rajasooyam

Thursday, December 2, 2010

ബൈബ്ള്‍: വെളിച്ചത്തിന്റെ കവചം

കെ.പി.അപ്പന്‍ സാറിന്റെ പുസ്തകത്തിന്റെ അവലോകനമാണെന്നു കരുതിയെങ്കില്‍ വായനക്കാര്‍ക്ക് തെറ്റി.
ഇത് ചെറിയൊരു ദൃക്‌സാക്ഷി വിവരണമാണ്. സി ആര്‍ ബാബുവിന്റെ വീട്ടില്‍ ഇടവകയിലെ വികാരിയച്ചന്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിവരണം.
' അവിശ്വാസി പിശാചുക്കളില്‍നിന്ന് വിശ്വാസികളെ രക്ഷിക്കുക' എന്ന ക്യാമ്പെയ്‌നിന്റെ ഭാഗമായിട്ടായിരുന്നു ഇടവക വികാരിയുടേയും ഒരുവക അസ്‌തേന്തിയുടേയും സന്ദര്‍ശനം.
അച്ചന്മാര്‍ പടികയറിവരുമ്പോള്‍ ഉമ്മറത്തിരുന്ന് 'എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം' എന്ന പുസ്തകം വായിച്ചോണ്ടിരിക്കുകയായിരുന്നു സി ആര്‍ ബാബു.
ഇടയന്മാര്‍ മുറ്റത്തെത്തിയപ്പോഴേക്കും ബാബു കൈയിലുണ്ടായിരുന്ന പുസ്തകവും ടീപ്പോയില്‍ കിടന്നിരുന്ന ചിന്ത വാരികയും ദേശാഭിമാനി പത്രവും മജീഷ്യന്‍ മുതുകാടിനെ വെല്ലുന്ന തരത്തില്‍ അപ്രത്യക്ഷമാക്കിക്കളഞ്ഞു!
ചൂരല്‍ക്കസേരയില്‍ ഉപവിഷ്ടനായ വികാരിയച്ചന്‍ കുശലാന്വേഷണമാരംഭിച്ചു:
' എന്താ ബാബൂ, ഈയിടെ പള്ളീലേക്കൊന്നും കാണാറില്ലല്ലൊ'
'സമയം കിട്ടാഞ്ഞിട്ടാണച്ചോ'. ബാബു പറഞ്ഞു.
'അതു പറഞ്ഞാ പറ്റില്ലല്ലൊ. ഞായറാഴ്ചയെങ്കിലും പള്ളീല് വരണ്ടെ?'
' ഞായറാഴ്ചയാവുമ്പൊ നൂറുകൂട്ടം കാര്യങ്ങളാണച്ചോ. അതിനുംവേണ്ടീട്ട് ഇവള് ദിവസോം വരുന്നുണ്ടല്ലൊ '. വാതിക്കല്‍ മറഞ്ഞുനില്‍ക്കുകയായിരുന്ന ശ്രീമതിയെ ചൂണ്ടിക്കാട്ടി ബാബു പറഞ്ഞു.
' അതിന്റെ പുണ്യം അവള്‍ക്ക് കിട്ടും. എന്തായാലും ബാബു ഈ പോക്ക് പോയാ പറ്റ്ല്ല്യ. അവിശ്വാസി പിശാചുക്കളില്‍നിന്ന് മാനവരാശിയെ നമുക്ക് രക്ഷിച്ചെടുക്കണം. അതിന് ബാബുവിനാല്‍ ആവുന്നത് ബാബു ചെയ്‌തേ തീരൂ'.
' ചെയ്യാമച്ചോ'
' സമയപരിമിതിമൂലം ബാബൂന്റെ വാക്ക് വിശ്വസിച്ച് ഞങ്ങള്‍ ഇറങ്ങുകയാണ്'
'ശെരിയച്ചോ'
ഇറങ്ങാന്‍ നേരം സിറ്റൗട്ടിലെ ബുക്‌ഷെല്‍ഫിലേക്ക് വെറുതെയൊന്ന് കണ്ണോടിച്ച വികാരിയച്ചന്റെ കണ്ണ് തള്ളിപ്പോയി. എന്തൊക്കെയാണവിടെ നിരത്തിവെച്ചിരിക്കുന്നത്: മൂലധനം, കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റൊ, സി പി എസ് യു വിന്റെ ചരിത്രം, ഭരണകൂടവും വിപ്ലവവും, ചെഗുവേരയുടെ ബൊളീവിയന്‍ ഡയറി, പാബ്ലോ നെരൂദയുടെ തെരഞ്ഞെടുത്ത കവിതകള്‍, ഫിഡല്‍ കാസ്‌ട്രോയുടെ 'ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും' ലെനിന്റെ 'നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളോട്' തുടങ്ങി ഒരു ജ്ജാതി പൊസ്തകങ്ങള്‍!
ഇക്കാണുന്നതൊക്കെ ഒരു സഭാവിശ്വാസിക്ക് ചേരുന്നതോ എന്ന ദുസ്സൂചനയോടെ വികാരി ബാബുവിനോട് ചോദിച്ചു: ' ബാബു ബൈബ്ള്‍ വായിക്കാറില്ലേ?'
ഇത് കേട്ടതും പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ ബാബുവിന്റെ ശ്രീമതി അകത്തേക്ക് വലിഞ്ഞു. ഉടന്‍ തന്നെ തിരിച്ചെത്തുകയും ചെയ്തു….
അച്ചന്റെ ചോദ്യത്തിന് മറുപടി പറയാനാകാതെ ബാബു നിന്നുപരുങ്ങുന്നതു കണ്ടപ്പോള്‍ അച്ചന്‍ ബാബുവിന്റെ ശ്രീമതിയോട് പറഞ്ഞു: ' എന്തായാലും മോള് ബൈബ്ള്‍ വായിക്കുന്നുണ്ട്. മുഖത്തെ വെളിച്ചം കണ്ടാലറിയാം…'.
ഇടയന്മാര്‍ പോയിക്കഴിഞ്ഞപ്പോള്‍ ബാബു ശ്രീമതിട്ടീച്ചറോട് ചോദിച്ചു: ' അങ്ങേര് പറഞ്ഞത് ശെരിയാണല്ലൊ. അന്നേരം നിന്റെ മുഖത്തൊരു പ്രകാശം കണ്ടല്ലൊ.'
അപ്പോള്‍ ശ്രീമതി പറയുകയാണ്: ' എങ്ങനെ പ്രകാശിക്കാതിരിക്കും? എത്ര നാളായി ഞാന്‍ ആ റേഷന്‍ കാര്‍ഡ് തപ്പി നടക്കണ്. ഇപ്പൊ അച്ചന്‍ ബൈബ്‌ളിന്റെ കാര്യം ചോദിച്ചപ്പോളല്ലേ അത് എവിടെയാണ് വെച്ചതെന്ന് എനിക്ക് ഓര്‍മ്മ വന്നത് !!! '

No comments:

Post a Comment