക്കട്ടെ. അന്നേരം ബ്രെയ്‌നിന്റെ ഇടതുഭാഗമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തല മെല്ലെ വലത്തോട്ട് ചായും. അതല്ല, വലതുഭാഗമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തല ഇടത്തോട്ട് ചായും.
-ശെരി. അതങ്ങനെയായിക്കോട്ടെ. അതാലോചിച്ച് ആന്റണ്‍ എന്തിനാണ് തല പുണ്ണാക്കുന്നത്?
-അതു പിന്നെ ഒരു കാര്യമുണ്ട്. ആരോടും പറയരുത്.
-ഹേ......യ്
-ബ്രെയ്‌നിന്റെ രണ്ട്പാതിയും ഒപ്പം പ്രവര്‍ത്തിക്കില്ലെന്ന് ഞാന്‍ പറഞ്ഞല്ലൊ.
-ഉവ്വല്ലൊ
-അപ്പൊപ്പിന്നെ മ്മ്‌ടെ എം.കെ.മനോജിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത്? എത്ര ആലോചിച്ചിട്ടും എനിയ്ക്കത് മനസ്സിലാവുന്നില്ല.
-എന്താണ് കാര്യം?
-മനോജ് ഓഡിറ്റ്‌നോട്ടെഴുതുമ്പോള്‍ തല ഇടത്തോട്ടോ വലത്തോട്ടോ കടുകിട തിരിയുന്നില്ല!!!
No comments:
Post a Comment